ലോകകപ്പ് ഫൈനല്‍ പോലെയുള്ള കലാശപ്പോരില്‍ താരങ്ങള്‍ക്കുണ്ടാകുന്ന സമ്മര്‍ദം ചെറുതല്ല. സീനിയര്‍ താരങ്ങളേക്കാള്‍ യുവതാരങ്ങള്‍ക്കാകും ടെന്‍ഷന്‍ കൂടുതല്‍. ആ സമയങ്ങളില്‍ യുവതാരങ്ങള്‍ക്ക് ലഭിക്കുന്ന അഭിനന്ദനം അവരിലുണ്ടാക്കുന്ന മാറ്റം വലുതായിരിക്കും. ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ട്വന്റി-20 ലോകകപ്പ് ഫൈനലിനിടയിലും അങ്ങനെയൊരു മനോഹര നിമിഷമുണ്ടായി.

To advertise here,

മൂന്ന് വിക്കറ്റിന് 34 റണ്‍സെന്ന നിലയില്‍ ഇന്ത്യ തകര്‍ന്നുനില്‍ക്കുമ്പോള്‍ ക്രീസിലുണ്ടായിരുന്നത് അക്ഷര്‍ പട്ടേലും വിരാട് കോലിയുമായിരുന്നു. ഇന്ത്യ ചെറിയ സ്‌കോറിലേക്ക് ഒതുങ്ങുമോയെന്ന് ആരാധകര്‍ സംശയിച്ച നിമിഷം. എന്നാല്‍, നാലാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന അക്ഷറും കോലിയും ചേര്‍ന്ന് അടിച്ചുകൂട്ടിയത് 72 റണ്‍സാണ്. 31 പന്തില്‍ 47 റണ്‍സോടെ അക്ഷര്‍ നാലാമനായി ക്രീസ് വിടുമ്പോള്‍ ഇന്ത്യയുടെ സ്‌കോര്‍ 100 പിന്നിട്ടിരുന്നു. 

എട്ടാം ഓവറില്‍ ഇരുവരും ചേര്‍ന്ന് 50 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. ഒമ്പതാം ഓവറില്‍ കേശവ് മഹാരാജിനെയാണ് ക്യാപ്റ്റന്‍ എയ്ഡന്‍ മാക്രം പന്തേല്‍പിച്ചത്. ആ ഓവറിലും അക്ഷര്‍ ഡീപ് മിഡ് വിക്കറ്റിലൂടെ പന്ത് ഗാലറിയിലെത്തിച്ചു. അക്ഷറിന് തംപ്‌സ് അപ് നല്‍കിയാണ് വിരാട് കോലി ഈ സിക്‌സിനെ സ്വീകരിച്ചത്. ഇതിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. മത്സരത്തില്‍ നാല് സിക്‌സുകളാണ് അക്ഷറിന്റെ ബാറ്റില്‍നിന്ന് പിറന്നത്. രണ്ട് സിക്‌സുകളുള്‍പ്പെടെ 59 പന്തില്‍ 76 റണ്‍സെടുത്ത് കോലിയും ക്ലാസ് ഇന്നിങ്‌സ് പുറത്തെടുത്തു.