മുംബൈ: ഐസിസി ടി20 ലോകകപ്പ് സെമി ഫൈനൽ മത്സരത്തിന് മണിക്കൂറുകൾക്ക് മുമ്പ് സച്ചിൻ തെണ്ടുൽക്കറുടെ മകൻ അർജുൻ തെണ്ടുൽക്കറുടെ വിവാഹ ചടങ്ങിൽ പങ്കെടുത്ത് ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീർ. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ വ്യാഴാഴ്ച ഇംഗ്ലണ്ടിനെതിരെയാണ് ഇന്ത്യയുടെ സെമി ഫൈനൽ പോരാട്ടം. മുംബൈയിൽ ടീം താമസിക്കുന്ന ദ സെന്റ് റെജിസ് ഹോട്ടലിൽ തന്നെയാണ് അർജുന്റെ വിവാഹ ചടങ്ങുകൾ നടക്കുന്നത്. ഇതോടെയാണ് ഗംഭീർ ചടങ്ങിനെത്തിയത്.

To advertise here,

പരമ്പരാഗത വസ്ത്രങ്ങൾ ധരിച്ചാണ് ഗംഭീർ വിവാഹത്തിന് എത്തിയത്. ഒപ്പം ഭാര്യ നടാഷ ജെയ്‌നുമുണ്ടായിരുന്നു. ഇന്ത്യൻ ടീം താമസിച്ചിരുന്ന അതേ ഹോട്ടലിൽത്തന്നെ വിവാഹച്ചടങ്ങുകൾ നടന്നതിനാൽ ടീമിലെ മറ്റ് ചില അംഗങ്ങൾക്കും ഈ ചടങ്ങിൽ പങ്കെടുക്കാൻ സാധിച്ചു.

വ്യാഴാഴ്ച നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലാണ് സാനിയ ചന്ദോക്കിനെ അർജുൻ ജീവിതപങ്കാളിയാക്കിയത്. ക്രിക്കറ്റ്, സിനിമ, ബിസിനസ് തുടങ്ങിയ രംഗങ്ങളിലെ പ്രമുഖർ അണിനിരന്ന ചടങ്ങ് വൻ താരസംഗമമായി മാറി. മുൻ ഇന്ത്യൻ ക്യാപ്റ്റൻ എം.എസ് ധോനി, ഭാര്യ സാക്ഷി, സുനിൽ ഗാവസ്‌കർ, രാഹുൽ ദ്രാവിഡ്, അനിൽ കുംബ്ലെ, രവി ശാസ്ത്രി, യുവ്‌രാജ് സിങ്, ഇർഫാൻ പത്താൻ, വീരേന്ദർ സെവാഗ്, സഹീർ ഖാൻ, ഹർഭജൻ സിങ് എന്നിവരെല്ലാം കുടുംബസമേതം ചടങ്ങിൽ പങ്കെടുത്തു.

പ്രമുഖ വ്യവസായി മുകേഷ് അംബാനിയും ഭാര്യ നിത അംബാനിയും ചടങ്ങുകളിൽ സജീവമായിരുന്നു. ബോളിവുഡ് താരം അഭിഷേക് ബച്ചൻ, ഐശ്വര്യ റായ് ബച്ചൻ എന്നിവരും ചടങ്ങിനെത്തി.