പനജി: 55-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് നാളെ തുടക്കം. നവംബര്‍ 20 മുതല്‍ 28 വരെ നടക്കുന്ന മേളയില്‍ ഓസ്‌ട്രേലിയയില്‍ നിന്നുള്ള ഇംഗ്ലീഷ് ചിത്രമായ 'ബെറ്റര്‍ മാന്‍' ആണ് ഉദ്ഘാടന ചിത്രം. മൈക്കിള്‍ ഗ്രേയ്‌സിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

To advertise here,

180-ലേറെ ചിത്രങ്ങളാണ് ഇത്തവണ വിവിധ വിഭാഗങ്ങളില്‍ പ്രദര്‍ശനത്തിനെത്തുന്നത്. നടനും സംവിധായകനും എഴുത്തുകാരനുമായ അശുതോഷ് ഗോവാരിക്കറാണ് അന്താരാഷ്ട്ര മത്സരവിഭാഗത്തിന്റെ ജൂറി ചെയര്‍മാന്‍. പതിനഞ്ച് സിനിമകളാണ് ഈ വിഭാഗത്തില്‍ പ്രദര്‍ശനത്തിനെത്തുന്നത്. പൃഥ്വിരാജ് നായകനായി ബ്ലെസ്സി സംവിധാനം ചെയ്ത ആടുജീവിതം, ആദിത്യ സുഹാസ് ജംഭാലെയുടെ ആര്‍ട്ടിക്കിള്‍ 370, നിഖില്‍ മഹാജന്റെ രാവ്‌സാഹേബ് എന്നിവയാണ് ഈ വിഭാഗത്തില്‍ പ്രദര്‍ശനത്തിനെത്തുന്ന ഇന്ത്യന്‍ സിനിമകള്‍.

സംവിധായകനും നടനുമായ ഡോ.ചന്ദ്രപ്രകാശ് ദ്വിവേദിയാണ് ഇന്ത്യന്‍ പനോരമ ജൂറി ചെയര്‍മാന്‍. ഇരുപത്തിയഞ്ച് സിനിമകള്‍ ഈ വിഭാഗത്തില്‍ പ്രദര്‍ശനത്തിനെത്തും. രണ്‍ദീപ് ഹൂഡ സംവിധാനം ചെയ്ത 'സ്വാതന്ത്ര്യ വീര്‍ സവര്‍ക്കര്‍' ആണ് പനോരമയിലെ ഉദ്ഘാടന ചിത്രം. ലഡാഖി ഭാഷയിലുള്ള ചിത്രമായ 'ഘര്‍ ജെയ്‌സാ കുച്ഛ്' ആണ് നോണ്‍ ഫീച്ചര്‍ വിഭാഗത്തിലെ ഉദ്ഘാടന ചിത്രം.

ബ്ലെസിയുടെ ആടുജീവിതം, രാഹുല്‍ സദാശിവന്റെ സംവിധാനത്തില്‍ മമ്മൂട്ടി പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച ഭ്രമയുഗം, അര്‍ഫാസ് അയൂബ് സംവിധാനം ചെയ്ത ലെവല്‍ ക്രോസ് എന്നിവയാണ് ഇന്ത്യന്‍ പനോരമയില്‍ പ്രദര്‍ശിപ്പിക്കുന്ന മലയാള ചിത്രങ്ങള്‍. കൂടാതെ കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത തമിഴ് ചിത്രം ജിഗര്‍തണ്ട ഡബിള്‍ എക്‌സ്, അശ്വിന്‍ കുമാറിന്റെ വാക്‌സിന്‍ വാര്‍, നന്ദകിശോര്‍ ഇമാനിയുടെ 35-ചിന്ന കഥ കാഡു എന്നിവയും മേളയില്‍ പ്രദര്‍ശനത്തിനെത്തുന്നു.

മെയിന്‍ സ്ട്രീം വിഭാഗത്തില്‍ ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മല്‍ ബോയ്‌സ്, വിനു വിനോദ് ചോപ്രയുടെ 12വേ ഫെയില്‍, നാഗ് അശ്വിന്‍ സംവിധാനം ചെയ്ത് പ്രഭാസ് നായകനായെത്തിയ കല്‍ക്കി 2898 എ.ഡി. എന്നിവയും പ്രദര്‍ശിപ്പിക്കും.