ന്യൂഡൽഹി: ഇത്തവണത്തെ ടി20 ലോകകപ്പിൽ വിവിധ രാജ്യങ്ങൾക്കായി കളിച്ച ഇന്ത്യൻ വംശജരായ ക്രിക്കറ്റ് താരങ്ങളെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിവാര റേഡിയോ പരിപാടിയായ മൻ കി ബാത്തിന്റെ 131-ാം എപ്പിസോഡിലാണ് യുഎസ്എ, കാനഡ, ഒമാൻ തുടങ്ങിയ രാജ്യങ്ങൾക്കായി കളിച്ച ഇന്ത്യൻ വംശജരായ ക്രിക്കറ്റ് താരങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചത്.

To advertise here,

കാനഡയുടെ ക്യാപ്റ്റൻ ദിൽപ്രീത് ബജ്വ, നവനീത് ധാലിവാൾ, ഹർഷ് താക്കർ, ശ്രേയസ് മോവ്വ, യുഎസ്എയുടെ മോനാങ്ക് പട്ടേൽ, സൗരഭ് രഞ്ജനെ, ഹർമീത് സിംഗ്, മിലിന്ദ് കുമാർ, ഒമാന്റെ ജതീന്ദർ സിംഗ്, വിനായക് ശുക്ല, കരൺ സോണാവലെ, ജയ് ഒഡേദ്ര, ആശിഷ് ഒഡേദ്ര തുടങ്ങിയവരെയെല്ലാം പ്രശംസിച്ചാണ് അദ്ദേഹം സംസാരിച്ചത്.

തങ്ങളുടെ പൈതൃകത്തോട് ചേർന്നുനിൽക്കുമ്പോൾ തന്നെ ഇവർ പ്രതിനിധീകരിക്കുന്ന രാജ്യങ്ങൾക്ക് വേണ്ടി ആത്മാർഥമായി പോരാടുന്നത് രാജ്യത്തിന് അഭിമാനമാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഇത്തരത്തിൽ വിവിധ രാജ്യങ്ങളിലെ ക്യാപ്റ്റന്മാരും പ്രമുഖ കളിക്കാരും ഇന്ത്യയിലെ ആഭ്യന്തര ക്രിക്കറ്റിൽ നിന്ന് വളർന്നുവന്നവരാണെന്ന വസ്തുതയും പ്രസംഗത്തിനിടെ അദ്ദേഹം സൂചിപ്പിച്ചു. ലോകത്തിന്റെ ഏത് ഭാഗത്തായാലും ഇന്ത്യക്കാർ തങ്ങളുടെ കഠിനാധ്വാനത്തിലൂടെയും സ്വഭാവമഹിമയിലൂടെയും അവിടുത്തെ കായിക മേഖലയെ പരിപോഷിപ്പിക്കുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സാംസ്‌കാരികമായ വേരുകൾ കാത്തുസൂക്ഷിച്ചുകൊണ്ട് തന്നെ ആഗോളതലത്തിൽ പുതിയ തലമുറയ്ക്ക് ഇവർ മാതൃകയാകുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.