കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയവയില്‍ ഏറ്റവും മോശം ചിത്രം പ്രദര്‍ശിപ്പിച്ച് ഇന്ത്യന്‍ പനോരമ തുടങ്ങുക എന്നത് ചലച്ചിത്രോത്സവത്തിന്റെ സ്വഭാവത്തെ പ്രതികൂലമായി ബാധിക്കുമെന്ന് കഥാകൃത്ത് സിവി ബാലകൃഷ്ണന്‍. 40 ല്‍ അധികം വര്‍ഷമായി താന്‍ ചലച്ചിത്രമേളയില്‍ പങ്കെടുക്കുന്നുണ്ടെന്നും ആദ്യമായി പങ്കെടുക്കുന്നത് 1982 ല്‍ കൊല്‍ക്കത്തയിലാണെന്നും അദ്ദേഹം പറഞ്ഞു. ആ ചലച്ചിത്രമേളകളിലെയെല്ലാം പ്രധാന ഭാഗമായിരുന്നു ഇന്ത്യന്‍ പനോരമ. സത്യജിത്ത് റായിയുടേയും മൃണാല്‍ സെന്നിന്റേയും പ്രാദേശിക ഭാഷകളില്‍ നിന്നുള്ള പ്രധാനപ്പെട്ട സിനിമകളുമാണ് അതില്‍ കാണിച്ചിരുന്നത്. മറ്റ് ചലച്ചിത്രമേളകളിലെ പ്രതിനിധികളടക്കം വിദേശത്ത് നിന്ന് ധാരാളം ഡെലികേറ്റുകള്‍ ഇതിന് എത്താറുണ്ട്. ഇന്ത്യന്‍ സിനിമ എന്താണ്? ഇന്ത്യന്‍ സിനിമയില്‍ എന്താണ് സംഭവിക്കുന്നത്? പ്രമേയങ്ങള്‍ എന്തെല്ലാമാണ്, അഭിനയമികവെങ്ങനെയാണ് എന്നിങ്ങെയുള്ള കാര്യങ്ങള്‍ അവരെയെല്ലാം ബോധ്യപ്പെടുത്തുന്ന പ്രധാന സെക്ഷനായിരുന്നു അതെന്നും സിവി ബാലകൃഷ്ണന്‍ പറഞ്ഞു. ഭരണകൂടത്തിനെതിരായുള്ള ചിത്രങ്ങള്‍ ഇന്നത്തെ ഇന്ത്യന്‍ പനോരമയില്‍ പ്രതീക്ഷിക്കാനാവില്ല. തിരഞ്ഞെടുപ്പിന്റെ മാനദണ്ഡങ്ങള്‍ മാറിയെന്ന് തോന്നുന്നുവെന്നും കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഫെസ്റ്റിവലിന്റെ സ്വഭാവം മാറിയതായി തോന്നുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 

To advertise here,