ജീവിതത്തിൽ സുഹൃത്തുക്കളായ മൂന്നുപേർ. അ‌വരുടെ സൗഹൃദത്തിൽനിന്ന് പ്രചോദനമുൾക്കൊണ്ട് ഒരുക്കിയ സിനിമയിൽ സുഹൃത്തുക്കളായിത്തന്നെ എത്തുക. ആ അ‌പൂർവ സൗഭാഗ്യമാണ് പട്ടാമ്പി സ്വദേശികളായ ബീന, അ‌നിത, സുബ്രഹ്മണ്യൻ എന്നിവ​രെ തേടിയെത്തിയിരിക്കുന്നത്. ഫാസിൽ റസാഖ് സംവിധാനം ചെയ്ത 'തടവ്' എന്ന ചിത്രത്തിലാണ് മൂവർസംഘം തങ്ങളുടെ സൗഹൃദവുമായെത്തിയത്.

To advertise here,

പരുതൂർ സി.ഇ.യു.പി. സ്കൂളിലെ അ‌ധ്യാപകരാണ് ബീനയും അ‌നിതയും. 28 വർഷമായി ഒന്നിച്ച് ജോലി ചെയ്യുന്നവർ. സ്കൂളിനടുത്തെ പള്ളിപ്പുറം സഹകരണ ബാങ്കിലെ ജീവനക്കാരനാണ് സുബ്രഹ്മണ്യൻ. ഒരേ നാട്ടുകാരായ ബീനയും സുബ്രഹ്മണ്യനും ചെറുപ്പകാലം തൊട്ടേ പരിചക്കാരാണ്. രണ്ടുപേരും നാടകപ്രവർത്തകരും. സ്കൂളിൽ ബീനയും അ‌നിതയും വിദ്യാർഥികൾക്കായി നടത്തുന്ന ഡ്രാമ ക്ലബ്ബിലെ ആദ്യാവസാനക്കാരനാണ് സുബ്രഹ്മണ്യൻ. ഇവരെ പരിചയമുള്ള ഫാസിൽ റസാഖ് ഈ സൗഹൃദത്തിൽനിന്നും തന്റെ ആദ്യ സിനിമയിലേക്കുള്ള വഴി കണ്ടെത്തുകയായിരുന്നു.

placeholder
ബീന, സുബ്രഹ്‌മണ്യന്‍, അനിത

'നിർവചിക്കാനാവാത്തതാണ് ഞങ്ങളുടെ സൗഹൃദം,' അ‌നിത പറയുന്നു. 'പരസ്പരം കുടുംബാംഗങ്ങളെ പോലെയാണ് ഞങ്ങൾ. അ‌തിനാൽ സിനിമയിൽ അ‌ഭിനയിക്കേണ്ടിവന്നില്ല. ഞങ്ങൾ സാധാരണ സംസാരിക്കുകയും പെരുമാറുകയും ചെയ്യുന്നതുപോലെ തന്നെയായിരുന്നു ക്യാമറയ്ക്കു മുന്നിലും.'

സിനിമ ചെയ്യണമെന്ന് ഫാസിൽ പറയുമ്പോഴും ഇങ്ങനെയൊരു ട്വിസ്റ്റ് പ്രതീക്ഷിച്ചിരുന്നില്ലെന്ന് സുബ്രഹ്മണ്യൻ. 'ഫാസിൽ മുമ്പ് സംവിധാനം ചെയ്ത രണ്ട് ഷോർട്ട് ഫിലിമുകളിൽ അ‌ഭിനയിച്ചിട്ടുണ്ട്. പലപ്പോഴും അ‌ദ്ദേഹം ഒരു സിനിമ ചെയ്യുന്നുണ്ട് നിങ്ങളൊക്കെ തന്നെയാണ് കഥാപാത്രങ്ങൾ എന്നൊക്കെ പറഞ്ഞിരുന്നു. എന്നാൽ, മൂന്നുപേരും ഒരുമിച്ച് അ‌ഭിനയിക്കണമെന്നും ഞങ്ങളെ ചുറ്റിപ്പറ്റിയുള്ള കഥയാണെന്നും അ‌റിഞ്ഞപ്പോൾ അ‌മ്പരപ്പായിരുന്നു.'

'തടവി'ലെ പ്രധാനകഥാപാത്രമായ ഗീതയെന്ന അ‌ംഗനവാടി ടീച്ചറെ അ‌വതരിപ്പിച്ചിരിക്കുന്നത് ബീനയാണ്. ബീനയുടെ അ‌യൽക്കാരിയായ സ്കൂൾ അ‌ധ്യാപികയായ ഉമയാണ് അ‌നിത. ഇവരുടെ സുഹൃത്തായ ബാങ്ക് ജീവനക്കാരൻ ഹംസയായി സുബ്രഹ്മണ്യനുമെത്തുന്നു. രണ്ട് വിവാഹങ്ങളിലായി രണ്ട് കുട്ടികളുണ്ടെങ്കിലും ഒറ്റയ്ക്കാണ് ഗീതയുടെ  താമസം. ഗീതയുടെ  എന്താവശ്യത്തിനും ഓടിയെത്തുന്നത് ഈ രണ്ട് സുഹൃത്തുക്കളുമാണ്. ഒരു പ്രത്യേക സാഹചര്യത്തിൽ മൂവരും ചേർന്ന് ഒരു കുറ്റംകൃത്യം ചെയ്യാൻ തീരുമാനിക്കുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് 'തടവി'ന്റെ ഇതിവൃത്തം.

ഇവരുടെ സൗഹൃദം മാത്രമല്ല, മൊ​ബൈലിൽ പാട്ടുപാടി സെൽഫി വീഡിയോ എടുക്കുന്ന സുബ്രഹ്മണ്യന്റെ യഥാർത്ഥ സ്വഭാവ  സവിശേഷതകളും സംവിധായകൻ ചിത്രത്തിൽ ഉപയോഗിച്ചിട്ടുണ്ട്. സൗഹൃദം യഥാർഥമാണെങ്കിലും സിനിമയുടെ  മൂലകഥയ്ക്ക് തങ്ങളുടെ ജീവിതവുമായി ബന്ധമൊന്നുമില്ലെന്നും ഇവർ കൂട്ടിച്ചേർക്കുന്നു.