മുഴുനഗ്നയായവൾ വന്ന നേരം,
ഒരുപാടു കുടിയന്മാരൊത്തു ചേർന്നാ-
മധുശാലയിൽപ്പാനം ചെയ്തിരുന്നു
തുപ്പിയാവെറിയന്മാ,രവളെയെന്നാൽ
വഴി തെറ്റി വന്നൊരാ മത്സ്യകന്യ -
യ്ക്കറിയില്ലതൊന്നും
പുഴ വെടിഞ്ഞീ
നിമിഷമേ വന്നൂ കരയ്ക്ക് , പാവം!
മിന്നിത്തിളങ്ങുമത്താരുടലിൽ
പൊന്നുപോലുള്ളൊരിളം മുലയിൽ
നാറും തെറിയഭിഷേകമല്ലോ!
തീക്കൊള്ളി കൊണ്ടുടൽ പൊളളി നീറി,
തറയിലുരുട്ടിച്ചിരിച്ചു തുള്ളി,
ഉരിയാടിയില്ലവൾ, മൂകയല്ലോ!
മിഴികൾ വിദൂരമാം സ്നേഹനീലം,
കൈകളോ പുഷ്യരാഗം കണക്ക് ,
പവിഴാധരങ്ങളനങ്ങി മൂകം,
പുറവാതിലൂടവൾ യാത്രയായി,
നദിയിൽക്കടന്നതേ ശുദ്ധയായി,
വെള്ളാരം കല്ലു മഴയാൽപ്പോലെ !
പിന്നെത്തിരിഞ്ഞൊന്നു നോക്കിടാതെ 
നീന്തി മൃത്യുന്മുഖം മുഗ്ദ്ധകന്യ !

To advertise here,