കരുത്തുറ്റ, വ്യത്യസ്തമാർന്ന കഥാപാത്രങ്ങൾ കൊണ്ട് മലയാള സിനിമയിൽ തങ്ങളുടേതായ സ്ഥാനം നേടിയെടുത്ത രണ്ട് അഭിനേതാക്കളാണ് കലാഭവൻ ഷാജോണും വിനയ് ഫോർട്ടും. ഒരുകൂട്ടം പുതുമുഖങ്ങൾക്കൊപ്പം ഇരുവരും ഒന്നിക്കുന്ന ആട്ടം എന്ന ചിത്രം ചലച്ചിത്രമേളകളിൽ മികച്ച സ്വീകാര്യതയാണ് നേടിയത്. ഹരി എന്ന സിനിമാനടന്റെ വേഷത്തിൽ ഷാജോണും വിനയ് എന്ന നാടകനടന്റെ വേഷത്തിൽ വിനയ് ഫോർട്ടും അഭിനയിച്ച ആട്ടം തീയേറ്റർ റിലീസിന് തയ്യാറാകുമ്പോൾ ചിത്രത്തിന്റെ വിശേഷങ്ങളുമായി ഇരുവരും മാതൃഭൂമി ഡോട്ട് കോമിനൊപ്പം

To advertise here,

 ആനന്ദ് ഏകർഷി സംവിധാനം ചെയ്ത ആട്ടത്തിൽ വെറുക്കപ്പെട്ട കുറേ പുരുഷകഥാപാത്രങ്ങളിൽ പെടുന്ന രണ്ട് പേരാണ് ഷാജോണിന്റെ ഹരിയും വിനയ് ചെയ്യുന്ന വിനയ് എന്ന കഥാപാത്രവും

വിനയ് : ഒരിക്കലും വെറുക്കപ്പെട്ട കഥാപാത്രങ്ങളല്ല. എന്നെയും നിങ്ങളെയും പോലെ സാധാരണ മനുഷ്യരാണ് അവർ. ആ മനുഷ്യന്റെ ഉള്ളിലെ ഗ്രേ ഷെയ്ഡ് പുറത്തുകൊണ്ടുവരിക എന്നത് മാത്രമേ നമ്മൾ ചെയ്തിട്ടുള്ളൂ. നമ്മുടെ ചുറ്റും ഇത്തരം ആൾക്കാർ തന്നെയാണുള്ളത്. ഓരോരുത്തരുടെയും നിവൃത്തികേടാണ് അവരെക്കൊണ്ട് ഓരോന്ന് ചെയ്യിക്കുന്നത്. അതുകൊണ്ടാണ് നമ്മളെ മനുഷ്യരെന്ന് വിളിക്കുന്നത്. അല്ലെങ്കിൽ നമ്മളൊക്കെ ദൈവങ്ങളാവില്ലേ..എപ്പോഴും നന്മ മാത്രം ചെയ്യുന്നവരല്ലല്ലോ മനുഷ്യർ. അത്തരം സാധാരണക്കാരെ തന്നെയാണ് നമ്മൾ ആട്ടത്തിലും കാണിച്ചിട്ടുള്ളത്.

എത്രത്തോളം ബുദ്ധിമുട്ടുള്ളതായിരുന്നു വിനയ് എന്ന കഥാപാത്രം

വിനയ് : മാറിനിന്ന് നോക്കിക്കഴിഞ്ഞാൽ നല്ല ബുദ്ധിമുട്ടുള്ള സംഗതിയായിരുന്നു അത്. പിന്നെ എത്ര ബുദ്ധിമുട്ടുള്ള കഥാപാത്രമായാലും നല്ലൊരു സംവിധായകന്റെ, എഴുത്തുകാരന്റെ, ഒരു കൂട്ടം മികച്ച അഭിനേതാക്കളുടെ ഒപ്പം ചെയ്യുമ്പോൾ എളുപ്പമായിത്തീരും. അവർ നമ്മുടെ പണി എളുപ്പമാക്കും. അങ്ങനെയൊരു സ്വാതന്ത്രൃം ഇവിടെ ഉണ്ടായിരുന്നു. പിന്നെ ഒരു മലയാള സിനിമയിലും ഇല്ലാത്ത പരിപാടി നമ്മൾ ഇവിടെ ചെയ്തിട്ടുണ്ട്. ഏതാണ്ട് 40 ദിവസത്തോളം സിനിമ തുടങ്ങുന്നതിന് മുമ്പ് റിഹേഴ്സൽ ഉണ്ടായിരുന്നു. അതോടെ എല്ലാവർക്കും തിരക്കഥ മനഃപാഠമായി. മറ്റുള്ള കഥാപാത്രങ്ങളുടെ സംഭാഷണം വരെ മനഃപാഠമായി.  ആ തയ്യാറെടുപ്പുകൾ എല്ലാവർക്കും സഹായകമായിരുന്നു. എപ്പോഴും നല്ല തിരക്കഥകളുടെ ഭാഗമാവുക എന്ന് പറഞ്ഞാൽ അടിപൊളിയാണ്. വളരെ ബ്രില്ല്യന്റ് ആയ എഴുത്തുകാരനാണ് ആനന്ദ് ആകർഷി. കാരണം എന്റെ പത്ത് സുഹൃത്തുക്കളെ നിരത്തി നിർത്തി ഇവർ ഓരോരുത്തരുടെയും കഴിവ് തുറന്ന് കാണിക്കാൻ പറ്റുന്ന ഒരു തിരക്കഥ എഴുതമോ എന്നാണ് ഞാൻ അവനോട് ചോദിച്ചത്. ആ പറഞ്ഞത് അക്ഷരംപ്രതി അവൻ ചെയ്തു. സിനിമയിലെ പന്ത്രണ്ട് കഥാപാത്രങ്ങൾക്കും തുല്യ പ്രാധാന്യം കൊടുത്തുകൊണ്ടാണ് ആനന്ദ് തിരക്കഥ എഴുതി സംവിധാനം ചെയ്തത്.

ഷാജോൺ ചെയ്ത ഹരി എന്ന കഥാപാത്രം  പ്രേക്ഷകർ ഏറ്റെടുത്തുകഴിഞ്ഞു

ഷാജോൺ : ഹരി എന്ന കഥാപാത്രത്തിന് എനിക്ക് കടപ്പാടുള്ളത് വിനയ് എന്ന് പറയുന്ന നടനോടാണ്. ‌

വിനയ് : കടപ്പാട് എന്നൊന്നും പറയല്ലേ ചേട്ടാ. അത് പരസ്പരം ഉള്ള കാര്യമാണ്. നമ്മൾ കുറച്ച് നാടകക്കാർ ചേർന്ന് സിനിമ ചെയ്യുന്നു. അതിൽ ഏറ്റവും കൂടുതൽ പരാമർശിക്കുന്ന കഥാപാത്രമാണ് ഷാജോൺ ചേട്ടന്റേത്. എന്റെ മുമ്പിൽ രണ്ടുമൂന്ന് ഓപ്ഷൻ തന്നിരുന്നു ആനന്ദ്. മറ്റൊന്നും ഞാൻ ഏറ്റെടുക്കാൻ പോയില്ല. ആദ്യമേ ഷാജോൺ ചേട്ടനെ ഞാൻ ലോക്ക് ചെയ്തു. ഇതൊരു കുഞ്ഞ് സിനിമയാണ്. അതിന്റെ ഭാഗമാവാനും അതിലുള്ള ഓരോരുത്തർക്കൊപ്പം അവരിൽ ഒരാളായി നിന്ന് ഗംഭീരമായാണ് ചേട്ടൻ ഹരി ആയി മാറിയത്. ദൃശ്യം എന്ന സിനിമയ്ക്കും മീതെ ചർച്ച ചെയ്യപ്പെടും ചേട്ടന്റെ ഹരി എന്ന കഥാപാത്രം. കാരണം ആത്യന്തികമായി ചേട്ടൻ ഒരു സിനിമാനടനാണ്. പക്ഷേ ഹരി ഒരു നാടക നടൻ കൂടിയാണ്. ആ താളവും ഭാവവുമെല്ലാം അത്ര ഗംഭീരമായി സിനിമയിൽ വന്നിട്ടുണ്ട്.

ഷാജോൺ : എന്നെ സംബന്ധിച്ച് പുതിയൊരു അനുഭവമായിരുന്നു ആട്ടം. ആനന്ദ് കഥ പറയുമ്പോൾ തന്നെ അതിന്റെ ക്ലാസ് നമുക്ക് മനസിലാകും. 25 വർഷമാവാൻ പോകുന്നു ഞാൻ സിനിമയിലെത്തിയിട്ട്. ഒരുപാട് കഥകൾ ഇതിനിടെ കേട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ ഒരാൾ നമ്മുടെ മുന്നിൽ വന്നിരുന്നു കഥ പറയുമ്പോൾ തന്നെ നമുക്കറിയാം ഈ സിനിമ എന്താണ് എങ്ങോട്ടാണ് പോകുന്നത് എന്ന്. ആനന്ദ് വന്ന് കഥ പറഞ്ഞപ്പോൾ ഇതുവരെ ചെയ്യാത്ത ഒരു കാര്യം ചെയ്യാൻ പോകുന്നതിന്റെ ഒരു എക്സൈറ്റ്മെന്റ് ഉണ്ടായിരുന്നു. അങ്ങനെ അപൂർവമായേ ഒരു തിരക്കഥ നമുക്ക് ലഭിക്കൂ. റിഹേഴ്സൽ ക്യാമ്പും മറ്റും പുതുമയുള്ളതായിരുന്നു.

 ഷാജോണിന്റെ വില്ലൻ കഥാപാത്രങ്ങൾക്ക് കൂടുതൽ ആരാധകരുണ്ട്

ഷാജോൺ : ഒരു കഥാപാത്രത്തിന് വേണ്ടി അങ്ങനെ ഒരുപാട് ഹോംവർക്ക് ചെയ്യുന്ന ആളൊന്നുമല്ല ഞാൻ. അതെന്റെ അറിവുകേടായിരിക്കാം. പിന്നെ ഇതുപോലെ ഓരോ സംവിധായകർ വന്നിട്ട് പറയുമ്പോൾ അവർ നമ്മളെ വ്യത്യസ്തമായ വഴിയിലൂടെ കൊണ്ടുപോവുകയാണെന്ന് അറിയുമ്പോൾ അതിനുള്ള കഴിവ് അവർക്കുണ്ടെന്ന അറിയുമ്പോൾ അവർക്കൊപ്പം ആ ഓളത്തിൽ അങ്ങ് പോവുക, അവർ പറയുന്ന പോലെ ചെയ്യുക എന്നേയുള്ളൂ. തിരുത്താൻ ഒരാളുണ്ടെങ്കിലേ നമുക്ക് നന്നാക്കാൻ പറ്റൂ. അതിനുള്ള ഭാഗ്യം എനിക്ക് കിട്ടിയിട്ടുണ്ട്.

ലോകധർമി എന്ന തീയേറ്റർ ഗ്രൂപ്പിലെ അംഗങ്ങളാണ് ആട്ടത്തിലെ പ്രധാന കഥാപാത്രങ്ങൾ. എങ്ങനെയാണത് സംഭവിക്കുന്നത്

വിനയ് : പതിനഞ്ച്  വർഷമായി ഞാൻ സിനിമയിൽ വന്നിട്ട്. ഡിഗ്രി ഫസ്റ്റ് ഇയർ മുതൽ ഞാൻ ലോകധർമിയിൽ ഉണ്ട്. പിന്നെ ഞാൻ ഫിലിം സ്കൂളിൽ പോയി, സിനിമയിൽ അഭിനയിച്ചു. ഏതാണ്ട് 65 ഓളം ചിത്രങ്ങൾ ചെയ്തു. ഞാനെന്ന നടൻ രൂപാന്തരം പ്രാപിക്കാൻ ഒരുപാട് പേർ കാരണക്കാർ ആയിട്ടുണ്ട്. അതിൽ ഏറ്റവും കൂടുതൽ ആളുകൾ ലോകധർമിയിലേതാണ്. അവരോടൊക്കെ ഓരോരോ തരത്തിൽ ഞാൻ കടപ്പെട്ടിട്ടുണ്ട്. ഞാനിവർക്കൊന്നും തിരികെ കൊടുത്തിട്ടില്ലെന്ന ചിന്ത എനിക്ക് തോന്നിയിട്ട് കുറച്ചായി. സമൂഹത്തിൽ പല തലത്തിൽ നിന്നുള്ളവരാണ് ഇവർ.  ഇവരുടെയൊക്കെ ആത്യന്തികമായ ആഗ്രഹം എന്ന് പറയുന്നത് സിനിമയിലൊരു ഗംഭീര വേഷം ചെയ്യുക എന്നുള്ളതാണ്. അങ്ങനെയൊരു വേഷം കൊടുക്കാൻ എനിക്ക് പറ്റിയിട്ടില്ല. ആ ചിന്തയിൽ നിന്നാണ് ആട്ടം ഉണ്ടാവുന്നതും ലോകധർമിയിലെ അംഗങ്ങൾ അതിൽ ഭാഗമാവുന്നതും.

 പരസ്പരമുള്ള പാരവയ്പ്പ് ആട്ടത്തിലെ പ്രധാന കഥാപാത്രങ്ങൾക്കിടയിലുണ്ട്. ഇത്ര വർഷങ്ങൾക്കിടയിൽ അത്തരമൊരു അനുഭവം സിനിമാരംഗത്ത് നിന്നുണ്ടായിട്ടുണ്ടോ

ഷാജോൺ : ഈ പാരവെപ്പ് എന്ന് പറയുന്നത് എല്ലാ രംഗത്തും ഉള്ളതാണല്ലോ. ഞനതിന് അത്ര ശ്രദ്ധ കൊടുക്കുന്ന ആളല്ല. അതിനെപറ്റി ചിന്തിക്കാൻ പോയാൽ നമുക്ക് സമാധാനം ഉണ്ടാവില്ല.എല്ലാവരെയും നമുക്ക് സംശയമാവും. ഇനി അവർ പാരവച്ചിട്ടാണോ ആ കഥാപാത്രം കയ്യിൽ നിന്ന് പോയത് എന്നൊക്കെ ചിന്തിച്ചുകൂട്ടും. അതൊക്കെ വലിയ കുഴപ്പം പിടിച്ച പരിപാടിയാണ്. നമ്മൾ ആർക്കും പാരവയ്ക്കാതിരിക്കുക. അതുകൊണ്ട് തന്നെ നമുക്ക് തിരിച്ച് പാരയൊന്നും കിട്ടില്ലെന്ന് നമുക്ക് പ്രതീക്ഷിക്കാം. നമുക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങൾ മാത്രം ചെയ്ത് മുന്നോട്ട് പോവാം. എല്ലാവരെയും സന്തോഷിപ്പിച്ചിട്ട് നമുക്കൊന്നും ചെയ്യാനാവില്ല.

വിനയ് : ഷാജോൺ ചേട്ടൻ പറഞ്ഞ പോലെ പാരവയ്പ്പൊന്നും ഇല്ലാത്ത ഒരു മേഖലയില്ല. ശ്രദ്ധ കൊടുക്കാതിരിക്കുക എന്നത് തന്നെയാണ് നമുക്ക് ചെയ്യാൻ പറ്റുന്നത്. ഞാനതിന്റെ പിറകേ പോകാറില്ല.  എന്റെ ക്രിയേറ്റീവ് എനർജി അവിടെ കളയാൻ ഞാൻ നോക്കാറില്ല. എന്റെ പണിയെടുത്ത്, എനിക്ക് സമാധാനം തരുന്ന കാര്യങ്ങൾ ചെയ്ത് മുന്നോട്ട് പോവും. ആകെ കുറച്ചുനാളല്ലേ ഇവിടെയുള്ളൂ..സമാധാനപരമായി മുന്നോട്ട് പോവുന്നതല്ലേ നല്ലത്.

കമേഴ്സ്യൽ എലമെന്റുള്ള സിനിമയാണ് ആട്ടം. എന്തുകൊണ്ടാണ് തീയേറ്റർ റിലീസിന് മുമ്പ് മേളകളിലേക്ക് ആട്ടം അയക്കാൻ തയ്യാറായത്

വിനയ് : ഇതൊരു ന്യൂനപക്ഷത്തിന് വേണ്ടിയുള്ള സിനിമയാവരുതെന്ന് ഞാനും ആനന്ദും ആദ്യമേ തീരുമാനിച്ചിരുന്നു. എന്നാൽ കൺവെഷൻ സിനിമകളുടെ സ്ഥിരം ചേരുവകളായ പാട്ട്, ഇടി തുടങ്ങിയവ കാര്യങ്ങളുണ്ടല്ലോ അത് ബ്രേക്ക് ചെയ്യണമെന്നും തീരുമാനിച്ചിരുന്നു. ആളുകളെ എൻഗേജ് ചെയ്യുന്ന എന്റർടെയ്ൻ ചെയ്യുന്ന സിനിമ,. അത്രയേ ഉറപ്പിച്ചിരുന്നുള്ളൂ,. ആട്ടത്തിന്റെ തിരക്കഥ പൂർത്തിയായപ്പോൾ എനിക്ക് മനസിലായി വളരെ ഡെപ്ത് ഉള്ള സിനിമയാണ്. ശക്തമായ ഉള്ളടക്കമുള്ള  സിനിമയാണ്. അതിന്റെ പുറത്താണ് മേളകളിലേക്ക് ചിത്രം പോയത്. ഫെസ്റ്റിവലിന് പോവുന്ന ചിത്രങ്ങൾ ഭയങ്കര സ്ലോ ആണെന്നും സംഭാഷണങ്ങൾ നാടകീയമാകുമെന്നും എന്നൊക്കെയുള്ളത് തെറ്റായ ധാരണയാണ്. അങ്ങനെയല്ല. ആട്ടത്തിനെ ഒരു തരം സിനിമയെന്ന് പറഞ്ഞ് ഒതുക്കേണ്ട കാര്യമില്ല.

സ്ത്രീസുരക്ഷയെക്കുറിച്ച് ആട്ടത്തിൽ പരാമർശമുണ്ട്. എത്രത്തോളം സുരക്ഷിതമാണ് സ്ത്രീകൾക്ക് മലയാള സിനിമ

ഷാജോൺ : എന്റെ അറിവിൽ മലയാള സിനിമ സ്ത്രീകൾക്ക് വളരെ സുരക്ഷിതമാണ്. നിരവധി സ്ത്രീകൾ ഈ മേഖലയിലേക്ക് നിത്യവും കടന്നുവരുന്നുണ്ട്. എല്ലാ മേഖലയിലും പ്രശ്നങ്ങളുള്ളത് പോലെ സിനിമയിലും ഉണ്ടാവാം. സ്ത്രീകൾ നല്ല കരുത്തുള്ളവരാവുക. അതാണ് ഇതിനുള്ള ഏറ്റവും നല്ല മറുപടി. വളരെ നല്ല കാര്യമാണ് സിനിമയിലും സ്ത്രീ സാന്നിധ്യം കൂടിവരുന്നത്. ഇനിയും ധാരാളം പേർ വരട്ടെ. പ്രശ്നങ്ങളെ അവർ തന്നെ ധൈര്യമായി നേരിടാൻ  പഠിക്കട്ടെ. നോ പറയേണ്ടിടത്ത് നോ തന്നെ പറയണം. അതിനുള്ള ധൈര്യമുള്ള കുട്ടികൾ ഒരുപാടുണ്ട് ഈ ജനറേഷനിൽ.

വിനയ് : ഈ ജനറലൈസ് ചെയ്യുന്നതിൽ എനിക്ക് വിയോജിപ്പുണ്ട്. കാരണം മലയാള സിനിമയയ്ക്ക് നേരെ വരുന്ന എല്ലാ ആരോപണങ്ങൾക്കും കാരണം മലയാള സിനിമയ്ക്ക് ഒരു മുഖമുള്ളതുകൊണ്ടാണ്. ഈ പറയുന്ന പ്രശ്നങ്ങൾ സമൂഹത്തിന്റെ എല്ലാ മേഖലയിലും ഉണ്ട്.  മലയാള സിനിമ എന്ന് പറയുന്നത് ഒരു വ്യക്തിയല്ല. വ്യത്യസ്തരായ ആൾക്കാരാണുള്ളത്. ഇപ്പോഴത്തെ സിസ്റ്റം വച്ച് നോക്കിയാൽ സ്ത്രീകൾ വളരെ ശക്തരാണ്. എന്ത് അനീതിയിൽ നിന്നും അവരെ സംരക്ഷിക്കാൻ പാകത്തിനാണ് സിസ്റ്റം തന്നെയുള്ളത്.

25 വർഷമായി സിനിമയിലെത്തിയിട്ട്... എങ്കിലും മലയാളികൾ ഷാജോണിലെ നടനെ അംഗീകരിച്ചത് ദൃശ്യം മുതലാണെന്ന് തോന്നിയിട്ടുണ്ട്. എത്രത്തോളം സംതൃപ്തനാണ് ഈ യാത്രയിൽ

ഷാജോൺ : ഒരു കഥാപാത്രത്തിന്റെ, അല്ലെങ്കിൽ ഒരു സിനിമയുടെ പേരിൽ അറിയപ്പെടുക എന്നുള്ളത് ഒരു കലാകാരനെ സംബന്ധിച്ച് വലിയ അനുഗ്രഹമാണ്. അതിനെ മറികടക്കുക എന്നത് വലിയ വെല്ലുവിളിയും. ഏത് കഥാപാത്രം ചെയ്താലും സഹദേവനുമായാണ് താരതമ്യം ചെയ്യുന്നത്. അതിനപ്പുറം നമുക്ക് ചെയ്യാൻ പറ്റണം, അതിനുള്ള പരിശ്രമമാണ് നടക്കുന്നത്. സഹദേവനെ മറന്ന് അതിന്റെ മുകളിൽ പേര് പറയുന്ന ഒരു കഥാപാത്രം ചെയ്യാനുള്ള ടാസ്ക് ആണ് എനിക്ക് മുന്നിൽ ഉള്ളത്. അതിനുള്ള കാത്തിരിപ്പിലാണ്. അത് നമ്മളിലേക്ക് വന്നുചേരേണ്ടതാണ്. എനിക്ക് ഒരു മുൻപരിയവുമില്ലാത്ത ജീത്തു ജോസഫാണ് എനിക്ക് മൈ ബോസും അതിന് തൊട്ടടുത്ത വർഷം ദൃശ്യവും തന്നത്. അതുവരെ ചാൻസ് ചോദിച്ചുകൊണ്ടിരുന്ന ഒരു സംവിധായകനും അത്തരമൊരു കഥാപാത്രം തന്നിട്ടുമില്ല. ഇതെല്ലാം ഒരോ സമയമാണ് എന്ന് വിശ്വസിക്കുന്ന ആളാണ്  ഞാൻ. ഈ 25 വർഷത്തെ യാത്രയിൽ നൂറ് ശതമാനവും ഞാൻ സംതൃപ്തനാണ്.  ഒന്നും പ്രതീക്ഷിക്കാതെ വന്ന ആളാണ്. മൈ ഡിയർ കരടി എന്ന ചിത്രത്തിൽ മണിച്ചേട്ടന്റെ ഡ്യൂപ്പായി കരടി വേഷത്തിലാണ് ഞാൻ മലയാള സിനിമയുടെ ഭാഗമാകുന്നത്. രാവിലെ ആറര മുതൽ പാക്കപ്പ് പറയുന്നത് വരെ ആ വേഷത്തിലാണ്. പത്തുനാൽപത് ദിവസത്തോളം ആ വേഷത്തിൽ തന്നെയായിരുന്നു. എല്ലാം പോസിറ്റീവ് ആയി കാണുന്ന ആളാണ് ഞാൻ. അവിടന്ന് വന്ന് ഇന്ന് നല്ല നല്ല സിനിമകളുടെ ഭാഗമാവുന്നു, മലയാള സിനിമയിലെ ഒരു നടൻ എന്ന രീതിയിൽ പ്രേക്ഷകർ അംഗീകരിക്കുന്നു, സ്നേഹിക്കുന്നു, അത് വലിയ അനുഗ്രഹമാണ്. സിനിമയിൽ വരാൻ എളുപ്പമാണ്, ഇവിടെ നിന്ന് പോകാനാണ് ബുദ്ധിമുട്ട്.

ഏതാണ്ട് 15 വർഷത്തോളമായി വിനയ് മലയാള സിനിമയുടെ ഭാഗമായിട്ട്. ഷാജോണിനെ പോലെ നൂറ് ശതമാനം സംതൃപ്തനാണോ

വിനയ് : ഇന്ത്യൻ സിനിമയിൽ തന്നെ ഏറ്റവും മികച്ച നടന്മാരുള്ള ഇൻഡസ്ട്രി ആണ് മലയാള സിനിമ. അതിൽ 15 വർഷമായി നിലനിന്ന് പോകാൻ പറ്റി എന്ന് പറയുന്നതിൽ ഞാൻ വളരെ സംതൃപ്തനാണ്. ഞാനിപ്പോഴും പഠിച്ചുകൊണ്ടിരിക്കുന്ന സ്റ്റേജിലാണ്. ഞാനൊന്നും ചെയ്തിട്ടില്ല എന്ന തിരിച്ചറിവ് എനിക്കുണ്ട്. ഓരോ സിനിമകൾ തരുന്ന സന്തോഷമുണ്ടല്ലോ..അത് വളരെ വലുതാണ്. അത്തരം വലിയ സന്തോഷം തരുന്ന സിനിമയാണ് ആട്ടം.