ടി.എസ് എലിയറ്റിന്റെ വിഖ്യാതരചനയായ ദ വേസ്റ്റ്‌ലാന്റ് നൂറാം വര്‍ഷത്തിലേക്ക് കടക്കുകയാണ്. പലഭാഷകളിലായി സ്വതന്ത്രവിവര്‍ത്തനത്തിന് വിധേയമായ കൃതിയാണ് വേസ്റ്റ്‌ലാന്‍ഡ്. കവി എസ്.ജോസഫ് പാഴ്‌നിലം എന്ന പേരിലാണ് വേസ്റ്റ്‌ലാന്റിന് സ്വതന്ത്രവിവര്‍ത്തനം നല്‍കിയിരിക്കുന്നത്.
ഒന്ന്
ചത്തവരുടെ അടക്ക്
ഏറ്റവും ക്രൂരമായ മാസമാണ് ഏപ്രില്‍
അത് തരിശുനിലത്തുനിന്നും വയമ്പുചെടികളെ കിളിര്‍ത്തുപൊന്തിക്കുന്നു.
ഓര്‍മ്മയും ആശയും കലര്‍ത്തുന്നു.
അട്ടുപോയ വേരുകളെ പൂക്കാലത്തിലെ മഴ കൊണ്ട് ഇളക്കുന്നു.
ഓര്‍മ്മകേടുള്ള മഞ്ഞില്‍ നമ്മെ പൊതിഞ്ഞുകൊണ്ട്
തണുപ്പുകാലം നമ്മളെ ചൂടുപിടിപ്പിച്ചു.
ഉണക്കക്കിഴങ്ങാല്‍ ചെറിയ ഒരു ജീവിതത്തെ തീറ്റിപ്പോറ്റി.
ഒരു മഴച്ചാറ്റലോടെ സ്ട്രാന്‍ ബര്‍ഗെര്‍സീ കടന്നുവന്ന് വേനല്‍ നമ്മെ അത്ഭുതപ്പെടുത്തി.
ഞങ്ങള്‍ കൊളോണേഡില്‍ നിന്നു
പിന്നെ സൂര്യപ്രകാശത്തില്‍
ഹോഫ്ഗാര്‍ട്ടനിലേക്ക് യാത്രതുടര്‍ന്നു
കാപ്പി കുടിച്ചു
ഒരു മണിക്കൂറോളം വര്‍ത്തമാനം പറഞ്ഞു.
ഞാന്‍ റഷ്യനല്ല, ലിത്വാനിയയില്‍ നിന്ന് വന്നു. ശരിക്കും ജര്‍മ്മനാണ്
ഞങ്ങള്‍ പിള്ളേരായിരുന്നപ്പോള്‍
ആര്‍ച്ചു ഡ്യൂക്കിന്റവിടെ താമസിച്ചു.
എന്റെ കസിന്റവിടെയും
കസിനെന്നെ ഒരു തെന്നുവണ്ടിയില്‍
കൊണ്ടുപോയി
ഞാന്‍ പേടിച്ചുപോയി
അവന്‍ പറഞ്ഞു:
മേരീ മേരീ മുറുക്കെപ്പിടിക്കുക.
പിന്നെ അവിടന്നിറങ്ങി നടന്നു
മലകളില്‍
നിങ്ങള്‍ക്ക് സ്വാതന്ത്യം തോന്നും
ഞാന്‍ രാവോളം വായിച്ചു
തണുപ്പു കാലത്ത് തെക്കോട്ടു പോകുന്നു
മുറുക്കെ പിടിക്കുന്ന വേരുകള്‍ ഏതാണ്,
ഈ കല്ലുകുപ്പയില്‍ വളരുന്നത് ഏത് കൊമ്പുകളാണ്?
മനുഷ്യപുത്രാ,
നിനക്ക് പറയാനോ ഊഹിക്കാനോ ആവില്ല.
കാരണം നിനക്കറിയാവുന്നത് കുറേ തകര്‍ന്ന ബിംബങ്ങളുടെ കൂന മാത്രം
അവിടെ സൂര്യപ്രകാശമടിക്കുന്നു
ചത്ത മരം തണല്‍ നല്കില്ല
ചീവീട് സൈ്വരം തരില്ല
ഉണങ്ങിയ കല്ല്
വെള്ളത്തിന്റെ ഒച്ചയില്ല
ഈ ചുവന്ന പാറയ്ക്കടിയില്‍ മാത്രം നിഴലുണ്ട്
(ഈ ചുവന്ന പാറയ്ക്കടിയിലെ നിഴലിലേക്കുവരൂ)
രണ്ടില്‍ നിന്നും വേറിട്ട മറ്റൊന്നു ഞാന്‍ നിങ്ങളെ കാണിക്കാം.
രാവിലെ നിങ്ങളുടെ നിഴല്‍ പിന്നിലാണ്
വൈകുന്നേരം നിങ്ങളുടെ അടുത്തേക്ക് വരുന്നു;
ഒരു പിടി മണ്ണില്‍ ഞാന്‍ ഭയത്തെ കാട്ടാം.
കാറ്റു പുതമയോടെ വീശുന്നു
വീടും പുതുത്
എന്റെ ഐറീഷ്‌കുട്ടി
നീ എവിടെ പാര്‍ക്കുന്നു!
ആദ്യമായി ഒരു കൊല്ലം മുമ്പാണ്
നിങ്ങള്‍ എനിക്ക് ഹ്യാസിന്ത് പൂക്കള്‍
തന്നത്
' അവര്‍ എന്നെ ഹ്യാസിന്ത് പെണ്‍കുട്ടി എന്നു വിളിച്ചു. '
എന്നിട്ടും വൈകി ഞങ്ങള്‍ ഹ്യാസിന്ത് തോട്ടത്തില്‍ നിന്ന് തിരിച്ചുവന്നപ്പോള്‍
നിന്റെ കൈനിറഞ്ഞിരുന്നു
മുടി നനഞ്ഞിരുന്നു
എനിക്ക് സംസാരിക്കാന്‍ പറ്റിയില്ല
കണ്ണുകളും തോറ്റു
ഞാന്‍ ജീവിച്ചുമില്ല മരിച്ചുമില്ല
എനിക്കൊന്നുമറിഞ്ഞില്ല
വെളിച്ചത്തിന്റെ ഹൃദയത്തിലേക്കുനോക്കുമ്പോള്‍
മൗനം
കടല്‍ മങ്ങിയതും ശൂന്യവുമാണ്
സൊസോസ്ട്രിസ് മാഡം
പ്രശസ്തയായ കൈനോട്ടക്കാരി
അവള്‍ക്ക് പനിയുണ്ടായി
മാത്രമല്ല അവള്‍ യൂറോപ്പിലെ അതിബുദ്ധിമതിയായി
അറിയപ്പെട്ടിരുന്നു
ഒരു കെട്ട് ദുഷിച്ച ചീട്ടുകള്‍ക്കൊപ്പം
അവള്‍ പറഞ്ഞു:
ഇതാ നിങ്ങളുടെ ചീട്ട്
മുങ്ങി മരിച്ച ഫിനീഷ്യന്‍ നാവികന്‍
(നോക്കൂ അവന്റെ കണ്ണുകള്‍ മുത്തുകളായി മാറി )
ഇതാ പാറകളുടെ സ്ത്രീ ബെല്ലഡോണ
അവസരങ്ങളുടെ സ്ത്രീ
ഇതാ മൂന്നുപടികളുടെ മനുഷ്യന്‍
ഇതാ ചക്രം
ഇതാ ഒറ്റക്കണ്ണന്‍ കച്ചവടക്കാരന്‍
ഈ ശൂന്യമായ ചീട്ട്
അവന്‍ പിന്നില്‍ ചുമക്കുന്ന ഒന്ന്
എനിക്കത് കാണാന്‍ വിലക്കുണ്ട്
തൂക്കിലേറ്റിയ മനുഷ്യനെ ഞാന്‍ കണ്ടുപിടിക്കുന്നില്ല.
വെള്ളത്താലുള്ള പേടി മരണം
ഞാന്‍ ഒരു പറ്റം ആളുകള്‍ വളയത്തിനു ചുറ്റും നടക്കുന്നത് കാണുന്നു
നിങ്ങള്‍ക്ക് നന്ദി
ശ്രീമതി ഇക്വിറ്റോണിനെ കണ്ടാല്‍
ഞാന്‍ തന്നെ ജാതകം കൊണ്ടുവന്നെന്നു പറയണേ
ഇക്കാലത്ത് ഒരാള്‍ വളരെ ശ്രദ്ധിക്കണം
മായാനഗരം,
തണുപ്പു കാലത്തെ
തവിട്ടു കോടയ്ക്കുകീഴെ
ലണ്ടന്‍ പാലത്തിലൂടെ ഒരു ജനക്കൂട്ടം
ഒഴുകിപ്പോയി
വളരെയാളുകള്‍
ഇത്രമാത്രം പേര്‍ മരിക്കുമെന്ന്
ഞാന്‍ കരുതിയില്ല
ചെറുതും ഇടവിട്ടതുമായ
വീര്‍പ്പുകളിട്ട്
ഓരോ മനുഷ്യനും
കണ്ണുകള്‍ കാല്‍ക്കലുറപ്പിച്ചു
മലമുകളിലേക്കും
കിംഗ് വില്യം തെരുവിലേക്കും ഒഴുകി
സെയിന്റ് മേരീസ് വൂള്‍നോത്ത്
ഒമ്പതിന്റെ അവസാനത്തെ
മണിയടി കേള്‍ക്കുന്ന സമയത്തോളം
മണിക്കൂറുകളോളം ഒരു മരിച്ച ശബ്ദത്തെ
കാത്തു
അപ്പോള്‍ ഞാന്‍ പരിചയമുള്ള ഒരാളെ കണ്ടു.
അയാളെ തടഞ്ഞു നിര്‍ത്തി ഞാന്‍ പറഞ്ഞു:
'സ്റ്റെറ്റ്‌സണ്‍
നിങ്ങളെല്ലാമായിരുന്നില്ലേ മൈലേയില്‍ എന്നോടൊപ്പം
കപ്പലിലുണ്ടായിരുന്നവര്‍!
കഴിഞ്ഞാണ്ടില്‍ നീ നിന്റെ പൂന്തോട്ടത്തില്‍
കഴിച്ചിട്ട ശവം മുളച്ചുതുടങ്ങിയോ?
ഈയാണ്ടില്‍ അത് പൂക്കുമോ?
ഇനി പെട്ടെന്ന് പെയ്ത മഞ്ഞു
വീണത് നശിച്ചുവോ?
ഓ പട്ടിയെ ഓടിച്ചു വിടണേ
മനുഷ്യരുടെ ചങ്ങാതിയാണല്ലോ.
അല്ലെങ്കില്‍ അവന്‍ ആ
കുഴിമാന്തിയെടുക്കും
കാപട്യക്കാരനായ വായനക്കാരാ
കൂട്ടുകാരാ,
സഹോദരാ,
ചെസ്സുകളി
(രണ്ടാം ഭാഗം)
അവളിരുന്ന കസേര
മിനുക്കിയ സിംഹാസനം പോലെ
മാര്‍ബിളില്‍ തിളങ്ങി
പഴങ്ങള്‍ നിറഞ്ഞ മുന്തിരിവള്ളികള്‍ കൊണ്ട് കുലീനമായി രൂപകല്പന ചെയ്ത ഭാഗം സ്ഫടികത്തെ താങ്ങി നിര്‍ത്തുന്നു
അതില്‍ നിന്ന് ഒരു സ്വര്‍ണ ക്യൂപിഡ്
പുറത്തേക്കു നോക്കി
(മറ്റൊന്ന് കണ്ണുകള്‍ ചിറകിനു പിന്നിലൊളിപ്പിച്ചു )
എഴുതിരിയുള്ള മെഴുതിരിക്കാലിലെ
തീനാളങ്ങള്‍ മേശപ്പുറത്ത്
പ്രതിഫലിച്ചപ്പോള്‍ ഇരട്ടിയായി
അവളുടെ ആഭരണങ്ങളുടെ തിളക്കം
അതിനെ തൊടാന്‍ ആഞ്ഞു,
അത് അവളുടെ
മിനുസമുള്ള പട്ടിന്റെ ഉറകളില്‍ നിന്ന്
സമൃദ്ധമായി വഴിഞ്ഞൊഴുകി.
അവളുടെ
ആനക്കൊമ്പു കൊണ്ടും നിറമുള്ള ചില്ലും കൊണ്ടുള്ള കുപ്പികളില്‍ അടയ്ക്കപ്പെട്ട
വിചിത്രമായ നിര്‍മ്മിത സുഗന്ധങ്ങള്‍
തൈലം, പൊടി, ദ്രാവകം -
ബോധത്തെ
ഗന്ധത്തില്‍ മുക്കി
ക്ലേശിപ്പിച്ചു, കുഴപ്പത്തിലാക്കി
ജനലില്‍ നിന്ന് പുതുതായി വന്ന
കാറ്റിനാല്‍ ഇളക്കപ്പെട്ട്
ഇവ നീളന്‍ മെഴുതിരി നാളങ്ങളെ
പോഷിപ്പിച്ചു പടര്‍ത്തിയുയര്‍ത്തി
കൊത്തുപണികളുള്ള മച്ചുപാത്തിയിലേക്ക് അവയുടെ പുക ചുഴറ്റി
രൂപങ്ങള്‍ ഇളക്കുന്നു
ചെമ്പ് പതിച്ച വലിയ കടല്‍മരം
പച്ചയും ഓറഞ്ചും നിറങ്ങളായ് രത്‌നക്കല്ലുകളില്‍ കത്തിത്തിളങ്ങി
അതിലെ ദു:ഖവെളിച്ചത്തില്‍
കൊത്തിയെടുത്ത ഡോള്‍ഫിന്‍ നീന്തി
പുരാതനമായ ഷെല്‍ഫിനു മുകളിലെ
ജനലേകിയതു പോലൊരു കാടിന്റെ ദൃശ്യം
പ്രാകൃതനായ രാജാവ് ബലാത്ക്കാരം ചെയ്തതിനാല്‍ ഫെനോമലേ രാപ്പാടിയായി രൂപം മാറി
എന്നിട്ടും രാപ്പാടി അലംഘനീയമായ കൂവല്‍ മരുഭൂമിയില്‍ നിറച്ചു.
എന്നിട്ടും അവള്‍ കരഞ്ഞു
ഇപ്പോഴും ലോകം അതിനെ പിന്‍തുടരുന്നു
വൃത്തികെട്ട ചെവികള്‍ക്കത് 'ജഗ് , ജഗ് '
കാലത്തിന്റെ ഉണങ്ങിയ മറ്റുകുറ്റികള്‍ക്കും ദിത്തികളില്‍ എഴുതപ്പെട്ടിരുന്നു
തുറിച്ചുനോക്കുന്ന രൂപങ്ങള്‍ പുറത്തേക്ക് ചാഞ്ഞു,
ചായുന്നു , അടഞ്ഞ മുറി മിണ്ടാതിരിക്കുന്നു.
കോണിപ്പടിയില്‍ പല പല കാലടികള്‍
തീവെട്ടത്തിനടിയില്‍
ബ്രഷിനടിയില്‍
അവളുടെ മുടി വാക്കുകളില്‍ തിളങ്ങിയ വികാര തീവ്രമായ സ്ഥാനങ്ങളായി
പിന്നെ പ്രകൃതമായ നിശ്ചലതയിലായി
' ഈ രാത്രി മനസിന് ഒട്ടും സുഖമില്ല
അതേ ഒട്ടും സുഖമില്ല
എന്നോടൊപ്പം ഉണ്ടാവണം
എന്നോട് എന്തെങ്കിലും പറയൂ
എന്താണ് ഒരിക്കലും ഒന്നും പറയാത്തത് ?
എന്തെങ്കിലും പറയൂ
എന്തിനെപ്പറ്റിയാണ് ആലോചിക്കുന്നത്, എന്തൊരു ചിന്ത,
എന്ത്?
എനിക്കൊരിക്കലുമറിയില്ല നിങ്ങളെന്താണ് ചിന്തിക്കുന്നതെന്ന് .
ചിന്തിക്കുക .
നമ്മള്‍ എലികളുള്ള കുഴിവഴിയിലാണെന്ന്
എനിക്കു തോന്നുന്നു.
അവിടെ മരിച്ച മനുഷ്യര്‍ക്ക് അസ്ഥികള്‍ നഷ്ടപ്പെട്ടു.
എന്താണ് ഒരൊച്ച,
കതകിനടിയില്‍ കാറ്റോ ,
ഇപ്പോള്‍ കേട്ട ഒച്ചയെന്താണ് ,
കാറ്റെന്താണ് ചെയ്യുന്നത്?
ഒന്നുമില്ല. പിന്നെയും ഒന്നുമില്ല
നിനക്കൊന്നുമറിയിയില്ലെന്നാണോ ?
അറിയില്ലേ നിനക്കൊന്നും
നി ഒന്നും കാണുന്നില്ലേ
നീ ഒന്നും ഓര്‍ക്കുന്നില്ലേ?
ഞാന്‍ ഓര്‍ക്കുന്നു
അവന്റെ കണ്ണുകാളായിരുന്നു മുത്തുകളായത്
നീ ജീവിക്കുന്നുണ്ടോ , ഇല്ലയോ ?
നിന്റെ തലയില്‍ ഒന്നുമില്ലേ?
പക്ഷേ ഓ ഓ ഓ ഓ ആ ഷേക്‌സ്പീരിയന്‍
രാഗം
അത് മനോഹരം
ബുദ്ധിപരം
ഞാനിപ്പോള്‍ എന്തു ചെയ്യും
എതുചെയ്യും ?
ഞാന്‍ ഞാനെനപോലെ പുറത്തേക്ക് ഓടും
തെരുവില്‍ നടക്കും
മുടിതാഴ്ത്തിയിട്ട്
അങ്ങനെ
നാളെ നമ്മള്‍ എന്തു ചെയ്യും?
നമ്മള്‍ എപ്പോഴും എന്തു ചെയ്യും?
പത്തിന് ചൂടുവെള്ളം
മഴ ചെയ്യുകയാണെങ്കില്‍
നാലിന് അടച്ചിട്ട വണ്ടി
നമ്മള്‍ അപ്പോള്‍ ചെസുകളിക്കും
പീലിയില്ലാത്ത കണ്ണുകള്‍ ഇറുക്കി
കതകിലൊരു മുട്ടിന് ശ്രദ്ധിച്ച്
ലില്‍ ന്റെ കെട്ടിയോനെ പട്ടാളത്തില്‍ നിന്ന് പിരിച്ചുവിട്ടപ്പോള്‍ , ഞാന്‍ പറഞ്ഞു.
ഞാനെന്റെ വാക്കു വിഴുങ്ങിയില്ല
അവളോട് ഞാന്‍ തന്നെ പറഞ്ഞു.
ഒന്നു വേഗം
ദയവായി
ഇപ്പോഴാണ് സമയം.
നിങ്ങള്‍ കുറച്ചു കൂടി ഉഷാറാകൂ
അവന്‍ പല്ലു വാങ്ങാന്‍ തന്ന പണം
കൊണ്ട് നിങ്ങള്‍ എന്തു ചെയ്തു എന്നറിയാന്‍ ആല്‍ബര്‍ട്ട് തിരിച്ചു വരുന്നുണ്ട്
അവന്‍ അതു തന്നപ്പോള്‍
ഞാന്‍ ഉണ്ടായിരുന്നല്ലോ അവിടെ
നീ എല്ലാരെയും പുറത്താക്കി
നല്ലൊരു സെറ്റ് സെറ്റുവാങ്ങു ലില്‍
അവന്‍ പറഞ്ഞു.
ഞാന്‍ ആണയിടാം
എനിക്ക് നിങ്ങളെ നോക്കാന്‍ പറ്റുന്നില്ല.
ഞാന്‍ പറഞ്ഞു
ഇനീം പാവം ആല്‍ബര്‍ട്ടിനെപ്പറ്റി
ചിന്തിക്കാന്‍ എനിക്കു വയ്യ
അവന്‍ നാലു കൊല്ലമായി പട്ടാളത്തിലാണ്
നല്ല കാലം ഉണ്ടാകണമെന്നുണ്ടവന്
നീ അത് നല്കുന്നില്ലെങ്കില്‍
മറ്റാരെങ്കിലും അവനത് നല്കും.
ഞാന്‍ പറഞ്ഞു
ഓ അവിടെ ഉണ്ടോ
അവള്‍ പറഞ്ഞു
എന്തോ ഞാന്‍ പറഞ്ഞു
ആര്‍ക്ക് നന്ദി പറയണമെന്ന് എനിക്കറിയാം
അവള്‍ പറഞ്ഞു
എന്റെ നേരേ ഒന്നുനോക്കൂ
വേഗമാട്ടെ
ഇതാണ് സമയം
അത് നിങ്ങള്‍ക്ക് ഇഷ്ടമല്ലെങ്കില്‍
നിങ്ങള്‍ക്കതുമായി മുന്നോട്ടു പോകാം
ഞാന്‍ പറഞ്ഞു.
നിങ്ങള്‍ പറ്റില്ലെങ്കില്‍
മറ്റുള്ളവരത് എടുത്തോളും
പക്ഷേ ആല്‍ബര്‍ട്ടത് വേണ്ടെന്നു വച്ചാല്‍
അത് പറയാഞ്ഞതു കൊണ്ടാവരുത്
ഇങ്ങനെ പുതാനമായിരിക്കുന്നതില്‍
നിങ്ങള്‍ക്ക് നാണം വേണം
(അവള്‍ക്ക് മുപ്പത്തിയൊന്നേയുള്ളു.)
എനിക്ക് ഇത് ഒഴിവാക്കാന്‍ പറ്റില്ല
നീണ്ട മുഖം വലിച്ചവള്‍ പറഞ്ഞു
ഞാനെടുത്തത് അവരുടെ ഗുളികകള്‍
അതു കൊണ്ടു വരൂ
അവള്‍ പറഞ്ഞു
(അവള്‍ക്ക് അഞ്ചെണ്ണം ഉണ്ടായിരുന്നു
ജോര്‍ജ് മരിച്ചതേയുള്ളു. )
എല്ലാം ശരിയാകുമെന്ന്
കെമിസ്റ്റ് പറഞ്ഞു.
എല്ലാം ശരി
പക്ഷേ ഞാന്‍ എപ്പോഴും
ഒരുപോലെയല്ല
നിങ്ങള്‍ വിഡ്ഢി തന്നെ
ഞാന്‍ പറഞ്ഞു.
കൊള്ളാം ആല്‍ബര്‍ട്ട്
നിങ്ങളെ ഒറ്റയ്ക്ക് വിട്ടിട്ട് പോകുന്നില്ലെങ്കില്‍
അത് അങ്ങനെ തന്നെ.
ഞാന്‍ പറഞ്ഞു
കുട്ടികള്‍ വേണ്ടെങ്കില്‍ നിങ്ങളെന്തിന് കല്യാണം കഴിച്ചു.
വേഗമാകട്ടെ
ഇതാണ് സമയം
കൊള്ളാം.
ഞാറാഴ്ച ആര്‍ബര്‍ട്ട് വീട്ടിലുണ്ടെങ്കില്‍
അവര്‍ക്ക് ചൂടുള്ള പന്നിക്കറി ഉണ്ടാകുമായിരുന്നു
അവരെന്നോട് അത്താഴത്തിന് വരുന്നോ എന്നു ചോദിച്ചു. അത് കഴിക്കുന്നതിന്റ സുഖം
വേഗമാകട്ടെ .
ഇതാണ് സമയം
ബില്‍ ശുഭ രാത്രി
ലോ ശുഭരാത്രി
മേ ഗുഡ് നൈറ്റ്
റ്റാ റ്റാ ശുഭരാത്രി
ശുഭരാത്രി
ശുഭരാത്രി
സ്ത്രീകളേ , നല്ലത്
രാത്രി മധുരം
സ്ത്രീകള നല്ലത്
രാത്രി
ശുഭരാതി
ഭാഗം 3
അഗ്‌നി പ്രഭാഷണം
നദിയുടെ കൂടാരം തകര്‍ന്നു :
ഇലയുടെ അവസാനത്തെ വിരലുകള്‍ തീരത്തുപിടിച്ച്
വെള്ളത്തില്‍ മുങ്ങുന്നു.
കാറ്റ്
കേട്ടിട്ടില്ലാത്ത തവിട്ടുനിറമുള്ള ഭൂമി മുറിച്ചുകടക്കുന്നു.
ജലദേവതമാര്‍ പോയി
മധുരവതിയായ തെംസേ,
ഞാന്‍ പാട്ടു നിര്‍ത്തും വരെ
പതുക്കെ ഒഴുകുക
നദിയില്‍ ഒഴിഞ്ഞ കുപ്പികളും
സാന്റ് വിച്ച് പേപ്പറുകളും പട്ടുറുമാലുകളും
കാര്‍ഡ് ബോര്‍ഡ് പെട്ടികളും
സിഗരറ്റ് കുറ്റികളും ഇല്ല.
അല്ലെങ്കില്‍ വേനല്‍ക്കാല രാത്രികളിലെ
മറ്റ് അവശിഷ്ടങ്ങളും ഇല്ല
ജലദേവതമാര്‍ പോയി
അവരുടെ ഇഷ്ടക്കാരും പോയി
ഡയറക്ടര്‍മാരുടെ അലസരായി നടക്കുന്ന
പിന്തുടര്‍ച്ചക്കാരും പോയി
വിലാസങ്ങള്‍ പോലുമില്ലാതെ
ലെമാനിലെ നദിക്കരികേ
ഞാനിരുന്നു കരഞ്ഞു.
മധുരവതിയായ തെംസേ
പതുക്കെ പോകൂ
എന്തെന്നാല്‍ ഞാന്‍ ഉറക്കയോ
നീട്ടിയോ സംസാരിക്കുന്നില്ല.
പക്ഷേ എന്റെ പിന്നില്‍ ഒരു തണുത്ത
കാറ്റടിയില്‍ ഞാന്‍ കേള്‍ക്കുന്നു.
ചെവികള്‍ തോറും എല്ലുകളുടെ
ആക്രോശവും അമര്‍ത്തിയ ചിരിയും
ഞാന്‍ വൃത്തികെട്ട കനാലില്‍
മീന്‍ പിടിച്ചു കൊണ്ടിരുന്നപ്പോള്‍
ഒരു എലി മെലിഞ്ഞ തീരത്തൂടെ വയറും വലിച്ച് ചെടികള്‍ക്കിടയിലൂടെ
പതുക്കെയിഴഞ്ഞു പോയി
തണുപ്പുകാലത്ത് ചില്ലുവീടിന്റെ പിന്‍ വട്ടത്തില്‍
എന്റെ സഹോദരനായ രാജാവിന്റെ കപ്പല്‍ മുങ്ങലിനെപ്പറ്റിയും
അതിനും മുമ്പ് എന്റെ അച്ഛനായ രാജാവിന്റെ ഭരണത്തെപ്പറ്റിയും ചിന്തിച്ചുകൊണ്ടിരുന്നപ്പോള്‍
അത്ര നനവില്ലാത്ത നിലത്ത്
നഗ്‌നമായ വെളുത്ത ശരീരങ്ങള്‍
എല്ലുകള്‍ അല്പം ഉണങ്ങിവരണ്ട
നിലവറയിലും
എലിക്കാല്‍ പെരുമാറ്റം കൊണ്ടു മാത്രം മുഖരിതമായി വര്‍ഷം തോറുമെങ്കിലും
എന്റെ പിന്നില്‍ കാലാകാലങ്ങളായി
ഞാന്‍ ഹോണടിയുടേയും മോട്ടോറുകളുടേയും
ശബ്ദം കേള്‍ക്കുന്നു
അത് സ്വീനിയെ മിസിസ് പോര്‍ട്ടറുടെ അടുത്തേക്ക് കൊണ്ടുവരും
ഓ ചന്ദ്രന്‍ മിസിസ് പോര്‍ട്ടറില്‍ തിളങ്ങി
അവളുടെ മകളുടെ മേലും
അവര്‍ കാലുകഴുകുന്നത്
സോഡാ വെള്ളത്തിലാണ്.
കപ്പേളയില്‍ പാടുന്ന കുട്ടികളുടെ ശബ്ദങ്ങള്‍
റ്റ്വിറ്റ് റ്റ്വിറ്റ് റ്റ്വിറ്റ്
ജഗ് ജഗ് ജഗ് ജഗ് ജഗ്
അങ്ങനെ പരുക്കനായി പ്രേരിപ്പിച്ചു.
പരിതപിക്കുക
മായപ്പട്ടണം
മഞ്ഞു കാലത്തെ ഉച്ചനേരത്തെ തവിട്ടു കോടയ്ക്കു കീഴില്‍
സ്മിര്‍ണയില്‍ നിന്നുള്ള മുഖം വടിക്കാത്ത
പോക്കറ്റു നിറയെ ഉണക്കമുന്തിരിയുമായി കച്ചവടക്കാരന്‍
മിസ്റ്റര്‍ യൂജനൈഡ്‌സ്
സി.ഐ എഫ് ലണ്ടന്‍:
കാഴ്ചയില്‍ രേഖകള്‍
കാനന്‍ സ്ട്രീറ്റ് ഹോട്ടലില്‍ ഉച്ച ഭക്ഷണത്തിനും
മെട്രോ പോളില്‍ ഒരാഴ്ച ചെലവഴിക്കുന്നതിനും
വികലമായ ഫ്രെഞ്ചില്‍ എന്നെ ക്ഷണിച്ചു.
വയലറ്റ് മണിക്കൂറില്‍
കണ്ണും പുറവും
ഡെസ്‌കില്‍ നിന്നുയരുമ്പോള്‍
ഒരു ടാക്‌സിയായി
മനുഷ്യ എഞ്ചിന്‍ കാത്തിരിക്കുമ്പോള്‍
വിറയ്ക്കുന്നു
കാത്തിരിക്കുന്നു
ഞാന്‍ തൈറീസിയാസ്
അന്ധനാണെങ്കിലും
രണ്ട് ജീവിതങ്ങള്‍ക്കിടയില്‍
മിടിക്കുന്നു
ചുളുങ്ങിയ പെണ്‍മുലകളുള്ള വൃദ്ധന്‍
വയലറ്റ് മണിക്കൂറില്‍ കാണാം
വയലറ്റ് മണിക്കൂറില്‍
വീട്ടിലേക്ക് പോകുന്നു
നാവികനെ കടലില്‍ നിന്ന് വീട്ടിലേക്ക് കൊണ്ടുവരുന്നു
ചായയുടെ നേരത്ത്
വീട്ടിലെത്തിയ ടൈപ്പിസ്റ്റ്
ബ്രേക്ഫാസ്റ്റിന്റെ അവശിഷ്ടങ്ങള്‍
തുടച്ചു നീക്കുന്നു.
സ്റ്റൗവ് കത്തിക്കുന്നു. ടിന്നുകളില്‍ ഭക്ഷണം
വയ്ക്കുന്നു
ജനാലയ്ക്കപ്പുറം ആപല്‍ക്കരമായി
ഉണങ്ങുന്ന അവളുടെ ചമയക്കൂട്ടുകളില്‍
പോക്കുവെയില്‍ രശ്മികള്‍
തൊട്ടു.
ദിവാനില്‍ കൂടിക്കിടക്കുന്നു (അത് രാത്രിയില്‍ അവളുടെ കിടക്ക )
കാല്‍മേശകള്‍ , ചെരുപ്പുകള്‍ പുറവസ്ത്രങ്ങള്‍,ബോഡീസുകള്‍
ഞാന്‍ തിരേസിയാസ്
പടുകിളവന്‍ ചുളുങ്ങിയ അകിടുള്ളവന്‍
രംഗം മനസിലാക്കി
ബാക്കി മുന്‍കൂട്ടി പറഞ്ഞു.
ഞാനും പ്രതീക്ഷിച്ച അതിഥിയെ കാത്തിരുന്നു
അവന്‍ യുവാവ് മുറിവേറ്റ മുഖമുള്ളവന്‍
വീട് ബ്രോക്കറിന്റെ ക്ലാര്‍ക്ക്
ഒറ്റ തുറിച്ചുനോട്ടത്തോടെ,
ഒരു ബ്രാഡ് ഫോര്‍ഡ് കോടീശ്വരന്റെ പട്ടു തൊപ്പി പോലെ
ഉറച്ച മനോഭാവമുള്ള ഒരു കീഴാളന്‍
അയാള്‍ ഊഹിച്ച പോലെ
ഇപ്പോഴാണ് അനുകൂല സമയം
ഊണു കഴിഞ്ഞു. അവള്‍ക്കു മുഷിഞ്ഞു ക്ഷീണവുമായി
അവളെ ലാളിക്കുവാന്‍ ശ്രമിക്കുന്നു
അവ ഇപ്പോഴും ശാസിക്കപ്പെട്ടില്ല
അത് ആശിച്ചില്ലെങ്കില്‍
അരുണിമയാര്‍ന്ന് ,
തീരുമാനിച്ച്
പെട്ടെന്നയാള്‍ ആക്രമിക്കുന്നു.
തപ്പുന്ന കൈകള്‍ക്കില്ല തടസം.
അവന്റെ പൊങ്ങച്ചത്തിനില്ല പ്രതികരണം
നിസംഗമായി സ്വാഗതം ചെയ്യുന്നു.
(ഞാന്‍ തിരേസിയാസ്
എല്ലാം മുന്നേ സഹിച്ചു.
ഇതേ കിടക്കയിലോ ദിവാനിലോ വയ്യോ ആണ് ചെയ്തത്
ഭിത്തിക്കുതാഴെ തീബ്‌സിനരുകില്‍
ഇരുന്ന ഞാന്‍
മരിച്ചവരില്‍ താണവരുടെ ഇടയിലേക്ക് നടന്നു )
അന്തിമമായ രക്ഷാകര്‍ത്തു ചുംബനം
ചൊരിഞ്ഞു
എന്നിട്ട് ഇരുട്ടില്‍
ഏണിപ്പടി തിരഞ്ഞ് നടക്കുന്നു
അവള്‍ തിരിഞ്ഞ്
ഗ്ലാസില്‍ ഒരു നിമിഷം നോക്കി
അവളുടെ കാമുകന്‍ പോയതറിയാതെ
അവളുടെ തലച്ചോറില്‍ പാതിരൂപപ്പെട്ട ഒരു ചിന്ത
കടന്നു പോകുമ്പോള്‍ .
ശരി, അത് നന്നായി
അത് കഴിഞ്ഞതില്‍ ഞാന്‍
സന്തോഷിക്കുന്നു
സുന്ദരിയായ ഒരു സ്ത്രീ
വിഡ്ഢിത്തത്തിലേക്ക് തിരിയുമ്പോള്‍
അവള്‍ ഒറ്റയ്ക്ക് അവളുടെ മുറിയിലേക്കെത്തി
അവള്‍ യാന്ത്രികമായ കൈ കൊണ്ട് മുടിയൊതുക്കുന്നു
ഗ്രാമഫോണില്‍ ഒരു പാട്ടുവയ്ക്കുന്നു..
' ഈ സംഗീതം വെള്ളത്തിന്റെ മീതേ കൂടി
ഇഴഞ്ഞ് എന്റെ അടുത്തെത്തി '
തുടര്‍ന്ന് സ്ട്രാന്റുവഴി ക്വീന്‍ വിക്ടോറിയ
തെരുവിലേക്ക്
ഓ നഗരമേ നഗരമേ
എനിക്ക് ചെലപ്പോള്‍ കേള്‍ക്കാം
ലോവര്‍ തെംസ് സ്ട്രീറ്റിലെ ഒരു പൊതു ബാറിനു സമീപം
ഒരു മാന്‍ഡൊലിന്റെ ഇമ്പമുള്ള പരിഭവം
അതിനുള്ളില്‍ നിന്ന് ജല്പനവും കരച്ചിലും
ഉച്ചയ്ക്ക് മീന്‍പിടുത്തക്കാര്‍ വിശ്രമിക്കുന്നിടത്ത്
മാഗ്‌നസ് രക്തസാക്ഷി പള്ളിയുടെ ഭിത്തികളില്‍
അയോണിയന്‍ വെളുപ്പും സ്വര്‍ണവും
ചേര്‍ന്ന തിളക്കം
നദി വിയര്‍ക്കുന്നു
എണ്ണയും ടാറും
കളിവള്ളങ്ങള്‍ ഒഴുകിനടക്കുന്നു
തിരിയുന്ന വേലിയേറ്റത്തിനോപ്പം
ചുവന്ന പായ്ക്കപ്പലുകള്‍
കാറ്റില്ലാത്ത ഭാഗത്തേക്ക്
വിശാലമായി കനത്ത പായകളില്‍ ആടുന്നു
കളിവള്ളങ്ങള്‍ ഒഴുകുന്ന തടിക്കഷണങ്ങളെ തള്ളുന്നു.
പട്ടികളുടെ ചെറുദ്വീപ് കഴിഞ്ഞ് ഗ്രീന്‍വിച്ച്
ഇറക്കത്തിലേക്ക്
വെയിലാല ലിയ
വല്ലാല ലിയ ലാല
എലിസബത്തും ലെസ്റ്ററും
തുഴകള്‍ വലിച്ചു കൊണ്ട്
അമരം രൂപപ്പെട്ടു.
സ്വര്‍ണം പൂശിയ ഒരു
ചിപ്പി
ചുവപ്പും സ്വര്‍ണവും
വെള്ളത്തിന്റെ തള്ളല്‍ രണ്ട് കരകളേയും തിരയില്‍ മുക്കി.
തെക്കുപടിഞ്ഞാറന്‍ കാറ്റ്
താഴേക്ക് താഴത്തേക്കൊഴുകി
മണിനാദം
വെളുത്ത ഗോപുരങ്ങള്‍
വെയിലാല ലിയ
വല്ലാല ലിയ ലാല
ട്രാമുകളും പൊടി പിടിച്ച
മരങ്ങളും
ഹൈബറി എന്നെ ഗര്‍ഭത്തില്‍ വഹിച്ചു.
റിച്ച് മണ്ടും
ക്യൂവും എന്നെ ഒഴിവാക്കി
റിച്ച് മൗണ്ടിന് സമീപം
ഞാന്‍ കാല്‍ മുട്ടുകള്‍ ഉയര്‍ത്തി
ഒരു ചെറിയ വള്ളത്തിന്റെ തറയില്‍
ഒരു തറയില്‍ മലര്‍ന്നുകിടന്നു.
എന്റെ കാലുകള്‍ മൂര്‍ഗേറ്റിലും
ഹൃദയം കാലുകള്‍ക്കടിയിലും
സംഭവം കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ കരഞ്ഞു. അവന്‍ പുതിയ തുടക്കം വാഗ്ദാനം ചെയ്തു
ഞാന്‍ ഒന്നും പറഞ്ഞില്ല.
ഞാന്‍ എന്തിന് ഇഷ്ടക്കേട് കാണിക്കണം?
മാര്‍ഗേറ്റ് മണല്‍പ്പുറത്ത്
ഇല്ലായ്മയെ ഇല്ലായ്മയോട് ഇണക്കാന്‍ എനിക്ക് കഴിയില്ല.
വൃത്തിയാല്ലാത്ത കൈകളിലെ പൊട്ടിപ്പോയ വിരല്‍ നഖങ്ങള്‍
എന്റെ ജനം
പാവപ്പെട്ട ജനം ഒന്നും പ്രതീക്ഷിക്കാത്തവര്‍
ലാ ലാ
പിന്നെ ഞാന്‍ കാര്‍ത്തേജിലേക്കു
വന്നു
കത്തുന്നുകത്തുന്നു
കത്തുന്നു കത്തുന്നു
ഓ ദൈവമേ അങ്ങ് പറിച്ചെടുക്കുന്നു
കത്തുന്നു.
നാലാം ഭാഗം
വെള്ളത്താലുളള മരണം
ഫ്‌ലീബസ് എന്ന ഫിനീഷന്‍ രണ്ടാഴ്ചയായി മരിച്ചിട്ട്
കടല്‍ക്കാക്കകളുടെ കരച്ചില്‍ മറന്നു;
ആഴക്കടലിന്റെ ഏറ്റവും
ലാഭ നഷ്ടങ്ങളും
അടിയൊഴുക്ക് പിറുപിറുത്തു കൊണ്ട്
അയാളുടെ എല്ലുകള്‍ പെറുക്കിയെടുത്തു
അയാള്‍ പൊങ്ങുന്നതും താഴുന്നതു മനുസരിച്ച്
അയാള്‍ ആയുസിന്റെ ഘട്ടങ്ങളും യൗവനവും നീര്‍ച്ചുഴിയില്‍ പെട്ടു പിന്നിട്ടു.
ജൂതനോ അന്യമതക്കാരനോ ആയിക്കോട്ടെ
ചക്രം കറക്കുകയും കാറ്റിനെ നോക്കുകയും
ചെയ്യുന്നവനേ
ഒരിക്കല്‍ നിന്നെ മാതിരി അവനും സുന്ദരനും പൊക്കക്കാരനും ആയിരുന്നു.
ഏറ്റം - വെള്ളത്തിന്റെ ഉയര്‍ച്ച
അഞ്ചാം ഭാഗം
ഇടിവെട്ട് പറഞ്ഞത് എന്താണ്
വിയര്‍പ്പണിഞ്ഞ മുഖങ്ങളിലെ പന്തത്തിന്റെ
ചുവപ്പു വെട്ടത്തിനു ശേഷം
പൂത്തോട്ടങ്ങളിലെ തണുത്ത മൗനങ്ങള്‍ക്കു
ശേഷം
കല്ലുള്ള സ്ഥലങ്ങളിലെ വേദനയ്ക്കു ശേഷം
ഒച്ചയിടലും നിലവിളിയും
തടവറയും കൊട്ടാരവും
അകലെ പര്‍വ്വതങ്ങള്‍ക്കു മീതേ
വസന്തത്തിന്റെ ഇടിയുടെ മാറ്റൊലിയും
ജീവിച്ചിരുന്നവന്‍ മരിച്ചു
ജീവിക്കുകയായിരുന്ന നമ്മള്‍ മരിക്കുന്നു
ചെറിയ ക്ഷമയോടെ .
വെള്ളമില്ലവിടെ
പാറ മാത്രം
പാറയില്ല വെള്ളവും
പൂഴി മൂടിയ വഴിയും
മലകള്‍ക്കിടയില്‍ വളഞ്ഞുപുളഞ്ഞു പോകുന്ന
വഴി
പാറക്കെട്ടുള്ള മലകള്‍
വെള്ളമില്ലവിടെ
ഉണ്ടായിരുന്നെങ്കില്‍ നമ്മളവിടെ
ഇറങ്ങിനിന്നിട്ട് വെള്ളം
കുടിച്ചേനേ
പറകള്‍ക്കിടയില്‍ ഒരാള്‍ക്ക് നില്ക്കാ
നാവില്ല
നിന്ന് ചിന്തിക്കാനാവില്ല വിയര്‍പ്പ് ഉണങ്ങിയിരിക്കും
കാലുകള്‍ പൂഴിയില്‍ പൂണ്ടിരിക്കും
പാറകള്‍ക്കിടയില്‍
അല്പം വെള്ളമുണ്ടായിരുന്നെകില്‍
തുപ്പാന്‍ പറ്റാത്ത പുഴുപ്പല്ലുകളുള്ള
പര്‍വ്വതത്തിന്റെ വായ
ഇവിടെ ഒരാള്‍ക്ക് നില്ക്കാനോ
കിടക്കാനോ ഇരിക്കാനോ ഒന്നുമാവില്ല
പര്‍വ്വതങ്ങളില്‍ നിശ്ശബ്ദത പോലുമില്ലെങ്കിലും
വരണ്ട വന്ധ്യമായ
മഴയില്ലാത്ത ഇടി മുഴക്കമുണ്ട്
മലനിരകളില്‍ ഏകാന്തത പോലുമില്ല
ചുവന്നിരുണ്ട മുഖങ്ങള്‍
ചെളിക്കട്ട വിണ്ടുകീറിയ
വീടുകളുടെ വാതിലില്‍ നിന്ന്
കൊഞ്ഞനം കുത്തുകയും മുരളുകയും ചെയ്യുന്നു
ഇവിടെ പാറയില്ലാതെ
വെള്ളമുണ്ടായിരുന്നെങ്കില്‍
ഇവിടെ പാറയും വെള്ളവുമുണ്ടായിരുന്നെങ്കില്‍
വെള്ളവും വസന്തവും
പാറകള്‍ക്കിടയില്‍ ഒരു കളവും
ഇവിടെ വെള്ളത്തിന്റെ ശബ്ദമെങ്കിലും
ഉണ്ടായിരുണ്ടങ്കില്‍
ചീവീടും
ഉണങ്ങിയ പല്ലും പാടുന്നതല്ലാതെ
പാറയുടെ മുകളില്‍ വെള്ളത്തിന്റെ ശബ്ദം
അവിടെ പൈന്‍ മരങ്ങളിലിരുന്ന്
വടക്കേ അമേരിക്കന്‍ സന്യാസിപ്പക്ഷികള്‍ പാടുന്നിടത്ത്
ഡ്രിപ് ഡ്രോപ്
ഡ്രിപ് ഡ്രോപ് ഡ്രോപ്
ഡ്രോപ് ഡ്രോപ്
പക്ഷേ അവിടെങ്ങും
വെള്ളമില്ല.
നിന്റെ അരികില്‍ എപ്പോഴും നടക്കുന്ന മൂന്നാമന്‍ ആരാണ് ?
ഞാന്‍ നിന്നെയും എന്നെയുമേ കാണുന്നുള്ളു.
മുന്നിലെ വെളുത്ത വഴിയിലേക്ക് ഞാന്‍ നോക്കുമ്പോള്‍
നിന്റെ കൂടെ നടക്കുന്ന ഒരാളെ കാണുന്നുണ്ട്
തല മൂടി , തവിട്ടു മേലങ്കിയുമിട്ട് തെന്നി
പെണ്ണോ ആണോ എന്നറിയില്ല
പക്ഷേ നിങ്ങളുടെ മറ്റേ വശത്ത് ആരാണ്?
വായുവില്‍ എന്താണൊരു വലിയ ശബ്ദം
അമ്മയുടെ കരച്ചിലിന്റെ
മര്‍മ്മരം
ആരാണ് ആ തല മൂടിയ അവസാനിക്കാത്ത നിരന്ന തുറസുകളില്‍ ആര്‍ക്കുന്ന സഞ്ചാര പ്പരിഷകള്‍
പരന്ന ചക്രവാളം വളയുന്ന
വിണ്ടുകീറിയ ഭൂമിയില്‍ ഇടറുന്നവര്‍
മലകള്‍ക്കുമുകളിലെ പട്ടണം ഏതാണ്
വിണ്ടുകീറലുകള്‍
രൂപമാറ്റങ്ങള്‍
വയലറ്റുവായുവില്‍ പൊട്ടിത്തെറിക്കുന്നു.
വീഴുന്ന ഗോപുരങ്ങള്‍
ജറുസലേം
ആതന്‍സ്
അലക്‌സാണ്ട്രിയ
വിയന്ന, ലണ്ടന്‍
മായ
നീണ്ട കറുത്ത മുടി
കോതി നീട്ടി മുറുക്കി
ആ മുടിനാരുകളില്‍
സംഗീതം മൂളി മീട്ടി
വയലറ്റുവെളിച്ചത്തില്‍
കുഞ്ഞങ്ങളുടെ മുഖമുള്ള
വച്ചാലുകളും
ചൂളം കുത്തി
ചിറകടിച്ചു
കറുപ്പാണ്ട ഭിത്തികളില്‍
തല കുത്തി ക്കിടന്ന്
ഇഴഞ്ഞു വായുവില്‍ കീഴ്‌മേല്‍ മറിഞ്ഞുകിടന്നു
ഓര്‍മ്മിപ്പിക്കുന്ന
മണികള്‍ മുഴക്കിക്കൊണ്ട്
മണിക്കുറുകള്‍ കാക്കുന്ന ഗോപുരങ്ങള്‍
ഒഴിഞ്ഞ സംഭരണികളില്‍ നിന്നും
പൊട്ടക്കിണറ്റില്‍ നിന്നും പാടുന്ന ശബ്ദങ്ങളും
മലകള്‍ക്കിടയിലെ ഈ ചെതുക്കുപിടിച്ച
മടയില്‍
മങ്ങിയ നിലാവില്‍
ഇടിഞ്ഞ കുഴിമാടങ്ങള്‍ക്കു മീതേ
പുല്ലുകള്‍ കപ്പേളയെപ്പറ്റി പാടുന്നു
കാറ്റ് വീടാക്കിയ അകം പൊള്ളയായ കപ്പേളയുണ്ട്.
അതിന് ജനലുകളില്ല
വാതിലുകള്‍ ആടുന്നു
ഉണക്കയസ്ഥികള്‍ ആര്‍ക്കും ഉപദ്രവമല്ല
ഒരു മരമേല്‍ക്കൂരയിലിരുന്ന്
ഒരു കോഴി
കോ കോ റികോ കോ കോ
റികോ
ഒറ്റമിന്നലില്‍
അപ്പോള്‍
ഒരു ഈറന്‍ കാറ്റ്
മഴ കൊണ്ടുവരുന്നു.
ഗംഗ വരണ്ടു പോയി
വാടിത്തളര്‍ന്ന ഇലകള്‍
മഴയ്ക്കു കാത്തു
കരിമേഘങ്ങള്‍
അങ്ങകലെ
ഹിമവാന്റെ മീതേ
കാട് പതുങ്ങി
മൗനത്തിലായി
അപ്പോള്‍ ഇടിമുഴക്കം പറഞ്ഞു:
ദ
ദത്ത : നമ്മള്‍ എന്താണ് നല്കിയത് ?
എന്റെ ചങ്ങാതീ
ചോര എന്റെ ഹൃദയം പിടിച്ചു കുലുക്കുമ്പോള്‍
ഒരു യുഗത്തിന് തിരിച്ചെടുക്കാന്‍ വയ്യാത്ത
വിവേകം ഒരു നിമിഷത്തെ കീഴ്‌പ്പെടലിന്റെ ഭീകരമായ ധൈര്യം
ഇതിനാല്‍ , ഇതിനാല്‍ മാത്രം
നമ്മള്‍ നില നിന്നു
അത് നമ്മുടെ മരണക്കുറിപ്പിലോ
ഓര്‍മ്മകളിലോ
അഥവാ
നമ്മളുടെ ഒഴിഞ്ഞ മുറികളില്‍
മെലിഞ്ഞ വക്കീല്‍ പൊട്ടിച്ച മുദ്രകള്‍ക്കു കീഴില്‍
കാണപ്പെടില്ല
ദ
ദയധ്വം
ഞാന്‍ വാതിലില്‍ തിരിയുന്ന താക്കോലിനെപ്പറ്റി കേട്ടിട്ടുണ്ട്
ഒരിക്കല്‍ മാത്രം തിരിയുന്നത്
നമ്മള്‍ താല്ക്കാലിനെപ്പറ്റി ആലോചിക്കുന്നു
ഓരോരുത്തരും സ്വന്തം ജയിലറയില്‍
താക്കോലിനെപ്പറ്റി ചിന്തിക്കുന്നു.
ഓരോരുത്തരും ഒരു ജയിലറ ഉറപ്പിക്കുന്നു
ഇരുള്‍ വീഴുമ്പോള്‍ മാത്രം ആകാശത്തിലെ
അഭ്യൂഹങ്ങള്‍ ഒരു നിമിഷത്തേക്ക്
കൊറിയോലാനസിനെ വീണ്ടുമുണര്‍ത്തുന്നു.
ദ
ദമ്യത
തോണി നീങ്ങി ഉല്ലാസത്തോടെ
പായുള്ള, തുഴയുള്ള കൈകള്‍ക്ക്
കടല്‍ ശാന്തമായിരുന്നു.
ക്ഷണിക്കപ്പെടുമ്പോള്‍
നിങ്ങളുടെ ഹൃദയം സന്തോഷപൂര്‍വ്വം
മിടിക്കുമായിരുന്നു.
അനുസരണയോടെ മിടിക്കുന്നു
നിയന്ത്രിക്കുന്ന കൈകളില്‍
ഞാന്‍ കരയില്‍ ഇരുന്നു മീന്‍ പിടി
ക്കുകയായിരുന്നു.
പിന്നില്‍ വരണ്ട നിരപ്പു ഭൂമി
ഞാന്‍ എന്റെ സ്ഥലങ്ങള്‍ എങ്കിലും
നേരേ ചൊവ്വേ ആക്കട്ടെ
ലണ്ടന്‍ പാലം വീഴുന്നു
വീഴുന്നു
വീഴുന്നു
പിന്നെ അവന്‍ എല്ലാവരേയും ശുദ്ധീകരിക്കുന്ന അഗ്‌നിയില്‍ ഒളിച്ചു.
ഓ
തൂക്കനാം കുരുവീ
തൂക്കനാം കുരുവീ
തകര്‍ന്ന ഗോപുരത്തില്‍
അക്വിറ്റൈന്‍ രാജകുമാരന്‍
ഈ അംശങ്ങളെ ഞാന്‍
നാശനഷ്ടങ്ങള്‍ക്കെതിരേ
തടുത്തു കൂട്ടിയിരിക്കുന്നു.
ഓ ഞാന്‍ നിങ്ങള്‍ക്ക് നാടകം നല്കാം
ഹീറോണി മോസ് ഭ്രാന്ത് വീണ്ടും
ദത്ത, ദയധ്വം, ദമ്യത
ഓം ശാന്തി: ശാന്തി: ശാന്തി:
Content Highlights: International Translation Day 2022, S.Joseph, T.S Eliot
Published: 30 Sept 2022, 02:50 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented