ചെന്നൈ: ടി20 ലോകകപ്പിൽ ആവേശകരമായ പോരാട്ടത്തിൽ അഫ്ഗാനിസ്താനെ തകർത്ത് ന്യൂസീലൻഡിന് ആദ്യ ജയം. അഫ്ഗാനിസ്താൻ ഉയർത്തിയ 183 റൺസ് വിജയലക്ഷ്യം 18.3 ഓവറിൽ വിക്കറ്റ് നഷ്ടത്തിൽ കിവീസ് മറികടന്നു. സ്കോർ- 183/5 (17.5 ഓവർ). രണ്ടോവറിലധികം ബാക്കിനിൽക്കേ അഞ്ചുവിക്കറ്റിനാണ് കിവീസിന്റെ ജയം. ഓപ്പണർ ടിം സിഫർട്ടും ഗ്ലെൻ ഫിലിപ്‌സും കാഴ്ചവെച്ച ബാറ്റിങ്ങാണ് കിവികൾക്ക് ജയമൊരുക്കിയത്. 

To advertise here,

അഫ്ഗാൻ ഉയർത്തിയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയത ന്യൂസീലൻഡിന് തുടക്കത്തിൽ തിരിച്ചടി നേരിട്ടു. ഓപ്പണർ ഫിൻ അലൻ (1), രചിൻ രവീന്ദ്ര (0) എന്നിവരെ മുജീബുർറഹ്‌മാൻ പുറത്താക്കിയതോടെ കിവീസ് സമ്മർദത്തിലായി. എന്നാൽ മൂന്നാം വിക്കറ്റിൽ ഒന്നിച്ച ടിം സിഫർട്ടും ഗ്ലെൻ ഫിലിപ്‌സും ചേർന്ന് ടീമിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. സിഫർട്ട് 42 പന്തിൽ 65 റൺസ് നേടിയപ്പോൾ ഫിലിപ്‌സ് 25 പന്തിൽ 42 റൺസ് നേടി. മൂന്ന് സിക്‌സും ഏഴ് ഫോറും ചേർന്നതാണ് സിഫർട്ടിന്റെ ഇന്നിങ്‌സ്. മാർക്ക് ചാപ്മൻ 28 റൺസും ഡറിൽ മിച്ചൽ 25* റൺസും നേടി. കളി ജയിക്കുമ്പോൾ മിച്ചലിനൊപ്പം സാന്റ്നർ (17*) ആയിരുന്നു ക്രീസിലുണ്ടായിരുന്നത്.

നേരത്തേ ടോസ് നേടി ആദ്യം ബാറ്റുചെയ്ത അഫ്ഗാനിസ്താൻ നിശ്ചിത 20 ഓവറിൽ ആറുവിക്കറ്റ് നഷ്ടത്തിൽ 182 റൺസ് നേടി. ഗുലാബ്ദിൻ നായിബിന്റെ വെടിക്കെട്ട് നിറഞ്ഞ അർധ സെഞ്ചുറിയാണ് അഫ്ഗാന് തുണയായത്. 35 പന്തിൽ മൂന്ന് സിക്‌സും നാല് ഫോറും സഹിതം താരം 63 റൺസ് നേടി. സ്വദീഖുള്ള അത്താൽ 24 പന്തിൽ 29 റൺസും റഹ്‌മാനുള്ള ഗുർബാസ് 22 പന്തിൽ 27 റൺസും ഡാർവിഷ് റസൂലി 13 പന്തിൽ 20 റൺസും നേടി.

ആദ്യ വിക്കറ്റിൽ ഇബ്രാഹിം സദ്രാനും ഗുർബാസും ചേർന്ന് 31 പന്തിൽ 35 റൺസ് നേടി. മൂന്നാംവിക്കറ്റിൽ അത്താലും നായിബും ചേർന്ന് പടുത്തുയർത്തിയ 79 റൺസിന്റെ കൂട്ടുകെട്ടാണ് അഫ്ഗാനെ ഭേദപ്പെട്ട നിലയിലെത്തിച്ചത്. ന്യൂസീലൻഡിനായി ലോക്കി ഫെർഗൂസൻ നാലോവറിൽ 40 റൺസ് വഴങ്ങി രണ്ട് വിക്കറ്റകൾ വീഴ്ത്തി. മാറ്റ് ഹെന്റി, ജേക്കബ് ഡഫി, രചിൻ രവീന്ദ്ര എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി.