ഥാർത്ഥസംഭവങ്ങൾ സിനിമയാക്കുമ്പോൾ ഒരു സംവിധായകൻ അല്ലെങ്കിൽ തിരക്കഥാകൃത്ത് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ആ സംഭവത്തിന്റെ ​ഗൗരവം ചോരാതെ സ്ക്രീനിലെത്തിക്കുക എന്നതാണ്. അത് എല്ലാവർക്കും പരിചിതമായ ഒരു വിഷയമാണെങ്കിൽ വെല്ലുവിളിയും സമ്മർദവും ഒരുപോലെയുണ്ടാവും. എന്നാൽ ഇതുരണ്ടും ചിദംബരം എന്ന യുവ സംവിധായകൻ അയത്നലളിതമായി മറികടക്കുകയാണ് മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രത്തിലൂടെ. തന്റെ രണ്ടാം സംവിധാനസംരംഭവും മറക്കാനാവാത്ത അനുഭവമാക്കി മാറ്റിയിരിക്കുകയാണ് അദ്ദേഹം.

To advertise here,

2006-ൽ കൊച്ചിയിലെ മഞ്ഞുമ്മലിൽ നിന്ന്  ഒരുസംഘം സുഹൃത്തുക്കൾ കൊടൈക്കനാലിലേക്ക് പോയ സംഭവമാണ് ചിത്രത്തിനാധാരം. സ്ഥലം കണ്ട് തിരികെ പോരണമെന്ന് കരുതിയെങ്കിലും ഗുണ കേവും കണ്ടിട്ട് മടങ്ങാമെന്ന കൂട്ടത്തിലൊരാളുടെ ​വാക്കുകളാണ് അവരുടെ ജീവിതം മാറ്റിമറിക്കുന്നത്. ​ഗുണ കേവ് സന്ദർശിക്കുന്നതിനിടെ സുഭാഷ് എന്ന ചെറുപ്പക്കാരൻ ​ഗുണ കേവിനകത്തെ അ​ഗാധ ​ഗർത്തത്തിലേക്ക് വീഴുന്നു. ഇയാളെ രക്ഷിക്കാനുള്ള സുഹൃത്തുക്കളുടേയും അധികാരികളുടേയും ശ്രമമാണ് മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമയുടെ സാരം.

സൗഹൃദമാണ് ചിത്രത്തിന്റെ അടിത്തറ. സൗഹൃദം പശ്ചാത്തലമാക്കി അനവധി ചിത്രങ്ങൾ മലയാളത്തിലുണ്ടായിട്ടുണ്ടെങ്കിലും സർവൈവൽ ത്രില്ലർ എന്ന ആശയം പുതിയതാണ്. സുഹൃത്തുക്കൾക്കിടയിലെ ആഘോഷവും അവരിലെ നിരാശയും ആത്മവിശ്വാസവും ചങ്കൂറ്റവുമെല്ലാം പ്രേക്ഷകരിലേക്ക് കൃത്യമായി ചിദംബരവും കൂട്ടരും എത്തിക്കുന്നുണ്ട്. ആഘോഷനിമിഷത്തിലൂടെ ആരംഭിക്കുന്ന ചിത്രം അധികം വൈകാതെ തന്നെ പ്രേക്ഷകനെ ആസ്വാദനത്തിന്റെ മറ്റൊരു തലത്തിലെത്തിക്കുന്നുണ്ട്. യഥാർത്ഥ സംഭവത്തിലേക്ക് പ്രവേശിക്കുന്നതോടെ റോളർ കോസ്റ്റർ റൈഡാണ് പിന്നെ പ്രേക്ഷകൻ അനുഭവിക്കുക.

ചെകുത്താന്റെ അടുക്കള എന്ന് വിശേഷണമുള്ള ​ഗുണ കേവിന്റെ ദൃശ്യങ്ങൾ കാഴ്ചക്കാരിൽ ഭയം നിറയ്ക്കുന്നതാണ്. മഞ്ഞുമ്മലിൽനിന്നുവന്ന സുഹൃത്തുക്കൾ അകപ്പെട്ടിരിക്കുന്ന ആ സാഹചര്യമാണ് അതിന് കാരണം. അത്രമേൽ വിശ്വസനീയമായാണ് ചിദംബരം ആ യുവാക്കൾ എത്തിപ്പെട്ട അവസ്ഥയെ ദൃശ്യവത്ക്കരിച്ചിരിക്കുന്നത്. ഇതിനേക്കാളുപരി ആ സാഹചര്യത്തെ ഇനി ചിത്രീകരിക്കാനാവുമോ എന്നും സംശയമാണ്. ​ഗുണ എന്ന തമിഴ് ചിത്രത്തിലൂടെ പ്രശസ്തമായ ഡെവിൾസ് കിച്ചൺ എന്ന വിനോദസഞ്ചാര കേന്ദ്രത്തിന്റെ ഭയാനകമുഖംകൂടിയാണ് മഞ്ഞുമ്മൽ ബോയ്സിൽ കാണാനാവുക.

പ്രതിഭാധനരായ ഒരുകൂട്ടം ചെറുപ്പക്കാരാണ് മഞ്ഞുമ്മൽ ബോയ്സിന്റെ മുന്നണിയിലും പിന്നണിയിലും പ്രവർത്തിച്ചിരിക്കുന്നത്. താരനിരയിലുള്ളവരിൽ സിജുവായെത്തിയ സൗബിൻ ഷാഹിർ, സുഭാഷിനെ അവതരിപ്പിച്ച ശ്രീനാഥ് ഭാസി, ദീപക് പറമ്പോൽ എന്നിവരെ പ്രത്യേകം പറയണം. ടീം മഞ്ഞുമ്മലിലെ മുതിർന്നയാളാണ് സൗബിന്റെ സുഭാഷ്. കുറച്ച് ശാന്തനാണ് ശ്രീനാഥിന്റെ സുഭാഷ്. അല്പം വൃത്തി കൂടുതലുള്ളയാളാണ് ദീപക് പറമ്പോലിന്റെ കഥാപാത്രം. മൂന്നുപേർക്കുമൊപ്പം ​ഗണപതി, ബാലു വർ​ഗീസ്, ഖാലിദ് റഹ്മാൻ, ലാൽ ജൂനിയർ, അഭിറാം രാധാകൃഷ്ണൻ, ചന്തു സലിംകുമാർ, ജോർജ് മാരിയാൻ തുടങ്ങി സ്ക്രീനിലെത്തിയ എല്ലാവരും ​ഗംഭീര പ്രകടനംതന്നെ പുറത്തെടുത്തു. 

എടുത്തുപറയേണ്ടവരിൽ മറ്റ് മൂന്നുപേർ ഛായാ​​ഗ്രാഹകനായ ഷൈജു ഖാലിദ്, സം​ഗീത സംവിധായകൻ സുഷിൻ ശ്യാം, സംഘട്ടന സംവിധായകൻ വിക്രം ദഹിയ എന്നിവരാണ്. ചിത്രത്തിന്റെ ആദ്യ പകുതിയിൽ സുഷിൻ ശ്യാമും ഷൈജു ഖാലിദും ചേർന്നൊരുക്കിയ രം​ഗങ്ങൾ കണ്ണിമവെട്ടാതെ കണ്ടിരിക്കാൻ പോകുന്നതാണ്. ജമ്പ് സ്കെയർ സീനുകളുൾപ്പെടെ ഇവർ പരീക്ഷിച്ചിരിക്കുന്നു. പലരം​ഗങ്ങളും ഇതൊക്കെ എങ്ങനെ ചിത്രീകരിച്ചു എന്ന് അദ്ഭുതപ്പെടുത്തുന്നതാണ്. രണ്ടാം ഭാ​ഗത്തിൽ വിക്രം ദഹിയ കൂടി ചേരുന്നതോടെ മൂവർ സംഘം സ്ക്രീനിൽ ദൃശ്യഭാഷയുടെ പുത്തൻ സിംഫണിതന്നെയാണ് കാണാനാവുക.

പുത്തൻ ആശയങ്ങൾ, യുവചലച്ചിത്രകാരന്മാർ, സാങ്കേതികവിദ​ഗ്ധർ... സത്യത്തിൽ മലയാളസിനിമ എത്ര വൈവിധ്യമാർന്നതാണ് എന്നായിരിക്കും സിനിമ കണ്ടിറങ്ങുന്ന ഓരോരുത്തരും മനസിൽ ആലോചിക്കുക. ഇന്ത്യയിലെ മറ്റുഭാഷാചിത്രങ്ങൾക്ക് മുന്നിൽ സധൈര്യം നിർത്താവുന്ന ചിത്രങ്ങൾ മലയാളസിനിമയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നുമുണ്ട്, ഇനി ഉണ്ടാവുകയും ചെയ്യും. അക്കൂട്ടത്തിലെ ഏറ്റവും പുതിയ കണ്ണിയാണ് മഞ്ഞുമ്മൽ. യഥാർത്ഥ സംഭവത്തിന്റെ ഈ അതിമനോഹര ദൃശ്യഭാഷ്യം തിയേറ്ററിന്റെ വലിയ സ്ക്രീനിൽത്തന്നെ കണ്ടാസ്വദിക്കണം. മസ്റ്റ് വാച്ചാണ് മഞ്ഞുമ്മലിലെ ആൺകുട്ടികളുടെ ഈ അതിജീവന കഥ.