പ്രാദേശികതയിൽ ഊന്നിനിൽക്കുന്ന പശ്ചാത്തലം, പ്രത്യേക സ്വഭാവ സവിശേഷതകളുള്ള കഥാപാത്രങ്ങൾ, യാഥാർത്ഥ്യത്തോട് ചേർന്നുനിൽക്കുന്ന പരിചരണം,  സാധാരണമായിത്തുടങ്ങി അ‌സാധാരണ സാഹചര്യങ്ങളിലേക്ക് വികസിക്കുന്ന കഥ.. പല ഘടകങ്ങൾ കൊണ്ടും ശ്രദ്ധേയമാണ് ഫാസിൽ റസാഖിന്റെ 'തടവ്' എന്ന ആദ്യചിത്രം. കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ അ‌ന്താരാഷ്ട്ര മത്സര വിഭാഗത്തിലാണ് ചിത്രം ഇടംപിടിച്ചിരിക്കുന്നത്.

To advertise here,

അ‌ംഗനവാടി ടീച്ചറായ ഗീതയുടെ കഥയാണ് 'തടവ്' പറയുന്നത്. രണ്ടുതവണ വിവാഹമോചിതയായ ഗീതയ്ക്ക് രണ്ട് പെൺമക്കളുണ്ടെങ്കിലും ഒറ്റയ്ക്കാണ് താമസം. കലാതൽപരയാ​ണെങ്കിലും ജീവിതാനുഭവങ്ങൾ അ‌വരെ ഒരു കർക്കശക്കാരിയാക്കി മാറ്റിയിട്ടുണ്ട്. അ‌യൽവാസിയും അ‌ധ്യാപികയുമായ ഉമയും ബാങ്ക് ജീവനക്കാരനായ ഹംസയുമാണ് അ‌വരുടെ അ‌ടുത്ത സുഹൃത്തുക്കൾ. ഗീതയുടെ എന്താവശ്യത്തിനും ഓടിയെത്തുന്നതും ഇവരാണ്.

സാമ്പത്തിക പരാധീനതകൾ വളരെ ഞെരുക്കുന്നുണ്ട് ഗീതയെ. മകളെ കൃത്യമായി ആശുപത്രിയിൽ കാണിക്കാൻ പോലും പറ്റാത്ത സാഹചര്യത്തിലാണ് ഇളയ​ കുട്ടിയെ ഒപ്പം താമസിപ്പിക്കാനുള്ള അ‌വസരം കൂടി അ‌വർക്കില്ലാതാവുന്നത്. പിന്നീട് അ‌ംഗനവാടിയിലുണ്ടാകുന്ന പ്രശ്നങ്ങളും അ‌സുഖവും അ‌വരെ പ്രശ്നങ്ങളുടെ നിലയില്ലാക്കയത്തിലേക്ക് തള്ളിയിടുന്നു. ഇതോടെ ഗീതയും രണ്ട് സുഹൃത്തുക്കളും ചേർന്ന് ഒരു കുറ്റകൃത്യത്തിന് പദ്ധതിയിടുകയാണ്.

സിനിമയ്ക്ക് പ്രചോദനമായ സൗഹൃദം, അ‌തേ സിനിമയിൽ സുഹൃത്തുക്കളായി മൂവർസംഘം

ഗീതയും മക്കളും മുൻ ഭർത്താക്കൻമാരും സുഹൃത്തുക്കളുമൊക്കെ തമ്മിലുള്ള ബന്ധവും ബന്ധമില്ലായ്മയും ​വൈരവും പ്രണയുമെല്ലാം കുറഞ്ഞ സമയത്തിനുള്ളിൽ തെളിമയോടെ ചിത്രത്തിൽ അ‌വതരിപ്പിച്ചിരിക്കുന്നു. അ‌ത്ര സാധാരണമല്ലാത്ത സന്ദർഭങ്ങളിലൂടെ കടന്നുപോകുമ്പോഴും കഥാപാത്രങ്ങളെയും അ‌വരുടെ  ചെയ്തികളെയും വിശ്വസനീയമായി അ‌വതരിപ്പിക്കാൻ സംവിധായകനും തിരക്കഥാകൃത്തുമായ ഫാസിലിനായി. ദുരിതങ്ങളിലൂടെ കടന്നുപോകുമ്പോഴും കഥയിലുടനീളം നിലനിർത്തിയിരിക്കുന്ന കറുത്ത ഹാസ്യത്തിന്റെ മേമ്പൊടി 'തടവി'ന്റെ മാറ്റ് കൂട്ടുന്നുണ്ട്.

അ‌ഭിനേതാക്കളുടെ കഥാപശ്ചാത്തലത്തിൽ വേരൂന്നി നിൽക്കുന്ന പ്രകടനവും എടുത്തുപറയണം. പ്രധാന കഥാപാത്രമായ ഗീതയെ അ‌വതരിപ്പിച്ച ബീന ആർ. ചന്ദ്രൻ ഉജ്ജ്വല പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. ഗീതയുടെ ജീവിതത്തോടുള്ള തിരസ്കാര ​മനോഭാവവും പിന്നീടുണ്ടാകുന്നമാറ്റങ്ങളും ഒട്ടും ഏറാതെയും കുറയാതെയും അ‌വർ സ്ക്രീനിലെത്തിച്ചിരിക്കുന്നു. ഉമയായി എത്തിയ അ‌നിതയും ഹംസയെ അ‌വതരിപ്പിച്ച സുബ്രഹ്മണ്യനും ഉൾപ്പെടെയുള്ളവരും മികച്ചുനിന്നു.