മുംബൈ: ടി20 ക്രിക്കറ്റ് ലോകകപ്പിന്റെ ആദ്യ മത്സരത്തിൽ തന്നെ പേരുകേട്ട ഇന്ത്യൻ ടീമിനെ വിറപ്പിച്ച ശേഷം കീഴടങ്ങി യുഎസ്എ. 29 റൺസിനായിരുന്നു തോൽവി. ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത ശേഷം ഇന്ത്യയെ 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 161 റൺസിൽ ഒതുക്കിയ യുഎസ്എയ്ക്ക് പക്ഷേ ബാറ്റിങ്ങിൽ ആ മികവ് പുറത്തെടുക്കാനായില്ല. 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 132 റൺസിലെത്താനേ അവർക്കായുള്ളൂ.
ഇന്ത്യയ്ക്കായി മുഹമ്മദ് സിറാജ് മൂന്നും അർഷ്ദീപ് സിങ്, അക്ഷർ പട്ടേൽ എന്നിവർ രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി.
162 റൺസ് ലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത യുഎസിന്റെ തുടക്കവും തകർച്ചയോടെയായിരുന്നു. 3.2 ഓവറിൽ 13 റൺസിനിടെ അവർക്ക് ആൻഡ്രിസ് ഗസ് (6), ക്യാപ്റ്റൻ മൊണാങ്ക് പട്ടേൽ (0), സായ്‌തേജ മുക്കാമല്ല (2) എന്നിവരെ നഷ്ടമായി. എന്നാൽ നാലാം വിക്കറ്റിൽ 58 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയ മിലിന്ദ് കുമാർ - സഞ്ജയ് കൃഷ്ണമൂർത്തി സഖ്യം സ്‌കോർ 71-ൽ എത്തിച്ചു. 12-ാം ഓവറിൽ മിലിന്ദിനെ മടക്കി വരുൺ ചക്രവർത്തി ഈ സഖ്യം പൊളിച്ചു. 34 പന്തിൽ നിന്ന് ഒരു സിക്‌സും മൂന്ന് ഫോറുമടക്കം 34 റൺസായിരുന്നു താരത്തിന്റെ സമ്പാദ്യം. പിന്നാലെ 27 റൺസ് ചേർക്കുന്നതിനിടെ സഞ്ജയുടെ വിക്കറ്റും അവർക്ക് നഷ്ടമായി. 31 പന്തിൽ നിന്ന് 37 റൺസെടുത്ത താരത്തെ അക്ഷർ പട്ടേലാണ് വീഴ്ത്തിയത്.
തൊട്ടടുത്ത പന്തിൽ ഹർമീത് സിങ്ങിനെയും (0) അക്ഷർ പുറത്താക്കി. 22 പന്തിൽ നിന്ന് 37 റൺസുമായി ശുഭം രഞ്ജാനെ പൊരുതി നോക്കിയെങ്കിലും ഫലമുണ്ടായില്ല.
12-ാം തീയതി ഡൽഹിയിൽ നമീബിയക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.
നേരത്തേ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 161 റൺസാണെടുത്തത്. ഒരറ്റത്ത് വിക്കറ്റുകൾ വീഴുമ്പോഴും പിടിച്ചുനിന്ന ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെ ഇന്നിങ്സാണ് ടീമിനെ മാന്യമായ സ്‌കോറിലെത്തിച്ചത്. 49 പന്തുകൾ നേരിട്ട സൂര്യ നാല് സിക്സും 10 ഫോറുമടക്കം 84 റൺസോടെ പുറത്താകാതെ നിന്നു.
നാല് ഓവറിൽ 25 റൺസ് മാത്രം വഴങ്ങി നാലു വിക്കറ്റെടുത്ത ദക്ഷിണാഫ്രിക്കൻ വംശജനായ മീഡിയം പേസർ ഷാഡ്‌ലി വാൻ ഷാൽക്വിക്കാണ് യുഎസിനായി തിളങ്ങിയത്.
ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയെ തുടക്കത്തിൽ തന്നെ യുഎസ് ഞെട്ടിച്ചു. രണ്ടാം ഓവറിൽ നേരിട്ട ആദ്യ പന്തിൽ തന്നെ അഭിഷേക് ശർമ (0) പുറത്ത്. തുടർന്ന് ഇഷാൻ കിഷനും തിലക് വർമയും ചേർന്ന് സ്‌കോർ മുന്നോട്ടുകൊണ്ടുപോയി. എന്നാൽ ആറാം ഓവറിൽ മൂന്നു വിക്കറ്റുകൾ വീഴ്ത്തിയ ഷാഡ്‌ലി വാൻ ഷാൽക്വിക്ക് ഇന്ത്യയുടെ നട്ടെല്ലൊടിച്ചു. രണ്ടാം പന്തിൽ ഇഷാൻ കിഷനും (16 പന്തിൽ 20), അഞ്ചാം പന്തിൽ തിലക് വർയും (16 പന്തിൽ 25), ആറാം പന്തിൽ ശിവം ദുബെയും (0) വീണതോടെ ഇന്ത്യ ആറ് ഓവറിൽ നാലിന് 46 റൺസെന്ന നിലയിലേക്ക് വീണു.
പിന്നാലെ ക്യാപ്റ്റൻ സൂര്യകുമാർ യാദവും റിങ്കു സിങ്ങും ചേർന്നെങ്കിലും സ്‌കോർ ഉയർത്താൻ ബുദ്ധിമുട്ടി. 12-ാം ഓവറിൽ റിങ്കു സിങ്ങും വീണതോടെ ഇന്ത്യ അഞ്ചിന് 72 റൺസെന്ന നിലയിലായി. 14 പന്തിൽ നിന്ന് ആറു റൺസ് മാത്രമായിരുന്നു റിങ്കുവിന്റെ സമ്പാദ്യം. തുടർന്ന് ക്രീസിലെത്തിയ ഹാർദിക്കിനും പിടിച്ചുനിൽക്കാനായില്ല. ആറു പന്തിൽ നിന്ന് അഞ്ചു റൺസുമായി ഹാർദിക് മടങ്ങിയതോടെ ഇന്ത്യ ആറിന് 77 റൺസെന്ന നിലയിലായി.
ഏഴാം വിക്കറ്റിൽ 41 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയ സൂര്യ - അക്ഷർ പട്ടേൽ സഖ്യമാണ് ഇന്ത്യയെ 100 കടത്തിയത്. 24 പന്തിൽ നിന്നായിരുന്നു ഈ സഖ്യം 41 റൺസടിച്ചത്. അക്ഷർ 11 പന്തിൽ നിന്ന് 14 റൺസെടുത്തു.
ഇന്ത്യൻ വംശജനായ സൗരഭ് നേത്രവാൽക്കർ എറിഞ്ഞ അവസാന ഓവറിൽ 21 റൺസ് അടിച്ചെടുത്ത സൂര്യയാണ് ഇന്ത്യൻ സ്‌കോർ 161-ൽ എത്തിച്ചത്.
നേരത്തേ ടോസ് നേടിയ യുഎസ്എ, ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. അസുഖം കാരണം ജസ്പ്രീത് ബുംറയ്ക്ക് ഇന്ത്യ വിശ്രമം അനുവദിച്ചിരുന്നു. സഞ്ജു സാംസണും പ്ലേയിങ് ഇലവനിൽ ഇടംകിട്ടിയില്ല. വാഷിങ്ടൺ സുന്ദറും ടീമിലില്ല.
ഇഷാൻ കിഷൻ, അഭിഷേക് ശർമ, തിലക് വർമ, സൂര്യകുമാർ യാദവ്, റിങ്കു സിങ്, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്ഷർ പട്ടേൽ, വരുൺ ചക്രവർത്തി, അർഷ്ദീപ് സിങ്, മുഹമ്മദ് സിറാജ് എന്നിവരായിരുന്നു ഇന്ത്യയുടെ പ്ലേയിങ് ഇലവനിൽ.
Content Highlights: India faces USA in T20 World Cup. Find out the playing XI, key player absences like Bumrah & Sanju Samson, and Ishan Kishan opening.
Published: 07 Feb 2026, 10:45 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented