കൊൽക്കത്ത: ടി20 ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ അപരാജിതരായി മുന്നേറി വെസ്റ്റിൻഡീസ്. വ്യാഴാഴ്ച ഇറ്റലിയെ കീഴടക്കിയതോടെ കളിച്ച നാല് ഗ്രൂപ്പ് മത്സരത്തിലും വിൻഡീസ് ജയിച്ചു. ഇറ്റലിയെ 42 റൺസിനാണ് മുൻ ചാമ്പ്യന്മാർ പരാജയപ്പെടുത്തിയത്. വിൻഡീസ് ഉയർത്തിയ 166 റൺസ് വിജയലക്ഷ്യവുമായി ബാറ്റേന്തിയ ഇറ്റലി 123 റൺസിന് പുറത്തായി. സൂപ്പർ എട്ടിൽ സിംബാബ് വേയാണ് വിൻഡീസിന്റെ ആദ്യ എതിരാളികൾ.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇറ്റലിയെ തുടക്കം മുതൽ തന്നെ വിൻഡീസ് പ്രതിരോധത്തിലാക്കി. 37 റൺസിനിടെ ടീമിന് മൂന്ന് വിക്കറ്റുകൾ നഷ്ടമായി. ഇറ്റാലിയൻ ബാറ്റർമാരെ കൃത്യമായ ഇടവേളകളിൽ പുറത്താക്കിയാണ് വിൻഡീസ് മത്സരം സ്വന്തമാക്കിയത്. ആന്തണി മോസ്‌ക(19), ജെ.ജെ. സ്മട്‌സ്(24) ബെൻ മനെന്റി(26) എന്നിവരാണ് ഇറ്റലിക്കായി പൊരുതിയത്. ഗ്രാന്റ് സ്റ്റീവാർട്ട് ടീമിനെ നൂറുകടത്തിയെങ്കിലും ലക്ഷ്യത്തിലെത്താനായില്ല. വിൻഡീസിനായി ഷമാർ ജോസഫ് നാല് വിക്കറ്റും മാത്യു ഫോർദെ മൂന്ന് വിക്കറ്റുമെടുത്തു. അതോടെ സമ്പൂർണ ആധിപത്യത്തോടെ വെസ്റ്റിൻഡീസ് സൂപ്പർ എട്ടിലേക്ക് കടന്നു.
ആദ്യം ബാറ്റുചെയ്ത വിൻഡീസ് നിശ്ചിത 20 ഓവറിൽ ആറുവിക്കറ്റ് നഷ്ടത്തിൽ 165 റൺസാണെടുത്തത്. ക്യാപ്റ്റൻ ഷായ് ഹോപ്പിന്റെ അർധസെഞ്ചുറിയാണ് ടീമിന് ഭേദപ്പെട്ട സ്‌കോർ സമ്മാനിച്ചത്. ഹോപ് 46 പന്തിൽ നിന്ന് 75 റൺസെടുത്തു. ആറുഫോറുകളും നാല് സിക്‌സറുകളും അടങ്ങുന്നതാണ് ഇന്നിങ്‌സ്. റോസ്റ്റൺ ചേസ്(24), ഷെർഫെയ്ൻ റൂഥർഫോർഡ്(24), മാത്യു ഫോർദെ(16) എന്നിവർ വിൻഡീസ് ഇന്നിങ്‌സിലേക്ക് സംഭാവന നൽകി. അതോടെ വിൻഡീസ് നിശ്ചിത 20 ഓവറിൽ ആറുവിക്കറ്റ് നഷ്ടത്തിൽ 165 റൺസെടുത്തു.
ആദ്യമായി ഒരു ഐസിസി ടൂർണമെന്റിന് യോഗ്യത നേടിയ ഇറ്റലി തലയുയർത്തിയാണ് ലോകകപ്പിൽ നിന്ന് മടങ്ങുന്നത്. കളിച്ച നാല് മത്സരങ്ങളിൽ നിന്ന് ഒരു ജയവും മൂന്ന് തോൽവിയുമടക്കം രണ്ട് പോയന്റാണ് ടീമിന്റെ സമ്പാദ്യം. ആദ്യ മത്സരത്തിൽ സ്‌കോട്ട്‌ലൻഡിനോട് തോറ്റെങ്കിലും രണ്ടാം മത്സരത്തിൽ ഉഗ്രൻ തിരിച്ചുവരവ് നടത്തി. നേപ്പാളിനെ പത്ത് വിക്കറ്റിനാണ് ടീം കീഴടക്കിയത്. നേപ്പാൾ ഉയർത്തിയ 124 റൺസ് വിജയലക്ഷ്യം 12.4 ഓവറിൽ വിക്കറ്റ് നഷ്ടപ്പെടാതെ മറികടന്നു. മൂന്നാം മത്സരത്തിൽ ഇംഗ്ലണ്ടിനെ വിറപ്പിച്ചാണ് ഇറ്റലി കീഴടങ്ങിയത്.
Content Highlights: west indies beat italy t20 world cup
Published: 19 Feb 2026, 02:46 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented