ഒരു വ്യാഴവട്ടം പൂർത്തിയായ സർവീസ് കാലയളവിൽ കോവിഡ് വാർഡിലെ അനുഭവങ്ങളോളം വരില്ല മറ്റൊന്നും.....

To advertise here,

പ്രിയ ലിനീ.. നിന്നെ അനുസ്മരിച്ചുകൊണ്ടല്ലാതെ എങ്ങനെ ആരംഭിക്കും... വിടവാങ്ങുമ്പോൾ പോലും നീ കാണിച്ച ധീരതയും ചുറ്റുമുള്ളവരോടുള്ള നിന്റെ കരുതലും അല്ലാതെ മറ്റെന്ത് ഞങ്ങൾ ഉദാഹരിക്കും ഈ സേവനപാതയിൽ .....നിന്നെ കവർന്നെടുത്ത മഹാമാരി മുതൽ മാത്രം നമ്മൾ പരിചയിച്ച PPE kit എന്ന സംരക്ഷണവലയത്തിനുള്ളിലെ ചൂടിനൊപ്പം ചുറ്റും വേവുന്ന മനസ്സുകളുടെ ചൂട് കൂടി ഉള്ളം പൊള്ളിച്ച ഒരു പാട് അനുഭവങ്ങൾ....

ഏകദേശം ഒന്നര വർഷമാവുന്നു നമ്മൾ യുദ്ധം ആരംഭിച്ചിട്ട്.. 2019 ഡിസംബർ ൽ ചൈനയിൽ ആദ്യകേസ് റിപ്പോർട്ട് ചെയ്ത വാർത്ത അറിയുമ്പോഴും 2020 ജനുവരിയിൽ ഇന്ത്യയിലെ ആദ്യമായി തൃശൂരിൽ ഒരു കേസ് റിപ്പോർട്ട് ചെയ്തപ്പോൾ പോലും നമ്മുടെ ചുറ്റിനുമുള്ള ഒരുപാട് പേരുടെ വിലപ്പെട്ട ജീവൻ കൺമുമ്പിൽ പൊലിയുന്നത് നിസ്സഹായതയോടെ കാണേണ്ടി വരുമെന്ന്, വർഷങ്ങളുടെ സ്വാഭാവിക ജീവിതം ഈ ഇങ്ങനെയൊക്കെ ആയിത്തീരുമെന്ന് പകൽസ്വപ്നത്തിൽ പോലും കരുതിയില്ല.. എങ്കിലും ഈ യുദ്ധത്തിൽ  അടിയറവ് പറയാൻ മനസ്സില്ലാതെ പൊരുതുമ്പോൾ ചിലപ്പോൾ എങ്കിലും ചില അനുഭവങ്ങൾ ഒന്ന് ഉലച്ചിട്ടുണ്ട്.

2020 മാർച്ച് മുതൽ ഞാൻ ജോലി ചെയ്തിരുന്ന മാതൃശിശുസംരക്ഷണ കേന്ദ്രത്തിൽ രോഗികളെ അഡ്മിറ്റ് ചെയ്യാൻ തുടങ്ങിയിരുന്നു. അവരൊക്കെ രോഗിയുമായി പ്രാഥമിക സമ്പർക്കം ഉള്ളവരോ വിദേശത്തു നിന്ന് വന്നവരോ ഒക്കെ ആയിരുന്നു. ആദ്യമായി പോസിറ്റീവ് ആയി വന്ന 8 മാസം ഗർഭിണി ആയ രോഗി, അവർ ശരിക്കും എന്നെ വിസ്മയിപ്പിച്ച ഒരു വ്യക്തി തന്നെ ആയിരുന്നു. അന്ന് പേ വാർഡിലെ റൂമുകളിൽ ആണ് രോഗികളെ അഡ്മിറ്റ് ചെയ്തിരുന്നത്. നമ്മൾ ഏവരും ആ സമയത്ത് കുറച്ച് ഭീതിയോടെ തന്നെ ആണ് ഈ അസുഖത്തെ വീക്ഷിച്ചിരുന്നത് എന്നത് ഒരു  പരമാർത്ഥം തന്നെയാണ്. കാരണം ആ സമയത്ത് നമുക്ക് ഈ രോഗത്തോടുള്ള പരിചയക്കുറവ് തന്നെ. എന്നാൽ പോസിറ്റീവ് ആയി ഒരു റൂമിൽ ഒറ്റയ്ക്ക് ഐസൊലേറ്റ് ചെയ്യപ്പെട്ട് ഇരിക്കുന്ന അവൾക്ക് ആത്മവിശ്വാസം നൽകാൻ, ആശ്വാസം പകരാൻ  ചെന്ന് സംസാരിക്കുമ്പോൾ ഏറെ പ്രസന്നതയോടെ അല്പം പോലും രോഗത്തോടുള്ള ഭീതി ഇല്ലാതെ അവളുടെ മറുപടി, സിസ്റ്റർ ആവശ്യമില്ലാതെ റൂമിൽ വരണ്ട. എനിക്ക് പ്രശ്നമൊന്നും ഇല്ല എന്നായിരുന്നു. അതാണ് ഞാൻ പറഞ്ഞത് അവൾ എന്നെ വിസ്മയിപ്പിച്ചു എന്ന്. എന്നാൽ 4 വയസുള്ള മകൻ കൂടി പോസിറ്റിവായി എന്നറിഞ്ഞപ്പോൾ ഏതൊരമ്മയെയും പോലെ ആദ്യമൊന്ന് പതറി,പിന്നെ അവൾ  മനസ്സാന്നിധ്യം വീണ്ടെടുത്തു.

എങ്കിലും പിന്നീടുണ്ടായത് അധികവും മനസ്സിൽ വേദനയായി തങ്ങി നിൽക്കുന്നവ തന്നെയാണ്. ആരോഗ്യപ്രവർത്തകർ ഓരോരുത്തരുടെയും പ്രാർത്ഥന തങ്ങളിൽ നിന്ന് തങ്ങൾ കാരണം ഒരാൾക്കുപോലും രോഗം വരരുതേ എന്നാണ്. ഏറ്റവും അശ്രദ്ധയോടെ പെരുമാറി പിന്നീട് അതേച്ചൊല്ലി പശ്ചാത്തപിക്കേണ്ടി വരുന്നതും ചിലപ്പോൾ ജീവന്റെ വിലതന്നെ ആ അശ്രദ്ധയ്ക്ക് നൽകേണ്ടിവരുന്നതും വലിയ വേദനയാണ്. വിദേശത്തുനിന്നുംവന്ന ബന്ധുക്കളെ സന്ദർശിക്കാൻ  പോയത് ഈ സാഹചര്യത്തിൽ ഇത് തെറ്റാണ് എന്ന് അറിയാതെ അല്ല. സഹോദരഭാര്യയെ സന്ദർശിക്കാൻ പോയ യുവതിയും കുഞ്ഞും വൈറസിനെ വഹിച്ചുകൊണ്ടാണ് തിരിച്ചെത്തിയത്. ഏകദേശം ഒരേ സമയത്ത് ഇവർ മൂന്നുപേരും ഞങ്ങളുടെ വാർഡിൽ അഡ്മിറ്റ് ആയി. കുറച്ചുദിവസങ്ങൾക്ക് ശേഷം ഇവരുടെ ഭർതൃപിതാവ് NMCH- ൽ അഡ്മിറ്റ് ആയി. പ്രമേഹരോഗിയായ അദ്ദേഹത്തിന്റെ നില ഗുരുതരമാവുകയും മരണപ്പെടുകയും ചെയ്തു. ഈ വിവരം അറിഞ്ഞ് ആ മകന്റെ ഭാര്യ ,ഏറെ കുറ്റബോധത്തോടെ പൊട്ടിക്കരഞ്ഞുകൊണ്ട്‌ പറഞ്ഞ വാക്കുകൾ ഇന്നും ചെവിയിൽ മുഴങ്ങുന്നു, 'ഞാൻ കാരണമാണ് ഉപ്പ..'അതിന് വീണ്ടും ഭീതിതമായ തുടർച്ചയും ഉണ്ടായി... അവരുടെ ഉമ്മ കൂടി NMCH ൽ അഡ്മിറ്റ് ആയി.. പിന്നീട് എന്ത് സംഭവിച്ചു എന്നറിയില്ലെങ്കിലും സുഖം പ്രാപിച്ചു എന്ന് വിശ്വസിക്കാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്..

നമ്മൾ കാരണം മറ്റൊരാൾക്ക് ഒരു ബുദ്ധിമുട്ടും വരരുത് എന്ന് ചിന്തിക്കാൻ വേണ്ടത് വിവേകമാണ് എന്നും ആ വിവേകത്തിന് പ്രായവുമായി വലിയ ബന്ധം ഒന്നും ഇല്ല എന്നും തെളിയിക്കുന്ന ഹൃദയസ്പർശിയായ ഒരു അനുഭവം ഉണ്ടായി. ഒരു പതിനൊന്ന് വയസ്സുകാരൻ ആണ് കഥാപാത്രം.. സ്ക്രീനിംഗ് റൂമിൽ അവന്റെ ടെസ്റ്റ് കാർഡിൽ രണ്ട് വര തെളിഞ്ഞപ്പോൾ വിഷമം തോന്നി. അമ്മ നെഗറ്റീവ് ആണ്. എന്റെ കൂടെ നിന്നാൽ അമ്മയ്ക്ക് കൂടി വരില്ലേ എന്നവൻ ആശങ്കപ്പെട്ടപ്പോൾ അമ്മ അവനെ ഒന്നുകൂടി ചേർത്ത് പിടിച്ചു നെറുകയിൽ മുത്തമിട്ടു. PPE കിറ്റിൽ, face shield ന് പിറകിലെ എന്റെ മങ്ങിയ കാഴ്ച്ച നീർ നിറഞ്ഞ് ഒന്നുകൂടി മങ്ങി...

ബന്ധങ്ങളിൽ, പ്രകടിപ്പിക്കപ്പെടുന്ന സ്നേഹത്തിൽ എത്രത്തോളം ആത്മാർഥതയുണ്ടെന്ന തിരിച്ചറിവ് കൂടിയാണ് പലർക്കും ഈ സമയത്ത് ഉണ്ടായ അനുഭവങ്ങൾ. 5 മാസം ഗർഭിണിയായ യുവതി നെഗറ്റീവ് ആയി ഡിസ്ചാർജ് ആയി. അവരെ പറഞ്ഞുവിടുമ്പോൾ ചോദിച്ചു. സ്വന്തം വണ്ടി ഉണ്ടോ.. ഇല്ലെങ്കിൽ ആംബുലൻസ് വിളിച്ചു തരാം. വീട്ടിൽ വണ്ടിയുണ്ട്, പക്ഷെ ഭർത്താവ് പോസിറ്റീവ് ആണ്. അപ്പോൾ ക്വാറന്റൈനിൽ ആണല്ലോ.. അവൾക്ക് ആംബുലൻസിൽ കയറാൻ പേടിയാണെന്ന് പറഞ്ഞപ്പോൾ വേറെ സഹോദരൻ, കസിൻ അങ്ങനെ ആരെയെങ്കിലും ഒന്ന് വിളിച്ചുനോക്കൂ, നീ നെഗറ്റീവ് ആയല്ലോ.. അവർക്ക് N95 മാസ്ക് വേണമെങ്കിൽ കൊടുക്കാം എന്ന് പറഞ്ഞു. അവൾ പ്രതീക്ഷയോടെ കുറെ പേരെ വിളിച്ചശേഷം നിറകണ്ണുകളോടെ പറഞ്ഞു.'അങ്ങനെ ആരുമില്ല സിസ്റ്റർ..'അവർ വിദേശത്തായിരുന്നപ്പോൾ സ്വീകരിക്കാനും യാത്രയയയ്ക്കാനും ഒക്കെ എയർപോർട്ടിൽ സന്നിഹിതരായ ബന്ധുജനങ്ങളെയൊക്കെ ഒന്ന് മനക്കണ്ണിൽ  സങ്കല്പിച്ചുപോയി. എന്തായാലും ആ രോഗിയെ തനിയെ ആംബുലൻസിൽ അയയ്ക്കുകയെ നിർവാഹമുള്ളൂ. ഡ്രൈവരുടെ നമ്പർ ഭർത്താവിനെ വിളിച്ച് കൈമാറി, ഭർത്താവിന്റെയും അവളുടെയും ഡ്രൈവറുടെയും നമ്പർ നമ്മുടെ കയ്യിലും വച്ചശേഷം അവളെ യാത്രയാക്കി. ഏകദേശം ഒരു മണിക്കൂർ യാത്രയാണ്. അതിന് ശേഷം സുരക്ഷിതമായി എത്തിച്ചേർന്നു എന്ന് ഉറപ്പാക്കുന്നത് വരെ അനുഭവിക്കുന്ന നമ്മൾ അനുഭവിക്കുന്ന മാനസിക സംഘർഷം എത്രയെന്ന് പറയാൻ കഴിയില്ല.. 

സ്വന്തമെന്ന് കരുതുന്നവർ വരെ ഇങ്ങനെ ഭീതിയോടെ മാറ്റിനിർത്തുമ്പോൾ തന്നെ മനുഷ്യസ്നേഹത്തിന്റെ, നന്മയുടെ കഥകളും ഉണ്ട് കൂട്ടത്തിൽ. ഒരിക്കൽ ഒരു 8 മാസം പ്രായമായ കുഞ്ഞിന്റെ അമ്മ ബാത്‌റൂമിൽ വച്ച് തല കറങ്ങുകയും അവരെ നമ്മൾ പിടിച്ച് കൊണ്ട് വന്ന് കിടത്തുന്ന സമയത്ത് കുഞ്ഞ് കരയാൻ തുടങ്ങി. ഉടനെ എതിർ വശത്തുള്ള റൂമിൽ നിന്നും കൂട്ടിരിപ്പുകാരിയായ ഉമ്മ ഇറങ്ങി വന്ന് ഈ കുഞ്ഞിനെ എടുക്കാൻ തുടങ്ങി. ഈ കുഞ്ഞ് പോസിറ്റീവ് ആണ്. എടുക്കാൻ വന്ന ഉമ്മ നെഗറ്റീവ് ആണ്(നെഗറ്റീവ് കൂട്ടിരിപ്പുകാരെ അവരുടെ സമ്മതം വാങ്ങി കൂടെ നിർത്താറുണ്ട്.)അതുകൊണ്ട് ഞാൻ ആ ഉമ്മയെ തടഞ്ഞുകൊണ്ട് കുഞ്ഞിനെ എടുത്തു. കുഞ്ഞ് പോസിറ്റീവ് ആണ് ഉമ്മാ എന്ന് പറഞ്ഞപ്പോൾ അവർ പറഞ്ഞു. നമ്മളൊക്കെ മനുഷ്യരല്ലേന്ന്....അതെ ആ കുഞ്ഞുമായി അവർക്ക് മാനുഷികം എന്നല്ലാതെ മറ്റെന്ത് ബന്ധം ആണ് ഉള്ളത്... ശരിക്കും കണ്ണ് നിറഞ്ഞുപോയി... തൊട്ടടുത്ത് താമസിക്കുന്ന വീട്ടുടമ ഞങ്ങളുടെ ഒരു സഹപ്രവർത്തകയോട് വാടക വീടിന്റെ വരാന്തയിൽ നിൽക്കരുത് എന്ന് ദേഷ്യപ്പെട്ടത് ഓർത്തുപോയി,ഡ്യൂട്ടി കഴിഞ്ഞുപോകുമ്പോൾ ഓട്ടോയുടെ  അടുത്ത് ചെല്ലുമ്പോൾ ഈ ഓട്ടോ പോകില്ലെന്ന് മറുപടി കിട്ടിയ മറ്റൊരു സ്റ്റാഫിനെയും ഓർത്തു...

മുന്നിൽ വരുന്ന ഓരോ രോഗിയുടെയും ബുദ്ധിമുട്ടുകളും പ്രയാസവും ഉൾക്കൊള്ളാനും പരിഹരിക്കാനും പരമാവധി ശ്രമിക്കുമ്പോഴും അതിന്റെ ഒരു ശതമാനം എങ്കിലും തിരിച്ചുകിട്ടിയിരുന്നെങ്കിൽ എന്ന് പലപ്പോഴും ആഗ്രഹിച്ചുപോയിട്ടുണ്ട്.

മാസ്ക് ശരിയായി ധരിക്കാൻ പറയുമ്പോൾ പോലും ശ്വാസം മുട്ടുന്നു എന്നു പറയുന്നവർ പോലും ഈ PPE കിറ്റിനുള്ളിൽ വിയർത്തു വീർപ്പുമുട്ടി ജോലി ചെയ്യുന്ന ജീവനക്കാരുടെ ബുദ്ധിമുട്ടുകൾ ഒന്നും കണക്കിലെടുക്കാതെ പലപല പരാതികളും പറയുമ്പോഴും അവരുടെ അവസ്ഥ കൊണ്ടല്ലേ എന്ന് സമാധാനിക്കാൻ ശ്രമിക്കാറേ ഉളളൂ. എങ്കിലും ഒരിക്കൽ ഒരുപാടുപേരുടെ പരാതികൾ തീർത്തുവന്നപ്പോൾ പുറത്തു കൊണ്ടുവച്ച സാധനങ്ങൾ അകത്തെത്തിക്കാൻ ഒരല്പം താമസിച്ചുപോയപ്പോൾ 'നിങ്ങൾക്ക് വന്നാലേ അറിയൂ'എന്ന പരുഷമായ വാക്കുകൾ ഒരു രോഗിയുടെ ബന്ധുവിൽ നിന്നും കേൾക്കേണ്ടി വന്നപ്പോൾ കണ്ണു നിറഞ്ഞുപോയിട്ടുണ്ട്.

'ഈ പ്ലാസ്റ്റിക് കുപ്പായം ഇട്ട് നടക്കുന്ന ഇങ്ങളെ കാണുമ്പോൾ ബേജാറാവുന്നു മോളേ 'എന്ന് കേട്ട് സന്തോഷം കൊണ്ടും കണ്ണ് നിറഞ്ഞിട്ടുണ്ട്. ദാഹവും വിശപ്പും സഹിച്ച് മണിക്കൂറുകൾ തള്ളിനീക്കുന്നത് പതിവ് ആയതിനാൽ എങ്ങനെയെങ്കിലും പിടിച്ചു നിൽക്കും. പക്ഷേ ബാത്‌റൂമിൽ പോകാനുള്ള അസ്വാതന്ത്ര്യമാണ് വലിയ പ്രശ്നം. പലരും വെള്ളം കുടിയേ വേണ്ടെന്ന് വയ്ക്കും. അത് കൊണ്ട് 7 ദിവസത്തെ ഡ്യൂട്ടി കഴിഞ്ഞിറങ്ങുമ്പോഴേക്കും UTI കൂടി സമ്മാനമായി കിട്ടും. ഒരിക്കൽ കൂടെയുള്ള ഒരു സ്റ്റാഫ് ഡോഫിങ് റൂമിൽ തലകറങ്ങി താഴെ ഇരുന്ന് പോയി.. അബോധാവസ്ഥയിൽ എന്ന പോലെ അവൾ വെള്ളം.. വെള്ളം എന്ന് പറഞ്ഞുകൊണ്ടിരുന്നു. ഓരോരുത്തരും ഡ്യൂട്ടി കഴിഞ്ഞുപോകുമ്പോൾ പ്രാർഥിക്കുന്നുണ്ടാവും, ഇനി ഇങ്ങോട്ട് വരേണ്ടി വരല്ലേ എന്ന്... പക്ഷേ ദിനം പ്രതി കൂടുന്ന കണക്കുകൾ കേൾക്കുമ്പോൾ ഹതാശരാവും.
അങ്ങനെ എണ്ണിപ്പറയാൻ കഴിയാത്ത ഒരു പാട് അനുഭവങ്ങൾ സമ്മാനിച്ചുകൊണ്ടാണ് ഒന്നാം തരംഗം കടന്ന് പോയത്.

മാനസികമായി ഏറ്റവും സമാധാനവും സന്തോഷവും ലഭിക്കേണ്ട ഗർഭകാലത്തിൽ ഒരു മഹാമാരിയുടെ പീഡ കൂടി താങ്ങേണ്ടി വരുന്നവർ...കുഞ്ഞുങ്ങൾ, ,അവരുടെ അമ്മമാർ , ബന്ധുക്കൾ എല്ലാവരെയും ഞങ്ങൾ ചേർത്തുനിർത്തും... നിങ്ങളെ ഓരോരുത്തരെയും സുഖപ്പെടുത്താനുള്ള നിയോഗത്തിൽ ഏറ്റവും ആത്മാർത്ഥതയോടെ ,ആത്മസമർപ്പണത്തോടെ ഞങ്ങളുണ്ടാവും... ഞങ്ങൾക്ക് മുൻപിൽ എത്തുന്ന ഓരോ രോഗിയും സുഖപ്പെടുന്നത് വരെ അങ്ങനെ ഉണ്ടാവാൻ ആഗ്രഹിക്കുന്നു. ഇടയിൽ പൊലിഞ്ഞു പോയ ഓരോ സഹയാത്രികരെയും  വേദനയോടെ, ആദരവോടെ സ്മരിക്കുന്നു.‌


കോഴിക്കോട് മെഡിക്കൽ കോളേജിൽ ​ഗ്രേഡ് 1 നഴ്സിങ് ഓഫീസറാണ് ലേഖിക.