മധ്യപ്രദേശിലെ ഇന്‍ഡോറുകാരനായ ശരത് ദ്രാവിഡിന്  ജാമുകളും പ്രിസര്‍വേറ്റീവുകളും തയ്യാറാക്കുന്ന ഒരു കമ്പനിയിലായിരുന്നു ജോലി. മിക്ക ദിവസവും വീട്ടിലേക്ക് മടങ്ങുമ്പോള്‍ ശരത് മക്കള്‍ക്ക് കൊടുക്കാനായി ജാമിന്റെ ടിന്നുകള്‍ കൈയില്‍ കരുതും. മകന്‍ രാഹുലിനായിരുന്നു ജാമിനോട് കൂടുതല്‍ ഇഷ്ടമുണ്ടായിരുന്നത്. അവന്‍ ക്രിക്കറ്റ് പരിശീലനത്തിനും പഠനത്തിനുമായി ഹോസ്റ്റലിലേക്ക് തിരിച്ചുപോകുമ്പോഴെല്ലാം അമ്മ പുഷ്പ ജാമിന്റെ ടിന്നുകള്‍ കൂടി ബാഗില്‍വെയ്ക്കും. എല്ലാ തവണയും വീട്ടില്‍പോയി വരുമ്പോള്‍ ജാം കൊണ്ടുവരുന്ന അവനെ കൂട്ടുകാര്‍ കളിയാക്കി ജാമ്മി എന്ന് വിളിക്കാന്‍ തുടങ്ങി. വര്‍ഷങ്ങള്‍ക്ക് ശേഷം ജാമ്മിയെന്ന രാഹുല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ വന്‍മതിലായി മാറി. 'ദ വോള്‍' എന്ന് വിളിപ്പേര് നല്‍കി ക്രിക്കറ്റ് ലോകം രാഹുലിനെ ആദരിച്ചു. 

To advertise here,

ബ്രെഡ്ഡില്‍ പുരട്ടുന്ന ജാം പോലെ മധുരമുള്ളതായിരുന്നു രാഹുല്‍ ദ്രാവിഡ് എന്ന ക്രിക്കറ്റ് താരത്തിന്റെ ജീവിതവും. ക്രിക്കറ്റില്‍ നേട്ടങ്ങള്‍ ഓരോന്നായി സ്വന്തമാക്കിയ രാഹുല്‍ ഇന്ത്യന്‍ ടീമിന്റെ വിശ്വസ്തനായി മാറാന്‍ അധികകാലം വേണ്ടിവന്നില്ല. ഇന്ത്യക്കായി 509 മത്സരങ്ങള്‍ കളിച്ച ദ്രാവിഡ് കരിയറില്‍ 24208 റണ്‍സും അടിച്ചെടുത്തു. എന്നാല്‍ ഇന്ത്യന്‍ ടീമിനൊപ്പം ഒരു ലോകകിരീടം എന്നത് മാത്രം കിട്ടാക്കനിയായി ദ്രാവിഡിന്റെ ഉറക്കംകെടുത്തി. 1999-ല്‍ സെമി ഫൈനല്‍ കാണാതെ പുറത്ത്, 2003-ല്‍ ഫൈനലില്‍ ഓസ്‌ട്രേലിയയോട് തോല്‍വി, 2007-ല്‍ ഗ്രൂപ്പ് ഘട്ടം പോലും പിന്നിടാതെ പുറത്ത്. മൂന്ന് തവണയും നിരാശയോടെ തലകുനിച്ച് മടക്കം. 2011 ഫെബ്രുവരിയില്‍ ഇന്ത്യ ലോകകപ്പ് കിരീടം നേടിയപ്പോഴാകട്ടെ, ദ്രാവിഡ് ടീമിന് പുറത്തുമായിരുന്നു. 2023-ല്‍ പരിശീലകനായി വേഷം മാറിയെങ്കിലും പടിവാതില്‍ക്കല്‍ കിരീടം നഷ്ടപ്പെടുന്നത് നോക്കിനില്‍ക്കേണ്ടി വന്നു. 

ഇപ്പോഴിതാ ആ നിമിഷം വന്നെത്തിയിരിക്കുന്നു. ആ സമയത്ത് ഇന്ത്യയുടെ വന്‍മതിലിന് ആഹ്ളാദം  അടക്കിവെയ്ക്കാനായില്ല. വിരാട് കോലിയില്‍ നിന്ന് കിരീടം ഏറ്റുവാങ്ങി വാനിലേക്കുയര്‍ത്തുമ്പോൾ  ഇതുവരെ പരിചയമില്ലാത്ത ഒരു ദ്രാവിഡിനെ ആരാധകര്‍ കണ്ടു. പൊതുവെ ശാന്തസ്വഭാവക്കാരനായ അദ്ദേഹം കിരീടമുയര്‍ത്തി ആര്‍ത്തുവിളിച്ചു. നീണ്ടകാലത്തെ കാത്തിരിപ്പിന്റെ മുഷിപ്പുകളെല്ലാം ആ ആഹ്ളാദച്ചിരിയില്‍ ഒലിച്ചുപോയി. 

പ്രീമിയം ആർട്ടിക്കിളുകൾ വായിക്കാൻ വാട്‌സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ - https://mbi.page.link/mbplus

ദ്രാവിഡിന്റെ ഫോട്ടോ കത്തിച്ച ആരാധകര്‍

ക്യാപ്റ്റനായശേഷമുള്ള ദ്രാവിഡിന്റെ ആദ്യ ലോകകപ്പായിരുന്നു 2007-ല്‍ നടന്നത്. ഗ്രൂപ്പ് ബിയില്‍ മത്സരിച്ച ഇന്ത്യ ബംഗ്ലാദേശിനോടും ശ്രീലങ്കയോടും പരാജയപ്പെട്ട് ഗ്രൂപ്പ് ഘട്ടംപോലും കടക്കാതെ പുറത്തായി. അന്ന് ശ്രീലങ്കയ്‌ക്കെതിരായ അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഇന്ത്യ തോല്‍വിയിലേക്ക് നീങ്ങുമ്പോള്‍ ഡ്രസ്സിങ് റൂമിലിരിക്കുന്ന ദ്രാവിഡിന്റെ മുഖത്ത് നിരാശയേക്കാളേറെ അപമാനഭാരമാണുണ്ടായിരുന്നത്. ക്യാപ്റ്റന്റെ കുപ്പായം തനിക്കൊരിക്കലും ചേരില്ലെന്ന് ദ്രാവിഡ് ആ ലോകകപ്പോടെ മനസിലാക്കി.

ഇതിന് പിന്നാലെ ഇന്ത്യയില്‍ തിരിച്ചെത്തിയ ദ്രാവിഡിനും ടീമിനും അകമ്പടിയായുണ്ടായിരുന്നത് കുത്തുവാക്കുകളും പരിഹാസങ്ങളുമായിരുന്നു. 'വയസന്‍ ദ്രാവിഡ് പടിയിറങ്ങേണ്ട സമയം അതിക്രമിച്ചു' എന്നുവരെ ആരാധകര്‍ കുത്തിനോവിച്ചു. ദ്രാവിഡിന്റെ ചിത്രങ്ങള്‍ കത്തിച്ചും ആരാധകര്‍ പ്രതിഷേധിച്ചു. അതേ വര്‍ഷം എംഎസ് ധോനിയുടെ നേതൃത്വത്തിലുള്ള യംഗ് ഇന്ത്യന്‍ ടീം ട്വന്റി-20 ലോകകിരീടം കൂടി നേടിയതോടെ ദ്രാവിഡ് എന്നത് ബ്ലാക്ക് ആന്റ് വൈറ്റ് സിനിമയിലെ ഹീറോ മാത്രമായി ഒതുങ്ങി. ധോനിയെപ്പോലുള്ള യുവനിര അണിനിരിക്കുന്ന ന്യൂ ജനറേഷന്‍ ടീം മാത്രമേ മത്സരങ്ങളില്‍ ബ്ലോക്ക്ബ്ലസ്റ്റര്‍ വിജയം സമ്മാനിക്കൂവെന്ന നിര്‍വചനം അംഗീകരിക്കപ്പെടുകയും ചെയ്തു.

2007ല്‍ ഓസ്ട്രേലിയയില്‍ നടന്ന പരമ്പരയ്ക്ക് പിന്നാലെ ദ്രാവിഡിന് ഏകദിന ടീമിലെ സ്ഥാനം നഷ്ടപ്പെട്ടു. മോശം പ്രകടനമായിരുന്നു പുറത്താകലിലേക്ക് നയിച്ചത്. പിന്നീട് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം 2009-ലാണ് ദ്രാവിഡ് ഏകദിന ടീമിലേക്ക് തിരിച്ചെത്തുന്നത്. ചാമ്പ്യന്‍സ് ട്രോഫി ടീമിലേക്കുള്ള ആ വരവിന് ആറു മത്സരങ്ങളുടെ ആയുസ് മാത്രമേയുണ്ടായിരുന്നുള്ളു. പിന്നീട് വെള്ള ജഴ്സിയില്‍ ദ്രാവിഡിന്റെ കരിയര്‍ ഒതുങ്ങി. 2011-ലെ ഏകദിന ലോകകപ്പ് ടീമിലും വന്മതിലിന് സ്ഥാനം ലഭിച്ചില്ല. എന്നാല്‍ ടെസ്റ്റില്‍ തന്റെ അശ്വമേധം അദ്ദേഹം തുടര്‍ന്നു. ലോകകപ്പിന്റെ അതേ വര്‍ഷം ഇംഗ്ലണ്ട് പര്യടനത്തില്‍ നാല് ടെസ്റ്റുകളടങ്ങിയ പരമ്പരയില്‍ മൂന്ന് സെഞ്ചുറികളാണ് ദ്രാവിഡിന്റെ ബാറ്റില്‍ നിന്ന് പിറന്നത്. അതേ പരമ്പരയില്‍ പരിക്കിനെ തുടര്‍ന്ന് ഹര്‍ഭജനും യുവരാജ് സിങ്ങും പുറത്തായതോടെ ഏകദിന, ട്വന്റി-20 ടീമില്‍ ദ്രാവിഡ് വീണ്ടും ഇടം കണ്ടെത്തി. ഏക ട്വന്റി-20യില്‍ 21 പന്തില്‍ 31 റണ്‍സടിച്ച താരത്തിന് ഏകദിന പരമ്പരയില്‍ ഒരു അര്‍ധ സെഞ്ചുറി മാത്രമേ കണ്ടെത്താനായുള്ളു. അതോട് കൂടി ദ്രാവിഡ് ഏകദിന ഫോര്‍മാറ്റിനോട് എന്നെന്നേക്കുമായി യാത്ര പറഞ്ഞു. 

'ചക് ദേ ഇന്ത്യ' പോലൊരു തിരിച്ചുവരവ്

ക്രിക്കറ്റില്‍ നിന്ന് വിരമിച്ചശേഷം ചക്‌ദേ ഇന്ത്യയിലെ കബീര്‍ ഖാനെപ്പോലൊരു തിരിച്ചുവരവാണ് ദ്രാവിഡ് നടത്തിയത്. ഐപിഎല്‍ ടീം രാജസ്ഥാന്‍ റോയല്‍സിന്റെ ഉപദേശകനായിട്ടായിരുന്നു തുടക്കം. പിന്നാലെ ഇന്ത്യയുടെ യുവനിരയെ വാര്‍ത്തെടുക്കാനുള്ള ദൗത്യം ദ്രാവിഡിനെ തേടിയെത്തി. 2015-ല്‍ ഇന്ത്യയുടെ എ ടീമിന്റേയും അണ്ടര്‍-19 ടീമിന്റേയും പരിശീലകനായി ദ്രാവിഡ് ചുമതലയേറ്റു. അദ്ദേഹം ഏറെ ഇഷ്ടപ്പെട്ടിരുന്നതും അതുതന്നെയായിരുന്നു. പുതിയ താരങ്ങളെ കണ്ടെത്തി ഇന്ത്യന്‍ ക്രിക്കറ്റിന്റെ സൈഡ്‌ബെഞ്ച് ശക്തമാക്കുക എന്നത് ദ്രാവിഡ് വിട്ടുവീഴ്ച്ചകളൊന്നുമില്ലാതെ ചെയ്തു.

ദ്രാവിഡ് ചുമതലയേറ്റെടുത്ത് തൊട്ടടുത്ത വര്‍ഷം ഇന്ത്യന്‍ അണ്ടര്‍-19 ടീം യുവലോകകപ്പിന്റെ ഫൈനല്‍ വരേയെത്തി. ഋഷഭ് പന്ത്, ഇഷാന്‍ കിഷന്‍, വാഷിങ്ടണ്‍ സുന്ദര്‍ തുടങ്ങിയ താരങ്ങളെ ദ്രാവിഡ് കണ്ടെത്തുന്നത് ആ ടൂര്‍ണമെന്റിലൂടെയാണ്. ഇതിനിടയില്‍ ഐപിഎല്‍ ടീം ഡല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ ഉപദേശകന്റെ റോള്‍ താരത്തെ തേടിയത്തെി. 2017 സീസണില്‍ ദ്രാവിഡ് ആ റോള്‍ ഭംഗിയാക്കുകയും ചെയ്തു. എന്നാല്‍ ഇതിന് പിന്നാലെ വിവാദവും ഉടലെടുത്തു. ദേശീയ ടീമിന്റേയും ഐപിഎല്ലിന്റേയും ചുമതല ഒരുപോലെ വഹിക്കുന്നതായിരുന്നു വിവാദങ്ങള്‍ക്ക് കാരണം. ഡല്‍ഹിയുടെ മെന്റര്‍ സ്ഥാനം രാജിവെച്ച് ദ്രാവിഡ് ഈ വിവാദങ്ങളുടേയെല്ലാം മുനയൊടിച്ചു.

placeholder
.
അണ്ടര്‍-19 ലോകകപ്പ് കിരീടവുമായി ദ്രാവിഡും പൃഥ്വി ഷായും | Photo: PTI

2018ല്‍ ദ്രാവിഡിന്റെ പരിശീലനത്തില്‍ ഇന്ത്യയുടെ അണ്ടര്‍-19 ടീം യുവലോകകപ്പ് നേടി. പൃഥ്വി ഷാ, ശുഭ്മാന്‍ ഗില്‍, ശിവം മാവി തുടങ്ങിയ താരങ്ങളെ ദ്രാവിഡ് കണ്ടെത്തിയത് ആ ലോകകപ്പിനിടെയായിരുന്നു. തൊട്ടടുത്ത വര്‍ഷം ദ്രാവിഡിനെ തേടി മറ്റൊരു റോള്‍ കൂടിയെത്തി. ബെംഗളൂരുവിലുള്ള ഇന്ത്യയുടെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയുടെ ഡയറക്ടറായി അദ്ദേഹം ചുമതലയേറ്റു. അണ്ടര്‍-19 തലത്തില്‍ സുപ്രധാനമായ ഒരു മാറ്റവും ദ്രാവിഡ് കൊണ്ടുവന്നു. ഒരു താരം ഒരൊറ്റ അണ്ടര്‍-19 ലോകകപ്പില്‍ മാത്രമേ പ്രതിനിധീകരിക്കാവൂ എന്നതായിരുന്നു ഈ മാറ്റം. ഇതോടെ കൂടുതല്‍ യുവതാരങ്ങള്‍ക്ക് അവസരം ലഭിച്ചു. പ്രായത്തട്ടിപ്പെന്ന പ്രശ്‌നവും പരിഹരിക്കപ്പെട്ടു. ടൂര്‍ണമെന്റുകള്‍ വിജയിക്കുക എന്നതിനേക്കാള്‍ കൂടുതല്‍ താരങ്ങള്‍ക്ക് അവസരം നല്‍കാനാണ് ദ്രാവിഡ് ശ്രമിച്ചത്. എപ്പോഴും ടീമിനെ മാറ്റിക്കൊണ്ടേയിരിക്കുക എന്നതായിരുന്നു ദ്രാവിഡിന്റെ രീതി. ഒരു സ്‌ക്വാഡില്‍ 15 താരങ്ങളുണ്ടെങ്കില്‍ മുഴുവന്‍ പേര്‍ക്കും കളിക്കാനുള്ള അവസരം ദ്രാവിഡ് ഒരുക്കിക്കൊടുത്തു.

കലഹത്തിനിടയിലെ പുതിയ അഡ്മിഷന്‍

2021 നവംബറിലാണ് ഇന്ത്യന്‍ ടീമിന്റെ പരിശീലകനായി ദ്രാവിഡ് സ്ഥാനമേറ്റെടുക്കുന്നത്. ട്വന്റി-20 ലോകകപ്പിന് പിന്നാലെ രവി ശാസ്ത്രി പരിശീലകസ്ഥാനം ഒഴിഞ്ഞതോടെയാണ് ദ്രാവിഡിനെ തേടി പരിശീലകന്റെ റോളെത്തിയത്. ആദ്യം മടിച്ചുനിന്നെങ്കിലും ഒടുവിൽ ബിസിസിഐ പ്രസിഡന്റും സഹതാരവുമായിരുന്ന സൗരവ് ഗാംഗുലിയുടെ നിര്‍ബന്ധത്തിന് ദ്രാവിഡ് വഴങ്ങി. മൂന്ന് ട്വന്റി-20കള്‍ ഉള്‍പ്പെട്ട പരമ്പരയില്‍ ന്യൂസീലന്‍ഡിനെ തകര്‍ത്ത് പരിശീലകനായുള്ള അരങ്ങേറ്റം ഗംഭീരമാക്കുകയും ചെയ്തു.

പിന്നീടങ്ങോട്ട് ദ്രാവിഡിനെ കാത്തിരിപ്പുണ്ടായിരുന്നത് അഗ്നിപരീക്ഷകളായിരുന്നു. ബിസിസിഐയും വിരാട് കോലിയും തമ്മിലുള്ള പടലപ്പിണക്കവും കോലി ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളും പരിശീലകനെന്ന നിലയില്‍ ദ്രാവിഡിനെ വട്ടംചുറ്റിച്ചു. 2021 ഡിസംബറില്‍ കോലിയെ ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് ഒഴിവാക്കിയതായി ബിസിസിഐ അറിയിച്ചതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കം. തന്നെ അറിയിക്കാതെയാണ് ബിസിസിഐയും ഗാംഗുലിയും തീരുമാനമെടുത്തതെന്ന് കോലിയും പരസ്യമാക്കിയതോടെ കാര്യങ്ങള്‍ കുഴഞ്ഞുമറിഞ്ഞു. പിന്നാലെ ഇന്ത്യയുടെ ഏകദിന ക്യാപ്റ്റനായി രോഹിത് ശര്‍മ ചുമതലയേറ്റു. ഇതിനിടയിലായിരുന്നു ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ടെസ്റ്റ് പരമ്പര. 2-1ന് ഇന്ത്യ പരമ്പര തോറ്റതിന് പിന്നാലെ കോലി ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുന്നതായി പ്രഖ്യാപിച്ചു. ഈ പരമ്പരയിലെ ഏകദിനത്തിലും ഇന്ത്യ തോറ്റമ്പി. 

പക്ഷേ പിന്നീട് കഥയില്‍ മാറ്റം സംഭവിച്ചു. വിദേശ, സ്വദേശ പരമ്പരകളില്‍ മിക്കതിലും വിജയം ഇന്ത്യയ്ക്കൊപ്പം നിലകൊണ്ടു. തന്റേതായ ശൈലിയിലൂടെ ദ്രാവിഡ് ടീമിനൊപ്പം നിന്നു. ടീമംഗങ്ങളെ കാര്‍ക്കശ്യത്തിലൂടെ മടുപ്പിക്കാതെ അവരില്‍ ഒരാളായി നിന്ന് കാര്യങ്ങള്‍ പറഞ്ഞുകൊടുത്തു. താരങ്ങളെ ഒരിക്കലും തന്റെ നിയന്ത്രണത്തില്‍ കൊണ്ടുവരാന്‍ ദ്രാവിഡ് ശ്രമിച്ചില്ല. അവരുടേതായ ശൈലിയില്‍ കളിക്കാനുള്ള അവസരം നല്‍കി. ഒപ്പം ടീമിനെ മാറ്റിപരീക്ഷിച്ചുകൊണ്ടേയിരുന്നു. ഒരേ ടീമിനെ സ്ഥിരമായി നിലനിര്‍ത്താത്തിലുള്ള പഴി ദ്രാവിഡ് പലപ്പോഴും കേള്‍ക്കുകയും ചെയ്തു. നാലാം നമ്പറില്‍ സ്ഥിരമായി ഒരാളില്ലെന്നറിഞ്ഞിട്ടും അതിന് പരിഹാരം കണ്ടെത്താതെ നിസാരമായി കണ്ടു, മധ്യ ഓവറുകള്‍ കൈകാര്യം ചെയ്യുന്നതില്‍ ബൗളിങ് നിര പരാജയപ്പെടുന്നു തുടങ്ങിയ കുത്തുവാക്കുകളെല്ലാം ദ്രാവിഡ് കേട്ടു. 2022-ലെ ഏഷ്യാ കപ്പിലും ട്വന്റി-20 ലോകകപ്പിലും ഇന്ത്യയുടെ പോരാട്ടം സെമിഫൈനലില്‍ അവസാനിച്ചതോടെ ദ്രാവിഡും പരാജയമായി എന്ന തലത്തിലേക്ക് വരേയെത്തി ചര്‍ച്ചകള്‍.

placeholder
.
ലോകകപ്പ് പരിശീലനത്തിനിടെ ദ്രാവിഡും രോഹിത് ശര്‍മയും | Photo: ANI 

പക്ഷേ, അതൊന്നും ദ്രാവിഡിന്റെ തീരുമാനത്തെ ബാധിച്ചില്ല. ഒരു ലോകകപ്പില്‍ എങ്ങനെ ടീമിനെ ഒരുക്കണമെന്ന് അദ്ദേഹത്തിന് വ്യക്തമായ കാഴ്ച്ചപ്പാടുണ്ടായിരുന്നു. ബാറ്റിങ് കോച്ച് വിക്രം റാത്തോഡും ഫീല്‍ഡിങ് കോ്ച്ച് ടി.ദിലീപും ബൗളിങ് പരിശീലകന്‍ പരസ് മാംബ്രെയും അദ്ദേഹത്തിന് എല്ലാവിധ പിന്തുണയും നല്‍കി. ഫൈനലില്‍ കാലിടറിയെങ്കിലും അതുവരെ തോല്‍ക്കാതെയുള്ള ഇന്ത്യയുടെ പ്രയാണത്തില്‍ പരിശീലകന്റെ പങ്ക് വലുതാണ്. ലോകകപ്പിലെ ഓരോ മത്സരത്തിന് ശേഷം മികച്ച ഫീല്‍ഡറെ തിരഞ്ഞെടുന്ന പ്രൊപ്പോസല്‍ ദിലീപ് മുന്നോട്ടുവെച്ചപ്പോള്‍ ദ്രാവിഡ് അതിനോട് മുഖം തിരിച്ചില്ല. ഓരോ മത്സരത്തിന് ശേഷവും വ്യത്യസ്തമായ ആസൂത്രണത്തിലൂടെ, അപ്രതീക്ഷിതമായി മികച്ച ഫീല്‍ഡറെ ദിലീപ് തിരഞ്ഞെടുത്തു. ആ സമയത്ത് ഡ്രസ്സിങ് റൂമിലുണ്ടാകുന്ന ആഘോഷവും ആര്‍പ്പുവിളികളുമെല്ലാം ഇന്ത്യന്‍ ടീമിന്റെ ഒത്തൊരുമ ലോകത്തിന് കാണിച്ചുകൊടുത്തു. സീനിയര്‍, ജൂനിയര്‍ എന്ന തരത്തിലുള്ള ഈഗോകളില്ലാതെ ഓരോ താരവും അടുത്തിടപഴകി. 

ഹൃദയത്തില്‍ എന്നും ദ്രാവിഡ്

ലോകകപ്പില്ലെങ്കിലും ആരാധകര്‍ക്ക് ഹൃദയത്തില്‍ കാത്തുസൂക്ഷിക്കാന്‍ ഒരുപാട് നല്ല നിമിഷങ്ങള്‍ നല്‍കിയാണ് ദ്രാവിഡ് മടങ്ങുന്നത്. 2001-ല്‍ ഓസ്ട്രേലിയയുടെ വിജയം തടഞ്ഞ വിവിഎസ് ലക്ഷ്മണനുമായി ചേര്‍ന്നുണ്ടാക്കിയ അഞ്ചാം വിക്കറ്റിലെ 376 റണ്‍സ് കൂട്ടുകെട്ട്, 2002-ല്‍ ഓവലില്‍ ഇംഗ്ലണ്ടിനെതിരേ അടിച്ചെടുത്ത ഇരട്ട സെഞ്ചുറി, 2003-ല്‍ അഡ്​ലെയ്​ഡിൽ ഓസ്ട്രേലിയക്കെതിരേ  നേടിയ 233 റണ്‍സ്, 2004-ല്‍ പാക്സ്താനെതിരായ ടെസ്റ്റില്‍ 12 മണിക്കൂര്‍ ക്രീസില്‍ ചെലവഴിച്ച് നേടിയ 270 റണ്‍സ്, 2011-ല്‍ ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ അടിച്ചുകൂട്ടിയ 602 റണ്‍സ്... ദ്രാവിഡ് എന്ന മൂന്നക്ഷരത്തിനൊപ്പം ആരാധകര്‍ ഹൃദയത്തിലേറ്റ് നിമിഷങ്ങളായിരുന്നു അത്. 

കളത്തില്‍ മാത്രമല്ല, കളത്തിന് പുറത്തും ദ്രാവിഡിനെ ഓര്‍ത്തുവെയ്ക്കാനുള്ള ഒരുപാട് സംഭവങ്ങളുണ്ടായിട്ടുണ്ട്. 2023 ലോകകപ്പിന് മുമ്പ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ വാക്കുകള്‍ ഇതിനൊരുദാഹരണം. 'ദ്രാവിഡ് എന്ന ഇതിഹാസത്തിനായി ഞങ്ങള്‍ ഈ കപ്പ് നേടും, അത് ഞങ്ങളുടെ കടമയാണ്' എന്നായിരുന്നു രോഹിത് പറഞ്ഞത്. കപ്പ് നേടിയില്ലെങ്കിലും ദ്രാവിഡ് എന്ന ഗുരുവിനോടുള്ള ബഹുമാനം രോഹിതിന്റെ വാക്കുകളിലുണ്ടായിരുന്നു. 

placeholder
.
ട്വന്റി-20 ലോകകപ്പ് വിജയത്തിനുശേഷം രാഹുല്‍ ദ്രാവിഡ്‌ | Photo: ANI

അടുത്തിടെ പാകിസ്താന്‍ താരം ഷുഐബ് മാലിക്ക് ദ്രാവിഡിനെ കുറിച്ച് പറഞ്ഞ വാക്കുകകളും ഇതുമായി കൂട്ടിവായിക്കണം. ദ്രാവിഡ് ഇന്ത്യയുടെ അണ്ടര്‍-19 ടീം പരിശീലകനായ സമയത്തുള്ള ഒരു അനുഭവമാണ് മാലിക്ക് പങ്കുവെച്ചത്. ഒട്ടും അഹങ്കാരമില്ലാത്ത, സ്വാര്‍ഥതയില്ലാത്ത ദ്രാവിഡിനെ കുറിച്ചാണ് മാലിക്ക് അന്ന് വിവരിച്ചത്. 'ഞങ്ങള്‍ പാകിസ്താനില്‍ നിന്ന് ന്യൂസീലന്‍ഡിലേക്ക് പോകുകയായിരുന്നു. അതേ വിമാനത്തില്‍ ഇന്ത്യയുടെ അണ്ടര്‍-19 ടീമുമുണ്ടായിരുന്നു. ഞാന്‍ ഉറക്കത്തിലായിരുന്നു. അദ്ദേഹം രണ്ട് മണിക്കൂറോളം എനിക്കായി കാത്തിരുന്നു, ഞാന്‍ എഴുന്നേല്‍ക്കുന്നതുവരെ. ഒരു ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്താനായിരുന്നു അത്. ക്രിക്കറ്റിലേക്ക് ഒന്നിലധികം തിരിച്ചുവരവുകള്‍ നടത്തിയ എന്നെ വീണ്ടും കളിക്കാന്‍ പ്രേരിപ്പിക്കുന്ന ഘടകം എന്താണെന്നായിരുന്നു അദ്ദേഹത്തിന് അറിയേണ്ടിയിരുന്നത്. അക്കാര്യം തന്റെ കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതൊരു ഉദാഹരണം മാത്രമായി ഞാന്‍ പറഞ്ഞതാണ്. ഇപ്പോള്‍ ഇന്ത്യന്‍ ടീം ദ്രാവിഡിന് കീഴില്‍ എവിടെ എത്തിയെന്ന് നോക്കൂ' അന്നത്തെ അനുഭവം മാലിക്ക് പറഞ്ഞുനിര്‍ത്തിയത് ഇങ്ങനെയാണ്. ദ്രാവിഡ് എന്ന താരം ആരാധകഹൃദയങ്ങളില്‍ ജീവിക്കുന്നത് ഇതുകൊണ്ടെല്ലാമാണ്. അതിലൊരിക്കലും മാറ്റം സംഭവിക്കില്ല.