ക്രിക്കറ്റ് എക്കാലവും അനിശ്ചിതത്വങ്ങളുടെ കളിയാണ്. അവസാന പന്ത് എറിഞ്ഞുതീരുന്നത് വരെ വിജയി ആരായിരിക്കുമെന്ന് നിര്‍ണയിക്കാനാകാത്ത കളി. ഇത്തവണത്തെ ലോകകപ്പ് സെമി ഫൈനല്‍ മത്സരങ്ങള്‍ അതിന് അടിവരയിടുന്നത് കൂടിയായിരുന്നു. ഇന്ത്യ - ന്യൂസീലന്‍ഡ് മത്സരവും ദക്ഷിണാഫ്രിക്ക - ഓസ്ട്രേലിയ മത്സരവും അത്യന്തം ഉദ്വേഗം നിറച്ചാണ് അവസാനിച്ചത്. കിവീസിന്റെ പോരാട്ടവീര്യത്തെ ബൗളിങ് മികവിലൂടെ മറികടന്ന ഇന്ത്യ 70 റണ്‍സിന്റെ ജയവുമായാണ് കലാശപ്പോരിന് ഒരുങ്ങിയിരിക്കുന്നത്. വീണ്ടുമൊരിക്കല്‍ കൂടി ലോകകപ്പ് വേദിയില്‍ ദക്ഷിണാഫ്രിക്കന്‍ കണ്ണീര്‍ വീണ മത്സരം മൂന്ന് വിക്കറ്റിന് ജയിച്ചാണ് ഓസീസിന്റെ ഫൈനല്‍ പ്രവേശനം. 212 റണ്‍സ് പ്രതിരോധിക്കാന്‍ അവസാന നിമിഷം വരെ പൊരുതിയ ശേഷമാണ് ദക്ഷിണാഫ്രിക്ക തോല്‍വി സമ്മതിച്ചത്. 1992, 1999, 2007, 2015 ലോകകപ്പുകളിലെ സെമി ഫൈനല്‍ നിരാശകള്‍ക്ക് പിന്നാലെ പ്രോട്ടീസിന് മറ്റൊരു നിരാശയുടെ ലോകകപ്പ്.

To advertise here,

ഞായറാഴ്ച കലാശപ്പോരില്‍ ഇന്ത്യയും ഓസ്ട്രേലിയയും ഏറ്റുമുട്ടുമ്പോള്‍ അത് 2003-ലെ ദക്ഷിണാഫ്രിക്കന്‍ ലോകകപ്പ് ഫൈനലിന്റെ ആവര്‍ത്തനമാകും. ഇന്ത്യന്‍ ആരാധകര്‍ക്ക് തങ്ങളുടെ മനസില്‍ നിന്ന് ഇന്നും മായ്ച്ചുകളയാന്‍ സാധിക്കാത്ത നീറുന്ന ഓര്‍മകളിലൊന്നാണ് 2003 മാര്‍ച്ച് 23-ാം തീയതി ജൊഹാനസ്ബര്‍ഗിലെ വാണ്ടറേഴ്സ് സ്റ്റേഡിയത്തില്‍ അരങ്ങേറിയ ആ ഫൈനല്‍. സച്ചിനും സെവാഗും ഗാംഗുലിയും ദ്രാവിഡും യുവരാജ്‌ സിങ്ങും സഹീര്‍ ഖാനും ശ്രീനാഥുമെല്ലാം അടങ്ങിയ അന്നത്തെ ടീം ഫൈനലില്‍ ഓസീസിനെ കീഴടക്കി കിരീടവുമായി മടങ്ങുമെന്ന് തന്നെ ഇന്ത്യന്‍ ആരാധകര്‍ കരുതി. ടൂര്‍ണമെന്റിലുടനീളം സച്ചിന്‍ കാഴ്ചവെച്ച മിന്നുന്ന ബാറ്റിങ് ഫോം തന്നെയായിരുന്നു ആ പ്രതീക്ഷകള്‍ക്ക് പിന്നില്‍. എന്നാല്‍ എല്ലാ പ്രതീക്ഷകളും അന്നത്തെ ആ മൈറ്റി ഓസീസ് തല്ലിക്കെടുത്തി.

ടോസിന്റെ ഭാഗ്യം ഇന്ത്യയ്ക്കൊപ്പമായിരുന്നു. എന്നാല്‍ ഗ്രൂപ്പ് മത്സരത്തില്‍ ഓസീസിനെതിരേ ടോസ് നേടിയ ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ വെറും 125 റണ്‍സിന് ഓള്‍ഔട്ടായി ഒമ്പത് വിക്കറ്റിന് തോറ്റിരുന്നു. ആ തോല്‍വിയുടെ ഓര്‍മ മനസിലേക്ക് വന്നിട്ടോ മറ്റോ, ഫൈനലില്‍ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഗാംഗുലി ഓസീസിനെ ബാറ്റിങ്ങിനയച്ചു. ആ തീരുമാനം തെറ്റായിരുന്നുവെന്ന് ആദ്യ ഓവറുകളില്‍ തന്നെ ഓസീസ് ബാറ്റര്‍മാര്‍ ഇന്ത്യയ്ക്ക് മനസിലാക്കിക്കൊടുത്തു. അന്നത്തെ മികച്ച ഓപ്പണിങ് ജോഡിയായിരുന്ന ആദം ഗില്‍ക്രിസ്റ്റ് - മാത്യു ഹെയ്ഡന്‍ സഖ്യം 14 ഓവറില്‍ അടിച്ചുകൂട്ടിയത് 105 റണ്‍സ്. അപ്പോള്‍ തന്നെ മത്സരം ഇന്ത്യയുടെ കൈയില്‍ നിന്നും പോയിരുന്നു. ഗില്ലി 48 പന്തില്‍ നിന്ന് 57 റണ്‍സെടുത്തും ഹെയ്ഡന്‍ 54 പന്തില്‍ നിന്ന് 37 റണ്‍സെടുത്തും പുറത്തായ ശേഷമായിരുന്നു ഓസീസ് തങ്ങളുടെ തനി നിറം പുറത്തെടുത്തത്. ഇന്ത്യയ്ക്കെതിരേ എന്നും തിളങ്ങാറുളള ക്യാപ്റ്റന്‍ റിക്കി പോണ്ടിങ്, നാലാമന്‍ ഡാമിയന്‍ മാര്‍ട്ടിനെ കൂട്ടുപിടിച്ച് സ്‌കോര്‍ബോര്‍ഡില്‍ ചേര്‍ത്തത് 234 റണ്‍സ്. സെഞ്ചുറി നേടിയ പോണ്ടിങ് 121 പന്തില്‍ നിന്ന് നാല് ഫോറിന്റെയും എട്ട് സിക്സറുകളുടെയും അകമ്പടിയില്‍ നേടിയത് 140 റണ്‍സ്. മാര്‍ട്ടിന്‍ 84 പന്തില്‍ നിന്ന് നേടിയത് 88 റണ്‍സും. 50 ഓവര്‍ അവസാനിച്ചപ്പോള്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ ഓസീസ് സ്‌കോര്‍ബോര്‍ഡിലെത്തിയത് 359 റണ്‍സ്.

placeholder
2003 ഫൈനലില്‍ പുറത്തായി മടങ്ങുന്ന സച്ചിന്‍

ഓസീസ് സ്‌കോര്‍ 300 കടന്നപ്പോള്‍ തന്നെ ഇന്ത്യയുടെ പരാജയം പേടിച്ചിരുന്ന ആരാധകര്‍ കണ്ടത് ആദ്യ ഓവറില്‍ തന്നെ അവരുടെ ഏറ്റവും വലിയ പ്രതീക്ഷയായിരുന്ന സച്ചിന്റെ പുറത്താകലായിരുന്നു. മഗ്രാത്തിനെതിരേ ഒരു ബൗണ്ടറിയോടെ തുടങ്ങിയ സച്ചിന് പക്ഷേ അഞ്ചാം പന്തില്‍ പിഴച്ചു. ബാറ്റില്‍ തട്ടി ഉയര്‍ന്ന പന്ത് മഗ്രാത്ത് കൈക്കലാക്കുമ്പോള്‍ ഗാലറിയില്‍ ഓസീസ് ആരാധകര്‍ വിജയാഘോഷം തുടങ്ങിയിരുന്നു. കാരണം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഷാര്‍ജയില്‍ തങ്ങളെ തല്ലിത്തകര്‍ത്ത അയാള്‍ക്ക് മാത്രമേ ഇത്ര വലയൊരു വിജയലക്ഷ്യത്തിലേക്ക് പൊരുതി നോക്കാന്‍ സാധിക്കൂ എന്നത് അവര്‍ക്കറിയാമായിരുന്നു. പിന്നീടെല്ലാം ചടങ്ങുകള്‍ മാത്രമായി. വീരേന്ദര്‍ സെവാഗിന്റെ 82 റണ്‍സ് ഇന്നിങ്‌സും 47 റണ്‍സെടുത്ത രാഹുല്‍ ദ്രാവിഡിന്റെ പ്രകടനവുമാണ് അന്ന് ഇന്ത്യയുടെ തോല്‍വി ഭാരം കുറച്ചത്. എന്നിട്ടും തോറ്റത് 125 റണ്‍സിന്.

ലോകകപ്പുകളുടെ ചരിത്രമെടുത്താല്‍ ഓസീസിനെ പോലെ ആധിപത്യം പുലര്‍ത്തിയ മറ്റൊരു ടീമില്ല. 1975, 1987, 1996, 1999, 2003, 2007, 2015 ഇപ്പോള്‍ 2023 അടക്കം എട്ടാം ലോകകപ്പ് ഫൈനലിനാണ് ഓസീസ് ഇറങ്ങുന്നത്. 1987, 1999, 2003, 2007, 2015 വര്‍ഷങ്ങളില്‍ ജേതാക്കളായ ഓസീസ് ടീം ലക്ഷ്യമിടുന്നത് ആറാം ലോക കിരീടവും. 1983, 2003, 2011 വര്‍ഷങ്ങളില്‍ ഫൈനല്‍ കളിച്ച ഇന്ത്യയുടെ നാലാം ഫൈനലാണിത്. 1983, 2011 വര്‍ഷങ്ങളിലായിരുന്നു ഇന്ത്യയുടെ കിരീട നേട്ടം.

placeholder

അസാമാന്യ സാമ്യതകള്‍

2003, 2023 ഫൈനലുകള്‍ തമ്മില്‍ അസാമാന്യമായ സാമ്യതകളുണ്ട്. 2003-ല്‍ ഓസീസ് തുടര്‍ച്ചയായി 10 മത്സരങ്ങള്‍ ജയിച്ചാണ് ഫൈനലിലെത്തിയത്. ഈ വര്‍ഷം ഇപ്പോള്‍ ഇന്ത്യയും 10 തുടര്‍ വിജയങ്ങളോടെയാണ് ഫൈനലിലെത്തിയിരിക്കുന്നത്. 2003-ല്‍ ഓസീസ് കിരീടവുമായി മടങ്ങി. ഇവിടെ ഇന്ത്യ കിരീടം കാത്തിരിക്കുന്നു.

2003-ല്‍ ഗ്രൂപ്പ് ഘട്ടത്തില്‍ രണ്ടാം മത്സരത്തില്‍ ഓസ്ട്രേലിയയോട് തോറ്റ ശേഷം തുടര്‍ച്ചയായി എട്ട് മത്സരങ്ങള്‍ ജയിച്ചായിരുന്നു ഇന്ത്യയുടെ ഫൈനല്‍ പ്രവേശനം. ഇത്തവണ ഗ്രൂപ്പില്‍ രണ്ടാം മത്സരത്തില്‍ ദക്ഷിണാഫ്രിക്കയോട് തോറ്റ ശേഷം എട്ട് തുടര്‍ജയങ്ങള്‍ നേടിയാണ് ഓസീസും ഫൈനലിലെത്തിയിരിക്കുന്നത്. അന്ന് ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യ ഓസ്ട്രേലിയയോട് തോറ്റിരുന്നു. ഇത്തവണ ഗ്രൂപ്പ് ഘട്ടത്തില്‍ ഓസീസ് ഇന്ത്യയോടും തോറ്റു.

2003-ല്‍ ഒരു ബാറ്ററെ അധികമായി ഉള്‍പ്പെടുത്താനായി ക്യാപ്റ്റന്റെ നിര്‍ദേശമനുസരിച്ച് ഇന്ത്യന്‍ ടീമിന്റെ വിക്കറ്റ് കീപ്പര്‍ സ്ഥാനം കൈയാളിയത് ഇന്നത്തെ ഇന്ത്യന്‍ ടീമിന്റെ പരിശീലകന്‍ രാഹുല്‍ ദ്രാവിഡായിരുന്നു. ആ സ്ഥാനത്തെ പ്രാവീണ്യത്താല്‍ ദ്രാവിഡ് എല്ലാവരേയും അദ്ഭുതപ്പെടുത്തുകയും ചെയ്തു. വിക്കറ്റിന് പിന്നില്‍ മാത്രമല്ല വിക്കറ്റിന് മുന്നിലും അന്ന് രാഹുല്‍ ദ്രാവിഡ് തിളങ്ങി. 11 മത്സരങ്ങളില്‍ നിന്ന് 318 റണ്‍സായിരുന്നു ആ ലോകകപ്പിലെ ദ്രാവിഡിന്റെ നേട്ടം. 20 വര്‍ഷങ്ങള്‍ക്കിപ്പുറം മറ്റൊരു രാഹുലാണ് ഇപ്പോള്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍, കെ.എല്‍ രാഹുല്‍. സ്ഥിരം വിക്കറ്റ്കീപ്പറായിരുന്ന ഋഷഭ് പന്തിന് കാറപകടത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്നാണ് രാഹുലിനെ കീപ്പര്‍ സ്ഥാനത്തേക്ക് പരിഗണിച്ചത്. അഞ്ചാം നമ്പറില്‍ ഇന്ത്യയ്ക്കായി തകര്‍ത്ത് കളിക്കുന്ന രാഹുല്‍ ഇതിനോടകം തന്നെ 10 മത്സരങ്ങളില്‍ നിന്നായി 386 റണ്‍സെടുത്തിട്ടുണ്ട്. മാത്രമല്ല 2003-ല്‍ രാഹുല്‍ ദ്രാവിഡ് ഇന്ത്യയുടെ വൈസ് ക്യാപ്റ്റനായിരുന്നു. ഇപ്പോള്‍ ഹാര്‍ദിക് പാണ്ഡ്യ പരിക്കേറ്റ് പുറത്തായതോടെ ടീമിന്റെ വൈസ് ക്യാപ്റ്റന്‍ സ്ഥാനം വഹിക്കുന്നതും രാഹുല്‍ തന്നെ.

2003 ലോകകപ്പില്‍ റണ്‍വേട്ടയില്‍ മുന്നില്‍ ഒരു ഇന്ത്യന്‍ താരമായിരുന്നു. 11 കളികളില്‍ നിന്ന് 673 റണ്‍സ് നേടിയ സച്ചിന്‍ തെണ്ടുല്‍ക്കര്‍. അന്ന് അദ്ദേഹം ടൂര്‍ണമെന്റിന്റെ താരമായും തിരഞ്ഞെടുക്കപ്പെട്ടു. 20 വര്‍ഷങ്ങള്‍ക്കിപ്പുറം ഈ ലോകകപ്പിലെ റണ്‍വേട്ടയില്‍ മുന്നിലും ഒരു ഇന്ത്യന്‍ താരം തന്നെ വിരാട് കോലി. 10 മത്സരങ്ങളില്‍ നിന്നായി ഇതുവരെ കോലി 711 റണ്‍സടിച്ചിട്ടുണ്ട്. സച്ചിന്‍ 2003 ലോകകപ്പില്‍ സ്ഥാപിച്ച റണ്‍നേട്ടത്തിന്റെ റെക്കോഡും മറികടന്നാണ് കോലിയുടെ മുന്നേറ്റം.

ഏകദിന ലോകകപ്പുകളുടെ ചരിത്രത്തില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും ഇതുവരെ 13 തവണ ഏറ്റുമുട്ടിയിട്ടുണ്ട്. അതില്‍ എട്ട് തവണയും ജയിച്ചുകയറിയത് ഓസീസായിരുന്നു. 1983, 1987, 2011, 2019 ലോകകപ്പുകളിലും പിന്നീട് ഇത്തവണ ഗ്രൂപ്പ് ഘട്ടത്തിലുമായിരുന്നു ഇന്ത്യന്‍ വിജയങ്ങള്‍. 2003 ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തിലും ഫൈനലിലും ഓസീസ് ഇന്ത്യയെ തോല്‍പ്പിച്ച പോലെ ഇത്തവണ ഗ്രൂപ്പ് ഘട്ടത്തിലും നടക്കാനിരിക്കുന്ന ഫൈനലിലും ഇന്ത്യ ഓസ്ട്രേലിയയെ കീഴടക്കുമെന്ന വിശ്വാസത്തിലാണ് 140 കോടിയിലേറെ വരുന്ന ഒരു ജനത.