
പനജി: രാജ് കപൂറിന്റെ ജന്മശതാബ്ദി ആഘോഷിക്കുന്നതിന്റെ ഭാഗമായി അദ്ദേഹത്തിന്റെ റീസ്റ്റോർ ചെയ്ത സിനിമകൾ പ്രദർശിപ്പിക്കുന്ന ചലച്ചിത്രോത്സവം രാജ്യത്തുടനീളം സംഘടിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് നടനും പേരക്കുട്ടിയുമായ രൺബീർ കപൂർ. അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ നിർമാതാവും എഡിറ്ററുമായ രാഹുൽ റാവെയ്ലുമായി സംസാരിക്കുന്നതിനിടെയായിരുന്നു മുത്തച്ഛന്റെ നൂറാം ജന്മദിവാർഷികം വ്യത്യസ്തമായി ആഘോഷിക്കുന്നതിനെക്കുറിച്ച് താരം മനസ്സു തുറന്നത്.
നാഷണൽ ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻഎഫ്ഡിസി), നാഷണൽ ഫിലിം ആർക്കൈവ്സ് ഓഫ് ഇന്ത്യ (എൻഎഫ്എഐ), ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷൻ (എഫ്എച്ച്എഫ്), കുനാൽ കപൂർ എന്നിവർ ചേർന്ന് രാജ് കപൂറിന്റെ ഏറ്റവും മികച്ച 10 ചിത്രങ്ങൾ റീസ്റ്റോർ ചെയ്യുന്ന നടപടികൾ ആരംഭിച്ചു കഴിഞ്ഞതായി താരം പരിപാടിയിൽ പറഞ്ഞു.
'രാജ് കപൂർ ഫിലിം ഫെസ്റ്റിവൽ ഡിസംബർ 13 മുതൽ ഡിസംബർ 15 വരെ ഞങ്ങൾ ഇന്ത്യയൊട്ടാകെ സംഘടിപ്പിക്കാൻ പോകുകയാണ്. രാജ് കപൂറിന്റെ മികച്ച 10 ചിത്രങ്ങളുടെ റീസ്റ്റോർ ചെയ്ത പതിപ്പ് ഞങ്ങൾ കാണിക്കും.' രൺബീർ പറഞ്ഞു. ചലച്ചിത്രോത്സവം കാണാൻ നിങ്ങളെല്ലാവരും വരുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്വന്തം വേരുകൾ മറന്നുപോകാതിരിക്കാൻ, പഴയ ക്ലാസിക് സിനിമകള്‍ പുതിയ തലമുറയ്ക്കുവേണ്ടി റീസ്റ്റോര്‍ ചെയ്യപ്പെടേണ്ടത് ആവശ്യമാണെന്ന് രൺബീർ അടിവരയിട്ട് പറഞ്ഞു. 'പുതിയ തലമുറ പഴയ തലമുറയെ മറന്നുപോയേക്കാം. ഉദാഹരണമായി ഒരു കാര്യം പറയാം, ഞാന്‍ ആദ്യമായി ആലിയയെ (രൺബീറിന്റെ ഭാര്യയും നടിയുമായ ആലിയ ഭട്ട്) കണ്ടപ്പോള്‍ അവള്‍ എന്നോട് ചോദിച്ചു, 'ആരാണ് കിഷോര്‍ കുമാര്‍' (ഗായകനും നടനുമായ കിഷോർ കുമാർ) എന്ന്. പക്ഷേ അങ്ങനെ സംഭവിക്കരുത്. നമ്മുടെ വേരുകള്‍ ഓര്‍ത്തിരിക്കേണ്ടത് പ്രധാനമാണ്. അതിനായി മുൻകെെ എടുക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്'- രൺബീർ കൂട്ടിച്ചേർത്തു.
രാജ് കപൂറിനെപ്പറ്റി ഒരു ബയോപിക് ചെയ്യാനുള്ള തന്റെ സ്വപ്നത്തെക്കുറിച്ചും രണ്‍ബീര്‍ സംസാരിച്ചു. തന്റെ ഗോഡ്ഫാദര്‍ കൂടിയായ സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലി തുടങ്ങിയവരുമായി അത്തരമൊരു പ്രോജക്റ്റിനെ പറ്റി ചര്‍ച്ച ചെയ്തതായി അദ്ദേഹം പറഞ്ഞു.
'സഞ്ജയ് ലീല ബന്‍സാലി ഉള്‍പ്പെടെയുള്ളവരോട് രാജ് കപൂറിന്റെ ബയോപിക് എങ്ങനെ നിര്‍മ്മിക്കാം എന്നതിനെക്കുറിച്ച് ഞാന്‍ സംസാരിക്കാറുണ്ട്. ബയോപിക് എന്നത് ഒരു വ്യക്തിയുടെ ജീവിതത്തിലെ വിജയത്തെ ഉയര്‍ത്തിക്കാട്ടുന്ന ഒന്നല്ല. ഒരാളുടെ ജീവിതം സത്യസന്ധമായി ചിത്രീകരിക്കേണ്ടതുണ്ട്. ഉയര്‍ച്ചതാഴ്ച്ചകള്‍, പോരാട്ടങ്ങള്‍, ബന്ധങ്ങള്‍ എന്നിവ സത്യസന്ധമായിതന്നെ സ്‌ക്രീനില്‍ കാണിക്കണം. വലിയ വെല്ലുവിളികള്‍ ഉയര്‍ത്തിയേക്കാവുന്ന ഒരു ബയോപിക് ആണ്. രാജ് കപൂറിന്റെ ഈ ഒരു വശം കാണിക്കാന്‍ എന്റെ കുടുംബം സമ്മതിക്കുമോ എന്ന് എനിക്കറിയില്ല. പക്ഷേ ഇത് നടന്നാല്‍ ശരിക്കും ഒരു മികച്ച സിനിമയാകുമെന്ന് ഞാന്‍ കരുതുന്നു' രണ്‍ബീര്‍ പറഞ്ഞു.
Content Highlights: ranbir kapoor talks about kishore kumar and his biopic
Published: 24 Nov 2024, 06:13 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented