ന്യൂഡൽഹി: ഐസിസി പുരുഷ ടി20 ലോകകപ്പിലെ ഗ്രൂപ്പ് എ മത്സരത്തിൽ നമീബിയയെ ഏഴുവിക്കറ്റിന് തകർത്ത് നെതർലൻഡ്സ്. ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത നെതർലൻഡ്സ് നായകൻ സ്‌കോട്ട് എഡ്വേർഡ്സിന്റെ തീരുമാനം ശരിവെക്കുന്ന പ്രകടനമാണ് ഡൽഹിയിലെ അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ ടീം കാഴ്ചവെച്ചത്.

To advertise here,

ആദ്യം ബാറ്റ് ചെയ്ത നമീബിയ നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 156 റൺസെടുത്തു. 38 പന്തിൽ നിന്ന് 42 റൺസെടുത്ത ജാൻ നിക്കോൾ ലോഫ്റ്റി ഈറ്റണാണ് നമീബിയയുടെ ടോപ് സ്‌കോറർ. ജാൻ ഫ്രൈലിങ്ക് (30), ജെ.ജെ സ്മിറ്റ് (22) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. നെതർലൻഡ്സിനായി ലോഗൻ വാൻ ബീക്ക്, ബാസ് ഡി ലീഡ് എന്നിവർ രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി. ആര്യൻ ദത്ത് മൂന്ന് ഓവറിൽ വെറും 13 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റെടുത്തു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ നെതർലൻഡ്സ് 18 ഓവറിൽ 3 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം കണ്ടു. ഓൾറൗണ്ട് പ്രകടനവുമായി തിളങ്ങിയ ബാസ് ഡി ലീഡിന്റെ ബാറ്റിങ്ങാണ് ഡച്ച് പടയ്ക്ക് വിജയം എളുപ്പമാക്കിയത്. 48 പന്തിൽ നിന്ന് 5 ഫോറും 4 സിക്‌സറുമടക്കം 72 റൺസെടുത്ത് ഡി ലീഡ് പുറത്താകാതെ നിന്നു.

മധ്യനിരയിൽ കോളിൻ അക്കർമാൻ (32), ഓപ്പണർ മൈക്കൽ ലെവിറ്റ് (28) എന്നിവരും വിജയത്തിൽ നിർണ്ണായക പങ്കുവഹിച്ചു. അവസാന നിമിഷം സ്‌കോട്ട് എഡ്വേർഡ്സ് 9 പന്തിൽ 18 റൺസെടുത്ത് ബാസ് ഡി ലീഡിനൊപ്പം വിജയം പൂർത്തിയാക്കി. നമീബിയയ്ക്കായി ബെർണാഡ് ഷോൾട്ട്‌സ്, റൂബൻ ട്രംപൽമാൻ, ജാൻ നിക്കോൾ ലോഫ്റ്റി ഈറ്റൺ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.