ലാഹോർ: ഇത്തവണത്തെ ടി20 ലോകകപ്പിനുള്ള പാകിസ്താൻ ടീമിൽ നിന്ന് പുറത്താക്കപ്പെട്ട പാക് പേസർമാരായ ഹാരിസ് റൗഫും ഹസൻ അലിയും ലാഹോറിൽ പട്ടം പറത്തുന്ന ദൃശ്യങ്ങൾ വൈറൽ. ഹസൻ അലി ദീർഘ കാലമായി ടീമിൽ നിന്ന് പുറത്താണെങ്കിലും റൗഫിനെ ടീമിലേക്ക് പരിഗണിക്കാതിരുന്നത് ചർച്ചയായിരുന്നു.

To advertise here,

കഴിഞ്ഞ ഏഷ്യാ കപ്പ് ഫൈനലിൽ ഇന്ത്യയ്‌ക്കെതിരേ 3.4 ഓവറിൽ 50 റൺസ് വഴങ്ങിയ താരമാണ് റൗഫ്. മാത്രമല്ല ടൂർണമെന്റിനിടെ ഇന്ത്യയ്‌ക്കെതിരായ റൗഫിന്റെ പ്രവൃത്തികൾ വിവാദമാകുകയും ഐസിസി നടപടിയെടുക്കുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ പാക് ടീം ലോകകപ്പിൽ കളിക്കുമ്പോൾ റൗഫ് വീട്ടിൽ പട്ടംപറത്തി ഒഴിവുകാലം ആഘോഷിക്കുകയാണ്. ലോകകപ്പ് ടീമിലേക്ക് റൗഫിനെ പരിഗണിച്ചിരുന്നെങ്കിലും പവർപ്ലേയിലും മധ്യ ഓവറുകളിലും ഡെത്ത് ഓവറുകളിലും ഒരുപോലെ നന്നായി പന്തെറിയാൻ സാധിക്കുന്നവർക്കാണ് പ്രാമുഖ്യം കൊടുത്തതെന്നും അതിനാലാണ് റൗഫ് ഒഴിവാക്കപ്പെട്ടതെന്നും പരിശീലകൻ മൈക്ക് ഹെസ്സൻ പറഞ്ഞിരുന്നു.

നേരത്തേ ഇന്ത്യയ്‌ക്കെതിരായ ഏഷ്യാ കപ്പ് സൂപ്പർ ഫോർ മത്സരത്തിനിടെയായിരുന്നു റൗഫിന്റെ വിവാദപരമായ ആംഗ്യങ്ങൾ. 2025 സെപ്റ്റംബർ 21-നായിരുന്നു ഇന്ത്യ - പാകിസ്താൻ മത്സരം. ഇന്ത്യ ബാറ്റ് ചെയ്യുന്നതിനിടെ ബൗണ്ടറി റോപ്പിനടുത്ത് ഫീൽഡ് ചെയ്യവെയാണ് താരം പ്രകോപനപരമായ ആംഗ്യങ്ങൾ കാണിച്ചത്. ബൗണ്ടറിക്കരികേ ഫീൽഡ് ചെയ്ത റൗഫിനെ കോലി വിളികൾകൊണ്ട് കാണികൾ പരിഹസിച്ചതിന് പിന്നാലെ വിമാനം പറക്കുന്നതും താഴെ വീഴുന്നതുമായ ആംഗ്യമാണ് റൗഫ് കാണിച്ചത്. വിരലുകൾ ഉപയോഗിച്ച് 6-0 എന്ന ആംഗ്യവും റൗഫ് കാണിച്ചിരുന്നു. പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായുള്ള സിന്ദൂർ ഓപ്പറേഷനിടെ ഇന്ത്യയുടെ ആറ് യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടെന്ന് പാകിസ്താൻ അവകാശവാദം ഉന്നയിച്ചിരുന്നു. ഇത് സൂചിപ്പിക്കുന്നതായിരുന്നു മത്സരത്തിനിടെയുള്ള ഹാരിസ് റൗഫിന്റെ ആംഗ്യങ്ങൾ. മാത്രമല്ല ബൗൾ ചെയ്യുന്നതിനിടെ ഇന്ത്യൻ ഓപ്പണർമാരായ ശുഭ്മാൻ ഗില്ലിനോടും അഭിഷേക് ശർമയോടും റൗഫ് വാക്കേറ്റത്തിലേർപ്പെടുകയും ചെയ്തു. ഇതോടെ ഐസിസി ഹാരിസ് റൗഫിന് ഐസിസി രണ്ടു മത്സരങ്ങളിൽ വിലക്കേർപ്പെടുത്തുകയും രണ്ടു മത്സരങ്ങളിലെ മാച്ച് ഫീസിന്റെ 30 ശതമാനം പിഴയും വിധിച്ചിരുന്നു.