ഗോവ: 98-ാമത് അക്കാദമി അവാര്‍ഡുകളുടെ (ഓസ്‌കര്‍) ഡോക്യുമെന്ററി ഫീച്ചര്‍ വിഭാഗത്തിന്റെ ആദ്യ ഷോര്‍ട്ട്ലിസ്റ്റില്‍ ഇടം നേടി ഗിരീഷ് മാലിക്കിന്റെ ഏറ്റവും പുതിയ ഡോക്യു-ഡ്രാമ ചിത്രം 'മഹാമന്ത്ര: ദി ഗ്രേറ്റ് ചാന്റ്'.

To advertise here,

ഗോവയില്‍ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ സ്‌പെഷ്യല്‍ ഷോക്കേസായി ചിത്രത്തിന്റെ വേള്‍ഡ് പ്രീമിയര്‍ നടക്കാനിരിക്കെയാണ് ഈ നേട്ടം. 

ഇംഗ്ലീഷ് ഭാഷയിലൊരുക്കിയ ഇന്ത്യന്‍ ചിത്രമായ 'മഹാമന്ത്ര: ദി ഗ്രേറ്റ് ചാന്റ്' ഞായറാഴ്ചയാണ് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ഒരു സ്‌പെഷ്യല്‍ ഷോക്കേസായി പ്രദര്‍ശിപ്പിക്കുന്നത്. 75 മിനിറ്റാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം. മഹാമാരികള്‍, യുദ്ധം, കാലാവസ്ഥാ ഭീഷണി, പ്രക്ഷോഭങ്ങള്‍ എന്നിങ്ങനെ ആഗോളതലത്തില്‍ നിലനില്‍ക്കുന്ന അസ്വസ്ഥതകള്‍ പ്രമേയമാക്കിയാണ് ചിത്രമൊരുക്കിയിരിക്കുന്നത്.

ചിത്രത്തില്‍ വിവരണത്തിന് ശബ്ദം നല്‍കിയിരിക്കുന്നത് പത്മശ്രീ പുരസ്‌കാര ജേതാക്കളായ ബ്രിഗേഡിയര്‍ ഡോ. അരവിന്ദ് ലാലും ശുഭ മുദ്ഗലുമാണ്. ഗ്രാമി നാമനിര്‍ദേശം ലഭിച്ച സംഗീത സംവിധായകന്‍ ബിക്രം ഘോഷാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്.

വേദ പണ്ഡിതനായ ശ്രീ സ്വാമി സ്വത്മനന്ദ, നളന്ദ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ ഓഫ് വേദിക് സയന്‍സ് ആന്‍ഡ് തിയററ്റിക്കല്‍ ഫിസിക്‌സിലെ ഡോ. രാജേശ്വര്‍ മുഖര്‍ജി, തത്വചിന്തകനായ ഗുപ്ത കൗശിക് എന്നിവരും ഈ ചിത്രത്തിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

സംവിധായകന്‍ ഗിരീഷ് മാലിക്കിന്റെ ഓസ്‌കര്‍ എന്‍ട്രി ഇതാദ്യമായല്ല. അദ്ദേഹത്തിന്റെ ആദ്യ ചിത്രമായ 'ജല്‍' ദേശീയ അവാര്‍ഡ് നേടുകയും ബുസാന്‍ ഫിലിം ഫെസ്റ്റിവലില്‍ മത്സരിക്കുകയും ഓസ്‌കര്‍ മത്സരപ്പട്ടികയില്‍ ഇടം നേടുകയും ചെയ്തിരുന്നു.

ഗിരീഷ് മാലിക്കിന്റെ 2024-ല്‍ പുറത്തിറങ്ങിയ 'ബാന്‍ഡ് ഓഫ് മഹാരാജാസ്' എന്ന ചിത്രം 97-ാമത് അക്കാദമി അവാര്‍ഡുകളുടെ മികച്ച ചിത്രത്തിനുള്ള റിമൈന്‍ഡര്‍ ലിസ്റ്റിലും ഇടം നേടിയിരുന്നു.