
മുംബൈ: 254 റൺസെന്ന കൂറ്റൻ വിജയലക്ഷ്യത്തിന് അടുത്തുപോലും ഇംഗ്ലണ്ടിന് എത്താൻ സാധിക്കില്ലെന്ന് കരുതിയവർക്ക് മുന്നിലാണ് ജേക്കബ് ബെത്തൽ എന്ന 22 കാരൻ വെടിക്കെട്ട് പൂരം തീർത്തത്. അതോടെ ഇന്ത്യയുടെ പ്രതീക്ഷകൾ മങ്ങിത്തുടങ്ങി. 13 ഓവറുകൾ അവസാനിക്കുമ്പോൾ ആദ്യ ഇന്നിങ്‌സിൽ ഇന്ത്യയെടുത്തിരുന്ന അതേ സ്‌കോർ തന്നെയായിരുന്നു ഇംഗ്ലണ്ടും എടുത്തിരുന്നത്. എന്നാൽ 14-ാം ഓവറിലെ വിൽ ജാക്‌സിന്റെ പുറത്താകലും ബുംറയുടെ ഡെത്ത് ഓവറുകളും കളി മാറ്റി. ഇന്ത്യയുടെ വിജയത്തിൽ അതിനിർണായകമായിരുന്നു ഇത്.
മറുപടി ബാറ്റിങ്ങിൽ വിക്കറ്റുകൾ നഷ്ടപ്പെട്ട് പ്രതിരോധത്തിലായ ഘട്ടത്തിലാണ് ഇംഗ്ലണ്ടിനെ ജേക്കബ് ബെത്തൽ കരകയറ്റിയത്. മുൻ നിര ബാറ്റർമാരെല്ലാം വേഗം കൂടാരം കയറിയതോടെ നാല് വിക്കറ്റ് നഷ്ടത്തിൽ 95 റൺസെന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്. മുന്നിൽ ഇന്ത്യ ഉയർത്തിയ കൂറ്റൻ റൺമല. എന്നാൽ അഞ്ചാം വിക്കറ്റിൽ വിൽ ജാക്‌സിനെയും കൂട്ടുപിടിച്ച് ബെത്തൽ ഇന്നിങ്‌സ് മുന്നോട്ടുനയിച്ചു. ഇന്ത്യൻ ബൗളർമാരെ തകർത്തടിച്ച ഇരുവരും പതിയെ ഇംഗ്ലണ്ടിനെ മത്സരത്തിലേക്ക് തിരികെകൊണ്ടുവന്നു. ഇന്ത്യയുടെ ജയപ്രതീക്ഷകൾ മങ്ങിത്തുടങ്ങി. 13 ഓവർ അവസാനിക്കുമ്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ 160 റൺസെന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്. ഏഴോവറിൽ ജയിക്കാൻ വേണ്ടിയിരുന്നത് 94 റൺസായിരുന്നു. ക്രീസിൽ നിലയുറപ്പിച്ച ബെത്തലും വിൽ ജാക്‌സും ഇന്ത്യൻ ബൗളർമാരെ തകർത്തടിച്ചുകൊണ്ടിരുന്ന സമയം. പക്ഷേ, 14-ാം ഓവറിൽ കളിയുടെ ഗതി മാറി.
അർഷ്ദീപ് സിങ് എറിഞ്ഞ ഓവറിലെ അവസാനപന്തിൽ വിൽ ജാക്‌സ് പുറത്തായതോടെ ഇന്ത്യക്ക് ബ്രേക്ക് ത്രൂ കിട്ടി. ഫുൽ ടോസായി വന്ന പന്ത് വിൽ ജാക്‌സ് ഡീപ് പോയിന്റിലേക്ക് അടിച്ചു. പന്ത് ബൗണ്ടറി ലൈൻ കടക്കുമെന്ന് തോന്നിച്ചെങ്കിലും അക്ഷർ തകർപ്പൻ ഫീൽഡിങ്ങിലൂടെ അത് തടഞ്ഞു. ഓടി വന്ന അക്ഷർ പന്ത് കൈപ്പിടിയിലാക്കി. എന്നാൽ ഓടുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട താരം ബൗണ്ടറി ലൈനിന് പുറത്തേക്ക് പോകാൻ മുന്നോട്ടാഞ്ഞു. എന്നാൽ കൈപ്പിടിയിലാക്കിയിരുന്ന പന്ത് അതിന് മുന്നേ തൊട്ടടുത്തുണ്ടായിരുന്ന ദുബെക്ക് കൈമാറി. ദുബെ അനായാസം ക്യാച്ചെടുത്തതോടെ വിൽ ജാക്‌സ് പുറത്തായി.
പ്രതിരോധത്തിലായ ഇംഗ്ലണ്ടിനെ ബുംറയുടെ ഓവറുകൾ കൂടുതൽ മുറുക്കുന്നതാണ് പിന്നീട് കണ്ടത്. താരം എറിഞ്ഞ 16-ാം ഓവറിൽ ആകെ പിറന്നത് എട്ട് റൺസാണ്. ഇംഗ്ലണ്ടിന്റെ റണ്ണൊഴുക്ക് തടയാൻ ഈ ഓവറിനായി. മാത്രമല്ല, 18-ാം ഓവറിലും സമാനമായിരുന്നു സ്ഥിതി. വെറും ആറ് റൺസ് മാത്രമാണ് ഇംഗ്ലീഷ് ബാറ്റർമാർക്ക് നേടാനായത്. ബുംറയുടെ യോർക്കറുകളിൽ സാം കറനും ബെത്തലും റൺസ് കണ്ടെത്താൻ ബുദ്ധിമുട്ടി. 18 ഓവർ അവസാനിക്കുമ്പോൾ 215-5 എന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്. പാണ്ഡ്യ എറിഞ്ഞ തൊട്ടടുത്ത ഓവറിലും 9 റൺസാണ് പിറന്നത്. ദുബെയുടെ അവസാന ഓവറിൽ മൂന്ന് സിക്‌സറുകളുൾപ്പെടെ 22 റൺസ് അടിച്ചെടുത്തെങ്കിലും വിജലക്ഷ്യം എത്താനായില്ല. അവസാന ഓവറുകളിൽ സമചിത്തതയോടെ പന്തെറിഞ്ഞ ജസ്പ്രീത് ബുംറയും ഹാർദിക് പാണ്ഡ്യയുമാണ് ഇന്ത്യയെ ജയത്തിലെത്തിച്ചത്. പാണ്ഡ്യ 38 റൺസിന് രണ്ട് വിക്കറ്റ് നേടി. ബുംറ 33 റൺസിന് ഒരു വിക്കറ്റെടുത്തു.
Content Highlights: Jacob Bethell's explosive innings brought England close to the target., A spectacular relay catch by Axar Patel and Shivam Dube was a major turning point., Jasprit Bumrah's exceptional and economical death bowling sealed the victory for India.
Published: 06 Mar 2026, 10:16 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented