
അഫ്ഗാനിസ്ഥാനും ഇറാനുമടങ്ങുന്ന അശാന്തമായ ഭൂമേഖലയിലാണ് കഥ തുടങ്ങുന്നത്. അഫ്ഗാനിസ്ഥാനിൽ കാബുളിലേക്ക് താലിബാൻ മുന്നേറിക്കൊണ്ടിരിക്കുന്ന 2021 ലെ വേനൽക്കാലം. അധികാരം ആരുടെ കൈയിലായാലും പിന്നാക്കാവസ്ഥയിൽ നിന്നും എന്നും പിന്നാക്കം മാത്രം പോയിട്ടുള്ള എത്‌നിക് ന്യൂനപക്ഷമായ ഹസാരകളുടെ ജീവിതത്തിലേക്കാണ് അഹമ്മദ് എത്തിപ്പെടുന്നത്. ഈ മേഖലയിലെ അധികാരമാറ്റങ്ങൾ പ്രതിസന്ധിയിലാക്കിയ ജനതയുടെ കഥയാണ് ഇത്. അതിനുമപ്പുറം പാരമ്പര്യത്തിന്റെ അതിർത്തിരേഖകളിൽപ്പെട്ടുപോയവരുടെ കഥ കൂടിയാണ്. ജാഫർ പനാഹിയടക്കം ജയിലിലുകണ്ട ഒട്ടേറെ കലാകാരന്മാരുള്ള ഇറാനിയൻ നവതരംഗ സിനിമകളിലെ കനമുള്ള കണ്ണിയാകുന്നത് ആ സിനിമ പങ്കുവെക്കുന്ന അതിർത്തികടന്നുള്ള രാഷ്ട്രീയം കൊണ്ടുകൂടിയാണ്. അബ്ബാസ് ആമിനി സംവിധാനം ചെയ്ത ആ 'എൻഡ്‌ലെസ് ബോർഡേഴ്‌സി'നാണ് 2023 ഗോവ അന്താരാഷ്ട്ര ചലചിത്രമേളയിലെ സുവർണമയൂരം. മികച്ച നടനായത് അധ്യാപന വിലക്കുള്ള അധ്യാപകനായി വേഷമിട്ട പൗറിയ രഹിമി സാമാണ്.
വിലക്കുകൾ ലംഘിച്ച്, അതിർത്തിക്ക് അപ്പുറത്തും ഇപ്പുറത്തുമുള്ള കുട്ടികളെ പഠിപ്പിക്കുന്ന അധ്യാപകനായാണ് അഹമ്മദിനെ നമ്മൾ കാണുന്നത്. ഗ്രാമത്തിന്റെ അസ്ഥിരത നാട്ടുപ്രമാണികളുടെ വാക്കിലും നോക്കിലും, ഇടക്ക് വന്നു പോകുന്ന 'സായുധ' വാഹനങ്ങളുടെ ഇരമ്പലിലുമുണ്ട്. മൊബൈലിൽ റേഞ്ച് അന്വേഷിച്ചുകണ്ടെത്തി ദൂരെയുള്ള ആരെയോ വിളിച്ച് സംസാരിക്കുന്ന അഹമ്മദിന്റെ മുഖത്തും, പുറത്തു വീഴുന്ന എണ്ണിത്തിട്ടപ്പെടുത്തിയ വാക്കിലുമുണ്ട് അദ്ദേഹം നേരിടുന്ന പ്രതിസന്ധികളുടെ ആഴം. താൻ ചെയ്ത അതേ കുറ്റത്തിന് ജയിലിൽ കിടക്കേണ്ടി വന്ന ഭാര്യ നിലൂഫറാണ് (Mino Sharifi) ഫോണിൽ എന്നു നമ്മൾ മനസ്സിലാക്കിയെടുക്കുമ്പോഴേക്കും ഒട്ടേറെ പ്രതിസന്ധികളിലേക്ക് ചെന്നെത്തിയിരിക്കും അഹമ്മദ്. അതിൽ ഇടക്കിടക്ക് അതിർത്തികടന്നെത്തുന്ന താലിബാനികൾ മുതൽ ആ ചെറു സമൂഹത്തിലെ തലമൂത്തയാളുടെ മകന്റെ പ്രണയം വരെയുണ്ട്. വാർദ്ധക്യരോഗം ബാധിച്ച് കിടക്കുന്നയാളെ പരിചരിക്കുന്ന കുട്ടി (ഹസീബ) അയാളുടെ മകളല്ല, ഭാര്യയാണെന്നറിയുമ്പോഴുള്ള ഞെട്ടലുണ്ട്. അവിടെ ശരിയേതാണെന്നും തെറ്റേതാണെന്നും തിരിച്ചറിയാൻ കഴിയാതെ നിസ്സംഗനായി നിന്നുപോകുന്നുണ്ട് അഹമ്മദ്. ഇവിടെയാണ് പൗറിയ രഹിമി സാം അഭിനയചാതുരിയുള്ള നടനാണെന്ന് നമ്മൾ തിരിച്ചറിയുന്നത്.
പാകിസ്താനും അഫ്ഗാനിസ്താനും ഇറാനും അടങ്ങിയ ബലൂച് മേഖലയിലെ രാഷ്ട്രീയ സാഹചര്യം അറിയുന്നവർക്ക് എൻഡ്‌ലെസ് ബോർഡേഴ്‌സ് കൂടുതൽ മനസ്സിലാകും. അതിലേക്ക് പ്രേക്ഷകനെ കൊണ്ടുചെന്നെത്തിക്കുന്ന അധികമൊന്നും ആ സിനിമയിലില്ല. രാഷ്ട്രീയം ആഴത്തിൽ മനസ്സിലാക്കിയില്ലെങ്കിൽ ഒരു ത്രില്ലർ കണ്ടിരിക്കുന്നതുപോലെ അവസാന സീൻ വരെ നീളുന്ന സസ്‌പെൻസുണ്ട്. രണ്ടു മണിക്കൂർ പോലുമില്ലാത്ത സാധാരണ സിനിമക്ക് ചെയ്യാവുന്നതിൽ കൂടുതൽ അബ്ബാസ് ആമിനി ചെയ്തുവെച്ചിട്ടുണ്ട്.
മരണക്കിടക്കിയിൽ കിടക്കുന്ന വൃദ്ധനായ ഭർത്താവിനെ വിട്ട് അഹമ്മദിന്റെ വിദ്യാർത്ഥിയായ ബലാജു (Hamed Alipour) മായി പ്രണയത്തിലായ ഹസീബ (Behafarid Ghaffarian) യാണ് അദ്ദേഹത്തെ തേടിയെത്തുന്ന പ്രതിസന്ധികളിലൊന്ന്. ഭരണകൂടവും അതിർത്തികടന്നെത്തുന്ന താലിബാനുമല്ലാതെ ഗ്രാമമുഖ്യന്റെ മകന്റെ പ്രണയത്തിന് കുടപിടിച്ചുകൊടുക്കുന്നു എന്ന കുറ്റവും അഹമ്മദിന് ഏൽക്കേണ്ടിവരുന്നുണ്ട്. ആ സംഘർഷങ്ങളിൽ പങ്കാളിയാവേണ്ടി വരുന്നുണ്ട് അഹമ്മദ്. ബലാജിനും ഹസീബക്കുമിടയിൽ അഹമ്മദും ഭാര്യ നിലൂഫറും അനുഭവിക്കുന്ന പ്രതിസന്ധികൾ ക്ലോൺചെയ്തു കിടക്കുന്നുണ്ടെന്ന് നമ്മളറിയുമ്പോഴാണ് ആ സിനിമ മറ്റൊരു തലത്തിലേക്ക് ചെന്നെത്തുന്നത്.
തുർക്കിയിലേക്കുള്ള രക്ഷപ്പെടലാണ് ബലാജിന്റേയും ഹസീബയുടേയും കുടുംബത്തിന്റേയും ലക്ഷ്യം. അതിൽ അഹമ്മദും ഒപ്പം ചേരുന്നു - അഹമ്മദ് മാത്രമല്ല ഭാര്യ നിലൂഫറും. ഗ്രാമത്തിൽ നിന്ന് 'രക്ഷപ്പെട്ട്' നഗരത്തിലെത്തി നിലൂഫറിനെ അഹമ്മദ് കണ്ടുമുട്ടുന്ന രംഗങ്ങൾ നിലൂഫറായി വേഷമിട്ട മിനോ ഷരീഫി നന്നായി അഭിനയിച്ചു ഫലിപ്പിച്ചു. ത്രില്ലർ സിനിമകളുടെ ഭാഷയാണ് എൻഡ്‌ലെസ് ബോർഡേഴ്‌സ് അവസാന ഭാഗമെത്തുമ്പോൾ നമ്മൾ കാണുന്നത്. ഇടിയും മഴയും, മുള്ളുവേലിയും, എവിടെയും സസ്‌പെൻസ് ഒളിച്ചുവെക്കുന്ന ടെറെയ്‌നും. പശ്ചാത്തല സംഗീതം മുതൽ ക്യാമറയും എഡിറ്റിങ്ങും വരെ മുഖ്യധാരാ സിനിമകളോട് ചേർന്നു നിൽക്കുന്നു.
അസ്ഥിരമായ അഫ്ഗാനിസ്താൻ, എന്തും സംഭവിക്കാവുന്ന പാകിസ്താൻ, പിന്നോട്ടു നടക്കുന്ന ഭരണകൂടമുള്ള ഇറാൻ, അതിനിടയിലാണ് ബലൂച്ചുകളുടെ ജീവിതം. അധികാരപ്രതിസന്ധികൾക്കും തീവ്രവാദ ഗ്രൂപ്പുകളുടെ സ്വാധീനങ്ങൾക്കുമിടയിൽപ്പെട്ടുപോയ അംഗസംഖ്യ അധികമൊന്നുമില്ലാത്ത ഗോത്രങ്ങളുടെ നിസ്സഹായവസ്ഥ കുറച്ചെങ്കിലും പങ്കുവെക്കാൻ എൻഡ്‌ലെസ് ബോർഡേഴ്‌സിന് കഴിഞ്ഞിട്ടുണ്ട്. മരണക്കിടക്കയിൽ കിടക്കുന്ന വയോധികന് നൽകാൻ മരുന്നു ലഭിക്കാതെ നിസ്സഹായനായ ഡോക്ടറുടെ മുഖത്തുണ്ട് ആ നാടിന്റെ ദൈന്യത. എന്നിട്ടും അവർ പിന്തുടരുന്ന വിശ്വാസപ്രമാണങ്ങളുടെ പൊരുത്തമില്ലായ്മയിലുണ്ട് പുതിയ ലോകം അധികമൊന്നും ചർച്ച ചെയ്യാത്ത രാഷ്ട്രീയം.
രണ്ട് അതിർത്തികൾ കടന്നുള്ള പലായനത്തിന്റെ കഥയാണ് എൻഡ്‌ലെസ് ബോർഡേഴ്‌സ്. ഭൂപടത്തിൽ നോക്കിയാൽ മാത്രം വലിപ്പം തോന്നുന്ന, ലോകം കാണാതെ പോകുന്ന പലായനങ്ങളുടെ കഥകളിൽ ഒന്നു മാത്രമാണത്.
Content Highlights: endless borders movie review endless borders’ by abbas amini iffk 2023
Published: 15 Dec 2023, 12:26 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented