
അഹമ്മദാബാദ്: അഹമ്മദാബാദിൽ നടന്ന ടി20 ലോകകപ്പ് സൂപ്പർ എട്ട് പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യയ്ക്ക് ദയനീയ പരാജയം. ബാർബഡോസിൽ നടന്ന കഴിഞ്ഞ ടി20 ലോകകപ്പ് ഫൈനലിലെ തോൽവിക്ക് സ്വന്തം മണ്ണിൽ ഇന്ത്യയെ തകർത്ത് പ്രോട്ടീസ് പട മധുരപ്രതികാരം വീട്ടി. കിരീടം നിലനിർത്താനിറങ്ങിയ ഇന്ത്യയെ നിഷ്പ്രഭരാക്കി പ്രോട്ടീസ് പട അഹമ്മദാബാദിൽ വിജയക്കൊടി പാറിച്ച്, സൂപ്പർ എട്ടിലും തങ്ങളുടെ തോൽവിയറിയാത്ത മുന്നേറ്റം തുടർന്നു. ആദ്യം ബാറ്റുചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത 20 ഓവറിൽ ഏഴുവിക്കറ്റ് നഷ്ടത്തിൽ 187 റൺസ് നേടി. മറുപടി ബാറ്റിങ്ങിൽ ഇന്ത്യയുടെ ഇന്നിങ്സ് 18.5 ഓവറിൽ 111 റൺസിൽ അവസാനിച്ചു.
മാർക്കോ ജാൻസന്റെയും സ്പിൻ മാന്ത്രികൻ കേശവ് മഹാരാജിന്റെയും കൃത്യതയാർന്ന ബൗളിങ്ങും ഡേവിഡ് മില്ലറുടെ തകർപ്പൻ അർധസെഞ്ചുറിയുമാണ് ഇന്ത്യയുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചത്. ജാൻസൻ നാലും കേശവ് മൂന്നും വിക്കറ്റുകൾ നേടി. 37 പന്തിൽ 42 റൺസെടുത്ത ശിവം ദുബെയും മൂന്നുവിക്കറ്റ് നേടിയ ജസ്പ്രീത് ബുംറയും മാത്രമാണ് ഇന്ത്യൻ നിരയിൽ അൽപ്പമെങ്കിലും പൊരുതിനിന്നത്.
ദക്ഷിണാഫ്രിക്ക മുന്നിൽവെച്ച 188 എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യക്ക് തുടക്കത്തിൽതന്നെ തിരിച്ചടി നേരിട്ടു. ഇന്നിങ്സ് തുറക്കും മുന്നേ ഇഷാൻ കിഷനെയും തൊട്ടുപിന്നാലെ തിലക് വർമയെയും ദക്ഷിണാഫ്രിക്ക മടക്കി അയച്ചു. കഴിഞ്ഞ മൂന്ന് മത്സരങ്ങളിൽ പൂജ്യത്തിന് പുറത്തായ അഭിഷേക് ഫോറടിച്ച് തുടങ്ങിയെങ്കിലും 15-ൽ പുറത്തായി. ക്യാപ്റ്റൻ സൂര്യകുമാർ യാദവ് 22 പന്തിൽ 18 റൺസ് മാത്രമെടുത്ത് കോർബിൻ ബോഷിന് വിക്കറ്റ് നൽകി. പിറകെ വാഷിങ്ടൺ സുന്ദറും (11) മടങ്ങിയതോടെ അഞ്ചുവിക്കറ്റുകൾ നഷ്ടമായി. ഹാർദിക് പാണ്ഡ്യ (18), റിങ്കു സിംഗ് (0) എന്നിവർ കേശവ് മഹാരാജിന്റെ പന്തിൽ പുറത്താവുകകൂടി ചെയ്തതോടെ ഇന്ത്യയുടെ പരാജയം ഉറപ്പായി.
ദക്ഷിണാഫ്രിക്കൻ ബോളർമാരുടെ കൃത്യതയാർന്ന പ്രകടനമാണ് ഇന്ത്യയെ പ്രതിരോധത്തിലാക്കിയത്. പവർപ്ലേ ഓവറുകളിൽതന്നെ വിറച്ചാണ് ഇന്ത്യ കളിച്ചത്. പവർപ്ലേയിൽ 31 റൺസ് മാത്രമാണ് നേടാനായത്.
നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കയ്ക്ക് മോശം തുടക്കമാണ് ലഭിച്ചത്. 20ന് മൂന്ന് എന്ന നിലയിലായിരുന്ന പ്രോട്ടീസിനെ ഡിവാൾ ബ്രെവിസും ഡേവിഡ് മില്ലറും ചേർന്നാണ് കര കയറ്റിയത്. 35 പന്തിൽനിന്ന് 65 അടിച്ചെടുത്ത മില്ലറും 29 പന്തിൽനിന്ന് 45 എടുത്ത ബ്രെവിസും ദക്ഷിണാഫ്രിക്കയെ മികച്ച സ്‌കോറിലേക്ക് നയിച്ചെങ്കിലും ഇരുവരുടെയും പുറത്താകലോടെ റണ്ണൊഴുക്ക് നിലച്ചു. അവസാന ഓവറുകളിൽ ഇന്ത്യൻ ബൗളർമാർ വരിഞ്ഞുമുറുക്കിയതോടെ ദക്ഷിണാഫ്രിക്കൻ ഇന്നിങ്‌സ് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 187-ൽ ഒതുങ്ങി.
ക്യാപ്റ്റൻ മർക്രം (4), ക്വിന്റൺ ഡി കോക്ക് (6), റയാൻ റിക്കിൾട്ടൺ (7) എന്നിവരുടെ വിക്കറ്റുകളാണ് പ്രോട്ടീസിന് ആദ്യ നാലാവോറുകൾക്കുള്ളിൽ തന്നെ നഷ്ടമായത്. ബുറം മൂന്നും അർഷ്ദീപ് സിങ് രണ്ടും ശിവം ദുബെ, വരുൺ ചക്രവർത്തിഎന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.
ടോസ് നേടിയ ദക്ഷിണാഫ്രിക്കൻ നായകൻ മാർക്രം ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.സഞ്ജു സാംസൺ ഇന്നും ടീമിലില്ല. കഴിഞ്ഞ കളികളിലെല്ലാം പൂജ്യത്തിന്മടങ്ങിയ അഭിഷേക് ശർമയെ നിലനിർത്തിയിട്ടുണ്ട്.കഴിഞ്ഞ കളിയിൽ പുറത്തിരുന്ന ലുങ്കി എൻഗിടി, ജാൻസെൻ, കേശവ് മഹാരാജ്, ഡേവിഡ് മില്ലർ എന്നിവർ ദക്ഷിണാഫ്രിക്കൻ ടീമിൽ തിരിച്ചെത്തി.
2024 ട്വന്റി- 20 ലോകകപ്പ് ഫൈനലിൽ വിജയം ഉറപ്പിച്ചെന്നു കരുതിയ ദക്ഷിണാഫ്രിക്കയിൽനിന്ന് അദ്ഭുതകരമായി മത്സരം തിരിച്ചുപിടിച്ച ഇന്ത്യ കിരീടവുമായി മടങ്ങുകയായിരുന്നു. ദക്ഷിണാഫ്രിക്ക കിരീടമില്ലാത്ത രാജാക്കന്മാരായി ഇപ്പോഴും തുടരുന്നു.
ട്വന്റി 20 ലോകകപ്പ് സൂപ്പർ എട്ട് റൗണ്ടിൽ ഇന്ത്യയുടെയും ദക്ഷിണാഫ്രിക്കയുടെയും ആദ്യ മത്സരമാണിത്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് മത്സരം. പ്രാഥമിക റൗണ്ടിൽ നാലുവീതം ജയങ്ങളുമായി ഗ്രൂപ്പ് ജേതാക്കളായാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും സൂപ്പർ എട്ടിലെത്തിയത്.
Content Highlights: (T20 World Cup: India's Title Win and Their First Super 8 Encounter)
Published: 22 Feb 2026, 10:42 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented