ആശുപത്രിയിലെ ജോലിക്കിടയിൽ ഞാൻ ഏറ്റവും അത്ഭുതത്തോടെ നോക്കിക്കണ്ടിരുന്ന ഒരു വിഭാഗമാണ് നഴ്സുമാർ. അവർ ചെയ്യുന്ന ജോലി മറ്റാരെക്കൊണ്ട് ചെയ്യാൻ കഴിയുമെന്ന് അന്തിച്ചിട്ടുണ്ട്. ഒരു വാർഡ് അല്ലെങ്കിൽ ഐ.സി.യു, അതിലെ മുഴുവൻ രോഗികളും... അതിന്റെ മുഴുവൻ ഉത്തരവാദിത്തവും അവിടെയുള്ള നാലോ അഞ്ചോ നഴ്സുമാർക്കാണ്. അതിലൊരു രോഗി ഉറക്കെ വിളിച്ചാൽ, കരഞ്ഞാൽ, ആവശ്യങ്ങൾ പറഞ്ഞാൽ, എന്തിന് ശ്വാസത്തിന്റെ ഗതിയൊന്നു മാറിയാൽ പോലും ഓടി അരികിലെത്തുന്നവർ.

To advertise here,

പിന്നീട് നഴ്സിംഗ് എന്നാൽ വിദേശത്തേക്കുള്ള ടിക്കറ്റ് ആയി മാറി... എന്നാൽ അന്നും ആ ജോലിക്ക് കൂലിയായി അവർക്ക്‌ കിട്ടിയിരുന്നത് തുച്ഛമായ ശമ്പളവും അതിനേക്കാൾ കുറഞ്ഞ ബഹുമാനവുമായിരുന്നു. നഴ്സിംഗ് സംഘടനകൾ ശക്തമായതും വിദേശങ്ങളിൽ ആരോഗ്യരംഗത്തുണ്ടായ കുതിപ്പും ഈ ചിത്രം പാടെ മാറ്റി. ചെയ്യുന്ന ജോലിക്ക് അർഹമായ കൂലി മാത്രമല്ല, ഇത്ര രോഗികൾക്ക് ഒരു നഴ്സ് എന്ന അനുപാതവും ജോലിക്ക് സമയക്രമവും നിശ്ചയിക്കപ്പെട്ടു. നാട്ടിലും വിദേശത്തും ജോലിസാധ്യത ഏറ്റവുമേറിയ കോഴ്സായി മാറി നഴ്സിംഗ്. വിദേശജോലിയുള്ള നഴ്സുമാർക്ക്‌ സമൂഹത്തിൽ പ്രാധാന്യവും ബഹുമാനവുമേറി. ഇന്ത്യൻ നഴ്സുമാരുടെ സേവനപാടവവും, ആത്മാർഥയും അതിലുപരി പ്രതിസന്ധിഘട്ടങ്ങളെ കൈകാര്യം ചെയ്യാനുള്ള കഴിവും ലോകശ്രദ്ധ പിടിച്ചു പറ്റിയത് അതിവേഗമാണ്. 

ഉയർന്ന ശമ്പളവും ഉന്നതജീവിതനിലവാരവും ഉറപ്പായും വാഗ്ദാനം നൽകുന്ന ഈ ജോലി നേടാൻ ഓരോ രാജ്യത്തും ചില നിയമങ്ങളുണ്ട്. അതാത് രാജ്യങ്ങളിലെ ലൈസൻസിങ് പരീക്ഷകൾ പാസാവുകയും ആ രാജ്യത്തെ നിയമം അനുശാസിക്കും വിധം വിദ്യഭ്യാസതൊഴിൽപരിചയ സർട്ടിഫിക്കറ്റുകൾ വെരിഫിക്കേഷനയച്ചു ക്ലിയറൻസ് മേടിക്കുകയും വേണം. പഠനം പൂർത്തിയാക്കിയ സർട്ടിഫിക്കറ്റ്, സിലബസ് ട്രാൻസ്ക്രിപ്റ്റ്, പ്രവർത്തിപരിചയ സർട്ടിഫിക്കറ്റ് , നഴ്സിംഗ് കൗൺസിൽ രജിസ്‌ട്രേഷൻ, കൗൺസിലിൽ നിന്നുള്ള ഗുഡ് സ്റ്റാൻഡിങ് എന്നിവ എല്ലാ രാജ്യങ്ങളിലെ ലൈസെൻസിങ്ങിനും ഒരുപോലെ വേണ്ടതാണ്.

യു.എ.ഇ

DHA( dubai), DOH( Abudhabi) MOH( other emirates including Sharja) എന്നിവയാണ് നിലവിൽ നഴ്സുമാർ എഴുതി പാസ്സാകേണ്ട ലൈസൻസിംഗ് പരീക്ഷകൾ. ഈ പരീക്ഷകൾ എഴുതുന്നതിന് മുൻപ് അപേക്ഷകരുടെ സർട്ടിഫിക്കറ്റുകൾ,  വെരിഫിക്കേഷനും (dataflow), തുല്യതാ പരിശോധനയ്ക്കും ( credentialing) വിധേയമാക്കേണ്ടതുണ്ട്. 

കഴിഞ്ഞ വർഷമാണ് യു.എ.ഇ.ഇന്ത്യയിൽ നിന്നുള്ള നഴ്സുമാർക്ക്‌ ലൈസൻസിങ്ങിനു രജിസ്റ്റർ ചെയ്യാൻ പ്രവർത്തിപരിചയം നിർബന്ധമല്ല എന്ന വിപ്ലവകരമായ ഒരു മാറ്റം കൊണ്ടു വന്നത്. ഇതു വരെ രജിസ്റ്റേഡ് നഴ്‌സുമാര്‍ക്ക് നഴ്‌സിംഗ് ലൈസന്‍സ് ലഭിക്കണമെങ്കില്‍ ഏതെങ്കിലുമൊരു അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള നഴ്‌സിംഗ് പ്രവൃത്തി പരിചയവും ആയതിന്റെ സര്‍ട്ടിഫിക്കറ്റും ആവശ്യമാണ്. എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കു മാത്രമേ ലൈസന്‍സിംഗ് പരീക്ഷയില്‍ പോലും പങ്കെടുക്കാന്‍ ആകുമായിരുന്നുള്ളൂ. സാമ്പത്തിക ബുദ്ധിമുട്ടുള്ള നഴ്സുമാർക്ക് നാട്ടിലെ തുച്ഛമായ വരുമാനത്തിൽ രണ്ടു കൊല്ലമെങ്കിലും ജോലി ചെയ്യാതെ നിർവാഹമില്ലാത്ത അവസ്ഥയിൽ നിന്ന് കരകയറാൻ ഈ തീരുമാനം സഹായിക്കും. 

പക്ഷെ ശ്രദ്ധിക്കേണ്ട ഒരു കാര്യം പഠിച്ചിറങ്ങി രണ്ടു വർഷത്തിനുള്ളിൽ ലൈസൻസ് എടുത്ത് ജോലിക്ക് കയറുന്നവർക്ക് മാത്രമാണ് ഈ പുതുക്കിയ നിയമം ബാധകമാവുക എന്നതാണ്. പഠനശേഷം രണ്ടു വർഷത്തിലധികം നാട്ടിൽ തുടരുന്നവർക്ക്, അവർ എന്നാണോ പോകാൻ ശ്രമിക്കുന്നത് അതിന് മുൻപുള്ള കാലയളവിൽ ഏറ്റവും കുറഞ്ഞത് രണ്ടു കൊല്ലത്തെ പ്രവർത്തിപരിചയം കാണിക്കേണ്ടി വരും. 

ഖത്തർ, ഒമാൻ, കുവൈറ്റ്‌, ബഹ്റൈൻ 

രണ്ടു വർഷത്തെ പ്രവർത്തിപരിചയം അതിനൊപ്പം dataflow, credentialing തുടങ്ങിയവ, ലൈസൻസിംഗ് പരീക്ഷ, എന്ന ഈ കടമ്പകൾ കടന്നാൽ മേൽപ്പറഞ്ഞ രാജ്യങ്ങളിൽ രജിസ്റ്റർഡ് നേഴ്സ് ആയിരുന്നു ജോലിയിൽ പ്രവേശിക്കാം. കുവൈറ്റിലും മറ്റും മറ്റേത് രംഗത്തേക്കാളും ശമ്പളം നേടി ജോലി ചെയ്യുന്നത് നഴ്സുമാരാണ്. 

കാനഡ

കോവിഡിന് ശേഷം ഏറ്റവുമധികം നഴ്സിംഗ് ഒഴിവുകൾ പ്രഖ്യാപിച്ച രാജ്യമാണ് കാനഡ. ഇന്ത്യയിൽ നിന്നുള്ള നഴ്സിനു കാനഡയിൽ ജോലി ചെയ്യണമെങ്കിൽ എന്തൊക്കെയാണ് വേണ്ടത്? 

ഒരു യൂണിവേഴ്സിറ്റി, കോളേജ് അല്ലെങ്കിൽ മറ്റ് അംഗീകൃത രജിസ്റ്റർ ചെയ്ത നഴ്സിംഗ് പ്രോഗ്രാം പൂർത്തിയാക്കണം. രജിസ്റ്റർ ചെയ്ത നഴ്‌സുമാർക്കുള്ള നാഷണൽ കൗൺസിൽ ലൈസൻസ് പരീക്ഷയായ NCLEX-RN പൂർത്തിയാക്കി വിജയിക്കുക. കനേഡിയൻ കൗൺസിൽ ഫോർ പ്രാക്ടിക്കൽ നഴ്‌സ് റെഗുലേറ്റേഴ്‌സ് (CCPNR) അല്ലെങ്കിൽ കനേഡിയൻ നഴ്‌സസ് അസോസിയേഷനിൽ (CAN) അംഗമാകുക. 

നിങ്ങൾ ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന പ്രവിശ്യയിലോ പ്രദേശത്തിലോ നഴ്സിംഗ് ലൈസൻസ് നേടുക. നിങ്ങൾ കാനഡയിൽ എത്തുന്നതിന് മുമ്പുതന്നെ ലൈസൻസിംഗ് നടപടിക്രമങ്ങൾ ആരംഭിക്കാൻ ഭൂരിഭാഗം പ്രവിശ്യകളും നിങ്ങളെ അനുവദിക്കുന്നു. 

നിങ്ങളുടെ സ്ഥിരതാമസം, കനേഡിയൻ പൗരത്വം അല്ലെങ്കിൽ തൊഴിൽ പെർമിറ്റ് എന്നിവയുടെ ഡോക്യുമെൻ്റേഷൻ അവതരിപ്പിക്കുക. ഫ്രഞ്ചിലോ ഇംഗ്ലീഷിലോ ഉള്ള നിങ്ങളുടെ പ്രാവീണ്യം സ്ഥിരീകരിക്കുന്ന ഡോക്യുമെന്റുകൾ സമർപ്പിക്കുക. 

ഇതല്ലാതെ, നഴ്സുമാർക്കുള്ള എക്സ്പ്രസ് എൻട്രി പ്രോഗ്രാമുകൾ, പ്രൊവിൻഷ്യൽ നോമിനേഷൻ പ്രോഗ്രാമുകൾ,ക്യൂബെക് ഇമിഗ്രേഷൻ പ്രോഗ്രാം തുടങ്ങിയ പ്രോഗ്രാമുകൾ വഴിയും ഇതൊന്നും നടന്നില്ലെങ്കിൽ കൂടി ഒരു പഠനവിസ നേടുക വഴിയും കാനഡയിൽ നഴ്സിങ് ജോലി തരപ്പെടുത്താം. 

അമേരിക്ക 

അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദമെടുത്ത ശേഷം മിനിമം ഒരു വർഷത്തെ (2 വർഷം ഉണ്ടെങ്കിൽ നല്ലത്) പ്രവർത്തിപരിചയമുണ്ടെങ്കിൽ NCLEX-RN എന്ന ലൈസെൻസിംഗ് പരീക്ഷയ്ക്ക്‌ രജിസ്റ്റർ ചെയ്യാം. സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ ചെയ്യുന്നത് CGFNS( ) എന്ന ഏജൻസി ആണ്. അതോടൊപ്പം ഇംഗ്ലീഷ് പ്രവീണ്യം തെളിയിക്കാൻ TOEFL സ്കോറും നേടണം. ഓരോ സ്റ്റേറ്റിന്റെയും പോളിസി അനുസരിച്ച് ചില സർട്ടിഫിക്കേറ്റ് പ്രോഗ്രാമുകളും എടുക്കേണ്ടതുണ്ട്.

അയർലൻഡ് 

Nursing and Midwifery Board of Ireland (NMBI) ആണ് ഇവിടുത്തെ രെജിസ്ട്രേഷൻ അതോറിറ്റി.  NMBI അപേക്ഷകരെ മൂന്ന് ഗ്രൂപ്പുകളായി തിരിക്കുന്നു. അതിൽ യൂറോപ്പിന് പുറത്തുള്ള രാജ്യങ്ങളിൽ പഠിച്ചവർ, അതായത്, ഇന്ത്യയിൽ നിന്നുള്ളവർ ഗ്രൂപ്പ്‌ 3 ൽ ആണ് ഉൾപ്പെടുക. ഗ്രൂപ്പ് മൂന്നിൽ ഉള്ളവർക്ക്‌  രെജിസ്ട്രേഷൻ എടുക്കാൻ നഴ്സിംഗ് സർട്ടിഫിക്കറ്റ്, കൗൺസിലിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ഗുഡ് സ്റ്റാൻഡിങ് സർട്ടിഫിക്കറ്റ് എന്നിവയ്‌ക്കൊപ്പം മെച്ചപ്പെട്ട IELTS സ്കോറും വേണം. ഇതിന് ശേഷം അയർലണ്ട് ഇമിഗ്രേഷൻ, വിസ തുടങ്ങിയവയ്ക്കായി അപേക്ഷിക്കണം. ശേഷം, ജോലിക്കായി ഓഫർ ലഭിക്കുന്നതനുസരിച്ചു ജനറൽ എംപ്ലോയമെൻറ് പെർമിറ്റ് അല്ലെങ്കിൽ ക്രിട്ടിക്കൽ സ്കിൽ എംപ്ലോയമെന്റ് പെർമിറ്റ് എന്നിവയെടുത്ത് അയർലണ്ടിൽ നേഴ്സ് ആയി ജോലിക്ക് കയറാം. 

യു.കെ.

യു.കെ.യിൽ നഴ്സ് ആയി ജോലി ചെയ്യാൻ Nursing and Midwifery Council (NMC) രജിസ്ട്രേഷൻ എടുക്കേണ്ടതുണ്ട്. ഇതിന് എക്സ്പീരിയൻസ് നിർബന്ധമല്ല. NMC യുടെ എലിജിബിലിറ്റി ക്ലിയറൻസ് കിട്ടിയാൽ അടുത്തതായി വേണ്ടത് മികച്ച IELTS സ്കോറാണ് (മിനിമം സ്കോർ 7). ഇപ്പോൾ NMC,  ഓക്യൂപഷണൽ ഇംഗ്ലീഷ് ടെസ്റ്റ്‌ (OET) യും അംഗീകരിച്ചിട്ടുണ്ട്.(overall B). അതിനു ശേഷം കമ്പ്യൂട്ടർ ബേസ്ഡ് എക്സാം (CBT)യ്ക്ക് ആയി ഡേറ്റ് എടുക്കാം. ഇത്രയും നിങ്ങൾക്ക് ഇന്ത്യയിൽ നിന്ന് കൊണ്ട് തന്നെ ചെയ്യാവുന്നതാണ്.. CBT പാസ്സായവർക്ക് യു.കെ.യിൽ ഒരു ജോലിയ്ക്കായുള്ള ഓഫർ നേടാൻ ശ്രമിക്കാം..അതു ലഭിച്ചില്ലെങ്കിൽ കൂടി വിസിറ്റ് വിസ എടുത്ത് അവിടെ എത്താം...അവിടെ ഒരു പ്രാക്ടിക്കൽ പരീക്ഷ കൂടി പാസ്സാവേണ്ടതുണ്ട് (Objective Structured Clinical Examination (OSCE)). ഇത്രയുമായാൽ  ലൈസൻസിങ് പൂർത്തിയാവും. 

ജർമനി 

ഇന്ത്യയിൽ നിന്നുള്ള ഒരു നഴ്സിനു ജർമ്മനിയിൽ ജോലി ലഭിക്കാൻ ആദ്യം വേണ്ടത് ജർമൻ ലാംഗ്വേജിൽ B2 സർട്ടിഫിക്കേഷൻ ആണ്. തങ്ങളുടെ മാതൃഭാഷയ്ക്ക് അത്രയേറെ പ്രാധാന്യം നൽകുന്ന രാജ്യമാണ് ജർമനി. അതുകൊണ്ടുതന്നെ ശേഷം സർട്ടിഫിക്കറ്റുകൾ ജർമൻ ഭാഷയിലേക്ക് പരിഭാഷപെടുത്തിയ ശേഷമാണ്  ക്രെഡൻഷ്യൽ ഇവാല്യുവേഷനായി വിടേണ്ടത്. അപ്പ്രൂവൽ ലഭിച്ചാൽ നഴ്സിംഗ് ബോർഡിന്റെ പരീക്ഷയ്ക്കായി അപ്ലൈ ചെയ്യാം. എഴുത്ത് പരീക്ഷയും പ്രാക്ടിക്കൽ പരീക്ഷയും നിർബന്ധമായും പാസാകണം. ബോർഡിന്റെ അം​ഗീകാരം ലഭിച്ചു കഴിഞ്ഞാൽ ജോലിയ്ക്കായി ശ്രമിക്കാം. ഒപ്പം ഫെഡറൽ എംപ്ലോയമെന്റ് ഏജൻസിയുടെ അപ്പ്രൂവലും നേടണം. ഓഫർ  ലഭിച്ചു കഴിഞ്ഞാൽ എംബസി ഇന്റർവ്യു എടുത്ത്  ജോലിയ്‌ക്കായുള്ള വിസ നേടാം.

ഓസ്ട്രേലിയ 

ഇവിടെ നേഴ്സ് ആയി പ്രാക്ടീസ് ചെയ്യാൻ ആദ്യം വേണ്ടത് 'Aphra' (Australia Health Practitioner Regulation Agency) യുടെ റജിസ്ട്രേഷൻ നമ്പറാണ്. അതു ലഭിക്കുന്നതിനായി സർട്ടിഫിക്കറ്റുകൾ credential evaluation നടത്തി അപ്പ്രൂവൽ ലഭിക്കണം. ശേഷം NCLEX(written),OSCE(practical)പരീക്ഷകൾ പാസ്സാവണം. ഒപ്പം ഇംഗ്ലീഷിലെ പ്രാവീണ്യം തെളിയിക്കാനുള്ള പരീക്ഷയും കടന്നുകയറണം. IELTS, OET, PTE, TOEFL- ഇവയെല്ലാം ഇപ്പോൾ Aphra അംഗീകരിക്കുന്നുണ്ട്.  ഇവയിൽ ഏതെങ്കിലും ഒന്നിൽ മികച്ച സ്കോർ നേടണം. 

മേൽപ്പറഞ്ഞവയെല്ലാം പൂർത്തിയാക്കിയാൽ Aphra രജിസ്‌ട്രേഷനായി അപേക്ഷിക്കാം. റജിസ്‌ട്രേഷൻ ലഭിച്ച ശേഷം ഓസ്ട്രേലിയൻ വിസയ്ക്കും ജോലിയ്‌ക്കായുള്ള ഓഫറിനും ശ്രമിക്കാം. 

"അവൾക്ക്‌ സുഖമല്ലേ, പുറത്തെങ്ങാണ്ട് നേഴ്സാ" എന്ന് ചുമ്മാ തട്ടിവിടുമ്പോൾ ഓർക്കണം.. ഇത്രയും കടമ്പകൾ കടന്നാണ് അവർ അവിടെയെത്തിയത്. പലപ്പോഴും നേഴ്സ് എന്ന വാക്കിനു ജീവന്റെ വിലയുണ്ട്. അവരെ മാലാഖമാരായി കാണണ്ട. മനുഷ്യസ്നേഹത്തിന്റെ ഏറ്റവും വലിയ ഉറവിടങ്ങളായി കണ്ട് സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുക. ഈ നേഴ്സസ് ഡേയിൽ ലോകമെമ്പാടുമുള്ള എല്ലാ നഴ്സുമാർക്കും ഹൃദയം നിറഞ്ഞ ആശംസകൾ..