
നിറഞ്ഞ കയ്യടികളോടെയാണ് ടാഗോറിലെ പ്രദർശനത്തിനുശേഷം 'സൺഡേ' എന്ന ഉസ്ബക്കിസ്ഥാൻ ചിത്രത്തിന്റെ സംവിധായകനെ ഡെലിഗേറ്റുകൾ വേദിയിലേക്ക് ആനയിച്ചത്. തലമുറ മാറ്റത്തെ പകച്ചുപോകുന്ന വയോധിക ദമ്പതിമാരുടെ കഥ പറഞ്ഞ ചിത്രം മേളയിലെ മികച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു. പ്രദർശനത്തിനു ശേഷം സംവിധായകൻ ഷോഖിർ ഖോലികോവുമായി സംവദിക്കുന്നതിന്റെ ത്രില്ലിലായിരുന്നു ഡെലിഗേറ്റുകൾ.
പ്രേക്ഷകർ ആവേശത്തോടെ ചിത്രത്തെക്കുറിച്ച് സംസാരിച്ചെങ്കിലും സംവിധായകൻ ചെറിയൊരു പരുങ്ങലായിരുന്നു. ഭാഷയാണ് പ്രശ്നം. ഡെലിഗേറ്റുകളുടെ ഇംഗ്ലീഷിലുള്ള ചോദ്യങ്ങൾ കൃത്യമായി പിന്തുടരാൻ അദ്ദേഹത്തിനാകുന്നില്ല. വേദിയിലുണ്ടായിരുന്ന അവതാരകയുടെ സഹായത്തോടെ മുറി ഇംഗ്ലീഷിൽ അദ്ദേഹം ആവുംവിധം ആശയവിനിമയം നടത്തി. പൂർണ പിന്തുണയോടെ ഡെലിഗേറ്റുകളും അദ്ദേഹത്തിന്റെ വാക്കുകൾക്കായി കാതോർത്തു.
പെട്ടെന്നാണവിടെ ഒരു സിനിമ സ്റ്റൈൽ എൻട്രി ഉണ്ടായത്! സദസ്സിൽനിന്ന് റഷ്യൻ ഭാഷ മുഴങ്ങി. ഷോഖിർ ഖോലികോവിന് തനിക്ക് നന്നായി അറിയാവുന്ന ഭാഷ കേട്ടതിന്റെ സന്തോഷത്തിൽ ആളെ തിരഞ്ഞു. മേളയ്ക്കെത്തിയ റഷ്യക്കാരൻ നിക്കോള കൊമരോവായിരുന്നു അത്. ഉസ്ബക്കിസ്ഥാൻകാർക്കും നന്നായറിയാവുന്ന ഭാഷയാണ് റഷ്യൻ. അന്യനാട്ടിലെത്തുമ്പോൾ സ്വന്തം ഭാഷ കേൾക്കുന്ന മലയാളികളെപ്പോലെ 'സൺഡേ'യുടെ സംവിധായകൻ നെടുവീർപ്പിട്ടു, പുഞ്ചിരിച്ചു.
ഇരുവരും റഷ്യൻ ഭാഷയിൽ സംസാരം തുടങ്ങിയതോടെ കാണികൾ കരഘോഷം മുഴക്കി. നിക്കോളയുടെ ചോദ്യങ്ങൾക്ക് സംവിധായകൻ തട്ടുംമുട്ടുമില്ലാതെ മറുപടി പറഞ്ഞു. തന്റെ ചോദ്യവും സംവിധായകൻ അതിനു നൽകിയ മറുപടിയും ഡെലിഗേറ്റുകൾക്കായി നിക്കോള വിവർത്തനവും ചെയ്തു. ഇതോടെ ഡെലിഗേറ്റുകൾ അദ്ദേഹത്തിന്റെ സഹായത്തോടെ സംവിധായകനോട് സംവദിച്ചു.
തുടർന്ന് ഷോഖിർ ഖോലികോവും നിക്കോളയും പരസ്പരം ആലിംഗനം ചെയ്ത് പരിചയപ്പെട്ടു. ഇരുവരോടുമൊപ്പം ഫോട്ടോ എടുക്കാൻ ഡെലിഗേറ്റുകളും എത്തി. സിനിമ എന്ന മാധ്യമം ദേശത്തിന്റെയും ഭാഷയുടെയും അതിരുകൾക്കപ്പുറം എങ്ങനെ മനുഷ്യരെ ഒന്നിപ്പിക്കുന്ന എന്നതിന്റെ നേർക്കാഴ്ചയായി ടാഗോറിൽ നടന്ന സംഭവങ്ങൾ.
Content Highlights: iffk 2023, fun moments after screening of sunday movie, 28th iffk
Published: 15 Dec 2023, 04:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented