ന്യൂഡൽഹി: ടി20 റാങ്കിങ്ങിൽ നേട്ടമുണ്ടാക്കി ഇന്ത്യൻ താരങ്ങൾ. ബാറ്റർമാരിൽ അഭിഷേക് ശർമയും ബൗളർമാരിൽ വരുൺ ചക്രവർത്തിയും ഒന്നാം റാങ്ക് നിലനിർത്തി. ലോകകപ്പിൽ മിന്നും ഫോം തുടരുന്ന ഇഷാൻ കിഷൻ അഞ്ചാം റാങ്കിലെത്തിയപ്പോൾ ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവും തിലക് വർമയും ആദ്യ പത്തിൽ ഇടംപിടിച്ചു.

To advertise here,

ലോകകപ്പിൽ മോശം ഫോമിലാണെങ്കിലും അഭിഷേക് ശർമയുടെ റാങ്കിങ്ങിൽ ഇളക്കമില്ല. 877 റേറ്റിങ്ങോടെയാണ് താരം തലപ്പത്ത് തുടരുന്നത്. ഇംഗ്ലണ്ട് താരം ഫിൽ സാൾട്ടാണ് ബാറ്റർമാരിൽ രണ്ടാമത്. അതേസമയം പാക് ബാറ്റർ സഹിബ്‌സാദ ഫർഹാൻ രണ്ട് സ്ഥാനം മെച്ചപ്പെടുത്തി മൂന്നാം റാങ്കിലെത്തി. ലങ്കയുടെ പതും നിസ്സങ്കയാണ് നാലാമത്. ഇഷാൻ കിഷൻ മൂന്ന് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി അഞ്ചാം റാങ്കിലെത്തി. സൂര്യകുമാർ ആറാമതും തിലക് വർമ ഏഴാമതുമാണ്.

അതേസമയം 790 റേറ്റിങ്ങോടെ വരുൺ തന്നെ ബൗളർമാരിൽ ഒന്നാമത് നിൽക്കുന്നു. അഫ്ഗാൻ സൂപ്പർ താരം റാഷിദ് ഖാൻ രണ്ടാമത് തുടരുമ്പോൾ ദക്ഷിണാഫ്രിക്കയുടെ കോർബിൻ ബോഷ് മൂന്നാം റാങ്കിലുമെത്തി. ജസ്പ്രീത് ബുംറ എട്ടാമതെത്തി. വിൻഡീസ് താരം മാത്യു ഫോർദെ 23 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ഏഴാം റാങ്കിലെത്തി. ഓൾറൗണ്ടർമാരിൽ സിംബാബ് വേയുടെ സിക്കന്ദർ റാസ തലപ്പത്തെത്തി. ഹാർദിക് പാണ്ഡ്യ മൂന്നാമത് നിൽക്കുമ്പോൾ ശിവം ദുബെ ഏഴാം റാങ്കിലേക്ക് കുതിച്ചു.