
മുഖം മൂടിയണിഞ്ഞ ധാരാളം മനുഷ്യർ നമുക്ക് ചുറ്റിലുമുണ്ട്. കള്ളങ്ങൾ ഒളിപ്പിക്കുന്ന, ദുഷ്ചിന്തകളെ ചിരി കൊണ്ട് മറയ്ക്കുന്ന ഇക്കൂട്ടരെ പലപ്പോഴും അരും തിരിച്ചറിയാറുമില്ല. നന്മ നിറഞ്ഞയാൾ എന്ന ബഹുമതിയും നേടിക്കൊണ്ട് അയാൾ തന്റെ കുറ്റകൃത്യങ്ങൾ തുടർന്ന് കൊണ്ടിരിക്കും. അത്തരത്തിൽ സമൂഹത്തെ മുഴുവൻ വിഡ്ഢികളാക്കിക്കൊണ്ട് മുഖം മൂടിയണിഞ്ഞു ജീവിക്കുന്ന ഒരാളുടെ കഥ പറയുന്ന ചിത്രമാണ് 'ഫാമിലി'.
ഡോൺ പാലത്തറ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിൽ വിനയ് ഫോർട്ട് പ്രധാന വേഷത്തിലെത്തുന്നു. അന്താരാഷ്ട്ര മത്സരവിഭാഗത്തിൽ പ്രദർശനത്തിനെത്തിയ 'ഫാമിലി' ഇടുക്കി പശ്ചാത്തലമാക്കിയാണ് ഒരുക്കിയിരുക്കുന്നത്.
നാട്ടിലെ എന്താവശ്യത്തിനും ഓടിയെത്തുന്ന, കുട്ടികളെ പഠിപ്പിക്കാൻ സമയം കണ്ടെത്തുന്ന പരോപകാരിയാണ് സോണിയെന്ന പ്രധാന കഥാപാത്രം. നാട്ടിലെ എല്ലാവർക്കും ഈ യുവാവിനോട് പ്രത്യേക ഇഷ്ടമുണ്ട്. പക്ഷേ കഥ പുരോഗമിക്കുന്തോറും യഥാർത്ഥ സോണിയേ മെല്ലെ പ്രേക്ഷകർ തിരിച്ചറിയുകയാണ്. സഹായം തേടിയെത്തുന്നവരെ ചേർത്ത് നിർത്തുന്നുവെന്ന് തോന്നിപ്പിക്കുന്ന കഥാപാത്രമാണ് സോണിയുടേത്.
ക്രിസ്തീയ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ പറഞ്ഞുപോകുന്നത്. പള്ളിയിലെ ആവശ്യങ്ങൾക്കുൾപ്പടെ മുന്നിട്ടിറങ്ങുന്ന സോണിയെക്കുറിച്ചും അദ്ദേഹത്തിന്റെ കുടുംബ പരിസരങ്ങളെക്കുറിച്ചുമുള്ള കാഴ്ചകളിലൂടെ പുരോഗമിക്കുന്ന ചിത്രം പതിയെ തീവ്രമാവുകയാണ്. വളരെ സൂക്ഷ്മമായ അവതരണവും മികച്ച രീതിയിൽ എഴുതിയ സംഭാഷണങ്ങളും ചിത്രത്തിന്റെ ആസ്വാദന നിലവാരം ഉയർത്തുന്നതിൽ വളരെയധികം പങ്കുവഹിച്ചിട്ടുണ്ട്.
പ്രണയവും ദുരഭിമാനവും സംശയവും ഉൾപ്പെടെയുള്ള വികാരങ്ങളും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. വസ്ത്രാലങ്കാരത്തിൽ പുലർത്തിയ സൂക്ഷ്മതയും കഥാപരിസരത്തിനോട് നീതി പുലർത്തുന്ന പശ്ചാത്തല സംഗീതവും കൈയടി അർഹിക്കുന്നുണ്ട്. വിനയ് ഫോർട്ട് ഉൾപ്പടെയുള്ള അഭിനേതാക്കൾ തങ്ങളുടെ കഥാപാത്രം മികച്ചതാക്കി.
പുറമെ കാണുന്നത് മാത്രമല്ല മനുഷ്യനെന്ന സത്യം അടിവരയിടുന്നുണ്ട് ഈ ഡോൺ പാലത്തറ ചിത്രം. ഒരു ശക്തമായ രാഷ്ട്രീയം സംസാരിക്കുന്ന, കാലിക പ്രസക്തിയുള്ള ചലച്ചിത്രാവിഷ്കാരമാണ് 'ഫാമിലി'.
Content Highlights: iffk 2023, Family Movie review, Don palathara, vinay fort, newton films
Published: 13 Dec 2023, 04:08 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented