ബെംഗളൂരു: കര്‍ണാടകയില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ (ആര്‍സിബി) വിജയാഘോഷ റാലിക്കിടെ രണ്ട് മരണം. ശിവമോഗയിലും ബെലഗാവിയിലുമാണ് രണ്ടു യുവാക്കള്‍ മരിച്ചത്.

To advertise here,

ബെലഗാവിയില്‍ വിജയാഘോഷ റാലിയില്‍ പങ്കെടുക്കുന്നതിനിടെ മഞ്ജുനാഥ കുംഭാകര്‍ (25) എന്ന യുവാവ് ഹൃദയാഘാതം മൂലമാണ് മരിക്കുന്നത്. റാലിയില്‍ പങ്കെടുത്തുകൊണ്ടിരിക്കുന്നതിനിടെ ഹൃദയാഘാതം ഉണ്ടാകുകയായിരുന്നു. ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

ശിവമോഗയില്‍ ആരാധകര്‍ നടത്തിയ ഒരു ബൈക്ക് റാലിയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ചാണ് അഭിനന്ദന്‍ (21) എന്ന യുവാവ് മരിക്കുന്നത്. രവീന്ദ്രനഗറിലെ ഗണപതി ക്ഷേത്രത്തിനു മുന്നിലായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ അഭിനന്ദന്‍ സംഭവ സ്ഥലത്തുവെച്ചു തന്നെ മരണത്തിന് കീഴടങ്ങി. മറ്റൊരു ആരാധകന് സാരമായി പരിക്കേറ്റു.

18 വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ ആര്‍സിബി ഐപിഎല്‍ കിരീടം നേടിയത് ആരാധകര്‍ മതിമറന്ന് ആഘോഷിക്കുകയായിരുന്നു. രാത്രി ഏറെ വൈകിയും ആഘോഷം തുടര്‍ന്നതോടെ പല സ്ഥലത്തും പോലീസ് ലാത്തി വീശി.