
പനജി: ഇന്ത്യൻ സിനിമയിലെ ഉയർന്നുവരുന്ന പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനായി 'യങ് ഫിലിംമേക്കേഴ്സ്: ദ ഫ്യൂച്ചർ ഇസ് നൗ' എന്ന മുദ്രാവാക്യമാണ് ഇത്തവണ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ പ്രമേയമാമായി തിരഞ്ഞെടുത്തത്. 11,000-ലധികം പേർ ഇത്തവണ ചലച്ചിത്രമേളയ്ക്കെത്തിയെന്നാണ് ഔദ്യോഗിക കണക്കുകൾ. ഇന്ത്യൻ സിനിമയിലെ മികച്ച നവാഗത സംവിധായകൻ എന്ന പുരസ്കാരം ഉൾപ്പെടെ നിരവധി പുതിയ കാര്യങ്ങൾ അവതരിപ്പിച്ച ഒരു മേള കൂടിയാണ് കടന്നുപോയത്. 'ഘരത് ഗണപതി' എന്ന മറാഠി ചിത്രത്തിനാണ് നവജ്യോത് ബന്ദിവാഡേക്കറിന് ഈ വിഭാഗത്തിൽ പ്രഥമ പുരസ്കാരം ലഭിച്ചത്. വളർന്നുവരുന്ന യുവ കഥാകൃത്തുക്കളെ പ്രോത്സാഹിപ്പിക്കുന്നതിൽ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ പങ്ക് ഊട്ടിയുറപ്പിച്ചുകൊണ്ട് യുവ, നവാഗത സംവിധായകരുടെ 66 സിനിമകളാണ് മേളയിൽ പ്രദർശിപ്പിച്ചത്.
ഇന്ത്യയുടെ ഭാവി വാഗ്ദാനങ്ങളായ സംവിധായകരെയും മറ്റ് സിനിമാ പ്രവർത്തകരെയും കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ആയി അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ സംഘടിപ്പിക്കുന്ന പരിപാടിയാണ് ക്രിയേറ്റീവ് മൈൻഡ്സ് ഓഫ് ടുമോറോ.13 വിവിധ ചലച്ചിത്ര നിർമ്മാണ വിഭാഗങ്ങളിലായി 100 യുവ പ്രതിഭകളെ ഉൾപ്പെടുത്തിയാണ് ഇത്തവണ പരിപാടി സംഘടിപ്പിച്ചത്. കഴിഞ്ഞ വർഷം 75 പേരായിരുന്നു പങ്കെടുത്തത്. ഇത്തവണ ഇന്ത്യയിലുടനീളം ഏകദേശം 1,070 എൻട്രികളാണ് ലഭിച്ചത്.
20 അംഗങ്ങൾ വീതമുള്ള അഞ്ച് ടീമുകളായി തിരിച്ച് 48 മണിക്കൂറായിരുന്നു ഫിലിം മേക്കിങ് ചലഞ്ച്. 'ടെക്നോളജി യുഗത്തിലെ ബന്ധങ്ങൾ' എന്ന വിഷയമാണ് ഫിലിം മേക്കിങ്ങിനായി
നൽകിയത്. 2024 നവംബർ 21 മുതൽ 23 വരെ പനജിയുടെ 4 കിലോമീറ്റർ ചുറ്റളവിൽ 12 സ്ഥലങ്ങളിലായാണ് ചിത്രീകരണം നടന്നത്. മികച്ച സംവിധായികയായി തിരഞ്ഞെടുത്തത് മലയാളിയായ അർഷലി ജോസിനെയാണ്. 48 മണിക്കൂറുകൾ കൊണ്ട് അർഷലിയും ടീമും ചെയ്ത 'ഗുല്ലു' ആണ് മികച്ച ചിത്രമായി തിരഞ്ഞെടുത്തത്. മനുഷ്യനും സാങ്കേതികവിദ്യയും തമ്മിലുള്ള ആഴത്തിലുള്ള ബന്ധം കാണിക്കുന്ന സിനിമയാണ് 'ഗുല്ലു'.
മറ്റൊരു മലയാളിയായ ടോണി ജോപ്പനാണ് 'ഗുല്ലു'വിൽ സൗണ്ട് ഡിസെെൻ ചെയ്തിരിക്കുന്നത്. 'വീ ഹിയർ ദ സെയിം മ്യൂസിക്' ആണ് മികച്ച രണ്ടാമത്തെ ചിത്രം. ഇതിലുമുണ്ട് മലയാളി സാന്നിധ്യം. ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രമായി എത്തിയത് ഡൽഹി നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിലെ വിദ്യാർഥിനിയായ പസ്കി ആണ്. പി.കെ.വിനീത് കൃഷ്ണയാണ് ചിത്രത്തിന്റെ സൗണ്ട് ഡിസെെൻ ചെയ്തിരിക്കുന്നത്. ചിത്രത്തിൽ ക്യാമറ അസിസ്റ്റന്റായി പ്രവർത്തിച്ചത് അനൂപ് എബ്രഹാം പാറയ്ക്കലാണ്. വിനീത് പൂണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെയും അനൂപ് സത്യജിത് റായ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെയും വിദ്യാർഥികളാണ്. ഇവരെ കൂടാതെ അനന്തകൃഷ്ണൻ എസ്. റിതീഷ് സംഗമേശ്വരൻ, എ.ദൃശ്യ, അഭിജിത് എന്നീ മലയാളികളും ക്രിയേറ്റീവ് മെെന്റ്സ് ഓഫ് ടുമോറോയിൽ വിവിധ ടീമുകളുടെ ഭാഗമായി.
ചലച്ചിത്രോത്സവത്തിന്റെ ഭാഗമായി നടക്കുന്ന ഫിലിം ബസാറിന്റെ 18-ാമത് പതിപ്പ് നവംബര്‍ 20 മുതല്‍ 24 വരെയാണ് പ്രവർത്തിച്ചത്. ഗോവയിലെ മാരിയറ്റ് റിസോര്‍ട്ടിലായിരുന്നു ഫിലിം ബസാറിന്റെ പ്രവര്‍ത്തനങ്ങള്‍ നടന്നത്. ഇന്ത്യന്‍ സിനിമയിലെയും ലോകസിനിമയിലെയും നിരവധി കലാകാരന്മാരും വളര്‍ന്നുവരുന്ന യുവപ്രതിഭകളും ഇത്തവണയും ഫിലിം ബസാറിന്റെ ഭാഗമായി.
ഇന്ത്യന്‍ സിനിമയും ലോകസിനിമയെയും ബന്ധിപ്പിക്കുന്ന പാലമായാണ് ഫിലിം ബസാര്‍ പ്രവര്‍ത്തിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗത്തുള്ള സിനിമാ നിര്‍മ്മാതാക്കള്‍ക്കും പ്രൊഫഷണലുകള്‍ക്കും മികച്ച കഥകളെയും പ്രതിഭകളെയും കണ്ടെത്താന്‍ ബസാര്‍ സഹായിക്കുന്നു. അതുപോലെ തന്നെ മികച്ച പ്രതിഭകള്‍ക്ക് തങ്ങളുടെ പ്രതിഭ പുറത്തെടുക്കാനുള്ള അവസരവും ലഭിക്കുന്നു.
ഇന്ത്യയില്‍ നിന്നുമുള്ള മികച്ച നിലവാരമുള്ള ഒരു കൂട്ടം സിനിമകള്‍ ഫിലിം ബസാറില്‍ കഴിഞ്ഞ നാല് ദിനങ്ങളില്‍ പ്രദര്‍ശിപ്പിച്ചു. വിതരണ സഹായവും ധനസഹായവും തേടുന്ന ചലച്ചിത്ര നിര്‍മ്മാതാക്കളുടെ ഒരു നിര്‍ണായക കേന്ദ്രമായാണ് ബസാറിലെ വ്യൂവിംഗ് റൂം, രൂപകല്‍പ്പന ചെയ്തത്. വളര്‍ന്നുവരുന്ന പ്രതിഭകള്‍ക്ക് ആഗോള ചലച്ചിത്ര പ്രവര്‍ത്തകര്‍, വിതരണക്കാര്‍, സെയില്‍സ് ഏജന്റുമാര്‍, നിക്ഷേപകര്‍ എന്നിവരുമായി ബന്ധപ്പെടാന്‍ ഈ സംവിധാനം അനുവദിച്ചു. പൂര്‍ത്തിയായതോ പോസ്റ്റ്-പ്രൊഡക്ഷന്‍ ഘട്ടത്തിലോ ഉള്ള സിനിമകളായിരുന്നു നവംബര്‍ 21 മുതല്‍ 24 വരെ വ്യൂവിംഗ് റൂമില്‍ പ്രദര്‍ശിപ്പിച്ചത്.
വ്യൂവിംഗ് റൂം ലൈബ്രറിയുടെ ഈ വര്‍ഷത്തെ പതിപ്പില്‍ 208 സിനിമകളാണ് ഉണ്ടായിരുന്നത്. അതില്‍ 145 ഫീച്ചര്‍ ഫിലിമുകളും 23 മിഡ്-ലെങ്ത് ഫിലിമുകളും 30 ഹ്രസ്വചിത്രങ്ങളും ഉള്‍പ്പെടുന്നു. ഇതില്‍ എന്‍. എഫ്.ഡി.സി (NFDC) നിര്‍മ്മിച്ചതും സഹനിര്‍മ്മാണം ചെയ്തതുമായ 12 സിനിമകളും എന്‍. എഫ്.ഡി.സി -എന്‍.എഫ്.എ.ഐ(NFDC-NFAI)യുടെ നേതൃത്വത്തില്‍ റീമാസ്റ്റര്‍ ചെയ്ത 10 ക്ലാസിക്കുകളും ഉള്‍പ്പെടുന്നു. 30-70 മിനിറ്റ് ദൈര്‍ഘ്യമുള്ള സിനിമകള്‍ മിഡ്-ലെംഗ്ത്ത് ഫിലിംസ് എന്ന വിഭാഗത്തിലാണ് വ്യൂവിംഗ് റൂമില്‍ പ്രദര്‍ശിപ്പിച്ചത്. 30 മിനിറ്റില്‍ താഴെ പ്രദര്‍ശന സമയം ഉള്ളവ ഷോര്‍ട്ട് ഫിലിം വിഭാഗത്തിലാണ് ഉള്‍പ്പെടുന്നത്.
മേളയിൽ സുവർണമയൂരം സ്വന്തമാക്കിയത് സൗളി ബിലുവെെറ്റെ സംവിധാനം ചെയ്ത ലിത്വാനിയൻ ചിത്രം 'ടോക്സിക്' ആണ്. 40 ലക്ഷം രൂപയാണ് സമ്മാനത്തുക. ലോക ചലച്ചിത്രമേഖലയിലെ ആജീവനാന്ത സംഭാവനയ്ക്ക് കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ സത്യജിത് റായ് പുരസ്‌കാരം മേളയിൽ ഫിലിപ്പ് നോയ്സിന് സമ്മാനിച്ചു. ഇന്ത്യൻ ഫിലിം പേഴ്സണാലിറ്റി ഓഫ് ദി ഇയർ പുരസ്കാരം ബോളിവുഡ് താരം വിക്രാന്ത് മാസ്സിക്ക് നൽകി.
ഹോളി കൗ' എന്ന ചിത്രത്തിലെ പ്രകടനത്തിന് ക്ലമന്റ് ഫാവോ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. 'ടോക്സിക്' എന്ന ചിത്രത്തിലെ പ്രകടനത്തിന് വെസ്റ്റ മറ്റുലായിറ്റെയും ലെവ റുപകായിറ്റെയും മികച്ച നടിമാരായി. 'ദി ന്യൂ ഇയർ ദാറ്റ് നെവർ കേം' എന്ന ചിത്രത്തിലൂടെ ബോഗ്ദൻ മുറാസെന്നു മികച്ച സംവിധായകനായി. ലൂയിസ് കര്വോസിയർ സംവിധാനം ചെയ്ത ഫ്രഞ്ച് ചിത്രം 'ഹോളി കൗ'വിന് ആണ് പ്രത്യേക ജൂറി പരാമർശം.
നവ്ജോത് ബന്ധിവാടേക്കർ ആണ് മികച്ച ഇന്ത്യൻ നവാഗത സംവിധായകൻ. ചിത്രം 'ഗരത് ഗണപതി'. ഐസിഎഫ്ടി യുനെസ്‌കോ ഗാന്ധി പുരസ്‌കാരം ലെവൻ ആറ്റ്കിൻ സംവിധാനം ചെയ്ത 'ക്രോസ്സിങ്' എന്ന ചിത്രത്തിന് ലഭിച്ചു. മികച്ച വെബ് സീരീസായി 'ലംപൻ' തിരഞ്ഞെടുത്തു. നവാഗത സംവിധായകരുടെ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം സാറ ഫ്രീഡലൻഡ് സംവിധാനം ചെയ്ത 'ഫെമിലിയർ ടച്ചിന്' ലഭിച്ചു.
മോഡലാകാൻ കൊതിക്കുന്ന മരിജയും ക്രിസ്റ്റീനയും തമ്മിലുള്ള സൗഹൃദത്തിൻ്റെ കഥയാണ് 'ടോക്‌സിക്'. അമ്മ ഉപേക്ഷിച്ചുപോയ പതിമൂന്നുകാരിയായ മരിജ മുത്തശ്ശിയോടൊപ്പം ഒരു ഇൻഡസ്ട്രിയൽ നഗരത്തിലാണ് താമസം. സമപ്രായക്കാരിയായ ക്രിസ്റ്റീനയുമായി അവൾ സൗഹൃദത്തിലാകുന്നു. ഇരുവരും ഒരു മോഡലിംഗ് സ്കൂളിൽ ചേരുന്നതോടെ അവരുടെ ജീവിതം മാറിമറിയുന്നു. പിന്നീട് അവരുടെ ജീവിതത്തിൽ നടക്കുന്ന, കണ്ടിരിക്കാനാകാത്ത തരത്തിൽ മോഡലിങ്ങിന്റെ ഇരുണ്ട വശത്തേക്ക് പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോകുന്നതാണ് ചിത്രത്തിന്റെ കഥ.
Content Highlights: over 11000 people participated in iffi 2024 says officials
Published: 04 Dec 2024, 09:22 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented