മുംബൈ: ആര്‍സിബിയുടെ പ്രാര്‍ഥന മുംബൈ കേട്ടു, ടിം ഡേവിഡും. ഐപിഎല്ലില്‍ നിര്‍ണായകമായ മത്സരത്തില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ അഞ്ചു വിക്കറ്റിന് തകര്‍ത്ത മുംബൈ, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് പ്ലേ ഓഫിലേക്ക് വഴിയൊരുക്കി. ജയം അനിവാര്യമായ മത്സരത്തില്‍ തോറ്റതോടെ ഡല്‍ഹി പ്ലേ ഓഫ് കാണാതെ പുറത്തായി.

To advertise here,

ഡല്‍ഹി ഉയര്‍ത്തിയ 160 റണ്‍സ് വിജയലക്ഷ്യം 19.1 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ മുംബൈ മറികടക്കുകയായിരുന്നു. ഇതോടെ മേയ് 25-ന് നടക്കുന്ന ആദ്യ എലിമിനേറ്ററില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ നേരിടും.

35 പന്തില്‍ നിന്ന് നാലു സിക്‌സും മൂന്ന് ഫോറുമടക്കം 48 റണ്‍സെടുത്ത ഓപ്പണര്‍ ഇഷാന്‍ കിഷനാണ് മുംബൈയുടെ ടോപ് സ്‌കോറര്‍. അഞ്ചാമനായി ക്രീസിലെത്തി വെറും 11 പന്തില്‍ നിന്ന് നാലു സിക്‌സും രണ്ട് ഫോറുമടക്കം 34 റണ്‍സെടുത്ത ടിം ഡേവിഡാണ് വഴുതിപ്പോകുമെന്ന കരുതിയ മത്സരം മുംബൈക്ക് അനുകൂലമാക്കിയത്. 

33 പന്തില്‍ നിന്ന് മൂന്ന് സിക്‌സും ഒരു ഫോറുമടക്കം 37 റണ്‍സെടുത്ത ഡെവാള്‍ഡ് ബ്രെവിസും 17 പന്തില്‍ നിന്ന് 21 റണ്‍സെടുത്ത തിലക് വര്‍മയും മുംബൈക്കായി മികച്ച സംഭാവനകള്‍ നല്‍കി. 

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനയക്കപ്പെട്ട ഡല്‍ഹി 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തിലാണ് 159 റണ്‍സെടുത്തത്. 

34 പന്തില്‍ നിന്ന് നാലു സിക്സും ഒരു ഫോറുമടക്കം 43 റണ്‍സെടുത്ത റോവ്മാന്‍ പവലാണ് നിര്‍ണായക മത്സരത്തില്‍ ഡല്‍ഹിയുടെ ടോപ് സ്‌കോറര്‍. പൃഥ്വി ഷാ (23 പന്തില്‍ 24), ക്യാപ്റ്റന്‍ ഋഷഭ് പന്ത് (33 പന്തില്‍ 39), അക്ഷര്‍ പട്ടേല്‍ (10 പന്തില്‍ 19) എന്നിവര്‍ക്ക് മാത്രമാണ് പവലിന് ശേഷം ഡല്‍ഹി സ്‌കോറിലേക്ക് അല്‍പമെങ്കിലും സംഭാവന ചെയ്യാനായത്. 

ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ (5), മിച്ചല്‍ മാര്‍ഷ് (0), സര്‍ഫറാസ് ഖാന്‍ (10) എന്നിവര്‍ പതറിയതോടെ ഒരു ഘട്ടത്തില്‍ നാലിന് 50 റണ്‍സെന്ന നിലയിലായ ഡല്‍ഹിയെ 100 കടത്തിയത് അഞ്ചാം വിക്കറ്റില്‍ ഒന്നിച്ച പന്ത് - പവല്‍ സഖ്യമാണ്. 75 റണ്‍സാണ് ഇരുവരും ഡല്‍ഹിയുടെ സ്‌കോര്‍ബോര്‍ഡിലെത്തിച്ചത്.

മുംബൈക്കായി ജസ്പ്രീത് ബുംറ മൂന്നും രമണ്‍ദീപ് സിങ് രണ്ടു വിക്കറ്റും വീഴ്ത്തി.