തിരുവനന്തപുരം: പ്രതികൂല സാഹചര്യങ്ങളിൽ പേരാടുന്ന സ്ത്രീകൾക്ക് ആശംസകൾ നേർന്ന് അ‌ഭിനേത്രി ഭാവന. 26-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേള ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അ‌വർ. 

To advertise here,

ഐഎസ് ആക്രമണത്തിൽ ഇരു കാലുകളും നഷ്ടപ്പെട്ട കുർദിഷ് സംവിധായിക ലിസ ചലാൻ, മേളയുടെ ഉദ്ഘാടന ചിത്രമായ 'രഹാന'യിലെ അ‌ഭിനയത്തിന് കാൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച അ‌ഭിനേത്രിയായി തിരഞ്ഞെടുക്കപ്പെട്ട ബംഗ്ലാദേശ് നടി അ‌സ്മരി ഹഖ്, പ്രമുഖ സംവിധായകൻ അ‌നുരാഗ് കശ്യപ് എന്നിവർക്കൊപ്പം അ‌തിഥിയായാണ് ഭാവന ചടങ്ങിന് എത്തിയത്.

placeholder
രാജ്യാന്തര ചലച്ചിത്രമേളയിൽ സംസാരിക്കുന്ന സംവിധായകൻ അനുരാ​ഗ് കശ്യപ് | ഫോട്ടോ : പ്രവീൺ ദാസ്. എം \ മാതൃഭൂമി

ചലച്ചിത്രമേളയുടെ ഭാഗമാവാൻ സാധിച്ചതിൽ ഒരുപാട് സന്തോഷമുണ്ടെന്ന് ഭാവന പറഞ്ഞു. 'എന്നെ ക്ഷണിച്ച രഞ്ജിത് സാറിനും ബീനച്ചേച്ചിയ്ക്കും (ബീനാ പോൾ) പ്രത്യേകം നന്ദി പറയുന്നു. നല്ല സിനിമകൾ സൃഷ്ടിക്കുന്നവർക്കും നല്ല സിനിമകൾ ആസ്വദിക്കുന്നവർക്കും ലിസയേ പോലെ പ്രതികൂല സാഹചര്യങ്ങളിൽ പോരാടുന്ന സ്ത്രീകൾക്കും എന്റെ എല്ലാവിധ ആശംസകളും നേരുന്നു' -ചടങ്ങിൽ സംസാരിക്കവേ ഭാവന പറഞ്ഞു.

placeholder
ഐഎസ് ആക്രമണത്തിൽ ഇരു കാലുകളും നഷ്ടപ്പെട്ട കുർദിഷ് സംവിധായിക ലിസ ചലാൻ, ബംഗ്ലാദേശ് നടി അ‌സ്മരി ഹഖ് എന്നിവർക്കൊപ്പം ഭാവന | ഫോട്ടോ : പ്രവീൺ ദാസ്. എം \ മാതൃഭൂമി

ചലച്ചിത്രമേള വേദിയിൽ അ‌പ്രതീക്ഷിത അ‌തിഥിയായാണ് ഭാവന എത്തിയത്. ഉദ്ഘാടന ചടങ്ങിൽ അ‌വർ പങ്കെടുക്കുന്ന വിവരം നേരത്തേ പുറത്തുവിട്ടിരുന്നില്ല. ചലച്ചിത്ര അ‌ക്കാദമി ചെയർമാനും മേളയുടെ ഡയറക്ടറുമായ രഞ്ജിത് അ‌തിഥികളെ വേദിയിലേക്ക് ക്ഷണിക്കുമ്പോൾ മാത്രമാണ് ഇക്കാര്യം പുറത്തായത്. പോരാട്ടത്തിന്റെ പെൺപ്രതീകമാണെന്ന് വിശേഷിപ്പിച്ചാണ് ഭാവനയെ രഞ്ജിത് വേദിയിലേക്ക് ക്ഷണിച്ചത്.

placeholder
ഭാവന ഐ.എഫ്.എഫ്.കെ വേദിയിൽ | ഫോട്ടോ : പ്രവീൺ ദാസ്. എം \ മാതൃഭൂമി

ഭാവനയുടെ പേര് കേട്ടതോടെ സദസ്സ് എഴുന്നേറ്റ് നിന്ന് കരഘോഷം മുഴക്കി. ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാനും വിഖ്യാത സംവിധായകനുമായ ഷാജി എൻ. കരുൺ ഭാവനയ്ക്ക് പൂക്കൾ നൽകി വേദിയിലേക്ക് സ്വീകരിച്ചു. വേദിയിലെത്തിയ താരത്തെ കെട്ടിപ്പിടിച്ച് ചുംബിച്ചാണ് ബീനാ പോൾ സന്തോഷപ്രകടനം നടത്തിയത്.

placeholder
ഭാവനയെ ആലിം​ഗനം ചെയ്യുന്ന ബീനാ പോൾ | ഫോട്ടോ : പ്രവീൺ ദാസ്. എം \ മാതൃഭൂമി

കേരളത്തിന്റെ റോൾ മോഡലും അ‌ഭിമാനവുമാണ് ഭാവനയെന്ന് സാംസ്കാരിക വകുപ്പ്മന്ത്രി സജി ചെറിയാൻ അ‌ധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.