ഫ്രഞ്ച് എംബസിയുടെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന തിരുവനന്തപുരത്തെ അലയൻസ് ഫ്രാൻസെയ്‌സ് സെന്ററിന്റെ ഡയറക്ടർ മാർഗോട്ട് മീഷോയുടെ ഹൃദയം കവർന്ന് മലയാള ചിത്രം 'ആട്ടം'. ആനന്ദ് ഏകർഷിയുടെ സംവിധാന മികവിൽ പുറത്തിറങ്ങിയ ചിത്രം ചൊവ്വാഴ്ച കലാഭവൻ തിയേറ്ററിലാണ് അ‌വർ കണ്ടത്. ചിത്രം തന്നെ അ‌മ്പരപ്പിച്ചെന്ന് മീഷോ പറയുന്നു.

To advertise here,

വളരെ സൂക്ഷ്മതലത്തിൽ അനുഭവിപ്പിക്കുന്നു ആട്ടം. സിനിമ കണ്ടപ്പോൾ, ഫ്രഞ്ചും, മലയാളവും തമ്മിൽ കൂടുതൽ പങ്കാളിത്തത്തിന് ഇടമുണ്ടെന്ന് എനിക്ക് തോന്നി. സ്ത്രീകളുടെ അവകാശങ്ങൾക്കായുള്ള അന്താരാഷ്ട്ര ദിനം ആഘോഷിക്കുമ്പോൾ എന്തുകൊണ്ട് ഈ ചിത്രം പ്രദർശിപ്പിച്ചുകൂടായെന്നും ഞാൻ ചിന്തിച്ചു. അ‌തിന് തീർച്ചയായും ശ്രമിക്കും.

ഇന്ത്യയിൽ നിന്നും ലോകത്തിന്റെ മറ്റു പലഭാഗങ്ങളിൽ നിന്നുമുള്ള ക്ലാസിക്കുകളും അതോടൊപ്പം സമകാലിക സിനിമകളും കാണാനുള്ള അത്ഭുതകരമായ അവസരമാണ് ഐ.എഫ്.എഫ്.കെ. പ്രദാനം ചെയ്യുന്നത്. അന്താരാഷ്ട്ര ചിത്രങ്ങൾ മേളയ്ക്ക് ഒരു മുതൽക്കൂട്ട് തന്നെയാണ്. എന്നിരുന്നാലും ഞാൻ കൂടുതൽ ഇന്ത്യൻ സിനിമകളാണ് കാണുക. ഒരു വിദേശി എന്ന നിലയ്ക്ക് ഞാൻ ഇന്ത്യൻ സംസ്കാരം കണ്ടെത്താനാണ് ശ്രമിക്കുന്നത്. സാമൂഹിക ആവശ്യങ്ങൾക്കായി നിലകൊള്ളുന്ന പ്രതിബദ്ധതയുള്ളവരാണ് ഇവിടത്തെ കലാകാരർ. 

ഫ്രഞ്ച് സിനിമ പ്രോത്സാഹിപ്പിക്കാനായി അലയൻസ് ഫ്രാൻസെയ്‌സ് മാസത്തിലൊരിക്കൽ തിരുവനന്തപുരത്ത് പ്രദർശനം സംഘടിപ്പിക്കാറുണ്ട്. അത് കൊച്ചിയിലേക്കും വ്യാപിപ്പിക്കണമെന്ന് ഉദ്ദേശിക്കുന്നു. ഐ.എഫ്.എഫ്.കെയുടെ ഭാഗമാകാനുള്ള ആഗ്രഹം ഞങ്ങൾ പ്രകടിപ്പിച്ചിരുന്നു. ഫ്രഞ്ച് ഇൻസ്റ്റിട്യൂട്ടിന്റെ ശ്രമഫലമായി ഞങ്ങൾക്ക് നൂറുകണക്കിന് സിനിമകൾ ലഭിച്ചു. അവ സൗജന്യമായി കാണിക്കണം. 

സിനിമയുടെ രാജ്യമാണ് ഫ്രാൻസ്. ലൂമിയർ സഹോദരന്മാർ സിനിമയ്ക്ക്‌ ജന്മം നൽകിയത് മുതൽ ആരംഭിച്ചത് ഇന്ന് കാൻ മേളയിലൂടെയും ലിയോണിലെ ഫെസ്റ്റിവൽ ലൂമിയറിലൂടെയും തുടരുന്നു. കേരളത്തിൽ സിനിമ പ്രോത്സാഹിപ്പിക്കപ്പെടുന്നതിൽ ഏറെ സന്തോഷമുണ്ടെന്നും അ‌വർ പറഞ്ഞു.