ബാര്‍ബഡോസ്: കെന്‍സിങ്ടണ്‍ ഓവലില്‍ ഹാര്‍ദിക് പാണ്ഡ്യ തന്റെ അവസാന പന്ത് എറിഞ്ഞ് പൂര്‍ത്തിയാക്കിയപ്പോഴേക്കും ഇന്ത്യ ആഘോഷം തുടങ്ങിയിരുന്നു. 11 വര്‍ഷത്തിനു ശേഷമുള്ള ഐസിസി കിരീടവിജയം വൈകാരികമായാണ് താരങ്ങള്‍ ഏറ്റെടുത്തത്. പലരുടെയും കണ്ണുകള്‍ നിറഞ്ഞു, ചിലര്‍ നിറഞ്ഞു ചിരിച്ചു, ചിലര്‍ക്ക് പരസ്പരം എത്ര ആശ്ലേഷിച്ചിട്ടും മതിയാകുന്നുണ്ടായിരുന്നില്ല. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി ക്യാപ്റ്റന്‍ രോഹിത് ശര്‍മ ചെയ്തത് മറ്റൊന്നായിരുന്നു. മത്സര ശേഷം കെന്‍സിങ്ടണ്‍ ഓവലിലെ പിച്ചില്‍ നിന്ന് മണ്ണെടുത്ത് തിന്നാണ് രോഹിത് തന്റെ ആഘോഷം പൂര്‍ത്തിയാക്കിയത്. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഐസിസി തങ്ങളുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജില്‍ ഇതിന്റെ വീഡിയോ പങ്കുവെച്ചിട്ടുണ്ട്.

To advertise here,

ഏഴുമാസം മുമ്പ് സ്വന്തം നാട്ടില്‍ ഇതുപോലൊരു ഫൈനല്‍ മത്സരശേഷം നെഞ്ചുതകര്‍ന്ന് നില്‍കുന്ന ക്യാപ്റ്റന്‍ രോഹിത് ശര്‍മയെയാണ് ഇന്ത്യന്‍ ആരാധകര്‍ കണ്ടത്. അന്ന് ആ കണ്ണില്‍ പടര്‍ന്ന നനവ് നിരാശയുടേതായിരുന്നെങ്കില്‍ ഇന്നത് ആനന്ദത്തിന്റേതായി. കിരീട വിജയത്തിനു പിന്നാലെ ടി20 ഫോര്‍മാറ്റില്‍ നിന്ന് വിരമിക്കുന്നതായും രോഹിത് പ്രഖ്യാപിച്ചു.

ഇന്ത്യയ്‌ക്കൊപ്പം രോഹിത്തിന്റെ രണ്ടാം ടി20 കിരീടം കൂടിയായിരുന്നു ഇത്. 2007-ലെ പ്രഥമ ട്വന്റി20 ലോകകപ്പില്‍ കിരീടം നേടിയ ഇന്ത്യന്‍ ടീമില്‍ രോഹിത് അംഗമായിരുന്നു. രണ്ട് ട്വന്റി20 ലോകകപ്പ് കിരീടം നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടവും ഇതോടെ രോഹിത്തിന് സ്വന്തമായി.