സാന്ത്വനവും പരിചരണവുമായി 24 വർഷത്തോളം നഴ്സായി പ്രവർത്തിച്ച പ്രവാസിയും കോട്ടയം എസ്.എച്ച്. മൗണ്ട് സ്വദേശിനിയുമായ മോളമ്മ മാത്യു അനുഭവങ്ങൾ പങ്കുവെക്കുന്നു.

To advertise here,

മരുന്നുകളൊന്നുമില്ലാതെ കാപ്പിപൊടിയും പഞ്ചസാരയും ചോരയൊലിക്കുന്ന മുറിവിൽ വെച്ച് കെട്ടി രണ്ടുദിവസം കൊണ്ട് മുറിവുണക്കുന്ന അമ്മയായിരുന്നു ഞാൻ കണ്ട ആദ്യത്തെ നഴ്‌സും ഡോക്ടറുമെല്ലാം.

കണ്ണുകെട്ടി കളിക്കുന്നതിനിടയിൽ പെട്ടിയുടെ മൂലയിൽ ചെന്നിടിച്ചു മുഴച്ച് വന്ന നെറ്റിത്തടത്തിൽ മുരിങ്ങയിലയും പച്ച കടുകും ചതവിന് നല്ലതാണെന്ന് പറഞ്ഞ്‌ അരക്കല്ലിൽ അരച്ചെടുത്ത് പുരട്ടി മുഴയെ ഒറ്റരാത്രി കൊണ്ട് അപ്രത്യക്ഷമാക്കി അമ്മ. പിറ്റേന്നു കാലത്ത് മുഴയുണ്ടോന്ന് കണ്ണാടിയിൽ നോക്കി കാണാതായപ്പോൾ ഈ അമ്മ ഒരു സംഭവംതന്നെയെന്ന് മനസ്സിൽ പറഞ്ഞു.

വിറക് വെട്ടുമ്പോൾ കോടാലി കൊണ്ട് സ്വന്തംകാലിൽ വെട്ടിയ ചേട്ടനെ ഇത് കുത്തിക്കെട്ടിയാലെ ശരിയാവൂ എന്ന് സ്വയം രോഗനിർണയം നടത്തി, രക്തപ്രവാഹം നിലയ്ക്കാൻ തോർത്തുകൊണ്ട് മുറുക്കെ കെട്ടി കാലുയർത്തി പിടിച്ചുകൊണ്ട് അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക്‌ ഓടിയ അമ്മയിൽ വീണ്ടുംകണ്ടു ആ നഴ്‌സിനെ. പിന്നെയും എന്തെല്ലാം. ഈയടുത്ത്, യൂറോപ്യൻ ജേണൽ ഓഫ് മെഡിക്കൽ ആൻഡ് ഹെൽത്ത് സയൻസസിൽ പബ്ലിഷ് ചെയ്ത ഒരു റിസർച്ച് ആർട്ടിക്കിൾ വായിച്ചപ്പോഴാണ് എന്റെ അമ്മ വെറും പുലിയല്ല പുപ്പുലിയായിരുന്നു എന്നു മനസ്സിലായത്.

പ്രീഡിഗ്രി പഠനം കഴിഞ്ഞ് ജോലി കിട്ടാൻ എളുപ്പം നഴ്‌സിങ് പഠിക്കുന്നതാണ് എന്ന ഉപദേശം ചെവിക്കൊണ്ടായിരുന്നു ഈ പാതയിലേക്കുള്ള മാറ്റം. പിന്നീടങ്ങോട്ട് സാന്ത്വനത്തിന്റെയും പരിചരണത്തിന്റെയും വക്താവായി നീണ്ട 24 സംവത്സരങ്ങൾ, എത്രയെത്ര രോഗികൾ. ജനന-മരണങ്ങൾക്ക് സാക്ഷിയായ എത്രയോ നിമിഷങ്ങൾ. കാൻസർപോലുള്ള മാരക രോഗങ്ങൾ, സങ്കീർണമായ ശസ്ത്രക്രിയകൾ, കോവിഡ് പോലുള്ള മഹാമാരികൾ. ഇതിനിടയിൽ ഒട്ടനവധിപേരുടെ ആശങ്കകൾക്ക് വിരാമമിട്ട് ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റുവാനായി. സന്തോഷവും ദുഃഖവുമൊക്കെ നിറഞ്ഞ ഒരുപാട് നിമിഷങ്ങൾ. ഒട്ടനവധി കരയുന്ന, ചിരിക്കുന്ന, ആശങ്കപ്പെടുന്ന മുഖങ്ങൾ മിന്നി മറയുമ്പോഴും ഈ അടുത്ത നാളുകളിൽ കണ്ട ചില മുഖങ്ങളുണ്ട്. അത് മറക്കാനാവുന്നില്ല.

ആശുപത്രിക്കിടക്ക കല്യാണമണ്ഡപമായി മാറിയ നിമിഷം

തട്ടിമാറ്റാനോ ഓടിയൊളിക്കാനോ സാധ്യമല്ലെന്ന് തിരിച്ചറിഞ്ഞ് മരണമെന്ന പ്രപഞ്ചസത്യത്തെ പുഞ്ചിരിയോടെ നേരിട്ട മുഖങ്ങൾ. ജീവിതവിജയം നേടാൻ ശതാഭിഷിക്തനാകുകയോ സപ്തതി ആഘോഷിക്കുകയോ ഒന്നും വേണ്ട, ആയുസ്സിന്റെ പുസ്തകത്താളിൽ നമുക്കായി തരുന്ന എണ്ണപ്പെട്ട ദിനങ്ങൾ സന്തോഷമായി ജീവിച്ച് തീർത്താൽ മതിയെന്ന് പഠിപ്പിച്ച ചില മുഖങ്ങൾ. വിദേശികളായ പ്രണയിതാക്കളുടെ ആ ജീവിതമാണ് ഇപ്പോഴും മനസ്സിനെ ഉലയ്ക്കുന്നത്. ഒരുമിച്ച് ജീവിക്കാൻ അവർ രജിസ്റ്റർ മാര്യേജ് ചെയ്തു. ആ സ്‌നേഹവല്ലരിയിൽ ഒരു കുഞ്ഞ് പിറന്നു. എന്നാൽ ജീവിതം സന്തോഷമായി നീങ്ങുമ്പോഴാണ് അർബുദം എന്ന മാരകസർപ്പം ആ യുവതിക്ക് മുന്നിൽ ഫണം വിടർത്തിയാടിയത്.

അർബുദത്തിന്റെ നീരാളിക്കൈകളിൽ നിെന്നാരു മോചനം സാധ്യമാവില്ലെന്നും തന്റെ ഉടയവരെ ഉപേക്ഷിച്ച് ഈ ലോകത്തിൽ നിന്നും മടങ്ങേണ്ടി വരുമെന്നുമൊക്കെ അധികം വൈകാതെ ആ യുവതി മനസ്സിലാക്കി. തന്റെ പൊന്നോമനയെ കൺനിറയെ കാണാൻ പോലും സമയംതന്നില്ലല്ലോ എന്നവൾ ഉടയവനോട് പരാതി പറഞ്ഞു.

വിശന്നുകരയുന്ന കുഞ്ഞിനെ മാറോട് ചേർക്കുവാൻ കഴിയാതെ ആ അമ്മമനം തേങ്ങി. പതിയെ യാഥാർഥ്യത്തിന്റെ മുഖം മരണത്തിന്റേത് മാത്രമാണെന്ന് അവൾക്ക് മനസ്സിലായി. തന്റെ പ്രിയ ഭർത്താവിനെയും അമ്മയെയും സമാശ്വസിപ്പിച്ചു. സ്വന്തം വിധി പരാതികൾ ഒന്നുംകൂടാതെ അവൾ ഏറ്റുവാങ്ങി. അവളുടെ നിർബന്ധവും ഒപ്പം വിധിയെ തോൽപ്പിക്കാനാവില്ല എന്ന തിരിച്ചറിവുംമൂലം അവളുടെ ഭർത്താവ് ഡി.എൻ.ആറിൽ (do not resuscitate) ഒപ്പുവെച്ചു. കണ്ണീരിൽ കുതിർന്ന ആ രംഗത്തിന് സാക്ഷിയാകേണ്ടിവന്നത് ഇപ്പോഴും മറക്കാനാവുന്നില്ല.

പക്ഷേ പിന്നീടുള്ള എണ്ണപ്പെട്ട ദിവസങ്ങൾ അവർക്ക് ഉത്സവപ്രതീതിയായിരുന്നു. അവളുടെ ആഗ്രഹങ്ങൾ സഫലമാക്കാൻ സ്നേഹ സമ്പന്നനായ അവളുടെ ഭർത്താവും അമ്മയും മത്സരിച്ചു. ഒരു ദേവാലയത്തിൽ വിവാഹം നടത്തണമെന്നായിരുന്നു അവളുടെ അന്ത്യാഭിലാഷം. കേൾക്കുന്നവർക്ക് ഒരു തമാശയായി തോന്നാം.

പക്ഷെ, അവളുടെ വലിയ ഒരുസ്വപ്നമായിരുന്നു അത്. അതിനുവേണ്ടി ദേവാലയത്തിലേക്ക് പോകുകയെന്നത് അവളുടെ ആരോഗ്യസ്ഥിതി കണക്കിലെടുക്കുമ്പോൾ അപ്രാപ്യമായിരുന്നതിനാൽ ആശുപത്രിയിൽ വിവാഹം നടത്താൻ ഒരുക്കങ്ങൾ തുടങ്ങി. കുടുംബത്തോടൊപ്പം ആശുപത്രി അധികൃതരും ആരോഗ്യ പ്രവർത്തകരും അത്യുത്സാഹത്തോടെ പരിശ്രമിച്ചതിനാൽ അവളുടെ സ്വപ്നം സഫലമായി. വെളുത്ത നീളൻ ഗൗണിൽ അവളൊരു മാലാഖയെ പോലെ സുന്ദരിയായിരുന്നു.

നിറയെ ബലൂണുകളും പൂക്കളും കൊണ്ടലങ്കരിച്ച ആശുപത്രി മുറിയിൽ വൈദികൻ വിവാഹം ആശീർവദിച്ചു. വിശുദ്ധഗ്രന്ഥം സാക്ഷിയാക്കി വിവാഹ പ്രതിജ്ഞ നിറവേറ്റുമ്പോൾ അവളുടെ കണ്ണിലെ തിളക്കം എല്ലാവരിലും ആനന്ദാശ്രുക്കൾ നിറച്ചു. മോതിരം കൈമാറി, കേക്ക് മുറിച്ച് ആഘോഷം മധുരതരമാക്കി.

തന്റെ ആയുസ്സിന്റെ ദൈർഘ്യം വിരലിൽ എണ്ണാവുന്ന ദിനങ്ങൾ മാത്രമെന്ന് അറിഞ്ഞ് പ്രണയാർദ്രമായി നവ ദമ്പതികൾ ചുംബിക്കുമ്പോൾ അവളുടെ കവിൾ തടങ്ങൾ അരുണവർണമായി. ദിവസങ്ങളുടെ മാത്രം വ്യത്യാസത്തിൽ സ്വപ്നം സാക്ഷാത്കരിച്ച സന്തോഷത്തിലോ അതോ ബാക്കിവെവച്ച സ്വപ്നങ്ങൾ അടുത്തൊരു ജന്മത്തിൽ പൂർണമാകുമെന്ന പ്രതീക്ഷയിലോ അവളും യാത്രയായി. വേദനകളും വ്യഥകളും ഇല്ലാത്ത ലോകത്തേക്ക്...

ഒന്നുമറിയാതെ മ്മ.. മ്മ എന്ന് ശബ്ദമുണ്ടാക്കി അമ്മയുടെ നേർക്ക് കൈ നീട്ടുന്ന ആ പൊന്നോമന ഒരുവേള ഇടനെഞ്ചിൽ ഒരു വിങ്ങലായി മാറി.

വളരെ കുറച്ചു ദിവസങ്ങൾ മാത്രമേ പരിചരിച്ചുള്ളൂ എങ്കിലും മനസ്സിന്റെ ഒരു കോണിൽ അവർക്കും അവരുടെ പ്രണയത്തിനും വലിയൊരു സ്ഥാനം നൽകിയിരുന്നു. എങ്ങനെ ആശ്വസിപ്പിക്കണം എന്നറിയാതെ ആ അമ്മയെ ഒന്നാശ്ലേഷിച്ചു.

ഇനി അമ്മയില്ല എന്നറിയാതെ നിഷ്‌കളങ്കമായി പുഞ്ചിരിക്കുന്ന കുഞ്ഞിന്റെ കവിളിൽ മെല്ലെ തലോടി. നൈറ്റ് ഡ്യൂട്ടിയുടെ ആലസ്യവും പ്രിയ രോഗിയുടെ വിയോഗവുമായി വേദനിക്കുന്ന സഹപ്രവർത്തകയെ ആശ്വസിപ്പിച്ച് വീണ്ടും ജോലി തിരക്കിലേക്ക് ഊളിയിട്ടു.

പുതിയ തലമുറകൾ അറിയണം

ഒട്ടേറെ സാധ്യതകളും അവസരങ്ങളുമുള്ള എന്നും പുതുമകൾ നിറഞ്ഞ ഒരു തൊഴിൽ മേഖല തന്നെയാണ് നഴ്‌സിംഗ്. പ്രാക്ടിക്കൽ നഴ്‌സ് മുതൽ നഴ്‌സ് പ്രാക്ടിഷണർ, നഴ്‌സ് ഇൻഫർമാറ്റിക്‌സ്, നഴ്‌സ് അനെസ്‌തെറ്റിസ്റ്റ് , ലീഗൽ നഴ്‌സ് കൺസൾട്ടന്റ്, നഴ്‌സ് എജൂക്കേറ്റർ, ക്ലിനിക്കൽ റിസേർച്ച് നഴ്‌സ് എന്നിങ്ങനെ നീണ്ടു കിടക്കുന്ന അനേകം വൈവിധ്യമാർന്ന ജോലികൾ ഈ മേഖലയിൽ സുലഭമാണ്.

ബി.എസ്.സി നഴ്‌സിങ് ഒരു ഡിഗ്രി കോഴ്‌സായതിനാൽ അതിനുശേഷം അനുയോജ്യമായ മറ്റെന്തെങ്കിലും പി.ജി കോഴ്‌സുകൾക്കും സാധ്യതയുണ്ട്.

സഹായമനസ്‌കതയും കാരുണ്യവും സ്‌നേഹവും ക്ഷമയും നല്ലൊരു നഴ്‌സിനു ആവശ്യമാണ്. മേമ്പൊടിക്ക് നല്ല ശാസ്ത്ര വിദ്യാഭ്യാസവും പുതിയ അറിവുകൾ നേടാനുള്ള മനസ്സും വേണം. പ്ലസ് ടുവിന് ശേഷം മെഡിസിനും എൻജിനീയറിങ്ങിനും മാത്രം അവസരം കാത്തിരിക്കുന്ന ചെറുപ്പക്കാർ മറിച്ചൊന്ന് ചിന്തിക്കുന്നതും നല്ലതാണ്.

'സിസ്റ്റർ, ഒന്നു നിൽക്കണെ... ഒരു സംശയം. ഈ മരുന്ന് എങ്ങനെ കഴിക്കാനാ? ഡോക്ടർ പറഞ്ഞത് മനസ്സിലായില്ല...ഇന്ന് ഡിസ്ചാർജ് ആണ്..'

'ഇത് രാത്രിയിൽ ഒന്നു മാത്രം...കൊളസ്‌ട്രോളിന്റെയാ...ആന്റിബയോട്ടിക് കാലത്തും വൈകീട്ടും ഒന്നു വീതം ഭക്ഷണത്തിന് ശേഷം.. പിന്നെ ബിപിയുടെ കാലത്തും വൈകിട്ടും ഓരോന്ന്...മരുന്ന് മുടക്കല്ലേ..'..

' വളരെ നന്ദി സിസ്റ്റർ..'

വേദനയോടെ നിലവിളിച്ച് വന്നയാളാണ് ഇപ്പോ ഈ പോയത്... പുഞ്ചിരിക്കുന്ന ഈ മുഖങ്ങൾ തന്നെയല്ലേ ഓരോ നഴ്സിന്റെയും ഊർജം.