വെള്ളാരങ്കണ്ണും ഹോളിവുഡ് താരങ്ങളെ വെല്ലുന്ന സൗന്ദര്യവുമുള്ള ഫസല്‍ഹഖ് ഫാറൂഖിയെന്ന അഫ്ഗാന്‍ പേസ് ബൗളറുടെ ആനന്ദ നൃത്തമാണ് ട്വന്റി-20 ലോകകപ്പില്‍ ഇതുവരേയുള്ളതില്‍ ഏറ്റവും മനോഹരമായൊരു നിമിഷം. ക്രിക്കറ്റിലെ ഭീമന്‍മാരായ ന്യൂസീലന്‍ഡിനെ ചുരുട്ടിക്കൂട്ടി കുഞ്ഞന്‍മാരായ അഫ്ഗാനിസ്താന്‍ അട്ടിമറി വിജയം നേടിയപ്പോള്‍ നാല് വിക്കറ്റുമായി ഫസല്‍ഹഖ് നെടുംതൂണായി. ഫിന്‍ അലന്റെ ലെഗ് സ്റ്റമ്പും പറിച്ചെടുത്ത് ആ ഇന്‍സ്വിങ്ങര്‍ മൂളിപ്പറന്നപ്പോള്‍തന്നെ കിവികള്‍ അപകടം മണത്തതാണ്. പിന്നീടങ്ങോട്ട് ഫസലിന് മുന്നില്‍ ന്യൂസീലന്‍ഡ് ഒന്നുമല്ലതായിത്തീര്‍ന്നു. ദേവോണ്‍ കോണ്‍വേയും ഡാരില്‍ മിച്ചലും മാറ്റ് ഹെന്‍ട്രിയും കാബൂള്‍ എസ്പ്രസിന് മുന്നില്‍ മുട്ടുകുത്തിയപ്പോള്‍ ന്യൂസീലന്‍ഡ് നാണക്കേടിന്റെ പടുകുഴിയിലേക്ക് വീണു.

To advertise here,

എന്നാല്‍ ഫസലിനിന്റെ ജീവിതത്തിന്റെ ഇതിന്റെ നേര്‍വിപരീതമാണ് സംഭവിച്ചത്. വ്യക്തിജീവിതത്തില്‍ ചെയ്ത ഒരു തെറ്റിന്റെ നാണക്കേടുംപേറിയുള്ള യാത്രക്കിടെ കിട്ടിയത് അഭിമാനത്തിന്റെ ഒരു കച്ചിത്തുരുമ്പാണ്. ഒന്നര വര്‍ഷം മുമ്പ് വനിതാ ക്രിക്കറ്റ് സ്റ്റാഫുകളോട് മോശമായി പെരുമാറിയ ഫസലിനെ ക്രിക്കറ്റ് ഓസ്ട്രേലിയ ബിഗ് ബാഷ് ലീഗില്‍ നിന്ന് പുറത്താക്കിയിരുന്നു. അന്ന് സിഡ്നി തണ്ടര്‍ താരമായിരുന്ന ഫസലിന് കരിയറില്‍ നേരിട്ട ഏറ്റവും വലിയ തിരിച്ചടി. കുറ്റബോധത്തോടെ ഓസ്ട്രേലിയയില്‍ നിന്ന് തല കുനിച്ച് മടങ്ങിയ ഫസല്‍ ഇന്ന് ന്യൂയോര്‍ക്കില്‍ തലയുയര്‍ത്തി നില്‍ക്കുന്നു.

ബാഗ്ലാനിലെ കുട്ടിക്കാലം

അഫ്ഗാനിസ്താന്റെ വടക്കന്‍ പ്രദേശമായ ബാഗ്ലാനിലാണ് ഫസല്‍ ഹഖ് ഫാറൂഖിയുടെ ജനനം. യുദ്ധവും ഭൂകമ്പവും താലിബാന്റെ അടിച്ചമര്‍ത്തലുകളുമായി ദുരന്തങ്ങളുടെ നീണ്ടനിര തന്നെയുള്ള കുട്ടിക്കാലം. അതിനിടയില്‍ ആശ്വാസം ബോളും കൈയില്‍ പിടിച്ച് ഗ്രൗണ്ടിലേക്കുള്ള ഓട്ടം മാത്രമായിരുന്നു. സ്‌കൂള്‍ ടീമിലും ചെറിയ ക്ലബ്ബുകളിലും കളിച്ചതാണ് ക്രിക്കറ്റിന്റെ ബാലപാഠം. ഒരു പ്രൊഫഷണല്‍ ക്രിക്കറ്റ്‌
താരത്തിലേക്കുള്ള മാറ്റം തുടങ്ങിയത് അഫ്ഗാനിസ്താനിലെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് ടീമായ അമോ റീജ്യണിന് വേണ്ടി കളിക്കാന്‍ തുടങ്ങിയപ്പോഴായിരുന്നു.

2017-ലെ അഹമ്മദ്‌ ഷാ അബ്ദാലി ടൂര്‍ണമെന്റിലാണ് ആദ്യ ഫസ്റ്റ് ക്ലാസ് മത്സരം കളിച്ചത്. അന്ന് 17 വയസായിരുന്നു പ്രായം. തൊട്ടടുത്ത വര്‍ഷം ഗാസി അമാനുള്ള ഖാന്‍ റീജ്യണല്‍ വണ്‍ഡേ ടൂര്‍ണമെന്റിലൂടെ ലിസ്റ്റ് എ ക്രിക്കറ്റിലും അരങ്ങേറി. അതേ വര്‍ഷം എസിസി ഏമേര്‍ജിങ് ടീം ഏഷ്യ കപ്പിലേക്കുള്ള അഫ്ഗാനിസ്താന്റെ അണ്ടര്‍-23 ടീമിലും ഫസല്‍ ഇടം നേടി. 2019 ഒക്ടോബര്‍ 14-നായിരുന്നു ആദ്യ ട്വന്റി-20 മത്സരം. തൊട്ടടുത്ത വര്‍ഷം അണ്ടര്‍-19 ലോകകപ്പിനുള്ള അഫ്ഗാന്‍ ടീമിലും ഫസല്‍ ഇടം കണ്ടെത്തി. രാജ്യത്തിനായി നാല് മത്സരങ്ങള്‍ കളിച്ച ഇടങ്കയ്യന്‍ പേസര്‍ അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി. 2021-ല്‍ ആദ്യമായി അഫ്ഗാനിസ്താന്റെ ജെഴ്സി അണിഞ്ഞ താരത്തിന്റെ അരങ്ങേറ്റം ടെസ്റ്റ് ക്രിക്കറ്റിലായിരുന്നു. സിംബാബ്​വെയായിരുന്നു എതിരാളികള്‍. പിന്നാലെ ട്വന്റി-20യും കളിച്ചു. പിന്നേയും ഒരു വര്‍ഷം കഴിഞ്ഞായിരുന്നു ഏകദിന അരങ്ങേറ്റം. എതിരാളികള്‍ നെതര്‍ലെന്‍ഡ്സായിരുന്നു.

പഞ്ചാബിന്റേയും ചെന്നൈയുടേയും നെറ്റ് ബൗളര്‍

ഏതൊരു അഫ്ഗാന്‍ ക്രിക്കറ്റ് താരത്തേയുംപോലെ കരിയര്‍ വളര്‍ച്ചയ്ക്കായി ഫസലും വിമാനം കയറിയത് ഇന്ത്യയിലേക്കാണ്. കൗമാര ലോകകപ്പിലെ താരത്തിന്റെ മികച്ച പ്രകടനം മുന്‍നിര്‍ത്തി 2020 ഐപിഎല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബ് ടീം തങ്ങളുടെ നെറ്റ് ബൗളറായി ഫസലിനെ ടീമിലെടുത്തു. കെ.എല്‍ രാഹുല്‍, ക്രിസ് ഗെയ്ല്‍, മായങ്ക് അഗര്‍വാള്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍ തുടങ്ങിയ താരങ്ങള്‍ക്ക് പന്തെറിഞ്ഞു കൊടുക്കലായിരുന്നു ഫസലിന്റെ ജോലി. ആ സമയത്ത് അഫ്ഗാനിസ്താനില്‍ നിന്ന് റാഷിദ് ഖാന്‍, മുഹമ്മദ് നബി, മുജീബുര്‍ റഹ്‌മാന്‍ എന്നീ താരങ്ങള്‍ മാത്രമേ ഐപിഎല്ലില്‍ സാന്നിധ്യം അറിയിച്ചിട്ടുണ്ടായിരുന്നുള്ളു.

placeholder
fazalhaq farooqi
കൂട്ടുകാരോടൊപ്പം ഫസല്‍ഹഖ് ഫാറൂഖി | Photo: instagram/ fazalhaqfarooqi

പഞ്ചാബിന്റെ നെറ്റ് ബൗളറായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ഫസല്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത് ശുഭപ്രതീക്ഷയുള്ള വാക്കുകളാണ്. 'ഈ അവസരം കിട്ടിയതില്‍ എനിക്ക് ഒരുപാട് സന്തോഷമുണ്ട്. എന്നെ സംബന്ധിച്ച് ഐപിഎല്‍ വലിയൊരു വേദിയാണ്.ലോകോത്തര താരങ്ങള്‍ക്കൊപ്പമുള്ള പരിശീലനംഒരു കളിക്കാരന്‍ എന്ന നിലയില്‍ എന്റെ വളര്‍ച്ചയ്ക്ക് ഒരുപാട് സഹായം ചെയ്യും. ഇത് മനോഹരമായൊരു അനുഭവമായിത്തീരുമെന്ന് എനിക്കുറപ്പാണ്.' 

തൊട്ടടുത്ത വര്‍ഷം, അതായത് രാജ്യത്തിനായി ആദ്യമായി ട്വന്റി-20യില്‍ അരങ്ങേറിയതിന് പിന്നാലെ, ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ പാളയത്തില്‍ ഫസലെത്തി. അവിടേയും റോള്‍ നെറ്റ് ബൗളറുടേതായിരുന്നു. എംഎസ് ധോനി, ഫാഫ് ഡു പ്ലെസിസ്, ചേതേശ്വര്‍ പൂജാര, സുരേഷ് റെയ്‌ന, ഡ്വെയ്ന്‍ ബ്രാവോ തുടങ്ങിയ താരങ്ങള്‍ക്കെതിരെയായിരുന്നു ഫസല്‍ അന്ന് പന്തെറിഞ്ഞത്. 

തൊട്ടടുത്ത സീസണില്‍ 50 ലക്ഷം രൂപയ്ക്ക് സണ്‍ റൈസേഴ്‌സ് ഹൈദരാബാദ് ഫസലിനെ തട്ടകത്തിലെത്തിച്ചു. പക്ഷേ അവസരങ്ങള്‍ ലഭിച്ചത് കുറവായിരുന്നു. മൂന്ന് മത്സരങ്ങള്‍ കളിച്ച പേസ് ബൗളര്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. തൊട്ടടുത്ത വര്‍ഷം ഹൈദരാബാദ് ടീം അഫ്ഗാന്‍ താരത്തെ നിലനിര്‍ത്തി. ആ സീസണില്‍ നാല് മത്സരങ്ങളില്‍ നിന്ന് നാല് വിക്കറ്റുകളായിരുന്നു സമ്പാദ്യം. 2024-ല്‍ സൈഡ് ബെഞ്ചിലായിരുന്നു സ്ഥാനം. ഒരു മത്സരത്തില്‍പോലും കളത്തിലിറങ്ങിയില്ല. 

ബിഗ് ബാഷ് ലീഗിലെ വിവാദം

ഐപിഎല്ലിന് പിന്നാലെ അഫ്ഗാന്‍ താരം ഭാഗ്യപരീക്ഷണത്തിനായി എത്തിയത് ബിഗ് ബാഷ് ലീഗിലാണ്. അവിടെ സിഡ്‌നി തണ്ടേഴ്‌സിന്റെ താരമായിരുന്നു. എന്നാല്‍ കളത്തിന് പുറത്തെ മോശം പെരുമാറ്റം ഫസലിന്റെ കരിയറില്‍ കരിനിഴല്‍ വീഴ്ത്തി. മോശമായി പെരുമാറിയ ഫസലിനെതിരെ വനിതാ ജീവനക്കാര്‍ പരാതി നല്‍കി. ഇതോടെ ക്രിക്കറ്റ് ഓസ്‌ട്രേലിയ പ്രശ്‌നത്തില്‍ ഇടപെട്ടു. ഒരു കമ്മീഷനെ നിയോഗിച്ച് അന്വേഷണം നടത്തി. അവരുടെ റിപ്പോര്‍ട്ട് അഫ്ഗാന്‍ താരത്തിനെതിരെയായിരുന്നു. ഇതോടെ സിഡ്‌നി തണ്ടേഴ്‌സ് ഫസലുമായുള്ള കരാര്‍ അവസാനിപ്പിച്ചു. നാട്ടിലേക്ക് വിമാനം കയറുകയല്ലാതെ അഫ്ഗാന്‍ താരത്തിന് മറ്റു വഴികളില്ലായിരുന്നു.

placeholder
fazalhaq farooqi
ഐപിഎല്‍ മത്സരത്തിനിടെ | Photo: ANI

2022 നവംഹറില്‍ ഡേവിഡ് വില്ലിക്ക് പകരക്കാരനായാണ് ഫസല്‍ സിഡ്‌നി തണ്ടേഴ്‌സ് ടീമുമായി കരാറൊപ്പിടുന്നത്. ആദ്യ നാല് മത്സരങ്ങളിലും അവസരം കിട്ടിയ ഫസല്‍ മികച്ച ബൗളിങ്ങും പുറത്തെടുത്തു. മെല്‍ബണ്‍ സ്റ്റാര്‍സിനെതിരായ മത്സരത്തില്‍ 20 റണ്‍സിന് രണ്ട് വിക്കറ്റ് വീഴ്ത്തിയ താരം അഡ്‌ലെയ്ഡ് സ്‌ട്രൈക്കേഴ്‌സിനെതിരേ 20 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തു. എന്നാല്‍ ഒരു മാസത്തെ ആയുസ്സേ ബിഗ് ബാഷ് ലീഗില്‍ ഫസലിനുണ്ടായിരുന്നുള്ളു. സ്വയം തോണ്ടിയ കുഴിയില്‍ വീണ താരത്തിന് ആളും ആരവവുമില്ലാതെ മടങ്ങേണ്ടി വന്നു. 

ശ്രീലങ്കയിലും പാകിസ്താനിലും ദുബായിലും നടക്കുന്ന ക്രിക്കറ്റ് ലീഗുകളായിരുന്നു ഫസലിന് പിന്നീടുണ്ടായിരുന്ന ആശ്രയം. ലങ്ക പ്രീമിയര്‍ ലീഗില്‍ കൊളംബോ സ്റ്റാര്‍സിനായും പാകിസ്താന്‍ പ്രീമിയര്‍ ലീഗില്‍ ഇസ്ലാമാബാദ് യുണൈറ്റഡിനായും ബംഗ്ലാദേശില്‍ ധാക്ക ഡൊമിനേറ്റേഴ്‌സിനായും പന്തെറിഞ്ഞു. യുഎഇയില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ ട്വന്റി-20 ലീഗില്‍ എംഐ എമിറേറ്റ്‌സിനായാണ് ഇപ്പോള്‍ ഫസല്‍ കളിക്കുന്നത്. 

ട്വന്റി-20 ലോകകപ്പിലെ മിന്നുന്ന തുടക്കം

കുട്ടിക്രിക്കറ്റിന്റെ ലോകകപ്പില്‍ ഉഗാണ്ടയ്‌ക്കെതിരെയായിരുന്നു അഫ്ഗാനിസ്താന്റെ ആദ്യ മത്സരം. 125 റണ്‍സിന്റെ ആധികാരിക വിജയവുമായി അഫ്ഗാന്‍ തുടക്കം ഗംഭീരമാക്കിയപ്പോള്‍ ഫസലിന്റെ പ്രകടനമായിരുന്നു ശ്രദ്ധേയം. 184 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ യുഗാൺഡയെ 16 ഓവറില്‍ 58 റണ്‍സിന് അഫ്ഗാന്‍ ചുരുട്ടിക്കൂട്ടി. 

മത്സരത്തില്‍ നാല് ഓവര്‍ എറിഞ്ഞ ഫസല്‍ ഒമ്പത് റണ്‍സ് മാത്രം വിട്ടുകൊടുത്ത് വീഴ്ത്തിയത് അഞ്ച് വിക്കറ്റുകളാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ അഫ്ഗാന്‍ താരത്തിന്റെ ആദ്യ അഞ്ച് വിക്കറ്റ് പ്രകടനം. അതും 2.25 ഇക്കണോമിയില്‍. മറ്റു ടീമുകള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നത് കൂടിയായിരുന്നു ഫസലിന്റെ ഈ ബൗളിങ്. 

അഫ്ഗാനിസ്താന്റെ ദേശീയ ടീം കൂടാതെ 16 ടീമുകള്‍ക്കായാണ് ഫസല്‍ ഇതുവരേയുള്ള കരിയറില്‍ പന്തെറിഞ്ഞത്. ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക, ഓസ്‌ട്രേലിയ, യുഎഇ തുടങ്ങി വ്യത്യസ്ത രാജ്യങ്ങളിലെ ക്രിക്കറ്റ് പിച്ചുകളും കളിക്കാരും ഫസലിന് പരിചിതമാണ്. ട്വന്റി-20 ലോകകപ്പിലും ഈ പരിചയസമ്പത്ത് തന്നെയാകും അഫ്ഗാന്‍ താരത്തെ തുണയ്ക്കുക.  

placeholder
Fazalhaq farooqi
ന്യൂസീലന്‍ഡിനെതിരായ മത്സരത്തിലെ വിക്കറ്റാഘോഷം | Photo: PTI