പനജി: 55-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് ഇന്ന് തുടക്കം. നവംബര്‍ 20 മുതല്‍ 28 വരെ നടക്കുന്ന മേളയുടെ ഉദ്ഘാടന ചടങ്ങുകള്‍ വൈകീട്ട് ശ്യാമപ്രസാദ് മുഖര്‍ജി സ്റ്റേഡിയത്തില്‍ നടക്കും. ഗോവ ഗവര്‍ണര്‍ ശ്രീധരന്‍ പിള്ള, കേന്ദ്ര വാര്‍ത്താ വിനിയമ പ്രക്ഷേപണ സഹമന്ത്രി എല്‍ മുരുകന്‍, ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും. സത്യജിത്ത് റേ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം ഓസ്ട്രേലിയന്‍ സംവിധായകനായ ഫിലിപ്പ് നോയ്‌സിന് സമ്മാനിക്കും.

To advertise here,

ഇംഗ്ലീഷ് ചിത്രമായ 'ബെറ്റര്‍ മാന്‍' ആണ് ഉദ്ഘാടന ചിത്രം. മൈക്കിള്‍ ഗ്രേയ്‌സിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. വിവിധ വിഭാഗങ്ങളിലായി 81 രാജ്യങ്ങളില്‍ നിന്നുള്ള 180-ലേറെ ചിത്രങ്ങളാണ് ഇത്തവണ വിവിധ വിഭാഗങ്ങളില്‍ പ്രദര്‍ശനത്തിനെത്തുന്നത്. നടനും സംവിധായകനും എഴുത്തുകാരനുമായ അശുതോഷ് ഗോവാരിക്കറാണ് അന്താരാഷ്ട്ര മത്സരവിഭാഗത്തിന്റെ ജൂറി ചെയര്‍മാന്‍. പതിനഞ്ച് സിനിമകളാണ് ഈ വിഭാഗത്തില്‍ പ്രദര്‍ശനത്തിനെത്തുന്നത്. പൃഥ്വിരാജ് നായകനായി ബ്ലെസ്സി സംവിധാനം ചെയ്ത ആടുജീവിതം, ആദിത്യ സുഹാസ് ജംഭാലെയുടെ ആര്‍ട്ടിക്കിള്‍ 370, നിഖില്‍ മഹാജന്റെ രാവ്‌സാഹേബ് എന്നിവയാണ് ഈ വിഭാഗത്തില്‍ പ്രദര്‍ശനത്തിനെത്തുന്ന ഇന്ത്യന്‍ സിനിമകള്‍.

സംവിധായകനും നടനുമായ ഡോ.ചന്ദ്രപ്രകാശ് ദ്വിവേദിയാണ് ഇന്ത്യന്‍ പനോരമ ജൂറി ചെയര്‍മാന്‍. ഇരുപത്തിയഞ്ച് സിനിമകള്‍ ഈ വിഭാഗത്തില്‍ പ്രദര്‍ശനത്തിനെത്തും. രണ്‍ദീപ് ഹൂഡ സംവിധാനം ചെയ്ത സ്വാതന്ത്ര്യ വീര്‍ സവര്‍ക്കറാണ് (ഹിന്ദി) പനോരമയിലെ ഉദ്ഘാടന ചിത്രം.

ബ്ലെസിയുടെ ആടുജീവിതം, രാഹുല്‍ സദാശിവന്റെ സംവിധാനത്തില്‍ മമ്മൂട്ടി പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച ഭ്രമയുഗം, അര്‍ഫാസ് അയൂബ് സംവിധാനം ചെയ്ത ലെവല്‍ ക്രോസ് എന്നിവയാണ് ഇന്ത്യന്‍ പനോരമയില്‍ പ്രദര്‍ശിപ്പിക്കുന്ന മലയാള ചിത്രങ്ങള്‍. കൂടാതെ കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത തമിഴ് ചിത്രം ജിഗര്‍തണ്ട ഡബിള്‍ എക്‌സ്, അശ്വിന്‍ കുമാറിന്റെ വാക്‌സിന്‍ വാര്‍, നന്ദകിശോര്‍ ഇമാനിയുടെ 35-ചിന്ന കഥ കാഡു എന്നിവയും മേളയില്‍ പ്രദര്‍ശനത്തിനെത്തുന്നു.

മെയിന്‍ സ്ട്രീം വിഭാഗത്തില്‍ ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മല്‍ ബോയ്‌സ്, വിനു വിനോദ് ചോപ്രയുടെ 12വേ ഫെയില്‍, നാഗ് അശ്വിന്‍ സംവിധാനം ചെയ്ത് പ്രഭാസ് നായകനായെത്തിയ കല്‍ക്കി 2898 AD എന്നിവയും പ്രദര്‍ശിപ്പിക്കും.

പുതിയ തലമുറയിലെ സിനിമാ പ്രതിഭകളെ കണ്ടെത്താനായി യങ് ക്രിയേറ്റീവ് മൈന്‍ഡ്സ് ഓഫ് ടുമാറോ പദ്ധതിയുടെ 100 വിജയികളെ മേളയില്‍ പ്രഖ്യപിക്കും. 47-ഓളം വനിതാ സംവിധായകരുടെ ചിത്രങ്ങളാണ് ഇത്തവണ മേളയില്‍ വ്യത്യസ്ത വിഭാഗങ്ങളില്‍ പ്രദര്‍ശനത്തിനെത്തുന്നത്. കൂടാതെ 66 യുവ, നവാഗത സംവിധായകരുടെ സിനിമകളും മേളയില്‍ പ്രദര്‍ശിപ്പിക്കും. കാഴ്ച ശക്തിയും കേള്‍വി ശക്തിയും ഇല്ലാത്തവര്‍ക്ക് പ്രത്യേക പ്രദര്‍ശനം ഉണ്ടായിരിക്കും. ഓസ്‌ട്രേലിയ ആണ് ഇത്തവണ മേളയിലെ കണ്‍ട്രി ഓഫ് ഫോക്കസ്.

മാസ്റ്റര്‍ക്ലാസ്, ഇന്‍ കോണ്‍വര്‍സേഷന്‍ വിഭാഗത്തില്‍ അന്താരാഷ്ട്ര സിനിമയിലെയും ഇന്ത്യന്‍ സിനിമയിലെയും ചലച്ചിത്ര പ്രവര്‍ത്തകര്‍ പ്രേക്ഷകരോട് സംവദിക്കും. എ.ആര്‍.റഹ്‌മാന്‍, ശബാന ആസ്മി, മണിരത്‌നം, വിധു വിനോദ് ചോപ്ര, അനുപം ഖേര്‍ ഫിലിപ്, നോയ്‌സ്, ജോണ്‍ സീല്‍ എന്നിവര്‍ പങ്കെടുക്കും.

സ്ലോവാക്യന്‍ ചിത്രം 'ഡ്രൈ സീസണ്‍' ആണ് സമാപന ചിത്രം. ബോഹ്ഡന്‍ സ്ലാമയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

മത്സര വിഭാഗത്തിലെ ഏറ്റവും മികച്ച ചിത്രത്തിന് സുവര്‍ണ മയൂരവും നാല്‍പ്പത് ലക്ഷം രൂപയും പുരസ്‌കാരമായി ലഭിക്കും. മികച്ച സംവിധായിക/ സംവിധായകന്‍, മികച്ച നടി, നടന്‍, മികച്ച നവാഗത സംവിധായിക/ സംവിധായകന്‍ തുടങ്ങി വിവിധ വിഭാഗങ്ങളില്‍ പുരസ്‌കാരമുണ്ട്. മലയാളത്തില്‍ നിന്ന് ആടുജീവിതം സുവര്‍ണമയൂരത്തിനായി മത്സരിക്കും. മികച്ച നവാഗതര്‍ക്കുള്ള പുരസ്‌കാരത്തിന് മലയാളത്തില്‍ നിന്ന് രാഗേഷ് നാരായണന്‍ മത്സരിക്കുന്നുണ്ട്. (തണുപ്പ്)