പ്രിയനന്ദനൻ സംവിധാനം ചെയ്ത ധബാരി ക്യുരിവി അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പ്രദര്‍ശനത്തിന് എത്തിയപ്പോള്‍ ആനന്ദ കണ്ണീരിലായിരുന്നു ഈ മൂന്ന് പെണ്‍കുട്ടികള്‍. അവിചാരിതമായാണ് സിനിമയിലഭിനയിക്കാനുള്ള അവസരം ഇവരെ തേടിയെത്തിയത്. തങ്ങളുടെ ഗോത്രവിഭാഗം നേരിടുന്ന പ്രശ്‌നങ്ങളെ സിനിമയിലൂടെ അവതരിപ്പിക്കാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് പറയുകയാണ് മീനാക്ഷി, ശ്യാമിനി, അനു പ്രശോഭിനി  എന്നിവര്‍. 

To advertise here,

പിതാവ് ആരാണെന്നറിയാത്ത ഒരു നാടോടിക്കഥയിലെ ഒരു കുരുവിയാണ് ധബരി ക്യുരുവി. ഗോത്ര ആചാരങ്ങളുടെയും സംസ്‌കാരത്തിന്റെയും പശ്ചാത്തലത്തിലാണ്  സിനിമ കഥ പറയുന്നത്.  സ്വന്തം ശരീരത്തിലും തീരുമാനങ്ങളിലുമുള്ള അവകാശം പോരാടി നേടുന്ന പാപ്പാത്തി എന്ന ആദിവാസി പെണ്‍കുട്ടിയാണ് ധബാരി ക്യുരുവിലെ നായിക.

മീനാക്ഷി: സിനിമയില്‍ അഭിനയിക്കാന്‍ വിളിച്ചപ്പോള്‍ നല്ല ഭയമുണ്ടായിരുന്നു. താല്‍പര്യം ഉണ്ടായിരുന്നുവെങ്കിലും എന്തു ചെയ്യണം എങ്ങനെ ചെയ്യണം എന്നൊന്നും അറിയില്ല. പക്ഷേ പ്രിയനന്ദന്‍ സാറും മറ്റു അണിയറപ്രവര്‍ത്തകരുമെല്ലാം മികച്ച പിന്തുണയാണ് ഞങ്ങള്‍ക്ക് നല്‍കിയത്. ഇരുള ഭാഷ ഞങ്ങള്‍ക്ക് പരിചയമുള്ളതായത് കൊണ്ട് അഭിനയിച്ചു തുടങ്ങിയപ്പോള്‍ മറ്റു പ്രശ്‌നങ്ങളൊന്നും തോന്നിയില്ല. പാപ്പാത്തി എന്ന പെണ്‍കുട്ടിയുടെ കഥാപാത്രം വളരെ ശക്തമായിരുന്നു.

അട്ടപ്പാടിയില്‍ പല പെണ്‍കുട്ടികളും നേരിടുന്ന വിഷയമാണ്. ഞാന്‍ ഡിഗ്രി രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയാണ്. പക്ഷേ ഞങ്ങളുടെ ഗോത്ര വിഭാഗത്തിലെ പല പെണ്‍കുട്ടികള്‍ക്കും പഠനം മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കുന്നില്ല. ഗോത്രത്തിന്റെ ഉള്ളിലുള്ള വിശ്വാസപരമായ പ്രശ്‌നങ്ങള്‍ കൂടി അതിന് കാരണമായി തീരാറുണ്ട്. കൗമാര കാലത്ത് തന്നെ വിവാഹം കഴിച്ച് ഗര്‍ഭിണികളാകുന്നു. ചിലര്‍ ചൂഷണത്തിന് ഇരകളായി ഗര്‍ഭിണികളാകുന്നു. വിവാഹിതരും അവിവാഹിതരുമായ കൗമാരപ്രായത്തിലുള്ള അമ്മമാരുണ്ട്. ഈ പ്രശ്‌നങ്ങളെല്ലാം അഭിസംബോധന ചെയ്യപ്പെടേണ്ടതാണെന്ന് വിശ്വസിക്കുന്നു.  ഈ സിനിമ അതിനൊരു കാരണമാകട്ടെ.

മറ്റൊരു കാര്യം കൂടി ഇതോടൊപ്പം പറയുന്നു. അട്ടപ്പാടിയില്‍ ഒരുപാട് കഴിവുകളുള്ള കുട്ടികളുണ്ട്. കലാരംഗത്തും കായിക രംഗത്തുമെല്ലാം മികവുള്ളവര്‍. അവരെയെല്ലാം മുഖ്യധാരയിലേക്ക് കൊണ്ടുവരണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്.

ശ്യാമിനി: പാപ്പാത്തിയുടെ സുഹൃത്ത് രാമിയുടെ കഥാപാത്രത്തെയാണ് ഞാന്‍ അവതരിപ്പിച്ചത്. സാധാരണ കൂട്ടുകാരി കഥാപാത്രങ്ങള്‍ സിനിമയില്‍ വെറും കൂടെ നടക്കുന്ന കഥാപാത്രങ്ങളായിരിക്കും. എന്നാല്‍ ധബാരി ക്യുരുവിയില്‍ എന്റെ കഥാപാത്രം പാപ്പാത്തിയുടെ പോരാട്ടത്തിന് ഒപ്പം നില്‍ക്കുന്നവളാണ്. അങ്ങനെയൊരു കഥാപാത്രത്തെ ചെയ്യാന്‍ സാധിച്ചതില്‍ അതിയായ സന്തോഷം തോന്നുന്നു. 

അനു പ്രശോഭിനി; അതിയായ സന്തോഷം തോന്നുന്നു. ഈ സിനിമയില്‍ അഭിനയിച്ചതില്‍. അട്ടപ്പാടിയില്‍ എന്നെപ്പോലെ ഒരുപാട് പെണ്‍കുട്ടികളുണ്ട്. അവരില്‍ പലരും ചെറുപ്രായത്തില്‍ തന്നെ പ്രസവിച്ച് ഒരുപാട് മാനസിക ശാരീരിക പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവരാണ്. ജനിക്കുന്ന കൂട്ടികള്‍ക്ക് തൂക്ക കുറവുമുതലായ പ്രശ്‌നങ്ങള്‍ ഉണ്ടാകാറുണ്ട്. പാപ്പാത്തിയുടെ നേരെ വിപരീത കഥാപാത്രമാണ് എന്റേത്. പാപ്പാത്തി അവള്‍ക്കുണ്ടായ പ്രശ്‌നത്തെ  അതിജീവിക്കാനാണ് ശ്രമിക്കുന്നത്. എന്റെ കഥാപാത്രം അതിന്റെ ഇരയാണ്. ചരിത്രത്തില്‍ ആദ്യമായാണ് ഗോത്ര വിഭാഗത്തിലുള്ളവര്‍ മാത്രം അഭിനയിച്ച സിനിമ വരുന്നത്. അതില്‍ വളരെയേറെ സന്തോഷമുണ്ട്