അഹമ്മദാബാദ്: ഐപിഎല്‍ കിരീടത്തില്‍ ആര് മുത്തമിടുമെന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. പഞ്ചാബ് കിങ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും തമ്മിലാണ് ബ്ലോക്ക് ബസ്റ്റര്‍  ഫൈനൽ പോരാട്ടം. ആദ്യ കിരീടം തേടിയാണ് ഇരുടീമുകളും അഹമ്മദാഹാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ കളിക്കാനിറങ്ങുന്നത്. എന്നാല്‍, കിരീടം മാത്രമല്ല, വന്‍ സമ്മാനത്തുക കൂടിയാണ് ടീമുകളെ കാത്തിരിക്കുന്നത്.

To advertise here,

ഐപിഎല്‍ ജേതാക്കള്‍ക്ക് 20 കോടി രൂപയാണ് സമ്മാനമായി ലഭിക്കുക. റണ്ണേഴ്‌സ് അപ്പാകുന്ന ടീമിന് 12.5 കോടി രൂപയും ലഭിക്കും. ലോകത്തെ വിവിധ ക്രിക്കറ്റ് ലീഗുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഐപിഎല്ലുമായി കിടപിടിക്കാന്‍ തക്ക താരത്തിളക്കമോ പണകിലുക്കമോ മറ്റൊരു ലീഗുകള്‍ക്കുമില്ല. 

പ്രഥമ സീസണില്‍ ജേതാക്കള്‍ക്ക് ലഭിച്ചതിനേക്കാള്‍ നാലിരട്ടിയോളമാണ് ഇത്തവണത്തെ സമ്മാനത്തുക. ആദ്യ സീസണില്‍ വിജയികളായ രാജസ്ഥാന്‍ റോയല്‍സിന് 4.8 കോടി രൂപയാണ്  സമ്മാനമായി ലഭിച്ചത്. റണ്ണേഴ്‌സ് അപ്പായ ചെന്നൈയ്ക്ക് ലഭിച്ചതാകട്ടെ 2.4 കോടി രൂപയും. 

പ്ലേ ഓഫിലെത്തിയ ടീമുകള്‍ക്കും വന്‍ തുക ലഭിക്കും. എലിമിനറ്റേറില്‍ പുറത്തായ ഗുജറാത്തിന് 6.5 കോടി രൂപയും ക്വാളിഫയര്‍ രണ്ടില്‍ തോറ്റ് പുറത്തായ മുംബൈക്ക് 7 കോടി രൂപയും ലഭിക്കും. വ്യക്തിഗതമികവുപുലര്‍ത്തുന്ന താരങ്ങള്‍ക്ക് ലക്ഷങ്ങള്‍ സമ്മാനമുണ്ട്. ടൂര്‍ണമെന്റില്‍ ഓറഞ്ച് ക്യാപ്, പര്‍പ്പിള്‍ ക്യാപ് തുടങ്ങിയ നേട്ടങ്ങള്‍ സ്വന്തമാക്കുന്ന താരങ്ങള്‍ക്ക് പത്ത് ലക്ഷത്തോളം ലഭിക്കും.