
കഴഞ്ഞ ഏകദിന ലോകകപ്പിൽ അഹമ്മദാബാദിൽ ഇന്ത്യ പാകിസ്താനെ നേരിടുന്നു. ജസ്‌പ്രീത് ബുംറയുടെ ഫുൾലെങ്ത്തിൽ താഴ്ന്നിറങ്ങിയ ഒരു പന്തിനെ ബൗണ്ടറികടത്തുന്ന പാക് ഓപ്പണർ അബ്ദുള്ള ഷഫീക്ക്. പിച്ചിൽനിന്ന് പ്രത്യേകിച്ച് ഒരു സഹായവുമില്ലെന്ന് മനസ്സിലാക്കിയ ബുംറ തന്ത്രംമാറ്റി. ആ കളിയിലുടനീളം ബാറ്ററുടെ മുട്ടിനുതാഴേക്ക് പന്ത് പോകാതിരിക്കാൻ പന്തുകൾ ബാക്ക് ഓഫ് എ ലെങ്ത്തിലേക്ക് മാറ്റി. മറ്റു ബൗളർമാരും ഒരുപരിധിവരെ ഇതിനു ശ്രമിച്ചു. ആ കളിയിൽ ബുംറയുടെ ബൗളിങ് ഫിഗർ ഇങ്ങനെയായിരുന്നു. 7-1-19-2. സാഹചര്യത്തിനനുസരിച്ച് പെട്ടെന്ന് തന്ത്രംമാറ്റുകയും അതു കൃത്യതയോടെ നടപ്പാക്കുകയും ചെയ്യുന്ന ബുംറയുടെ ഈ മികവിനെക്കുറിച്ച് പറഞ്ഞത് ഇർഫാൻ പഠാനാണ്. ആ മികവ് ഈ ലോകകപ്പിലെ ഇന്ത്യയുടെ വിജയയാത്രയിൽ പ്രധാനമായി.
ബുംറയുടെ ബൗളിങ് ഡീകോഡ് ചെയ്യാൻ ഏറെക്കാലമായി ബാറ്റർമാരും ക്രിക്കറ്റ് വിദഗ്ധരും ശ്രമിക്കുന്നു. കളിമികവുപോലെതന്നെ അവർ എടുത്തുപറയുന്ന ഒരു കാര്യമുണ്ട്. ബുദ്ധികൂർമത. പേസ്, വേരിയേഷൻ, യോർക്കർ, വൈഡ് യോർക്കർ, സ്ലോബോൾ, ബൗൺസർ, ഇരുവശത്തേക്കുമുള്ള സ്വിങ് തുടങ്ങി എന്താവും ഒരു പിച്ചിനു യോജിക്കുകയെന്ന് ബുംറ പെട്ടെന്നു മനസ്സിലാക്കും. തന്റെ വജ്രായുധമായ യോർക്കർ ഈ ലോകകപ്പിൽ അധികം ഉപയോഗിക്കാഞ്ഞതും പിച്ചുകളുടെ സ്വഭാവംമൂലമാണ്. ഏറെയും ബാക്ക് ഓഫ് എ ലെങ്ത് ബോളുകളാണ് ബുംറ എറിഞ്ഞത്.
വസീം അക്രം, ജോയൽ ഗാർണർ, ലസിത് മലിംഗ തുടങ്ങിയ ലോകോത്തര ബൗളർമാരെ ഓർമ്മിപ്പിക്കുന്ന ഘടകങ്ങൾ ബുംറയ്ക്കുണ്ട്. അക്രത്തെപ്പോലെ ചെറിയ റണ്ണപ്പാണ്. ഇരുപതോളം സ്‌റ്റെപ്പുകൾ മാത്രം. യോർക്കറിൽ ഗാർണറുടെ കൃത്യതയാണ്. ബോൾ ഡിപ്പിങ്ങിൽ മലിംഗയുടെ ലാഞ്ചനകാണാം.
ചാട്ടവാറടി
ബുംറയുടെ അൺ ഓർത്തഡോക്‌സ് ബൗളിങ് ആക്ഷനും ശരീരഭാരം ക്രമീകരിക്കുന്നതിലെ കൃത്യതയുമാണ് ബോളുകൾ അപകടകരമാകാൻ കാരണം. ഉറച്ച കാൽവെപ്പുകൾ എന്ന ഭാഷാപ്രയോഗം ബുംറയുടെ കാര്യത്തിൽ കൃത്യമാണ്. നിലത്തുറപ്പിച്ചപോലുള്ള കാലുകൾ അദ്ദേഹത്തിന്റെ ബോൾ ഡെലിവറിയെ സ്വാധീനിക്കുന്നുണ്ട്. ബോൾ ചെയ്യുമ്പോൾ മുന്നിൽവരുന്ന ഇടംകാൽ നല്ല ശക്തിയോടെ ലാൻഡ് ചെയ്യുന്നു. അതിനാൽ ശരീരത്തിന്റെ കരുത്തുമുഴുവൻ ബോൾ ഡെലിവറിക്ക് ഉപയോഗിക്കാൻ കഴിയുന്നു. കൈമടങ്ങാതെ വളരെ നീട്ടിയാണ് (ഹൈപ്പർ എകസ്റ്റൻഡ് ആം) ഏറ്. ചാട്ടവാറടി(വിപ്പ്‌ലാഷ്)പോലെയാണ് പന്ത് റിലീസ് ചെയ്യുന്നത്. മറ്റേ കൈ ഭൂമിയിൽനിന്ന് കൃത്യം ലംബമായിരിക്കും. ബൗളർമാർ സാധാരണ മുന്നിലെ കാൽ ലാൻഡ് ചെയ്യുന്നസ്ഥലത്തിനു തൊട്ടുമുന്നിൽനിന്നാണ് പന്ത് റിലീസ് ചെയ്യുന്നത്. ബുംറ അങ്ങനെയല്ല. കാൽ ലാൻഡ് ചെയ്യുന്നിടത്തുനിന്ന് ലംബമായി ഒരു വരയിട്ടാൽ അതിൽനിന്ന് 35-45 സെന്റീമീറ്റർ മുന്നിൽനിന്നാകും പന്തു പുറപ്പെടുക. കൈയുടെ പൊസിഷനാണിതിനു സഹായിക്കുന്നത്. ബാറ്ററിലേക്കുള്ള ദൂരം കുറയുന്നതോടെ അയാൾ വിചാരിക്കുന്നതിലും വേഗം പന്തെത്തും.
ആം പൊസിഷൻ ചെവിയോട് വളരെ ചേർന്നുവരുന്നത് ഇൻസ്വിങ്ങിനെ സഹായിക്കുന്നു. ചെറിയ റണ്ണപ്പായതിനാൽ പന്തിന്റെ വേഗം ഊഹിക്കാൻ ബാറ്റർക്കു കഴിയില്ല. ഇതിലെല്ലാം ഉപരിയാണ് വളരെ അയഞ്ഞ (ഫ്‌ളെക്‌സിബിൾ) കൈക്കുഴ. സ്ലോബോളുകൾ എറിയുമ്പോൾ കൈക്കുഴ തിരിച്ച് ബാക്ക്‌സ്പിൻ വരുത്തി പന്തിലുണ്ടാക്കുന്ന കറക്കം, റിസ്റ്റിലേക്കുമാത്രം കണ്ണുനട്ടിരിക്കുന്ന ബാറ്റർ അറിയില്ല. അന്തരീക്ഷത്തിൽ അതിവേഗം പോകുന്ന പന്ത് പിച്ചുചെയ്തശേഷം സ്ലോ ആകുന്നത് ഡീകോഡ് ചെയ്യാൻ ബാറ്റർക്കു കഴിയില്ല. വിപ്പ് ചെയ്യാതെ എറിയുന്ന പന്ത് പതിവിലും ബൗൺസ് ചെയ്യുന്നതും കാണാം.
സീരിയൽ കില്ലർ
ഒരു ബാറ്ററെ വിക്കറ്റിനായി ബുംറ സെറ്റുചെയ്യുന്നത് മനോഹരകാഴ്ചയാണ്. ടെസ്റ്റിലാണ് ഇവ കൂടുതൽ പ്രകടമാകുന്നത്. തുടർച്ചയായി ഷോർട്ട് ഓഫ് എ ലെങ്ത് എറിഞ്ഞ് ബാറ്ററെ ബാക്ക്ഫുട്ടിൽ കളിക്കാൻ പ്രേരിപ്പിക്കുന്നു. തുടർന്നാവും വെട്ടിത്തിരിയുന്ന ഒരു ഓഫ്കട്ടറെത്തുക. ഒന്നുകിൽ എൽ.ബി.ഡബ്ല്യു. അല്ലെങ്കിൽ ക്ലീൻബൗൾഡ്. ഒരു സ്റ്റമ്പെങ്കിലും വീഴാതെയുണ്ടെങ്കിൽ ‘ഭാഗ്യം’. ബാറ്റർമാരെ ഇരകളായി കണക്കാക്കിയാൽ ബുംറയൊരു സീരിയൽ കില്ലറാണ്. ഇരയെ ഇഞ്ചിഞ്ചായി കൊല്ലുന്ന മോഡസ് ഓപ്പറാൻഡിയിൽ വ്യത്യാസമുണ്ടെന്നുമാത്രം.
ബൗണ്ടറിയെക്കാൾ കൂടുതൽ വിക്കറ്റ്
ഇങ്ങനെയൊരു കണക്ക് അപൂർവമാകും. ഫൈനൽവരെയുള്ള ഏഴു കളികളിൽ ബുംറ വിട്ടുകൊടുത്തത് എട്ടു ഫോറും രണ്ടുസിക്‌സുമാണ്. വിക്കറ്റിന്റെ എണ്ണം 13. 154 പന്തെറിഞ്ഞതിൽ 96 ഡോട്ട്‌ബോളുകൾ.
Content Highlights: jasprit bumrah-A genius
Published: 30 Jun 2024, 07:28 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented