വ്യത്യസ്തമാർന്ന പ്രമേയങ്ങൾകൊണ്ടും അവതരണശൈലി കൊണ്ടും ശ്രദ്ധേയമായ സിനിമകളൊരുക്കുന്ന ഡോൺ പാലത്തറയുടെ ഏറ്റവും പുതിയ ചിത്രമാണ് ഫാമിലി. വിനയ് ഫോർട്ട് കേന്ദ്ര കഥാപാത്രമായെത്തുന്ന ഫാമിലി റോട്ടർഡാം ഫിലിം ഫെസ്റ്റിവലിൽ ലോക പ്രീമിയറിൽ പ്രദർശിപ്പിച്ച ചിത്രമാണ്. നിരവധി ചലച്ചിത്ര മേളകളിൽ ശ്രദ്ധ നേടിയ ഫാമിലി തീയേറ്റർ പ്രദർശനത്തിന് ഒരുങ്ങുന്ന വേളയിൽ സംവിധായകനും നടനും മാതൃഭൂമി ഡോട് കോമിനോട് ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നു

ഫാമിലി, പേരിൽ കുടുംബം ഉണ്ടെങ്കിലും അതിനുമപ്പുറം പലതും പറയുന്ന ചിത്രമാണ്

ഡോൺ : ചെറിയൊരു ഹൊറർ ടച്ച് ഉള്ള സിനിമയായിട്ടാണ് ഞാൻ ഫാമിലിയെ കാണുന്നത്. ഒരു ഹൊറർ എലമെന്റ് ഉണ്ട് ഇതിൽ. വളരെ റിയലസ്റ്റിക്ക് ആയുള്ള രീതിയിലാണ് സിനിമ എടുത്തിരിക്കുന്നത്. കുടുംബം എന്ന വ്യവസ്ഥിതിയെ റൊമാന്റിസൈസ് ചെയ്യുന്ന ചിത്രങ്ങളാണ് മലയാളത്തിലെ കുടുംബ ചിത്രങ്ങൾ. ഫാമിലി അങ്ങനെയല്ല.

ഫാമിലിയിലെ സോണി ഒരുപാട് ലെയറുകളുള്ള നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രമാണ്.  ആട്ടത്തിന് പിന്നാലെ മറ്റൊരു ഗ്രേ ഷെയ്ഡുള്ള കഥാപാത്രമായെത്തുകയാണ്

വിനയ് :  ഗ്രേ ഷെയ്ഡുള്ള കഥാപാത്രം തന്നെയാണ് സോണി. പക്ഷേ ആട്ടം എന്ന ചിത്രത്തിലെ വിനയ്നെ പോലെയുള്ള ഗ്രേ ഷെയ്ഡല്ല അയാൾക്ക്.  സോണി ഭയങ്കര ഒതുക്കമുള്ള കഥാപാത്രമാണ്. അയാൾക്കുള്ളിലെ ഗ്രേ ഷെയ്ഡ് എല്ലാവരിലും കാണാവുന്നതല്ല. പക്ഷേ വിനയ് നമ്മളൊക്കെ തന്നെയാണ്. കാര്യം കാണാൻ വേണ്ടി അങ്ങോട്ടും ഇങ്ങോട്ടും സ്വഭാവം മാറ്റുന്ന, സാധാരണക്കാരിൽ സാധാരണക്കാരനായ, കൗശലക്കാരനായ മറ്റേത് മനുഷ്യനെയും പോലെത്തന്നെയാണ് വിനയ്. രണ്ടും വ്യത്യസ്തരാണ്. സോണിയെക്കുറിച്ച് കൂടുതൽ ഇപ്പോൾ വിശദീകരിക്കാനാവില്ല. ഒരു കുറ്റകൃത്യം ചെയ്ത വ്യക്തിയെ, ക്രിമിനലിനെ  സമൂഹം, കുടുംബം, പ്രസ്ഥാനം എന്ന് പറയുന്ന വ്യവസ്ഥിതികൾ എങ്ങനെ സംരക്ഷിക്കുന്നു എന്ന് പറയുന്നതാണ് ഫാമിലിയുടെ പ്രസക്തി.  അതിന്റെ ഒരു തുറന്നുകാട്ടലുണ്ട് ചിത്രത്തിൽ.  

To advertise here,
placeholder
ഫാമിലിൽ നിന്നും


ഫാമിലിയുടെ കഥാ പശ്ചാത്തലം, പരിസരം, വ്യക്തികൾ, സംഭവങ്ങൾ ഇവയൊക്കെ ഡോണിന്റെ ജീവിതത്തിൽ നിന്ന് പകർത്തിയതാണ്


ഡോൺ : ഇതിന് മുമ്പ് ചെയ്ത ചിത്രങ്ങളിലും എന്റെ വ്യക്തിജീവിതത്തിൽ നിന്നുള്ള കാര്യങ്ങൾ ഞാൻ കൊണ്ടുവന്നിട്ടുണ്ട്. അടുത്തിടെ എനിക്കുണ്ടായ ചില തിരിച്ചറിവുകളിൽ നിന്നാണ് ഈ കഥകളുടെയൊക്കെ ആശയം ഉണ്ടാകുന്നത്. മുതിർന്ന വ്യക്തിയായ ശേഷം കുട്ടിക്കാലത്തേക്ക് തിരിഞ്ഞു നോക്കുമ്പോഴാണ് നമുക്ക് പല കാര്യങ്ങളിലും വ്യക്തത ലഭിക്കുന്നത്. അതെല്ലാം ഫാമിലിയുടെ തിരക്കഥയുടെ ഭാഗമായിട്ടുണ്ട്.  എന്റെ സഹതിരക്കഥാകൃത്തായ ഷെറിന്റെയും സംഭാവന വലുതാണ്.

വിനയ്, സോണിയുടെ മുഖമാവുന്നത് എങ്ങനെയാണ്

ഡോൺ : ഒന്നിച്ചുള്ള പ്രൊജക്ടിനെക്കുറിച്ച് വിനയോട് കുറച്ചു നാളായി സംസാരിക്കാറുണ്ട്. അങ്ങനെയിരിക്കുമ്പോഴാണ് ഫാമിലിയുടെ ആശയം വരുന്നത്. വിനയ്നെ ആണ് സോണി എന്ന കഥാപാത്രമായി ഏറ്റവുമധികം എനിക്ക് ചേർത്തു വയ്ക്കാനായത്. അതിന് പല കാരണങ്ങളുണ്ട്. ഒരുപാട് നാളുകൾ മുമ്പ് വിനയ് ചെയ്ത കർമാ കാർട്ടൽ എന്ന സിനിമ ഞാൻ കണ്ടിട്ടുണ്ട് അതുകൂടാതെ ഏതൊക്കെ തരം ചിത്രങ്ങൾ പല ഘട്ടങ്ങളിലും വിനയ് തിരഞ്ഞെടുത്തിട്ടുണ്ട് എന്ന് ഞാൻ നിരീക്ഷിച്ചിരുന്നു. സമാന്തര സിനിമകളോടുള്ള വിനയുടെ താത്പര്യവും ആഭിമുഖ്യവും ഞാൻ മനസിലാക്കിയിരുന്നു. അതുകൂടാതെ വാണിജ്യ ചിത്രങ്ങളിലൂടെ വിനയ്ക്ക് ഉണ്ടായിട്ടുള്ള ഒരു സോഷ്യൽ ഇമേജ് വളരെ ഫ്രണ്ട്ലിയായ ഒരാളുടേതാണ്. ഫാമിലിയിലെ സോണിയും പുറമേയ്ക്ക് അങ്ങനെയാണ്. എന്നാലയാൾക്ക് വളരെ ഡാർക്ക് ആയ വേറൊരു സൈഡ് ഉണ്ട്. അത് അഭിനയിച്ച് ഫലിപ്പിക്കാൻ കഴിവുള്ള ഒരാളെ വേണമായിരുന്നു എനിക്ക്. അത് പറ്റുന്ന ആളാണ് വിനയ് എന്ന് തോന്നി,.

നായക വേഷങ്ങൾ ശ്രദ്ധിക്കാതെ കൊമേഴ്സ്യൽ ചേരുവകൾ കണക്കിലെടുക്കാതെ വ്യത്യസ്ത  സിനിമകളുടെ ഭാഗമാവാനുള്ള ശ്രമം നടത്തുന്നുണ്ട് വിനയ്
 
വിനയ് :  ആഗ്രഹങ്ങളും ലക്ഷ്യങ്ങളുമുണ്ടെങ്കിലും അവ സംഭവിക്കേണ്ടതാണ്.  നല്ലൊരു വിഷനുള്ള ഒരു ഫിലിംമേക്കറിനൊപ്പം പ്രവർത്തിക്കുക എന്നുള്ളത് ഒരു അഭിനേതാവിന് കിട്ടാവുന്ന ഭാഗ്യമാണ്. ആ ഭാഗ്യം എനിക്കുണ്ടായിട്ടുണ്ട്. ഫാമിലിയെ സംബന്ധിച്ച് അത് അത്ര വൃത്തിയായി എഴുതിയ തിരക്കഥയാണ്. ഒറ്റയിരിപ്പിന് വായിച്ച് തീർത്ത തിരക്കഥയാണ്. അങ്ങനെയൊരു ചിത്രത്തിന്റെ ഭാഗമാവാൻ സാധിച്ചതിൽ ഭയങ്കര സന്തോഷവും അഭിമാനവും ഉണ്ട്.  ട്രാക്ക് മാറ്റാനുള്ള ശ്രമങ്ങൾ എപ്പോഴും ഉണ്ട്. ഇപ്പോ അടുത്ത് വീണ്ടും ട്രാക്ക് മാറ്റണം. അല്ലെങ്കിൽ നമ്മൾ നമ്മളെത്തന്നെ ആവർത്തിച്ചു തുടങ്ങും.

മതം ഒരു പ്രധാന കഥാപാത്രമായെത്താറുണ്ട് ഡോണിന്റെ ചിത്രങ്ങളിൽ. ഫാമിലിയിലും അങ്ങനെ തന്നെയാണ്

ഡോൺ : മതത്തിന്റെ സ്വാധീനത്തിൽ നിൽക്കുന്ന സമൂഹത്തിലാണ് നമ്മളൊക്കെ വളർന്നു വന്നിട്ടുള്ളത്. നമ്മുടെ രാഷ്ട്രീയവും ദൈന്യംദിനകാര്യങ്ങളുമെല്ലാം മതം അറിഞ്ഞോ അറിയാതെയോ നിയന്ത്രിക്കുന്നുണ്ട്. നമ്മുടെയൊക്കെ മുകളിൽ നിൽക്കുന്ന ശക്തികേന്ദ്രമാണ് മതം എന്ന് പറയുന്നത്. ഇന്ത്യൻ സമൂഹത്തിന് മതം എന്ന് പറയുന്നത് വളരെ വലിയ സ്വാധീനശക്തി തന്നെയാണ്. അതിനെ മാറ്റി നിർത്തി കുടുംബം പോലുള്ള ഒന്നിനെക്കുറിച്ച് സംസാരിക്കാനാവില്ല. അതുകൊണ്ട് തന്നെയാണ് ഫാമിലിയിൽ മതം കടന്നു വരുന്നത്.

കൊച്ചി സ്ലാങ്ങ് പലപ്പോഴും വിനയിന്റെ പരിമിതിയായിട്ടുണ്ട്. ഫാമിലിയിൽ ഇടുക്കി ഭാഷ സംസാരിക്കുന്നു, അഭിനയത്തിലും തിരഞ്ഞെടുപ്പിലും വരുത്തുന്ന മാറ്റങ്ങളുടെ ഭാഗമാണോ ഇത്
 
വിനയ് : അതിലേക്ക് എത്താൻ വേണ്ടി ഇത്ര സമയം എടുത്തു എന്നുള്ളതാണ്. ഇത്ര നാളും ഒരു അഭിനേതാവായി അംഗീകരിക്കപ്പെടുക എന്നത് തന്നെ വലിയ കാര്യമാണ്.  ഫാമിലിയുടെ കഥ ഡോൺ പറഞ്ഞപ്പോൾ തന്നെ സമ്മതിച്ചത് ഡോണിനോടുള്ള വിശ്വാസം തന്നെയാണ്. ഈ ഇടുക്കി സംസാരശൈലി ചെയ്യാൻ പറ്റുമെന്നും എനിക്ക് വിശ്വാസം ഉണ്ടായിരുന്നു. ഇനി അത്  മുന്നോട്ട് കൊണ്ടുപോകും. രാജേഷ് രവി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ  അതിൽ വടകര ഭാഷയാണ് സംസാരിക്കുന്നത്. ആദ്യം ഒന്ന് കാലുറപ്പിച്ച് വേണമല്ലോ പുതിയ കാര്യങ്ങൾ ചെയ്ത് നോക്കാൻ . അതിന് പറ്റിയ സമയമായെന്ന് എനിക്ക് തോന്നുന്നുണ്ട്. ട്രാക്ക് മാറ്റുന്നത് പോലെത്തന്നെ പ്രധാനമാണ് അതും, എനിക്കറിയാം എന്റെ പരിമിതിയാണ് ഈ ഭാഷാശൈലിയെന്ന്. അത് മാറ്റാനുള്ള ശ്രമങ്ങൾ ഇനിയുണ്ടാകും.

ഫെസ്റ്റിവൽ സിനിമകളുടെ ഭാഗമാവുന്നതും മനപൂർവമുള്ള തിരഞ്ഞെടുപ്പാണോ

വിനയ് : ഞാൻ സിനിമകളേ തിരഞ്ഞെടുക്കാറുള്ളൂ. അത് ആർട്ടാണോ കമേഴ്സ്യലാണോ എന്ന് നോക്കാറില്ല. എന്റെ ആദ്യ സിനിമ ഋതു അത് പൂർണമായും വാണിജ്യ സിനിമയായിരുന്നില്ല. 2009 ഐഎഫ്എഫ്കെ മുതൽ ഇക്കഴിഞ്ഞ ഐഎഫ്എഫ്കെ വരെ എല്ലാ വർഷവും  എന്റെ ഒരു സിനിമ എങ്കിലും മേളയുടെ ഭാഗമായിട്ടുണ്ട്. ആ ബാലൻസിങ്ങ് ഞാൻ നോക്കാറുണ്ട്. തിരക്കഥയ്ക്കാണ് പ്രാധാന്യം ബാക്കിയൊക്കെ രണ്ടാമത് വരുന്ന കാര്യങ്ങളാണ്.

ഡോണിന്റെ സിനിമകൾ കൊമേഴ്സ്യൽ സിനിമകൾ അല്ല. ആദ്യമായി തിയേറ്ററുകളിലെത്തുന്നത് ഫാമിലിയാണ്. ബോക്സോഫീസിന്റെ കോടിക്കിലുക്കം ഭ്രമിപ്പിച്ചിട്ടില്ലേ ഇത് വരെ

ഡോൺ : പണത്തിന് വേണ്ടി ജീവിക്കണം എന്ന് വിചാരിക്കുന്ന ഒരാളല്ല. ജീവിക്കാൻ പണം ആവശ്യമാണ്. നമുക്കിഷ്ടമുള്ളത് ചെയ്യുക, അതിൽ നിന്ന് എന്തെങ്കിലും കിട്ടിയാൽ നല്ല കാര്യം അങ്ങനെയേ കരുതുന്നുള്ളൂ. ഇന്നതരം ഓഡിയൻസിനെ സന്തോഷിപ്പിക്കാൻ സിനിമ ചെയ്യാം എന്നൊന്നും ഞാൻ ചിന്തിച്ചിട്ടില്ല. അത്തരം ശ്രമങ്ങളും നടത്താറില്ല.

വിനയ് എന്നെങ്കിലും കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ഇമേജിനെ ഭയന്നിട്ടുണ്ടോ

വിനയ് :  ഇമേജിനെ ഭയപ്പെട്ടുതുടങ്ങിയാൽ പിന്നെ അപകടമാണ്.  ഒരു നടന് കഥാപാത്രങ്ങളും സിനിമകളും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്രൃം ഉണ്ടല്ലോ, വാണിജ്യപരമായ സിനിമകൾ മാത്രം ഫോക്കസ് ചെയ്തിരുന്നെങ്കിൽ കുറച്ചുകൂടി കമേഴ്സ്യൽ ആയ പ്രാധാന്യം നമ്മൾക്ക് ലഭിച്ചേനെ. ഞാനൊരു സ്റ്റാറല്ല, നടനാണ്. ആ നടനെ തൃപ്തിപ്പെടുത്തുന്ന സിനിമകൾ കൂടി ഞാൻ ചെയ്യണം. അതുകൊണ്ട് ഇമേജ് ഞാൻ നോക്കാറില്ല. പിന്നെ നിലനിൽപ് എന്ന ഒന്നുണ്ടല്ലോ. ഓടുന്ന സിനിമകളുടെ കൂടി ഭാഗമായാലേ ആ നിലനിൽപ് സാധ്യമാവൂ., അവസരങ്ങൾ കിട്ടൂ. എന്നെ തൃപ്തിപ്പെടുത്തുന്ന സിനിമകൾ മാത്രം ചെയ്താൽ അവസാനം ഞാൻ തന്നെ നിർമ്മിക്കേണ്ടി വരും.