കൊളംബോ: നമീബിയക്കെതിരായ ടി20 ലോകകപ്പ് മത്സരത്തിനിടെയുണ്ടായ പാക് ക്യാപ്റ്റൻ സൽമാൻ അലി ആഗയുടെ വീഡിയോ ദൃശ്യങ്ങളിൽ വിശദീകരണവുമായി പാക് കോച്ച് മൈക്ക് ഹെസ്സൻ. ഗ്രൂപ്പ് ഘട്ടത്തിലെ പാകിസ്താന്റെ നിർണായക മത്സരത്തിനിടയിലാണ് ഈ സംഭവമുണ്ടാകുന്നത്. വീഡിയോയിൽ ഹെസ്സൻ, ആഗയോട് എന്തോ പറയുന്നതും തുടർന്ന് ദേഷ്യത്തോടെ ആഗ കൈയിലുണ്ടായിരുന്ന വെള്ളക്കുപ്പി ശക്തിയായി നിലത്തേക്ക് എറിഞ്ഞ് രോഷം പ്രകടിപ്പിക്കുന്നതുമാണ് ഉണ്ടായിരുന്നത്. ഇരുവരും തമ്മിലുള്ള സംഭാഷണത്തിനിടെ ഇടയിൽ ബാബർ അസമും ഉണ്ടായിരുന്നു.
ഇതിനു പിന്നാലെ പാക് ക്യാപ്റ്റനും കോച്ചും അത്ര രസത്തിലല്ലെന്ന തരത്തിലുള്ള വാർത്തകൾ വന്നു. ഈ ദൃശ്യങ്ങൾ പാക് ക്യാമ്പിൽ ഭിന്നത രൂക്ഷമാണെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. ഇതോടെയാണ് അന്ന് നടന്നത് എന്താണെന്ന കാര്യത്തിൽ വിശദീകരണവുമായി മൈക്ക് ഹെസ്സൻ തന്നെ രംഗത്തെത്തിയത്. ന്യൂസീലൻഡിനെതിരായ പാകിസ്താന്റെ സൂപ്പർ എട്ട് മത്സരത്തിനു മുമ്പ് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വീഡിയോ വ്യാപകമായി തെറ്റായി വ്യാഖ്യാനിക്കപ്പെട്ടെന്ന് അദ്ദേഹം വിശദീകരിച്ചു. താൻ ആ സമയം ആഗയുമായി നടത്തിയ ചർച്ചയും തുടർന്നുള്ള ആഗയുടെ രോഷപ്രകടനവുമായി ബന്ധമില്ലെന്ന് അദ്ദേഹം പറഞ്ഞു. ''ആ വീഡിയോ ഞാൻ കണ്ടു. നിങ്ങൾ അത് പൂർണമായും തെറ്റിദ്ധരിച്ചതാണ്. യഥാർഥത്തിൽ എന്താണ് സംഭവിച്ചതെന്ന് ഞാൻ വിശദീകരിക്കാം. സൽമാനുമായി സംസാരിക്കാനും ഇടംകൈയ്യൻ എന്ന നിലയിൽ നവാസിനോട് പാഡ് ധരിക്കാൻ ആവശ്യപ്പെടാനുമാണ് ഞാൻ അങ്ങോട്ടെത്തിയത്. ആഗ അപ്പോൾ ഔട്ടായി എത്തിയതേ ഉണ്ടായിരുന്നുള്ളൂ. അതിനാൽ തന്നെ അദ്ദേഹം അപ്പോൾ എന്തുകൊണ്ട് അസ്വസ്ഥനായിരുന്നു എന്നത് മനസിലാക്കാവുന്നതല്ലേയുള്ളൂ. അതിനാലാണ് അദ്ദേഹം കുപ്പി നിലത്തേക്കെറിഞ്ഞത്. ഞങ്ങൾ നടത്തിയ സംഭാഷണവുമായി ഇതിന് യാതൊരു ബന്ധവുമില്ല.'' - ഹെസ്സൻ വ്യക്തമാക്കി.
Content Highlights: Pakistan coach Mike Hesson clarifies the viral video of captain Salman Ali Agha throwing a water bottle during a T20 World Cup match, dispelling rumors of internal conflict.
Published: 20 Feb 2026, 10:24 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented