ടി20 ലോകകപ്പിൽ ഇന്ത്യയുടെ എല്ലാ ദൗർബല്യങ്ങളും തുറന്നുകാട്ടപ്പെട്ട മത്സരമായിരുന്നു ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ സൂപ്പർ എട്ട് പോരാട്ടം. ടി20-യിൽ ലോകത്തെ ഏറ്റവും ശക്തരെന്ന് വിശേഷിപ്പിക്കപ്പെട്ട ബാറ്റിങ് നിരയെ നിഷ്പ്രഭമാക്കിക്കളഞ്ഞ പ്രകടനമാണ് പ്രോട്ടീസ് ബൗളർമാർ നടത്തിയത്. ഇന്ത്യയുടെ ശക്തിദൗർബല്യങ്ങളും പിച്ചിന്റെ സ്വഭാവവും കൃത്യമായി മനസിലാക്കി തന്ത്രങ്ങൾ ഒരുക്കുകയും അത് കൃത്യമായി നടപ്പിലാക്കുകയുമായിരുന്നു ദക്ഷിണാഫ്രിക്ക. 188 റൺസ് വിജയലക്ഷ്യം മുന്നോട്ടുവെയ്ക്കുകയും മറുപടി ബാറ്റിങ്ങനിറങ്ങിയ ഇന്ത്യയെ വെറും 111 റൺസിന് എറിഞ്ഞിടുകയുമായിരുന്നു അവർ.
അഹമ്മദാബാദിലെ കറുത്ത മണ്ണുകൊണ്ടുണ്ടാക്കിയ പിച്ചിന്റെ സ്വഭാവവും ഇന്ത്യൻ ബാറ്റർമാരുടെ ദൗർബല്യങ്ങളുമെല്ലാം കൃത്യമായി പഠിച്ച് അതിനനുസരിച്ചുള്ള തന്ത്രങ്ങളൊരുക്കുകയായിരുന്നു ദക്ഷിണാഫ്രിക്ക ചെയ്തത്.
4-0-15-0 എന്ന ലുങ്കി എൻഗിഡിയുടെ ബൗളിങ് കണക്കുകൾതന്നെ ഇതിന് ഉദാഹരണം. പിച്ചിന്റെ വേഗക്കുറവ് പരമാവധി മുതലെടുക്കാൻ തന്റെ പരമ്പരാഗത പേസ് ഉപേക്ഷിച്ച് സ്ലോവർ ബോളുകളാണ് എൻഗിഡി കൂടുതലായി ഉപയോഗിച്ചത്. എൻഗിഡിയുടെ ഓഫ്-കട്ടറുകൾക്കും സ്ലോ-ബോൾ ബൗൺസറുകൾക്കും മുന്നിൽ ഇന്ത്യൻ ബാറ്റർമാർക്ക് മറുപടി ഉണ്ടായിരുന്നില്ല.
പേസ് ബോളുകളെറിഞ്ഞ് ഇന്ത്യൻ ബാറ്റർമാർക്ക് യഥേഷ്ടം റൺസടിക്കാൻ അവസരം നൽകാതെ കട്ടറുകളും സ്ലോ ബോളുകളും പരമാവധി കൂട്ടിക്കലർത്തി ഉപയോഗിക്കുകയായിരുന്നു പ്രോട്ടീസ് ബൗളർമാർ. ഒപ്പം ഓഫ് സ്പിൻ നേരിടുന്നതിൽ ഇന്ത്യൻ ബാറ്റർമാർക്കുള്ള ദൗർബല്യവും പ്രോട്ടീസ് മുതലെടുത്തു.
ഗ്രൗണ്ടിന്റെ നാലുപാടും യഥേഷ്ടം പന്തടിച്ചെത്തിച്ചിരുന്ന ഇന്ത്യൻ ബാറ്റിങ് നിര ഇതോടെ പന്ത് മിഡിൽ ചെയ്യാനാകാതെ കുഴങ്ങി. വെടിക്കെട്ട് താരം അഭിഷേക് നേരിട്ട നിരവധി പന്തുകളാണ് ബാറ്റിൽ തട്ടാതെ വിക്കറ്റ് കീപ്പറുടെ കൈകളിലെത്തിയത്. ഇതോടെ ബാറ്റർമാർക്ക് ബൗണ്ടറികൾ കണ്ടെത്താനാകാതെവന്നു. സ്‌കോർബോർഡ് നീങ്ങാതായതോടെ എങ്ങനെയെങ്കിലും പന്ത് അടിക്കുക എന്ന മാനസികാവസ്ഥയിലേക്ക് ഇന്ത്യൻ ബാറ്റർമാർ വീണു. അതോടെ വിക്കറ്റുകളും ഒന്നിനുപിറകെ ഒന്നായി വീണു.
ആറടി എട്ടിഞ്ച് ഉയരക്കാരനായ മാർക്കോ യാൻസൻ പോലും പിച്ചിന്റെ വേഗക്കുറവ് മുതലെടുക്കുന്ന തരത്തിലാണ് പന്തെറിഞ്ഞത്. പിച്ചിലെ സ്ഥിരതയില്ലാത്ത ബൗൺസും യാൻസന് സഹായകമായി. വെറും 22 റൺസിന് നാലു വിക്കറ്റുകളാണ് യാൻസൻ വീഴ്ത്തിയത്. ഉയരക്കൂടുതൽ കാരണം യാൻസന്റെ സ്ലോ ബോളുകൾ മനസിലാക്കാനും ഇന്ത്യൻ ബാറ്റർമാർക്കായില്ല.
ബാറ്റിങ്ങിൽ ഒരു ഘട്ടത്തിൽ നാല് ഓവറിൽ മൂന്നിന് 20 റൺസെന്ന തകർച്ചയിലായിരുന്നു പ്രോട്ടീസ്. എന്നാൽ, ഡേവിഡ് മില്ലറും ഡെവാൾഡ് ബ്രെവിസും കൃത്യമായ കണക്കുകൂട്ടകളിലൂടെ കൂട്ടുകെട്ട് സൃഷ്ടിച്ചു. വരുൺ ചക്രവർത്തിയേയും വാഷിങ്ടൺ സുന്ദറിനേയും കടന്നാക്രമിച്ച് അവരെ നിലയുറപ്പിക്കാൻ ഇരുവരും അനുവദിച്ചില്ല. അതോടെ മധ്യ ഓവറികളിൽ സ്‌കോറിങ് റേറ്റ് കുറയ്ക്കുകയെന്ന പതിന് തന്ത്രം ഇന്ത്യയ്ക്ക് നടപ്പിലാക്കാൻ സാധിച്ചില്ല. ഫലമോ തുടക്കത്തിലെ തകർച്ചയ്ക്കു ശേഷം ദക്ഷിണാഫ്രിക്ക യഥേഷ്ടം റൺസടിച്ചു. അപകടകാരിയായ ഇന്ത്യൻ താരം വരുൺ ചക്രവർത്തിക്കെതിരെയും കൃത്യമായ പദ്ധതികൾ ഇരുവരും ചേർന്ന് നടപ്പിലാക്കി. വിക്കറ്റ് ടു വിക്കറ്റ് പന്തെറിയുന്ന വരുണിനെതിരേ വിക്കറ്റുകൾ തുറന്നു കാണിച്ചായിരുന്നു ഇരുവരുടെയും ബാറ്റിങ്. ബൗണ്ടറികൾ തുടർക്കഥയായതോടെ വരുണിന് പന്തെറിയുന്ന സൈഡ് തന്നെ മാറ്റേണ്ടിവന്നു. നാല് ഓവറിൽ 47 റൺസാണ് ഇന്ത്യയുടെ മിസ്റ്ററി സ്പിന്നർ വഴങ്ങിയത്.
Content Highlights: South Africa strategically analyzed India`s T20 World Cup weaknesses and pitch conditions to secure a dominant victory. Learn their tactics.
Published: 23 Feb 2026, 03:38 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented