
കോഴിക്കോട്: പത്രപ്രവര്‍ത്തകനായി തുടങ്ങി, പ്രവര്‍ത്തിച്ച പത്രം പ്രതിസന്ധിയിലായപ്പോള്‍ ഉപജീവനാര്‍ഥം മുഴുവന്‍സമയ വിവര്‍ത്തകനിലേക്ക് കൂടുമാറുകയായിരുന്നു, എന്‍. മൂസക്കുട്ടി എന്ന മലയാളത്തിലെ പ്രമുഖ പരിഭാഷകന്‍.
വിവര്‍ത്തനം, വൈജ്ഞാനികം, പുനരാഖ്യാനം എന്നിങ്ങനെ 130 ഗ്രന്ഥങ്ങള്‍ ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദമുള്ള ഈ എഴുപത്തിയൊന്നുകാരന്റേതായി മലയാളത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മികച്ച വിവര്‍ത്തനത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ഉള്‍പ്പെടെയുള്ള അംഗീകാരങ്ങളും ഇതിനകം അദ്ദേഹത്തെ തേടിയെത്തി.
ലോകസാഹിത്യത്തിലെ എക്കാലത്തെയും അദ്ഭുതങ്ങളില്‍ ഒന്നായ ജെയിംസ് ജോയ്സിന്റെ 'യുലീസസ്' എന്ന ബൃഹദ്നോവല്‍ 1244 പേജുകളിലായി, നാലായിരത്തിലധികം അടിക്കുറിപ്പുകളോടെ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തതിലൂടെയാണ് എന്‍. മൂസക്കുട്ടി വിവര്‍ത്തകന്‍ എന്ന നിലയില്‍ ശ്രദ്ധേയനായത്. 2013-ല്‍ മികച്ച വിവര്‍ത്തനത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ഈ കൃതിക്കാണ് ലഭിച്ചത്.
തോമസ് മന്‍ എഴുതിയ 'മാജിക് മൗണ്ടന്‍' എന്ന വിഖ്യാത നോവല്‍ 1024 പേജുകളില്‍ മലയാളത്തിലേക്ക് മൊഴിമാറ്റിയതും ഇദ്ദേഹത്തിന്റെ വിവര്‍ത്തകജീവിതത്തിലെ തെളിച്ചമാര്‍ന്ന ഒരേടാണ്. 'എഴുത്തുകാരിയുടെ മുറി'(വെര്‍ജീനിയ വൂള്‍ഫ്), 'തിരഞ്ഞെടുത്ത ഡെക്കാമറണ്‍ കഥകള്‍' (ബൊക്കാച്ചിയോ), 'എന്റെ ജീവിതം' (ചാര്‍ളി ചാപ്ലിന്‍) തുടങ്ങി പ്രതിഭയുടെ കൈയൊപ്പ് പതിഞ്ഞ ഒട്ടേറെ രചനകള്‍ ഇതിനകം അദ്ദേഹം മലയാളത്തിലേക്ക് മൊഴിമാറ്റിയിട്ടുണ്ട്. സെര്‍വാന്റീസിന്റെ 'ഡോണ്‍ കിക്‌സോട്ട്' പരിഭാഷ 1300 പേജുകളിലായി പൂര്‍ത്തിയാക്കിക്കഴിഞ്ഞു. മാതൃഭൂമി ബുക്‌സിനുവേണ്ടി വിവര്‍ത്തനംചെയ്ത 'ആയിരത്തൊന്ന് രാവുകള്‍' വൈകാതെ പുറത്തിറങ്ങും.
''കേരളത്തില്‍ വിവര്‍ത്തകര്‍ക്ക് അര്‍ഹമായ പരിഗണന കിട്ടാത്ത അവസ്ഥയുണ്ട്. ന്യായമായ പ്രതിഫലംപോലും നല്‍കാതെ ചൂഷണംചെയ്യുന്ന പ്രസാധകരുമുണ്ട്. വിദേശങ്ങളിലാകട്ടെ, സ്ഥിതി നേരെ മറിച്ചാണ്...''-തൃശ്ശൂര്‍ ചെമ്പുക്കാവ് ഐയനാത്ത് ലെയിനിലെ 'സുഗേയ'ത്തിലിരുന്ന് വിവര്‍ത്തനത്തിന്റെ തമ്പുരാന്‍ പറയുന്നു.
വിവര്‍ത്തനരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള എം. എന്‍. സത്യാര്‍ഥിപുരസ്‌കാരം ഉള്‍പ്പെടെയുള്ള അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
വിവര്‍ത്തനമേഖലയില്‍ എന്‍. മൂസക്കുട്ടിയുടെ തിളക്കമാര്‍ന്ന സംഭാവനകള്‍ ചിത്രീകരിക്കുന്ന 'വിവര്‍ത്തകന്‍' എന്ന ഡോക്യുമെന്ററി പണിപ്പുരയിലാണ്. ഒരു വിവര്‍ത്തകനെക്കുറിച്ച് മലയാളത്തിലിറങ്ങുന്ന ആദ്യ ഡോക്യുമെന്ററി കൂടിയാണിത്.
ഭാര്യ ബെല്‍ക്കീസും മക്കളായ ലാഷിന്‍, ലുബിന്‍ എന്നിവരും മൂസക്കുട്ടിയുടെ വിവര്‍ത്തനോദ്യമങ്ങളില്‍ പിന്തുണയുമായുണ്ട്.
Content Highlights: International Translation Day 2022, N.Moosakkutty, Mathrubhumibooks
Published: 30 Sept 2022, 12:07 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented