
കൊളംബോ: തന്ത്രങ്ങൾ പലതും മെനഞ്ഞെത്തിയ പാകിസ്താനെ സ്വന്തം ശൈലിയിലുള്ള പന്തേറിലൂടെ ഇന്ത്യ വരിഞ്ഞുമുറുക്കി. ജസ്പ്രീത് ബുംറയും ഹാർദിക് പാണ്ഡ്യയും അക്ഷർ പട്ടേലും വരുൺ ചക്രവർത്തിയും ചേർന്ന് പാക് നിരയുടെ നട്ടെല്ലൊടിച്ചതോടെ ടി20 ലോകകപ്പ് ചരിത്രത്തിൽ പാകിസ്താൻ ഒരിക്കൽക്കൂടി ഇന്ത്യക്ക് മുന്നിൽ തകർന്നടിഞ്ഞു. 61 റൺസിനാണ് ഇന്ത്യയുടെ ജയം. ഇതോടെ ഇന്ത്യ സൂപ്പർ എട്ടിൽ കടന്നു. ബംഗ്ലാദേശിനോടുള്ള ഐക്യദാർഢ്യം പറഞ്ഞ് കളംവിടാൻ നോക്കിയവർ ഒടുവിൽ കളിക്കാനിറങ്ങിയപ്പോൾ നേരിട്ടത് വലിയ ബാറ്റിങ് തകർച്ച. ഇഷാൻ കിഷന്റെ ആത്മവിശ്വാസം സ്ഫുരിച്ച പ്രകടനമാണ് ഇന്ത്യൻ ജയത്തിലെ ഏറ്റവും തിളക്കമുള്ള അധ്യായം. ഇഷാനാണ് മത്സരത്തിലെ താരം.
പരസ്പരം കൈകൊടുക്കാതെ ശത്രുതയുടെ മുന കൂർത്ത മത്സരത്തിൽ, ആറ് സ്പിന്നർമാരെ അണിനിരത്തി ക്യാപ്റ്റൻ സൽമാൻ ആഗ തന്നെ ആദ്യം പന്തെറിഞ്ഞെത്തിയ പാകിസ്താന്റെ 'വിചിത്ര തന്ത്രങ്ങൾ' പക്ഷേ ഇന്ത്യൻ കരുത്തിന് മുന്നിൽ വെറും കടലാസു പുലികളായി മാറി. ടോസ് ആനുകൂല്യം നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത ഇന്ത്യ, നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 175 റൺസ് നേടി. മറുപടി ബാറ്റിങ്ങിൽ പാകിസ്താൻ 18 ഓവറിൽ 114 റൺസിന് പുറത്തായി.
ഇന്ത്യ ഉയർത്തിയ 176 വിജയലക്ഷ്യം പിന്തുടരാൻ ഇറങ്ങിയ പാകിസ്താന് തുടക്കത്തിലേ കനത്ത തിരിച്ചടി നേരിട്ടു. അഞ്ചോവറിനിടെ പാകിസ്താന്റെ നാല് വിക്കറ്റുകൾ നിലംപൊത്തി.
ഇന്ത്യൻ പേസർമാരുടെ കൃത്യതയാർന്ന പന്തുകൾക്ക് മുന്നിൽ പാക് മുൻനിര പതറുന്ന കാഴ്ചയാണ് കണ്ടത്. ആദ്യ ഓവറിൽ തന്നെ അപകടകാരിയായ സാഹിബ്‌സാദ ഫർഹാനെ പുറത്താക്കി ഹാർദിക് പാണ്ഡ്യ ഇന്ത്യക്ക് ബ്രേക്ക് ത്രൂ നൽകി. അർഷ്ദീപിന്റെ അഭാവത്തിൽ പുതിയ പന്ത് ഏറ്റെടുത്ത പാണ്ഡ്യ, നാലാം പന്തിൽ തന്നെ ഫർഹാനെ (0) റിങ്കു സിങ്ങിന്റെ കൈകളിൽ എത്തിച്ചു.
രണ്ടാം ഓവർ എറിയാനെത്തിയ ജസ്പ്രീത് ബുംറ തന്റെ സ്വതസിദ്ധമായ ഇൻസ്വിങ്ങറിലൂടെ സയിം അയൂബിനെ മടക്കി. ആദ്യ പന്തിൽ ഭാഗ്യത്തിന്റെ അകമ്പടിയോടെ സിക്‌സ് നേടിയെങ്കിലും, തൊട്ടടുത്ത പന്തിൽ മനോഹരമായ ഒരു ഇൻസ്വിങ്ങറിലൂടെ ബുംറ സയിമിനെ (6) എൽ.ബി.ഡബ്ല്യുവിൽ കുരുക്കി. അതേ ഓവറിൽ ക്യാപ്റ്റൻ സൽമാൻ ആഗയെയും പുറത്താക്കിയ ബുംറ പാകിസ്താന്റെ നട്ടെല്ലൊടിച്ചു. വെറും 4 റൺസ് മാത്രമാണ് ക്യാപ്റ്റന്റെ സമ്പാദ്യം. പിറകെ ബാബർ അസമിനെ (5) കൂടി പുറത്താക്കി അക്ഷർ പട്ടേൽ ഇന്ത്യയുടെ ആധിപത്യം ഉറപ്പിച്ചു.
ഓപ്പണർമാരും മധ്യനിരയും പരാജയപ്പെട്ട ടീമിൽ ഉസ്മാൻ ഖാൻ മാത്രമാണ് അല്പമെങ്കിലും പൊരുതിയത്. 34 പന്തിൽ 44 റൺസാണ് (6 ഫോറുകൾ, 1 സിക്സ്) താരം നേടിയത്. ഷഹീൻ അഫ്രീദി 19 പന്തിൽ 23 റൺസും ഷദബ് ഖാൻ 15 പന്തിൽ 14 റൺസും ഫഹീം അഷ്റഫ് 14 പന്തിൽ 10 റൺസും നേടി. മറ്റൊരു ബാറ്റർക്കും രണ്ടക്ക സംഖ്യ കടക്കാൻ സാധിച്ചില്ല. ഇന്ത്യൻ ബൗളർമാർ ഒന്നിനുപുറകെ ഒന്നായി വിക്കറ്റുകൾ വീഴ്ത്തി പാകിസ്താനെ വരിഞ്ഞുമുറുക്കുകയായിരുന്നു. ബുംറ, ഹാർദിക് പാണ്ഡ്യ, അക്ഷർ പട്ടേൽ, വരുൺ ചക്രവർത്തി എന്നിവർ രണ്ടുവീതം വിക്കറ്റുകൾ നേടി. കുൽദീപ് യാദവ്, തിലക് വർമ എന്നിവർ ഓരോ വിക്കറ്റ് നേടി.
നേരത്തേ 20 ഓവറിൽ ഏഴിന് 175 റൺസാണ് ഇന്ത്യ നേടിയത്. ആദ്യ ഓവറിൽ തന്നെ ഓപ്പണർ അഭിഷേക് ശർമയെ (0) നഷ്ടമായിട്ടും തളരാതെ പോരാടിയ ഇഷാൻ കിഷന്റെ വെടിക്കെട്ട് ബാറ്റിംഗാണ് ഇന്ത്യയ്ക്ക് കരുത്തായത്. ഇഷാൻ കിഷൻ (77) ആണ് ഇന്ത്യയുടെ ടോപ് സ്കോറർ. പാകിസ്താനുവേണ്ടി സായിം അയൂബ് മൂന്ന് വിക്കറ്റ് നേടി.
വെറും 27 പന്തിൽ അർധ സെഞ്ച്വറി തികച്ച ഇഷാൻ, ഇന്ത്യ-പാക് ടി20 പോരാട്ടങ്ങളിലെ ഏറ്റവും വേഗമേറിയ മൂന്നാമത്തെ ഫിഫ്റ്റി എന്ന റെക്കോർഡ് സ്വന്തമാക്കി. പവർപ്ലേ ഓവറുകളിൽ മാത്രം 42 റൺസ് അടിച്ചുകൂട്ടിയ ഇഷാൻ, ഈ ഘട്ടത്തിൽ പാകിസ്ഥാനെതിരെ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഇന്ത്യൻ താരമെന്ന ശുഭ്മൻ ഗില്ലിന്റെ റെക്കോർഡും മറികടന്നു. ഒടുവിൽ 40 പന്തിൽ 77 റൺസാണ് (10 ഫോർ, 3 സിക്സ്) നേടിയത്. അവസാനം സലീം അയൂബിന്റെ പന്തിൽ ബെയ്ൽ തെറിക്കുകയായിരുന്നു.
സഞ്ജു സാംസണ് പകരം ടീമിലിടം നേടിയ ഓപ്പണർ അഭിഷേക് ശർമ റണ്ണൊന്നുമെടുക്കാതെ ആദ്യ ഓവറിലെ നാലാം പന്തിൽ തന്നെ പുറത്തായി. സൽമാൻ ആഗയുടെ പന്തിൽ അഫ്രീദി ക്യാച്ചെടുക്കുകയായിരുന്നു. കഴിഞ്ഞ ആറ് മത്സരങ്ങളിൽ നാലിലും അഭിഷേക് പൂജ്യത്തിനാണ് പുറത്തായത്. അഭിഷേക് ശർമയെയും ഹാർദിക് പാണ്ഡ്യയെയും പൂജ്യത്തിന് പുറത്താക്കാൻ സാധിച്ചു എന്നത് പാകിസ്താന് ആശ്വാസം നൽകുന്നു. സ്പിന്നർ സായിം അയൂബ് പാകിസ്താനായി തകർപ്പൻ ബൗളിങ് കാഴ്ചവെച്ചു. 4 ഓവറിൽ 25 റൺസ് മാത്രം വഴങ്ങി ഇഷാൻ കിഷൻ, തിലക് വർമ്മ, ഹാർദിക് പാണ്ഡ്യ എന്നിവരുടെ നിർണായക വിക്കറ്റുകൾ അയൂബ് വീഴ്ത്തി.
ഇന്ത്യൻ നിരയിൽ സൂര്യകുമാർ യാദവ് (29 പന്തിൽ 32), ശിവം ദുബെയും (17 പന്തിൽ 27), തിലക് വർമയും (24 പന്തിൽ 25) ഭേദപ്പെട്ട പ്രകടനം നടത്തി. റിങ്കു സിങ് 11 റൺസെടുത്ത് പുറത്താവാതെ നിന്നു.
മെരുക്കാൻ സ്പിന്നർ
ക്രിക്കറ്റ് ലോകത്തെതന്നെ അമ്പരപ്പിച്ചുകൊണ്ട് ഇന്ത്യയെ തളയ്ക്കാൻ പാകിസ്താൻ നിയോഗിച്ചത് ആറ് സ്പിന്നർമാരെ! പേസ് പടയ്ക്ക് പേരുകേട്ട പാകിസ്താൻ, സ്പിന്നിനെ തുണയ്ക്കുന്ന കൊളംബോയിലെ പിച്ചിൽ ഇന്ത്യൻ ബാറ്റർമാരെ കുഴപ്പിക്കാൻ സ്പിൻ മന്ത്രവുമായെത്തുകയായിരുന്നു. ആദ്യ ഓവറിൽത്തന്നെ ക്യാപ്റ്റൻ ആഗയെത്തി അപകടകാരിയായ അഭിഷേകിനെ സ്പിന്നിന് മുന്നിൽ തളച്ച് പാകിസ്താന് ഇന്ധനം പകർന്നു.
സൽമാൻ ആഗ, സായിം അയൂബ്, അബ്രാർ അഹമ്മദ്, ഷദാബ് ഖാൻ, മുഹമ്മദ് നവാസ്, ഉസ്മാൻ താരിഖ് എന്നിങ്ങനെ ആറ് പേരെയാണ് പാക് നായകൻ പന്തേൽപ്പിച്ചത്.
പേസർ ഷഹീൻ അഫ്രീദി എറിഞ്ഞ ആദ്യ ഓവറിൽത്തന്നെ 15 റൺസാണ് വഴങ്ങിയത്.
ടോസ് നേടിയ പാകിസ്താൻ ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു.
രണ്ട് മാറ്റങ്ങളോടെയാണ് ടീം ഇന്ത്യയിറങ്ങിയത്. വയറുവേദനയെത്തുടർന്ന് വിശ്രമത്തിലായിരുന്ന അഭിഷേക് ശർമ, സഞ്ജു സാംസണിന് പകരം സ്‌ക്വാഡിൽ തിരിച്ചെത്തി. സ്പിൻ കരുത്ത് വർധിപ്പിക്കുക ഉദ്ദേശിച്ച് കുൽദീപ് യാദവിനെയും ടീമിൽ ഉൾപ്പെടുത്തി. അർഷ്ദീപിന് പകരമാണ് കുൽദീപെത്തിയത്. ജസ്പ്രീത് ബുംറയ്‌ക്കൊപ്പം ഹാർദിക് പാണ്ഡ്യയും ശിവം ദുബെയും പേസ് ബൗളിങ് ചുമതലകൾ വഹിക്കും.
അതേസമയം പഹൽഗാം ഭീകരാക്രമണത്തിന് ശേഷം പാക് താരങ്ങൾക്ക് കൈക്കൊടുക്കേണ്ടെന്ന നിലപാടുതന്നെ ഇന്ത്യ ഈ മത്സരത്തിലും കൈക്കൊണ്ടു. നായകരായ സൂര്യകുമാർ യാദവും സൽമാൻ അലി ആഗയും പരസ്പരം ഹസ്തദാനം നടത്തിയില്ല.
കളിക്കളത്തിൽ താരങ്ങൾ പുലർത്തുന്ന അതേ കർക്കശമായ നിലപാട് ഗാലറിയിലെ വിവിഐപി എൻക്ലോസറുകളിലും പ്രകടമാണ്. ബിസിസിഐ സെക്രട്ടറി ജയ് ഷാ, ഐപിഎൽ ചെയർമാൻ അരുൺ ധുമൽ, രാജീവ് ശുക്ല എന്നിവർ സ്റ്റേഡിയത്തിലുണ്ടെങ്കിലും പാക് ക്രിക്കറ്റ് ബോർഡ് മേധാവി മുഹ്സിൻ നഖ്‌വിയും സൽമാൻ നസീറും ഇരിക്കുന്ന എൻക്ലോസറിൽനിന്ന് മാറി മറ്റൊരു വിവിഐപി ബോക്സിലാണ് ഇവർ ഇരിക്കുന്നത്. നയതന്ത്രപരമായ ഈ അകലം ഗാലറിയിലും പ്രകടമായി.
Content Highlights: 2026 T20 World Cup: Excitement Amidst Rain, India-Pakistan Clash Begins
Published: 15 Feb 2026, 10:20 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented