ഇസ്ലാമാബാദ്: ടി20 ലോകകപ്പില്‍ ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിനിടെ ഇന്ത്യന്‍ പേസര്‍ അര്‍ഷ്ദീപ് സിങ് പന്തില്‍ കൃത്രിമം കാണിച്ചെന്ന് ആരോപണം. മുന്‍ പാകിസ്താന്‍ താരങ്ങളായ ഇന്‍സമാം ഉള്‍ ഹഖും സലീം മാലിക്കുമാണ് ആരോപണമുയര്‍ത്തിയിരിക്കുന്നത്.
പുതിയ പന്തില്‍ റിവേഴ്‌സ് സ്വിങ് ലഭിക്കാന്‍ ബൗളര്‍ കൃത്രിമം കാണിച്ചിട്ടുണ്ടെന്നാണ് ഇന്‍സമാം ആരോപിച്ചത്. ഇത്തരം സാഹചര്യങ്ങളില്‍ ജാഗ്രത പാലിക്കാത്തതിന് അമ്പയര്‍മാരെയും ഇരുവരും വിമര്‍ശിച്ചു. അമ്പയര്‍മാരും മറ്റും ചില ടീമുകള്‍ക്ക് അനുകൂലമായി പെരുമാറുന്നുണ്ടെന്ന് മാലിക്കും ആരോപിച്ചു. കൃത്രിമം കാണിച്ചില്ലെങ്കില്‍ പുതിയ പന്തില്‍ റിവേഴ്‌സ് സ്വിങ് ലഭിക്കുന്നത് ബുദ്ധിമുട്ടാണെന്നാണ് ഇന്‍സമാമിന്റെ പക്ഷം.
''അര്‍ഷ്ദീപ് 15-ാം ഓവര്‍ എറിയുമ്പോള്‍ റിവേഴ്‌സ് സ്വിങ് ഉണ്ടായിരുന്നു. പുതിയ പന്തില്‍ ഇത് ഏറെ നേരത്തെയാണ്. അതിനര്‍ഥം റിവേഴ്‌സ് സ്വിങ് ലഭിക്കാന്‍ 12-ാമത്തെയോ 13-ാമത്തെയോ ഓവറുകളില്‍ പന്തില്‍ കൃത്രിമം നടന്നെന്നാണ്.'' - ഒരു പാക് ചാനലിലെ ചര്‍ച്ചയ്ക്കിടെ ഇന്‍സമാം പറഞ്ഞു.
''ചില ടീമുകള്‍ക്കായി അമ്പയര്‍മാര്‍ കണ്ണടച്ചിരിക്കുമെന്ന് ഒരു ചൊല്ലുണ്ട്. ഇന്ത്യയും അതിലൊന്നാണ്. പാകിസ്താനെതിരായ മത്സരത്തിനിടെ സമാന സാഹചര്യം റിപ്പോര്‍ട്ട് ചെയ്തതിന് പിഴയീടാക്കിയത് ഞാന്‍ ഓര്‍ക്കുന്നു.'' - സലീം മാലിക്ക് പറഞ്ഞു. ഇത്തരമൊരു സാഹചര്യം പാക് ക്രിക്കറ്റിലാണ് ഉണ്ടായതെങ്കില്‍ തീര്‍ച്ചയായും നടപടി ഉണ്ടാകുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മത്സരത്തിനിടെ അര്‍ഷ്ദീപിന് ലഭിക്കുന്ന സ്വിങ് ബാറ്റര്‍മാരെ കുഴക്കുന്നുണ്ട്. ഇതാണ് മുന്‍ പാക് താരങ്ങള്‍ക്ക് സംശയമുണ്ടാക്കിയത്. ടൂര്‍ണമെന്റിലെ വിക്കറ്റ് വേട്ടക്കാരില്‍ 15 വിക്കറ്റുകളുമായി രണ്ടാം സ്ഥാനത്താണ് അര്‍ഷ്ദീപ്.
Content Highlights: pakistan great accuses arshdeep singh of ball-tampering
Published: 26 Jun 2024, 05:06 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented