
മലപ്പുറം: കാര്‍മേഘം മൂടിക്കെട്ടിയ കോട്ടപ്പടി മൈതാനത്ത് മഴ പെയ്തില്ല. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഐ.എം. വിജയനു നല്‍കിയ യാത്രയയപ്പ് ഫുട്ബോള്‍ അലോസരപ്പെടുത്താന്‍ മഴയ്ക്കുദ്ദേശ്യമില്ലായിരുന്നു. വിജയനൊപ്പം മുന്‍ സന്തോഷ് ട്രോഫി താരങ്ങളായ റോയി റോജസ്, സി.പി. അശോകന്‍ എന്നിവര്‍ക്കു കേരള പോലീസ് മുന്‍ ഫുട്ബോള്‍ ടീം അംഗങ്ങളും സുഹൃത്തുക്കളുംചേര്‍ന്ന് നല്‍കിയ 'വിജയോത്സവം' ഫുട്ബോളായിരുന്നു കോട്ടപ്പടി മൈതാനത്ത് നടന്നത്. വ്യക്തിപരമായ കാരണങ്ങളാല്‍ റോയി റോജസ് പങ്കെടുത്തില്ല. 30 മിനിറ്റ് നീണ്ട മത്സരം കേരള പോലീസ് ലെജന്‍ഡ്സും മലപ്പുറം വെറ്ററന്‍സും തമ്മിലായിരുന്നു. ഗോള്‍രഹിത സമനിലയില്‍ കളിയവസാനിച്ചു.
ഐ.എം. വിജയനായിരുന്നു ലെജന്‍ഡ്സ് ടീം ക്യാപ്റ്റന്‍. കെ.ടി. ചാക്കോ ഗോള്‍ വല കാത്തു. കെ. രാജേഷ്, കുരികേശ് മാത്യു, അലക്സ് എബ്രഹാം, അശോകന്‍, തോബിയാസ്, സുധീര്‍, സാജന്‍, ഹബീബുറഹ്‌മാന്‍, എ. സക്കീര്‍ എന്നിവര്‍ പഴയ കാക്കി ഓര്‍മ്മകളുമായി കളത്തിലിറങ്ങി.
മുന്‍ സന്തോഷ് ട്രോഫി കേരള ക്യാപ്റ്റന്‍ ആസിഫ് സഹീറായിരുന്നു മലപ്പുറം വെറ്ററന്‍സ് ക്യാപ്റ്റന്‍. മോഹന്‍ദാസായിരുന്നു ഗോള്‍ കീപ്പര്‍. യാസിര്‍ അറഫാത്ത്, നജീബ്, മുജീബ്, ഷരീഫ്, ജസീര്‍, ശബീര്‍ അലി, മെഹ്ബൂബ്, നൗഷാദ് പ്യാരി, റിയാസ് എന്നിവര്‍ ആസിഫിനു പിന്നില്‍ അണിനിരന്നു.
കോട്ടപ്പടിയിലെ ആദ്യ യാത്രയയപ്പ്
ഒട്ടേറെ താരങ്ങളെ വാര്‍ത്തെടുത്ത കോട്ടപ്പടി മൈതാനത്ത് ആദ്യമായാണ് ഒരാള്‍ക്കു യാത്രയയപ്പ് ചടങ്ങ് നടത്തുന്നതെന്നു കളി ഉദ്ഘാടനംചെയ്ത പി. ഉബൈദുള്ള എംഎല്‍എ. പറഞ്ഞു. പോലീസുകാരനായ വിജയനെയല്ല, കളിക്കാരനായ വിജയനെയാണ് എല്ലാവര്‍ക്കും അറിയുക. ജന്മംകൊണ്ട് തൃശ്ശൂരുകാരനായ വിജയന്‍ മലപ്പുറത്തുകാരുടെ പ്രിയപ്പെട്ടവനാണ്- എംഎല്‍എ പറഞ്ഞു. സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് യു. ഷറഫലി അധ്യക്ഷതവഹിച്ചു. കളക്ടര്‍ വി.ആര്‍. വിനോദ്, എസ്.പി. ആര്‍. വിശ്വനാഥ്, സ്‌പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് വി.പി. അനില്‍, കമാല്‍ വരദൂര്‍, മലയില്‍ ഗ്രൂപ്പ് ചെയര്‍മാന്‍ മലയില്‍ ഗദ്ദാഫി, എ. സക്കീര്‍ എന്നിവര്‍ പ്രസംഗിച്ചു.
കളികാണാന്‍ പോലീസ് ടീമും
സീനിയേഴ്സിന്റെ പ്രകടനം കാണാന്‍ കേരളാ പോലീസ് ടീമും എത്തി. ക്യാപ്റ്റന്‍ സഞ്ജു ഗണേഷും കോച്ച് സിദ്ദിഖ് കല്യാശ്ശേരിയും അടക്കം മുഴുവന്‍ ടീമും നിലമ്പൂരില്‍നിന്ന് കോട്ടപ്പടിയിലെത്തി. ചൊവ്വാഴ്ച കോഴിക്കോട് കേരളാ പ്രീമിയര്‍ ലീഗില്‍ ഇന്റര്‍ കേരള എഫ്സിയുമായി കളിയുണ്ട്. കളി ജയിച്ചാല്‍ പോലീസ് സെമിയിലെത്തും.
Content Highlights: Legendary footballer IM Vijayan`s farewell match held in Kottappadi, Malappuram. Kerala Police
Published: 29 Apr 2025, 02:56 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented