പനജി: പ്രഥമ പി.വി. ഗംഗാധരൻ മെമ്മോറിയൽ പുരസ്കാരം ജ്ഞാനപീഠ പുരസ്കാര ജേതാവ് ദാമോദർ മൗസോയ്ക്ക് സമ്മാനിച്ചു. വ്യാഴാഴ്ച ​ഗോവ രാജ്ഭവനിൽ നടന്ന ചടങ്ങിൽ ​ഗോവ ​ഗവർണർ അഡ്വ. പി.എസ് ശ്രീധരൻ പിള്ളയാണ് പുരസ്കാരം നൽകിയത്. ചടങ്ങിൽ ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യ വൈസ് പ്രസിഡന്റ് ജി. സുരേഷ് കുമാർ, ഡിസെെനറും ആക്ടിവിസ്റ്റുമായ ശോഭ വിശ്വനാഥ്, പി.വി.​ഗം​ഗാധരന്റെ പത്നി ഷെറിൻ, മക്കളായ ഷെനു​ഗ, ഷെ​ഗ്ന, ഷെർ​ഗ എന്നിവർ പങ്കെടുത്തു. 

To advertise here,

എളിമയുടെ തെളിമയായിരുന്നു പി.വി .ഗം​ഗാധരനെന്നും ഇത്രയും വലിയ വ്യക്തിത്വമായിട്ടുകൂടി ഒരിക്കൽ പോലും അദ്ദേഹം തലക്കനം കാണിച്ചിട്ടില്ലെന്നും പുരസ്കാരദാനത്തിന് ശേഷമുള്ള പ്രസം​ഗത്തിൽ ​ഗോവ ​ഗവർണർ അഡ്വ. ശ്രീധരൻ പിള്ള പറഞ്ഞു. സിനിമയിൽ നിർമ്മാതാവെന്ന നിലയിലും അല്ലാതെയും ഒരുപാട് സംഭാവനകൾ നൽകിയ വ്യക്തിയാണ് പി.വി.ജി. ഒട്ടേറെ ആൾക്കാരെ കൈ പിടിച്ചുയർത്താനുള്ള ശ്രമം നടത്തിയിട്ടുള്ള ആളാണ് അദ്ദേഹം. ഒരുപാട് വ്യത്യസ്ഥതകളുള്ള വ്യക്തിയായിരുന്നു പി.വി.​ഗം​ഗാധരനെന്നും ​ഗോവ ​ഗവർണർ കൂട്ടിച്ചേർത്തു. 

പി.വി.​ഗം​ഗാധരന്റെ പേരിലുള്ള പുരസ്കാരം ഏറ്റുവാങ്ങാൻ കഴിഞ്ഞിൽ സന്തോഷവും നന്ദിയുമുണ്ടെന്ന് ദാമോദർ മൗസോ മറുപടിയായി പറഞ്ഞു. പി.വി.​ഗം​ഗാധരനൊപ്പമുള്ള ഓർമകൾ നിർമാതാവ് ജി.സുരേഷ് കുമാർ പങ്കുവെച്ചു. ചടങ്ങിൽ മണ്ഡോവി ഫ്രണ്ട്ഷിപ് അസോസിയേഷൻ പ്രസിഡണ്ട് ഓട്ടൂർ കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി അഡ്വ എം. രാജൻ സ്വാഗതവും ട്രഷറർ എം. അരവിന്ദാക്ഷൻ നന്ദിയും പറഞ്ഞു.