ന്യൂഡൽഹി: ട്വന്റി-20 ലോകകപ്പിൽ നമീബിയയെ തകർത്തെറിഞ്ഞ് ഇന്ത്യ. 93 റൺസിനാണ് ഇന്ത്യയുടെ ജയം. ഇന്ത്യ ഉയർത്തിയ 210 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ നമീബിയ 116 റൺസിന് പുറത്തായി. വരുൺ ചക്രവർത്തി മൂന്ന് വിക്കറ്റെടുത്തു. ലോകകപ്പിലെ ഇന്ത്യയുടെ രണ്ടാം ജയമാണിത്. ആദ്യ മത്സരത്തിൽ യുഎസ്എയെ ഇന്ത്യ കീഴടക്കിയിരുന്നു.
ഇന്ത്യ ഉയർത്തിയ കൂറ്റൻ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ നമീബിയയുടേത് മികച്ച തുടക്കമായിരുന്നു. മുൻനിര ബാറ്റർമാർ പവർപ്ലേയിൽ തകർത്തടിച്ചു. ആറോവറിൽ ഒരുവിക്കറ്റ് നഷ്ടത്തിൽ 57 റൺസെന്ന നിലയിലായിരുന്നു ടീം. ഇന്ത്യൻ ബൗളർമാരെ ശ്രദ്ധയോടെയാണ് നമീബിയ നേരിട്ടത്. ഒമ്പതോവറിൽ ടീം രണ്ട് വിക്കറ്റ് നഷ്ടത്തിൽ 85 റൺസിലെത്തി. എന്നാൽ പത്താം ഓവറിൽ രണ്ട് വിക്കറ്റ് വീഴ്ത്തി വരുൺ ചക്രവർത്തി നമീബിയയെ പ്രതിരോധത്തിലാക്കി. പിന്നീട് മത്സരത്തിലേക്ക് തിരിച്ചുവരാൻ നമീബിയയ്ക്കായില്ല. ലൗറൻ സ്റ്റീൻകാംപ്(29), ജാൻ ഫ്രൈലിങ്ക്(22), ജെറാർഡ് ഇറാസ്മസ്(18) എന്നിവർ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. പിന്നീട് വിക്കറ്റുകൾ വീഴ്ത്തി ഇന്ത്യൻ ബൗളർമാർ നമീബിയയെ വരിഞ്ഞുകെട്ടി. 116 റൺസിന് ടീം കൂടാരം കയറി. ഇന്ത്യക്കായി വരുൺ ചക്രവർത്തി മൂന്ന് വിക്കറ്റെടുത്തു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 209 റൺസാണെടുത്തത്. ഇഷാൻ കിഷന്റെയും ഹർദിക് പാണ്ഡ്യയുടെ അർദ്ധ സെഞ്ചുറിയുടെ മികവിലാണ് ഇന്ത്യ മികച്ച സ്കോർ കണ്ടെത്തിയത്. അസുഖബാധിതനായ അഭിഷേക് ശർമയ്ക്ക് പകരം പാഡണിഞ്ഞ സഞ്ജു സാംസണ് അവസരം മുതലാക്കാനായില്ല.വെടിക്കെട്ടോടെ ഇന്ത്യക്ക് മികച്ച തുടക്കം നൽകിയെങ്കിലും പെട്ടെന്ന് തന്നെ അണഞ്ഞു. എട്ട് പന്തിൽനിന്ന് 22 റൺസാണ് സഞ്ജു നേടിയത്. മൂന്ന് സിക്സറുകളും ഒരു ഫോറും അടങ്ങുന്നതായിരുന്നു ഇന്നിങ്.
പിന്നാലെ നമീബിയൻ ബൗളർമാരെ തലങ്ങും വിലങ്ങും പ്രഹരിച്ച ഇഷാൻ കിഷൻ 24 പന്തിൽനിന്ന് 61 റൺസ് നേടി. ആറാം ഓവറിൽ ജെജെ സ്മിത് എറിഞ്ഞ ആറാം ഓവറിൽ നാല് സിക്സറുകളും ഒരു ഫോറുമാണ് ഇഷാൻ കിഷൻ അടിച്ചെടുത്തത്. 28 പന്തിൽനിന്ന് ഹർദിക് പാണ്ഡ്യ 52 റൺസ് നേടി. ശിവം ദുബെ 16 പന്തിൽ നിന്ന് 23 റൺസെടുത്തു. അതോടെ ടീം 200 കടന്നു. നമീബിയയ്ക്കായി ക്യാപ്റ്റൻ ജെറാർഡ് ഇറാസ്മസ് നാലുവിക്കറ്റെടുത്തു.
Published: 12 Feb 2026, 10:34 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented