ന്യൂഡൽഹി: രാജസ്ഥാൻ റോയൽസിന്റെ കൗമാര വൈഭവം വൈഭവ് സൂര്യവംശി സിബിഎസ്ഇ 10-ാം ക്ലാസ് പരീക്ഷയിൽ തോറ്റെന്ന് സോഷ്യൽ മീഡിയയിൽ വ്യാപക പ്രചാരണമുണ്ടായിരുന്നു. ഇതിനു പിന്നാലെ 14 വയസുമാത്രം പ്രായമുള്ള താരം എങ്ങനെയാണ് 10-ാം ക്ലാസ് പരീക്ഷ എഴുതുക എന്ന സംശയങ്ങൾ നിരവധി പേർ ഉന്നയിക്കുകയും ചെയ്തു.
എക്‌സിലെ 'സാറ്ററോളജി' എന്ന അക്കൗണ്ടിലാണ് വൈഭവ് പത്താം ക്ലാസ് പരീക്ഷയിൽ തോറ്റെന്ന പോസ്റ്റ് ആദ്യം പ്രചരിച്ചത്. എന്നാൽ, ആക്ഷേപഹാസ്യ പോസ്റ്റുകൾ പങ്കുവെയ്ക്കുന്ന ഈ അക്കൗണ്ടിൽ വന്ന പോസ്റ്റ് പലരും ഗൗരവമായി എടുക്കുകയായിരുന്നു. ഇത് പെട്ടെന്നുതന്നെ സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയും ചെയ്തു.
'അതിശയകരമെന്നു പറയട്ടെ, ഐപിഎല്ലിലെ റെക്കോഡ് പ്രകടനത്തിലൂടെ അടുത്തിടെ വാർത്തകളിൽ ഇടംനേടിയ 14 വയസുകാരൻ ക്രിക്കറ്റ് സെൻസേഷൻ വൈഭവ് സൂര്യവംശി സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ പരാജയപ്പെട്ടതായി റിപ്പോർട്ട്. അസാധാരണമായ ഒരു നീക്കത്തിൽ, മൂല്യനിർണയ പിശകുകളെ കുറിച്ചുള്ള ആശങ്കകൾ ചൂണ്ടിക്കാട്ടി ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) അദ്ദേഹത്തിന്റെ ഉത്തരക്കടലാസുകൾ ഡിആർഎസ് ശൈലിയിൽ പുനഃപരിശോധിക്കാൻ ഔദ്യോഗികമായി അഭ്യർഥിച്ചു', എന്നായിരുന്നു എക്‌സ് അക്കൗണ്ടിൽ വന്ന പോസ്റ്റ്. ഇത് പലരും ഗൗരവമായി എടുത്തതാണ് ആശയക്കുഴപ്പം സൃഷ്ടിച്ചത്. സത്യത്തിൽ വൈഭവ് നിലവിൽ താജ്പുരിലെ മോഡസ്റ്റി സ്‌കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥിയാണ്.
കഴിഞ്ഞ ഐപിഎൽ താരലേലത്തിൽ രാജസ്ഥാൻ റോയൽസ് 1.10 കോടിക്ക് ടീമിലെത്തിച്ചതോടെയാണ് വൈഭവ് ശ്രദ്ധാകേന്ദ്രമാകുന്നത്. പിന്നാലെ ഗുജറാത്ത് ടൈറ്റൻസിനെതിരേ 35 പന്തിൽനിന്ന് സെഞ്ചുറി തികച്ചതോടെ വിവിധ ഐപിഎൽ റെക്കോഡുകളും വൈഭവ് സ്വന്തമാക്കിയിരുന്നു. ഐപിഎൽ കരാർ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം, ഐപിഎല്ലിൽ അരങ്ങേറുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം, ഐപിഎല്ലിൽ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായംകുറഞ്ഞ താരം, ഐപിഎല്ലിൽ ഒരു ഇന്ത്യൻ താരത്തിന്റെ വേഗമേറിയ സെഞ്ചുറി, ഐപിഎല്ലിലെ രണ്ടാമത്തെ വേഗമേറിയ സെഞ്ചുറി തുടങ്ങിയ റെക്കോഡുകൾ വൈഭവ് സ്വന്തമാക്കിയിരുന്നു.
Content Highlights: Social media buzzed about Vaibhav Suryavanshi failing his 10th-grade exams
Published: 16 May 2025, 09:11 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented